Monday, December 29, 2008

നവവത്സരാശംസകള്‍

വീണ്ടുംവിടരാന്‍തുടങ്ങുന്നവിശുദ്ധപുഷ്പം

വിദൂരതയില്‍നിന്ന്,വിജനതയില്‍ നിന്ന്,

വിരഹിയെപ്പോലെ വിതുമ്പാതിരിക്കട്ടെ!

മനസ്സെന്ന മഹാനുഭാവന്റെ മനക്കണക്കുകള്‍

മറയില്ലാത്ത മനസ്സോടെ മനസ്സിലാക്കാന്‍

കഴിയട്ടെ!

നാമെല്ലാമൊന്നാണെന്നും,നമുക്കൊന്നും

നഷ്ടപ്പെടാനില്ലെന്നും,നന്മയുടെ വിശുദ്ധിയില്‍

എന്നുമോര്‍ത്തിരിക്കാം!

വാനോളം ഉയര്‍ന്നാലും,വാതോരാതെ

പ്രസംഗിക്കാതെ,വാക്കുകളില്‍ സത്യത്തെ

അലിയിച്ചെടുക്കാം.

വെറുംവാക്കുകള്‍ക്ക് ചെവികൊടുക്കാതിരിക്കാം!

ആത്മാര്‍ത്ഥത പണയത്തട്ടില്‍ കുമ്പിട്ടിരിക്കാന്‍

ഇടയാകാതെ,തലനിവര്‍ത്തിയിരിക്കാന്‍

ആത്മവഞ്ചന നടത്താതിരിക്കാം.

തിന്മയോട് കിന്നാരം പറയാതെ

നന്മയുടെ കണ്ണുകളില്‍ നോക്കിയിരിക്കാം

അവിടെ,

ആകാശത്തോളം അറിവുണ്ട്...

അകലാത്ത ബന്ധമുണ്ട്...

അലിയുന്ന മനസ്സുണ്ട്..

അടുക്കുന്ന ഹൃദയമുണ്ട്..

ആത്മചൈതന്യമുണ്ട്..

ആത്മരോഷംതകര്‍ക്കാത്ത,

ആത്മവിലാപം നടത്താത്ത,

ആരോരുമറിയാത്ത ആനന്ദവുമുണ്ട്!

അരികിലായ്,അകലെയായ്,കാത്തിരിക്കുന്നു;

എന്നെയും,നിന്നെയും,നന്മയെന്ന നമ്മെയും!

എല്ലാസ്നേഹിതര്‍ക്കുംനവവത്സരാശംസകള്‍.

സന്ധ്യ

ഏകാന്ത സന്ധ്യയെമിഴിനീരണിയിക്കും
ഏഴിലമ്പാലയ്ക്കും വേദനയോ?
വിതുമ്പുംവിരഹത്തിന്‍പാഴ്മൊഴിചാലിച്ച
പരിഭവംപൂണ്ടൊരുപൌര്‍ണ്ണമിയോ?

ചൊല്ലിപ്പിരിയുന്ന വിരഹിണിസന്ധ്യതന്‍
വിടരാന്‍ വിതുമ്പുംമധുമൊഴിയോ?
മാറില്‍ തലചായ്ച്ചുറങ്ങാന്‍ തുടങ്ങുന്ന
മാധുര്യമോലും കിനാവുകളോ?

അംബരചുംബികള്‍ എന്നുമെന്മോഹങ്ങള്‍..
ആകാശമുറ്റമെന്‍ കാമനകള്‍...
അകലെ ചിരിക്കുന്ന നക്ഷത്രക്കുഞ്ഞുങ്ങള്‍...
അകലം പാലിക്കുമെന്‍, സാന്ത്വനങ്ങള്‍!

Tuesday, December 23, 2008

പ്രകൃതി

പശ്ചിമാംബരത്തിന്റെപടുകോണിലെവിടെയോ
പാതിവിടര്‍ത്തിയിട്ടഈറന്‍മുടിയുമായ്
സന്ധ്യാമേഘം,
കാല്‍മുട്ടില്‍തലചായ്ച്ച് കണ്‍പൂട്ടിയിരുന്നു!

കാര്‍മുകിലൊളിപ്പിച്ചുവച്ച വാര്‍തിങ്കള്‍
അപ്പോഴും പിണക്കം നടിച്ച് അവളെ
കാണാത്ത ഭാവത്തില്‍ അകലെനോക്കി
നിര്‍വ്വികാരനായിരുന്നു!

വിരഹത്തിന്റെ വേദനയില്‍ ഇന്ദ്രധനുസ്സ്
പോലും മായാവിപഞ്ചികയില്‍ മധുര
ഗാനം ആലപിക്കാന്‍ മറന്നുനിന്നു!

കാമചാപങ്ങളുടെ ചാരുത നിറഞ്ഞ
നിശീഥിനിയില്‍;
കണ്ണുതുറക്കാന്‍ ആവാതെ താമര
മുകുളങ്ങള്‍ കാതോര്‍ത്തിരുന്നു!

ഒരു ഭ്രമരത്തിന്റെ മൂളല്‍ തന്റെ
ഉള്ളിലുണ്ടോ? എന്നപരിഭ്രമവുമായീ.....!


Wednesday, December 17, 2008

കടല്‍

കടലായിത്തീരാനായിരുന്നുയെന്റെ വിധി..
എടുത്താലും കുറയാത്ത കടല്‍!
കൊടുത്താലും തീരാത്ത കടല്‍!

കണ്ണീരിന്റെഉപ്പുകൊണ്ട്എന്നെസൃഷ്ടിച്ച
പകൃതി,
ഏകാന്തതയിലെന്നും എന്നോടൊപ്പമിരുന്നു..

ആഴങ്ങളില്‍ നിന്ന് ആഴങ്ങളിലേയ്ക്ക്
മുങ്ങുമ്പോഴും,
കിട്ടാനിധിയെത്തേടുന്ന മനുഷ്യര്‍
എന്നുമെന്റെവിരുന്നുകാരായിരുന്നു!

വിശക്കുന്നവന് ആഹാരമായും,
ദുഃഖിതന് ആശ്വാസമായും,
വിരഹികള്‍ക്ക് കൂട്ടായും,
ഞാന്‍ അലകളില്‍ സാന്ത്വനമായി
നിത്യവുമെത്തുന്നു!

അതിര്‍ത്തികടക്കുവാനാകാത്ത
എന്റെ ദുഃഖം...
ഞാന്‍ ആരോടാണ് പറയുക?

Sunday, December 14, 2008

ചില നേരങ്ങളില്‍

മനസ്സിനെ അറിയാത്തവള്‍ ഭാര്യയായി..
അതൊരു നിമിത്തമായി!
മനസ്സറിഞ്ഞവള്‍ മിഥ്യയായി
അവളൊരു സങ്കല്പമായി!

ശരീരത്തെ അറിഞ്ഞവള്‍,
ശിരസ്സുയര്‍ത്തിയില്ല...
ശക്തിസ്വരൂപമായ്കരുതിയവള്‍
ശക്തി ആവാഹിച്ചുതന്നതുമില്ല!

മലരുകളായിരം ചിരിതൂകിയ
മലര്‍മെത്തയില്‍,
മധുമാസരാവില്‍ശയ്യയൊരുക്കിയവള്‍
മനസ്സാ,വരിച്ചവള്‍ ആയിരുന്നില്ല!

മനസ്സാന്നിദ്ധ്യം മുറവിളികൂട്ടിയ
സമയങ്ങളില്‍,
മനസ്സാ,വാചാ,കര്‍മ്മണാ,
മനസ്സറിയാതെ മധുരമായ
മന്ദഹാസത്തോടെ മുറുമുറുപ്പില്ലാതെ
മന്ദം മന്ദം കടന്നുവന്നവള്‍
മനസ്സാക്ഷിതന്നെയായിരുന്നുവോ?

അവളെ മറ്റാരുമറിയാതെഞാന്‍
മനസ്സില്‍ ത്തന്നെ സൂക്ഷിക്കട്ടെ?

Wednesday, December 10, 2008

കാര്‍ത്തികദീപം

വൃശ്ചികമാസം പുലര്‍ന്നുഞാന്‍ കണ്ടതും
വൃക്ഷത്തലപ്പിലെന്‍പൊന്‍ വിളക്ക്..
പൂത്തതാമാകാശപ്പൂമരക്കൊമ്പിലായ്..
കണ്ടെന്റെ മാനസ മണ്‍ വിളക്ക്...

ചുറ്റുംനിറഞ്ഞെന്റെ മുറ്റംനിറഞ്ഞെത്തി
കാര്‍ത്തികദീപമായ് നില വിളക്ക്...
മുറ്റം പടിഞ്ഞിരുന്നാലോലമാടിയ
ചെത്തിപ്പടര്‍പ്പിലെന്‍ കല്‍വിളക്ക്...

കാണാതെകണ്ടുഞാന്‍നിന്‍ കവിളത്തൊരു
മാദകപ്പൂമൊട്ടിന്‍ മണിവിളക്ക് ...
ആരാരോവച്ചതാമ്പോലുള്ളപഞ്ചമി
പ്പെണ്ണിന്റെകവിളിലെക്കളിവിളക്ക്..

ചുറ്റുംനിറവിന്റെപൂങ്കാവനംതന്നില്‍
തെളിയിച്ചെടുത്തതാംനിറവിളക്ക്...
അണയാത്തദീപങ്ങളാക്കിപ്പിന്നെയെന്‍
മനമാക്കി,ആത്മദീപമാക്കീ....

Thursday, December 4, 2008

യാത്രക്കാര്‍

പലതരത്തിലുള്ള ഊടുവഴികളിലൂടെയും,
ഇടവഴികളിലൂടെയും,
ചരല്‍നിറഞ്ഞ പാതയിലൂടെയും,
ചെമ്മണ്ണുനിറഞ്ഞവിജനവീഥികളില്‍
വച്ചുയാത്രക്കാര്‍ കണ്ടുമുട്ടുന്നു...

പുല്‍ത്തകിടിനിറഞ്ഞ ഗ്രാമപാതയിലൂടെ..
കുണ്ടുങ്കുഴിയും നിറഞ്ഞനഗരപാതയിലൂടെ..
ഒരുമിച്ചു നടക്കുന്നു..


രാജവീഥികളില്‍ പ്രവേശിച്ച അവര്‍,
പലരും പലതരം..
കാര്യസാദ്ധ്യത്തിനായി നടക്കുന്നവര്‍..
കാര്യമറിയാതെ നടക്കുന്നവര്‍..
നേരമ്പോക്കിനായ് നടക്കുന്നവര്‍..
നേരമില്ലാതെ നടക്കുന്നവര്‍..

വീഥിയില്‍ വച്ചു പിരിയാന്‍ വിധിക്ക
പ്പെട്ടവര്‍,പലരും
നേരറിയാത്തവര്‍...,
അറിയാതെ പിരിയുന്നവര്‍...
അറിഞ്ഞുകൊണ്ട് പിരിയുന്നവര്‍..
നിശബ്ദരായിപ്പിരിയുന്നവര്‍..
കുറ്റപ്പെടുത്തിപ്പിരിയുന്നവര്‍...

എന്നാല്‍,
കുറ്റബോധംകൊണ്ടു ഉള്ളുനീറ്റുന്നവരെയും,
ഇന്നലെയുടെ തെറ്റിന്.മാപ്പിരക്കുന്നവരെയും,
ഒരിക്കലും കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല!
അവര്‍,

മറവികൊണ്ട്, മനസ്സിന്റെ
മാറാപ്പില്‍ മുഖം മറച്ചു
മയങ്ങുകയായിരുന്നു..
മദ്യത്തിനും,മദിരാക്ഷിക്കും
മദ്ധ്യസ്ഥം പറഞ്ഞ്..

വീണ്ടും വീണ്ടും..
മയങ്ങുന്നു,മയക്കുന്നു,മറക്കുന്നു,
മറയ്ക്കുന്നു...
വീഥിയെ,പാദങ്ങളെ,വിദൂരതയെ!