Tuesday, March 31, 2009

അഗ്നി



അഗ്നിയുടെ ജ്വാലയില്‍,സത്യത്തില്‍,
ഉള്ളുനീറിതപിക്കാന്‍ ഒരുങ്ങിനിന്ന
എന്റെ ശരീരം, എന്നെകാമിച്ചിരുന്ന
കാഞ്ഞിരത്തിന്റെകള്ളക്കണ്ണുനീരിനുമുന്നില്‍ ,
എരിഞ്ഞടങ്ങാന്‍ ഒരുക്കമായിരുന്നില്ല!


അഗ്നിയുടെ പവിത്രതയില്‍,
ചന്ദനമുട്ടിയുടെ സ്നേഹം ഞാന്‍
തിരിച്ചറിഞ്ഞതു,അവന്റെകണ്ണുനീരിന്റെ
തെളിഞ്ഞ സത്യത്തിലായിരുന്നു.
പ്രണയത്തിന്റെ മൌനഭാഷകളിലായിരുന്നു!


ഉണങ്ങിയ വിറകുകൊള്ളികള്‍ക്ക്
എന്റെ സ്നേഹമയമായ ശരീരം
ഒരുതീപ്പൊരിക്കായിക്കേഴുന്നത് മനസ്സി
ലാക്കാന്‍ കഴിവില്ലായിരുന്നു!




തീവ്രമായ അനുരാഗം മനസ്സില്‍
സൂക്ഷിച്ചിരുന്ന എന്റെ പ്രിയചന്ദനമരം
എന്നെവെണ്ണീറാക്കാന്‍ കഴിയാതെ
കരയുന്നതു ഞാനറിയുന്നു..



ഒരിക്കലും തിരിച്ചറിയാതിരുന്ന അവന്റെ,
മാറില്‍ ചേര്‍ന്ന് ഭസ്മമാകാന്‍ ഇപ്പോള്‍
ഞാന്‍ കൊതിക്കുന്നു. അവനതിനു
കഴിയില്ലെന്നപൂര്‍ണ്ണ അറിവോടെ തന്നെ!




ശ്രീദേവിനായര്‍

Monday, March 30, 2009

ഓര്‍മ്മകള്‍



ഒരുനാളില്‍നീവരുമെന്നോര്‍ത്തുഞാ,നെന്നുടെ
പൂമുഖവാതില്‍ തുറന്നുവച്ചൂ..
കാത്തുനിന്നായിരംവട്ടംഞാന്‍ പിന്നെയോ
നിന്നെയും കാത്തുയീമാഞ്ചുവട്ടില്‍...


മനതാരില്‍കണ്ടതാമായിരംസ്വപ്നങ്ങള്‍....
മറവിയെത്തേടിപ്പുണര്‍ന്നുനിന്നു...
മറ്റാരുംകാണാതെകണ്ണുതുടച്ചൂഞാന്‍...
വിതുമ്പുംചുണ്ടുമറച്ചുവച്ചൂ...


മഴചാറുംനേരത്തുഞാനീമരച്ചോട്ടില്‍...
മാന്തളിര്‍മനസ്സുമായ്,കാത്തുനിന്നൂ..
പൊഴിയുന്നമാമ്പൂ,പോലെയെന്നുള്ളവും..
വെറുതേമോഹിച്ചൊരുമനസ്സുമായീ.....




ശ്രീദേവിനായര്‍



Friday, March 27, 2009

വേദാന്തം



എല്ലാവേദങ്ങളെയും,വേദാന്തങ്ങളെയും
കുടിയിറക്കി സ്വാതന്ത്ര്യം നേടാന്‍ ഞാന്‍,
സ്വയമൊരു വേദാന്തമായി!

എല്ലാനാമങ്ങളും ജപിക്കാനുള്ളതാണ്.
നാമങ്ങളില്‍ ഭഗവാന്‍ ഉണ്ടാവാന്‍
ഞാന്‍ മനസ്സിനെ വേദാന്തമാക്കി!

മനസ്സാകട്ടെ,തെറ്റുംശരിയും,
കറുപ്പും വെളുപ്പുംകൂട്ടിക്കിഴിച്ച്,
സത്യമേത് മിഥ്യയേത് എന്നറിയാതെ
കുഴഞ്ഞു.

വേദങ്ങളൊഴിഞ്ഞ മനസ്സിപ്പോള്‍
സ്വയം തീര്‍ത്ത കാരാഗൃഹങ്ങള്‍
മാത്രമാണ്.

മൂര്‍ച്ചയുള്ള വാക്കുകളെ മോഹിച്ചു.
സോപ്പുപോലെ അലിഞ്ഞത് കിട്ടി!
പശയുള്ള മനസ്സുകളെത്തേടി;
പായലുപോലെ തെന്നുന്നത് കിട്ടി!

സ്നേഹത്തെത്തേടി ശബ്ദകോശങ്ങളെ
പൂജിച്ചു.
ദൈവനിന്ദയെന്നുതോന്നിപ്പിച്ച
വാക്കുകളാണ് തേടി വന്നത്!

വേദങ്ങള്‍ ഓരോവഴിയിലും ഓരോ
സാരാംശമായി മാറുകയാണ്.
നിശ്ചിതാര്‍ത്ഥമല്ല;
നിയോഗമാണത്!



ശ്രീദേവിനായര്‍

നിനക്കായ്

ആത്മാവിന്നങ്കണമുറ്റത്തുഞാനന്ന്..
ആദ്യമായ്ക്കണ്ടു നിന്‍ രൂപം.
പിന്നെയെന്നാത്മാവുമായിനീ, നിത്യവും,
കണ്ണുനീര്‍വാര്‍ത്തുനിന്നു!

പ്രണയമോ,പ്രേമമോ,നൈരാശ്യമോ?
നീ,എന്തെന്നറിയാതെ നോക്കിനിന്നു...
ആടകളില്ലാതെയലങ്കാരമില്ലാതെ,
നിത്യവും നീവന്നു മുന്നില്‍നിന്നു!

ജാലകവാതിലിന്നുള്ളിലായ്നീ,അന്ന്...
ഞാനറിയാതെ കടന്നുവന്നു...
ആരുമറിയാതെ,വീണ്ടും മടങ്ങിനീ..
എന്നുള്ളില്‍ വച്ചൂ,ദുഃഖഭാരമെല്ലാം!



ശ്രീദേവിനായര്‍

Wednesday, March 25, 2009

സുഖമല്ലേ?

കുരുക്കുത്തിമുല്ലേ,കുടമുല്ലേ....,
മനസ്സിന്റെ മുല്ലേ,സുഖമല്ലേ...?
മധുമാസരാവിന്‍,മനമല്ലേ....,
നീ,വിടരുന്നതെപ്പോള്‍ പറയില്ലേ?

വിഷുപ്പക്ഷി,രാവില്‍ തപസ്സല്ലേ?
വിഫലമായ് വീണ്ടും തേങ്ങില്ലേ?
വിഷാദം വിരല്‍ചൂണ്ടിനില്‍ക്കില്ലേ?
വിതുമ്പലായ് മോഹങ്ങള്‍ തീരില്ലേ?

വിരഹത്തിന്‍ നോവുകള്‍ മാറില്ലേ?
വിമലമായ് ഭാവങ്ങള്‍ വിടരില്ലേ?
വിഷുക്കൊന്നപ്പൂവുപോല്‍ ചിരിക്കില്ലേ?
വീണ്ടും സ്മരണകള്‍ ഉണരില്ലേ?



ശ്രീദേവിനായര്‍

Sunday, March 22, 2009

യാഗാശ്വം

പറയാന്‍ മറന്ന കാര്യങ്ങള്‍,
പകരാന്‍ മടിച്ച വികാരങ്ങള്‍,
പരിചയംപുതുക്കാന്‍പണിപ്പെട്ടഭാരങ്ങള്‍,
പതിവായീപലവട്ടമെന്നെപരവശയാക്കീ....!

അന്തിമവിശ്രമത്തിന്അലിയാന്‍,തീരുമാനിച്ച
അഭിലാഷങ്ങള്‍,
അണയാതെ,അകലാതെ എന്നെ
അറിയുമ്പോള്‍,
പകരമെന്തുനല്‍കണമെന്നറിയാതെ ഞാന്‍
പരിഭ്രമിയ്ക്കുന്നു!

ചെറുപ്പത്തിന്റെചുറുചുറുപ്പ്നഷ്ടപ്പെട്ട,
പ്രണയം കത്തിയമര്‍ന്ന,
ബന്ധങ്ങള്‍ ചിതലരിച്ച,
മജ്ജയും മാംസവും വിറങ്ങലിച്ച,
ഇന്നലെയുടെ രോമാഞ്ചമൊക്കെ
ഇന്നെന്റെ സ്വന്തമോ?പ്രണയമോ?

വിടര്‍ന്ന കണ്ണുകളില്‍ വിടരാത്ത
സങ്കല്പവും,
വിരിയാത്തചുണ്ടില്‍ വിരിഞ്ഞ
മന്ദഹാസവും,
അര്‍ത്ഥഗര്‍ഭമായമൌനവും,പിന്നെ
അലസമായ ആ,നടപ്പും,
എന്നുമെന്നെ പിന്തുടര്‍ന്നിരുന്ന ആ
സ്നേഹവായ്പും,പ്രതീക്ഷയും,
ഇന്നും ഞാന്‍ തിരിച്ചറിയുന്നു!

എന്നാല്‍,
നീ അശക്തനാണ്....
എന്നെ ചുബിക്കുവാന്‍,
എന്നെ സ്പര്‍ശിക്കുവാന്‍,
നീ വിതുമ്പുന്നതും,വിറയ്ക്കുന്നതും,
ഞാന്‍ കാണുന്നു!

അല്ലയോ,യാഗാശ്വമേ;
ഈയാഗ ഭൂമിയില്‍,
ഈശ്മ്ശാനഭൂമിയില്‍;
നീ,....നിന്റെ ഭാരമിറക്കിവയ്ക്കുക!

ഇനിയെങ്കിലും പഞ്ചഭൂതങ്ങളും
അലിഞ്ഞുചേരട്ടെ,ഈഭൂമിയില്‍,
വീണ്ടുംജനിയ്ക്കാം പുതിയൊരുജന്മമായീ..!


ശ്രീദേവിനായര്‍.







Friday, March 20, 2009

ലക്ഷ്യം

ചിന്തകള്‍ക്ക്,ശരവേഗമുണ്ടായിരുന്നു!
മൂര്‍ച്ചയുണ്ടായിരുന്നു,
ലക്ഷ്യമുണ്ടായിരുന്നില്ല;


മോഹങ്ങള്‍ക്ക്,പ്രേമം ഉണ്ടായിരുന്നു!
നോവുകളുണ്ടായിരുന്നു;
ലക്ഷ്യമുണ്ടായിരുന്നു,
എന്നാല്‍ ,ചിന്തയുണ്ടായിരുന്നില്ല;


പ്രണയത്തിന് തുടക്കവും ഒടുക്കവുമില്ലായിരുന്നു!
എന്നാല്‍ വീഥികള്‍ വിജനവും,
ദുര്‍ഘടവുമായിരുന്നു;

പക്ഷേ,
ജീവിതത്തിന്,ഇവയൊന്നും
പ്രശ്നമായിരുന്നില്ല!എന്നാല്‍,
മുന്നോട്ടുള്ള ഓരോ കുതിപ്പും;

നെടുവീര്‍പ്പുകളുടേയും,
ആകാംക്ഷയുടേയും,
സമ്മിശ്രമായ സങ്കോചങ്ങളായിരുന്നു!
പ്രകോപനങ്ങളുമായിരുന്നു!



ശ്രീദേവിനായര്‍

Tuesday, March 17, 2009

നിമിഷം

ഉണര്‍വ്വിന്റെ നിമിഷങ്ങളോരോന്നും
സ്മരണയെതൊട്ടുണര്‍ത്തുന്ന, പ്രകൃതിയുടെ
ഉറക്കച്ചടവിന്റെ ശബ്ദങ്ങളായിരുന്നു!

വികാരത്തിന്റെ മൂടുപടമണിഞ്ഞ
ധ്വനികളായിരുന്നു!
പാതിമയക്കത്തിന്റെ സുഷുപ്തിയില്‍,
പരിഭവം കേള്‍ക്കാന്‍ പഴുതുകള്‍
തേടുന്ന പ്രകൃതിയുടെപാരവശ്യം;
പരിരംഭണങ്ങളാല്‍ പാതിമറഞ്ഞ
നിമിഷങ്ങളായിമാറുകയായിരുന്നു!

പലവട്ടം കോരിത്തരിപ്പിച്ചസുന്ദരമായ
നിമിഷങ്ങള്‍;
പതിരില്ലാതെ,പലപ്പോഴും,പാതിവഴിയില്‍
തിരിഞ്ഞുനോക്കുന്ന പരിഭ്രമങ്ങളായിരുന്നു!

മാറ്റമില്ലാത്ത നിന്റെസ്നേഹം,
മാറ്റുരയ്ക്കാന്‍ മനസ്സുവരാതെ,
മറ്റെങ്ങോനോക്കിനില്‍ക്കുന്ന
ആ നിമിഷം;

പ്രകൃതിയും,പ്രപഞ്ചവും എന്നെ
മാത്രം നോക്കിനില്‍ക്കുന്നു!
എന്തിനാണെന്നറിയാതെ?

Saturday, March 14, 2009

വെള്ളിയാഴ്ച്ചകള്‍




വെള്ളിയാഴ്ച്ചകള്‍ ,എന്നുമെന്റെജീവിത
ത്തിന്റെ പ്രത്യേക ഭാവങ്ങളായിരുന്നു!
ബാല്യത്തിന്റെ വെള്ളിയാഴ്ച്ചകളെ ഞാന്‍
ഭയപ്പെട്ടിരുന്നു!കാരണം;



ചുമക്കാന്‍ വയ്യാത്ത ഭാരം അവ തന്നിരുന്നു!
പുസ്തകമെന്ന ഭാരം,വിദ്യാലയമെന്ന ഭാരം,
വെള്ളിയാഴ്ച്ചകളിലെ വീട്ടിലേയ്ക്കുള്ള മടക്കം;
രണ്ട്അവധിദിനങ്ങളെ ഭാരപ്പെടുത്തിയിരുന്നു!



പുസ്തകത്താളുകളിലെ എഴുതിയാലും തീരാത്ത
അക്ഷരങ്ങള്‍,കൂട്ടിയാലും കിഴിച്ചാലും തീരാത്ത
അക്കങ്ങള്‍,പിന്നെകൈവിരലുകളെ തകര്‍ക്കുന്ന
ഗൃഹപാഠങ്ങള്‍!



അന്നത്തെ വെള്ളിയാഴ്ച്ചകളെന്നെ ഉപേക്ഷിച്ചു
പോയീ,
പക്ഷേ,ഓര്‍മ്മകളവയെ ഇന്നും ഓര്‍ത്തെടുക്കുന്നു!
അവയ്ക്ക് മരണമില്ല,ജനനവും!



കൌമാരത്തിന്റെ വെള്ളിയാഴ്ച്ചകളെ;
ഞാന്‍ പ്രണയിച്ചുതുടങ്ങിയതന്നായിരുന്നു!
എന്നാല്‍ മായപോലെഅവയെന്നെയെന്നും
ഒളിഞ്ഞിരുന്ന് കളിപ്പിച്ചിരുന്നു,കൂട്ടുവന്നിരുന്നു,
പട്ടുപാവാടചുറ്റിയപാവാടക്കാരിയാക്കിയിരുന്നു!


ആരെയും പേടിയ്ക്കാത്ത,കൂസലില്ലാത്ത,
കുസൃതികളായിരുന്നു അവയെല്ലാം!
കാട്ടരുവിയുടെ പ്രസരിപ്പും,മാന്‍പേടയുടെ
മട്ടും,തെന്നലിന്റെ സുഖവും അവയ്ക്കുണ്ടാ
യിരുന്നു!


അവ.മധുര സ്വപ്നങ്ങളായിരുന്നു....
നടക്കാനറിയാത്ത പ്രായം അതായിരുന്നോ?
പാദസരം കിലുങ്ങുന്ന രാവും പകലും...
അറിവുകളില്‍പാല്‍പുഞ്ചിരി;


എന്തുംകാണാനും,കണ്ടവയെനോക്കാനും,
നോക്കിയവയെ നേടാനും,നേടിയവയെ,
കൈക്കുമ്പിളിലൊതുക്കാനും,മോഹിച്ചകാലം!


മിന്നാമിനുങ്ങിനെ പ്രണയിച്ചകാലം,
കൊതുമ്പുവള്ളത്തില്‍ തുഴഞ്ഞകാലം,
കാണാത്ത നിധികളെ കാണാന്‍ ശ്രമിച്ചകാലം,
പുഞ്ചിരിയ്ക്കുപിന്നാലെ,മനസ്സുടക്കിനിന്നകാലം,



കണ്ണാടിയില്‍ നോക്കിനിന്നകാലം..
കുശലം പറഞ്ഞകാലം.....
കൌമാരവും,കാമുകനും തര്‍ക്കിച്ചകാലം...
രണ്ടുമൊന്നാണെന്ന് തിരിച്ചറിഞ്ഞകാലം...
എല്ലാമോര്‍ക്കുന്നകാലം,മറക്കാത്തകാലം
മധുരകാലം..ആവെള്ളിയാഴ്ച്ചകളുടെകാലം.....



യൌവ്വനത്തിന്റെ വെള്ളിയാഴ്ച്ചകള്‍;
വിരഹത്തിന്റെ വെള്ളിയാഴ്ച്ചകളായിരുന്നു!
കുറിതൊട്ട വൃതങ്ങളുടേതായിരുന്നു....
സന്ധ്യാനാമങ്ങളുടേതായിരുന്നു.....
തുളസിക്കതിര്‍ചൂടിയ മനോഹരിയുമായിരുന്നു!



എന്നാല്‍ അവയെല്ലാം;
പിന്നെ ആകാംക്ഷയുടേതായിരുന്നു...
കാത്തിരിപ്പിന്റേതായിരുന്നു....
കാമുകീഭാവത്തിന്റേതായിരുന്നു...


അലയാഴികള്‍ക്കപ്പുറത്തേയ്ക്ക്....
അകലങ്ങളിലെ പുതുമണവാളനെ,
ത്തേടിമാത്രമുണരുന്നവെള്ളിയാഴ്ച്ചകളായിരുന്നു!



ആശയുടേയും,നിരാശയുടേയും
വെള്ളിയാഴ്ച്ചകള്‍.....
മോഹങ്ങളുടേയും,ഭംഗങ്ങളുടേയും
വെള്ളിയാഴ്ച്ചകള്‍....
ഹൃദയരഹസ്യങ്ങളുടേതുമാത്രമായ
വെള്ളിയാഴ്ച്ചകള്‍....
പിണക്കങ്ങളുടേയും,ഇണക്കങ്ങളുടേയും
വെള്ളിയാഴ്ച്ചകള്‍......
പ്രിയങ്ങളുടെയും,പരിഭവങ്ങളുടെയും
വെള്ളിയാഴ്ച്ചകള്‍.....


പിന്നെ?
അമര്‍ത്തപ്പെട്ട വികാരങ്ങളുടേയും
നൊമ്പരങ്ങളുടേയും,
വെള്ളിയാഴ്ച്ചകള്‍......!


അകലങ്ങളിലെ,ആത്മനൊമ്പരങ്ങള്‍;
അടുത്ത ചുംബനങ്ങളാകുന്ന
വെള്ളിയാഴ്ച്ചകള്‍!
ആവെള്ളിയാഴ്ച്ചകളെല്ലാം ഇന്നുമെന്നെ
ഉണര്‍ത്തുമ്പോള്‍?


കസവിന്റെ സെറ്റ് മുണ്ടില്‍;
ഞാന്‍ ബാല്യകൌമാരയൌവ്വന സന്ധ്യകളെ;
ഒരേകാലത്തിന്റെ സമാന്തര രേഖകളില്‍
തന്നെ നിര്‍ത്തി വീണ്ടും,വീണ്ടും നോക്കുന്നു!
സ്വയം എന്നെയും!

പിന്നെ,പുഞ്ചിരിക്കുന്നു...
എന്നോടുതന്നെചോദിക്കുന്നു?
ഇനി ഏതുവെള്ളിയാഴ്ച്ചയെയാണ്
ഞാന്‍ കാത്തിരിക്കേണ്ടത്?




ശ്രീദേവിനായര്‍.









Thursday, March 12, 2009

സ്ത്രീയുടെ ദുഃഖം

ഞാന്‍ സീതാദേവിയാകാന്‍ മോഹിച്ചു;
പക്ഷേ,അവന്‍ ശ്രീരാമനായിരുന്നില്ല!
രാവണനായിരുന്നില്ല,
മാരീചനും!

ഞാന്‍ പാഞ്ചാലിയാവാന്‍ കൊതിച്ചു;
എന്നാല്‍,അവര്‍ പാണ്ഡവരായിരുന്നില്ല,
പണ്ഡിതരായിരുന്നില്ല;
കുന്തീമാതാവിനെഎനിയ്ക്ക്കിട്ടിയതുമില്ല!

ഗാന്ധാരിയായി സ്വയം നിന്നുനോക്കി;
പക്ഷേ,ധൃതരാഷ്ടൃരുടെആലിംഗനം
എന്റെ നേര്‍ക്കുവരുന്നതുപോലെ?
ദുര്യോദനന്‍,എന്റെ ഗര്‍ഭപാത്രത്തിനേറ്റ
നോവായിരുന്നുവോ?
ശാപമോ,ഭാരമോ,ഭാഗ്യമോ?എന്നറിയാതെ
ഞാന്‍ കുഴങ്ങീ...!

ഭഗവാന്‍ നാരായണനെപ്പോലും....
ഒരു നിമിഷം;മനമറിയാതെ ഞാന്‍?
എന്നിലെ സ്ത്രീയുടെ പാപം
യുഗയുഗാന്തരംകടലുപോലെ;
തിരമാലകളാല്‍,ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്നു!


എന്നിലെ രാമനെക്കാണാതെഞാന്‍,തേങ്ങീ.....
കൌസല്യയെപ്പോലെ!
രാമനെകണ്ടുഞാന്‍,തേങ്ങി....
കൈകേയിയെപ്പോലെ!
രാമനിലൂടെ എന്റെ ദുഃഖങ്ങളൊതുക്കി.....
ഞാന്‍,സുമിത്രയെപ്പോലെ!“



ശ്രീദേവിനായര്‍

Monday, March 9, 2009

ആറ്റുകാല്‍ പൊങ്കാല

അനന്തപുരിയുടെ അഭിമാനമേ....
അണയാത്ത ദിവ്യപ്രവാഹമേ.....
നീറും മനസ്സിന്റെ തമസ്സകറ്റാന്‍...
നീവന്നുപിന്നെയുംപൊങ്കാലയായ്...
നിറയുന്നുഎന്നുള്ളില്‍ അമൃതമായ്....

നിന്മടിത്തട്ടിലലിഞ്ഞുചേരാന്‍......
ഞാനിന്നും കേഴുന്നു ആറ്റുകാലില്‍
നീയറിയാത്തൊരു ജന്മമുണ്ടോ?
നിന്നെ അറിയാത്ത ബന്ധമുണ്ടോ?
നിന്നിലലിയാത്ത പുണ്യമുണ്ടോ?


ഒരുനോക്കുകാണുവാന്‍ കാത്തുനില്‍പ്പൂ
ഒരായിരംനോമ്പുകള്‍ നോറ്റുനില്‍പ്പൂ
നിന്‍ കാല്‍ക്കല്‍ വീണ്ടും നമിച്ചുനില്‍പ്പൂ
അറിവിന്‍പൊരുളേ,ആത്മാവിന്‍ നിറവേ,
ആറ്റുകാലമ്മേ...എന്‍....പ്രണാമം.......!



ശ്രീദേവിനായര്‍

Sunday, March 8, 2009

വചനം

ആദിയില്‍ വചനമുണ്ടായീ...
ആ,വചനം ദിവ്യമായിരുന്നു!

പിന്നെ ഉണ്ടായ ശബ്ദങ്ങളൊക്കെ
പലതരം അറിവിന്റെയും,അര്‍ത്ഥങ്ങളുടേയും,
ഉത്ഭവങ്ങളായിരുന്നു!

ചിലതാകട്ടെ;
അജ്ഞാതഭാവവും വേഷവും
ധരിച്ചവയുമായിരുന്നു!


പലതിനും പലഭാവങ്ങള്‍,
രൂപങ്ങള്‍;
അതിന്,തേനിന്റെ മധുരവും
പനിനീരിന്റെ മണവും,
പ്രണയത്തിന്റെ നിറവും,
സ്നേഹത്തിന്റെ സ്വാദുമുണ്ടായിരുന്നു!

ഇതൊക്കെ നല്‍കിയവനെക്കാണാന്‍
അറിയാന്‍;
ഞാന്‍ നാലുദിക്കിലേയ്ക്കും പാഞ്ഞു...

ഒടുവിലൊരു ദിക്കില്‍;
വെള്ളക്കുതിരയെപൂട്ടിയഒരു മനോഹര
രഥത്തില്‍;
അവന്‍ നില്‍പ്പുണ്ടായിരുന്നു!
അവനെ ഞാന്‍ ആര്‍ത്തിയോടെ,
മോഹത്തോടെ നോക്കിനിന്നു!

എന്റെ മിഴികളിലുടക്കിയ അവന്റെ
മിഴികള്‍,എന്റെഉള്ളിലെ
ഭാഷയെ തെരയുകയായിരുന്നു!

ഭാഷയ്ക്ക് സൌന്ദര്യമുണ്ടോ?
ഞാന്‍ ഭയപ്പെട്ടു?

അവ;
വാക്കുകളായി രൂപാന്തരം പ്രാപിച്ചാല്‍?
ഞാന്‍ പ്രാര്‍ത്ഥിച്ചു!

ശബ്ദമില്ലാത്ത ഭാഷ ;
ജീവനില്ലാത്ത ശരീരം പോലെ?
മെല്ലെ മെല്ലെ അവന്റെ രഥം
താഴ്ന്നിറങ്ങി....
ശബ്ദം, എന്റെമൌനഭാഷയെനോക്കിനിന്നു!

മൌനം,വാചാലമായി....
പിന്നെ ശബ്ദമുഖരിതമായീ...

നിമിഷങ്ങള്‍ക്കപ്പുറം;
അവന്റെ കാല്പാടുകളിലൂടെ,
കാല്‍ പതിച്ച് ഞാന്‍ നടന്നുനീങ്ങി....
വെള്ളക്കുതിരയെപൂട്ടിയ രഥത്തെ
അന്യേഷിച്ച്!


ശ്രീദേവിനായര്‍

Wednesday, March 4, 2009

ജനിക്കാത്ത മകള്‍ക്ക്

അറിയുന്നുവോ,നീഅറിയുന്നുവോ?
എന്റെമനമെന്ന കണ്ണുനീര്‍ കാണുന്നുവോ?
അകലെയെങ്ങോ,ഒരു കിളിചിലച്ചൂ....
അതിനുള്ളിലിന്നും നീ ചിരിച്ചൂ....

ജനിയ്ക്കാതെ അന്നുനീ തിരിച്ചുപോയീ..
എന്റെ കരളിന്റെ നൊമ്പരമായിപിന്നെ;
അകലുവാനാവാതെ,നീചിരിപ്പൂ ഇന്നും;
അകതാരിലോമനേയീ,അമ്മ കരഞ്ഞൂ...

മരിക്കുവാനാവാതെയെന്റെയുള്ളം,
മറവിയെപ്പുണരുവാനാഞ്ഞിടുന്നൂ..
ജനിയ്ക്കുവാനാവുമോയിന്നുവീണ്ടും?ഈ
അമ്മതന്നുയിരായിപുനര്‍ജ്ജനിയ്ക്കൂ!

ഓര്‍ക്കുവാന്‍ മാത്രമായോമനേ വീണ്ടുംനീ..
മനസ്സിലെമായപോല്‍ മറഞ്ഞുനില്‍പ്പൂ...
നോമ്പുകള്‍നോറ്റിടുംനോവിന്റെഉള്ളിലും,
നൊമ്പരമായിനീ..നിറഞ്ഞുനില്‍പ്പൂ...


അമ്മതന്‍ ദുഃഖത്തിന്‍ ആഴക്കടലിലെ
അലകളായ് നീഎന്നും അലിഞ്ഞുചേരും
കാലങ്ങളൊക്കെ കടന്നുപോമെങ്കിലും,
കാണാതെ പോകുമോനീ, ഈഅമ്മമനസ്സ്?

ജനിക്കാതെപോയനീ ജന്മങ്ങളായിരം,
ജീവന്റെജീവനായ് തീരുമെങ്കില്‍?
ഈജന്മം മാത്രമല്ലിനിയുള്ള ജന്മവും,
നിനക്കായി മാത്രം ഞാന്‍ പുനര്‍ജ്ജനിയ്ക്കാം...
അമ്മയായ് വീണ്ടും കാത്തിരിക്കാം!




ശ്രീദേവിനായര്‍.

Monday, March 2, 2009

ജീവിതം

നഷ്ടങ്ങളെല്ലാം പകുത്തുവച്ചീടും,ഈ
നഷ്ടമാം ജന്മങ്ങളാര്‍ക്കുവേണ്ടീ?
നാം വെറും മര്‍ത്യര്‍,അതിലാഴിതീര്‍ക്കുമീ
ദുഃഖങ്ങള്‍,കാണാന്‍ കാത്തിരിക്കാം......

നഷ്ടമേ,നിങ്ങള്‍ നടന്നുവന്നോയീ;
നഷ്ടസ്വര്‍ഗ്ഗത്തിന്‍ പടിവാതിലില്‍...?
നാമെത്രനാളുകള്‍കൈകോര്‍ത്തുനിന്നതാം,
കാലത്തിന്‍ വീഥിയുമിന്നേകയായീ....!

കരയുവാന്‍ മാത്രമോ,ജീവിതം മര്‍ത്യാനിന്‍;
കരതലമെന്തിനായ് കണ്‍ തുടപ്പൂ...
കാഴ്ച്ചകള്‍ കാണാനോ,കണ്ണുകള്‍ പിന്നെയോ?
കാതരഭാവങ്ങള്‍ കാണ്മതിനോ?

ഒരുപിടിഭസ്മമായ്,തീരുവാന്‍ മോഹിക്കും
പാഴ്ശരീരത്തിനെന്‍ പ്രണാമം!
പറയാന്‍ മറന്നൊരു പ്രിയവികാരങ്ങള്‍;
പാടെ മറച്ചുഞാന്‍ പിരിഞ്ഞുപോകാം!




ശ്രീദേവിനായര്‍

Sunday, March 1, 2009

അറിയാതെ

പരസ്പരം അറിയാതെ,പറയാതെ എത്രയോ
വര്‍ഷങ്ങള്‍!അതിനുമപ്പുറംതുടക്കവുമൊടുക്ക
വുമായ എത്രയോബന്ധങ്ങളുടെസ്വപ്നശരീരങ്ങള്‍!

മാംസബന്ധങ്ങള്‍ക്കതീതമായ,ഒരുബന്ധമുണ്ടെന്നും,
വികാരങ്ങള്‍ക്കപ്പുറംഒരു ജീവിതമുണ്ടെന്നും,
ശരീരങ്ങളുടെ ചേര്‍ച്ചയ്ക്കപ്പുറം മനസ്സറിയുന്ന
ഒരു മമതയുണ്ടെന്നും,മനസ്സിലാക്കിയ കാലങ്ങള്‍!


പ്രണയമെന്ന വാക്കിനോട് എന്താ,ഇത്രപേമം?
പലരും ചോദിച്ചതും സ്വയംചോദിച്ചതുമായ
ചോദ്യം!ഇല്ലേയില്ലാ..ഞാന്‍ പ്രണയിക്കുന്നില്ല;
ഒന്നിനേയും!

മുറ്റത്തെമുല്ലപ്പൂവിന്റെ മണവും,മാനത്തെ
ചന്ദ്രന്റെ പാല്‍നിലാവും,മത്തുപിടിപ്പിച്ച
രാത്രികളില്‍;മറക്കാന്‍ കഴിയാത്തപലതും
മറവിയെത്തേടിഅലയുകയായിരുന്നു!