Monday, June 29, 2009

വിധി

മാസ്മര രേഖകള്‍ വരച്ചുകൊണ്ടുള്ള
വിധികര്‍ത്താവിന്റെ വീറോടെയുള്ള
പ്രസംഗത്തിനിടയ്ക്ക്,


കാല്‍തട്ടിത്തടഞ്ഞ്,അവള്‍ മനസ്സിന്റെ
മനസ്സാക്ഷിക്കൂട്ടില്‍ കയറി നിന്നു.
എന്താവും,ഇപ്പോള്‍ വിധിയായി തന്റെ
നേരെ എടുത്ത് ചാടുന്നതെന്നറിയാനുള്ള
സിംഹവെപ്രാളം,


ഒട്ടകപക്ഷിയുടെ വേഗതയില്‍
നിലം തൊടാതെ മനസ്സിനെ പറത്തി
ക്കൊണ്ടുപോയി;


ചെയ്ത കുറ്റങ്ങള്‍ക്കുള്ളതല്ല ഒരിക്കലും
ഈ ശിക്ഷകള്‍...
എന്നും,എന്തിനും വിധികാത്ത് നില്‍ക്കുക
യെന്നതല്ലേ,അവളുടെ വിധി!


അവള്‍ സൂക്ഷിച്ചു നോക്കി;
പലതും മറയ്ക്കാത്ത സമൂഹത്തില്‍
മറയ്ക്കുന്നവള്‍ക്കുള്ള ശിക്ഷ,
എന്തായിരിക്കാമെന്നുള്ള ആകാംക്ഷ
യുമായി......!


ശ്രീദേവിനായര്‍

Tuesday, June 23, 2009

മുഖാവരണം



കവിയുടെ കുപ്പായം,ഊരിവച്ചകവി
സ്വയം വിശകലനം ചെയ്യുന്നു...
എന്തെങ്കിലും കുറവുകള്‍?


കണ്ണാടിയില്‍ മുഖം മിനുക്കാന്‍ ശ്രമിക്കുന്ന
ഭാവങ്ങളുടെ തീവ്രത?
ഇനിയും കവിതകള്‍ക്ക് കഴിയില്ലെന്നും,
കവിതകള്‍ വികാരമില്ലാത്ത സ്ത്രീയെപ്പോലെ,
നിസ്സംഗയാണെന്നും മനസ്സിലാക്കുന്നു.


പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന
കവിത ;
വഴിയറിയാതെ നില്‍ക്കുമെന്നും
വിശ്വസിക്കുന്നില്ല.
കാരണം സര്‍വ്വതും,കവിതകള്‍ക്ക് വഴി
മാറുന്നു.


പുനര്‍ജ്ജന്മം പിറവിയെടുക്കുമ്പോള്‍;
പഴയ താളുകള്‍ മറയ്ക്കുന്നു.കവിയുടെ
മുഖാവരണവും മാറുന്നു.


കാത്തിരിക്കാം,കണ്ണുകളെ വിശ്വസിക്കാം;
വിശ്വസിക്കാതെയും ഇരിക്കാം;
എന്നാല്‍ കവിയെയോ?


കവിതയെ പ്രണയിക്കാം;
കഥയെ സ്നേഹിക്കാം;
അക്ഷരങ്ങളുടെകൂടെ ജീവിക്കാം;


അപ്പോഴും എഴുതിതീര്‍ക്കാത്ത ചിന്തകള്‍
രൂപമില്ലാതെ അലയുമായിരിക്കാം.....!




ശ്രീദേവിനായര്‍

Monday, June 22, 2009

സ്വപ്നം

വടക്കിനിക്കോലായില്‍, തിരിയിട്ടുവച്ചൊരു,
തിരുനാളിന്‍സ്വപ്നം തകര്‍ന്നുപോയീ...
ഒരുവാതില്‍നിനക്കായീതുറന്നുവച്ചിന്നുംഞാന്‍,
മുടങ്ങാതെ,നെയ്ത്തിരി കൊളുത്തിനില്‍പ്പൂ...


എവിടെയോ,മറന്നൊരാസന്ധ്യതന്‍ സൌന്ദര്യം,
മനസ്സിന്നുമറിയാതെയറിഞ്ഞിടുമ്പോള്‍,
മലര്‍മെത്തവിരിച്ചൊരുപാതിരാപുഷ്പവും,
പാടെമറന്നുതന്‍ സുഗന്ധമെല്ലാം...


പൂമുഖവാതിലില്‍,മുറതെറ്റാതിന്നും ഞാന്‍,
പൂമുഖം കാണാണ്‍ കൊതിച്ചിടുമ്പോള്‍..
അകലത്തെയമ്പിളിപോലെയിന്നും,നീ
അറിയാതെമറയുന്നുമുഖമറയില്‍......


ശ്രീദേവിനായര്‍

Monday, June 15, 2009

പ്രണയകാവ്യം



ഇന്നും മഴക്കാറുപെയ്തണഞ്ഞു..
ഒരു കിട്ടാക്കടം പോലെഞാനലഞ്ഞു...
എവിടെയോ കൈമോശംവന്ന മനസ്സുമായ്..
എന്നുള്ളിലിന്നവന്‍ പെയ്തൊഴിഞ്ഞു..



ഏങ്ങും ചിന്തകള്‍,മനസ്സിനിലുള്ളില്‍...
എന്തിനോ തേങ്ങിപ്പതം പറഞ്ഞു...
എവിടെയോകണ്ടുമറന്നപോല്‍പ്പിന്നവന്‍,
എന്നെയറിയാതെനോക്കിനിന്നു...


“ഒരുപാടുസ്വപ്നം പകുത്തുഞാന്‍ നല്‍കീട്ടും,
പകരം,നീതന്നില്ലനിന്‍ കിനാക്കള്‍..
പലതുംകൊതിച്ചൊരുമനസ്സുമായ് പിന്നെയും,
പലവട്ടം നിന്നുഞാന്‍ നിന്നരുകില്‍...“



കണ്ണുകള്‍ കാണാതെകദനം നിറച്ചവന്‍,
കാതുകള്‍ കേള്‍ക്കാതെമൊഴിഞ്ഞുമെല്ലെ,
അക്ഷരത്തെറ്റുപോലെഴുതിപ്പിന്നവന്‍..
അറിയാത്തമോഹത്തിന്‍പ്രണയകാവ്യം!


ശ്രീദേവിനായര്‍

Saturday, June 13, 2009

ഏട്ടന്‍




കണ്ണുനീരൊപ്പുവാനാവാതെ നില്‍ക്കുമീ
കുഞ്ഞനുജത്തിയായ് മാറിഞാനിന്നലെ...
അകലങ്ങളിലിന്നുമറിയാതിരിക്കുന്നൂ,
അലിവായി,നൊമ്പരപ്പാടുമായേട്ടനും...!


തളരുമ്മനമിന്നുകാണാതിരിക്കുന്നു...
തകരുംസ്വപ്നവുമറിയാതെപോകുന്നു..
കൈചേര്‍ത്തുനില്‍ക്കുവാനാവാതെനില്‍ക്കുന്നു..
ആത്മാവുമായെന്റെ മുന്നിലിന്നാദ്യമായ്..!

രക്തബന്ധത്തിന്നുള്ളില്‍ഞാനിന്നെന്റെ..
രക്തത്തെവീണ്ടുംതിരിച്ചറിഞ്ഞീടുമ്പോള്‍..
ഏട്ടനായ് ,ഞാനെന്റെ ജീവനില്‍ കാത്തൊരു..
ഏടുകളിന്നും മൂകമായ് തേങ്ങുന്നു...



ശ്രീദേവിനായര്‍

Sunday, June 7, 2009

ഞാന്‍





മനസ്സൊരുഅറിയാക്കടല്‍ പോലെ...
അതിലലകള്‍താണ്ടുകവിധിപോലെ..
പറവതന്‍ ചിറകുമേല്‍ഞാനിന്നും...
പഴിചാരാതെയിരിപ്പുണ്ട്!


വഴിയറിയാതൊരു മനസ്സിന്മതിലുകള്‍,
വാമൊഴിയാലിന്നു പഴിക്കുമ്പോള്‍...
വരമൊഴിയാലവ,എഴുതീഞാനെന്‍,
വിധിമേല്‍ ചാരിനില്‍പ്പുണ്ട്!


നിറമിഴികണ്ടുഞാനെന്നും,
നിണമാണെന്നുധരിക്കുന്നു...
നിറമില്ലാത്തൊരുമോഹവുമായീ...
നിലയില്ലാതെനില്‍പ്പുണ്ട്!


നിറപുഞ്ചിരിയായ് എന്നെചുറ്റിയ,
നിലവിന്‍ കൈകള്‍ മയങ്ങുമ്പോള്‍..
നിളയോടോതിപ്പരിഭവമെല്ലാം...
നിന്നെക്കാത്തുഞാന്‍,നില്‍പ്പുണ്ട്!



ശ്രീദേവിനായര്‍

Tuesday, June 2, 2009

നേട്ടങ്ങള്‍



അല്ലെങ്കിലും;
ഒന്നും നേടാനുള്ളതല്ലല്ലോ,ജീവിതം.
നേടിയതു ലാഭം!
നേടാത്തതോ?
നഷ്ടം!


സ്വര്‍ണ്ണച്ചിറകുകെട്ടിപ്പറക്കാന്‍കൊതിക്കുന്ന
മനസ്സില്‍;
അരിഞ്ഞുവീഴ്ത്തുന്ന യാഥാര്‍ത്ഥ്യത്തിന്റെ
മാംസച്ചിറകുകളില്‍,
സ്നേഹം വാര്‍ന്നുപൊയ്ക്കൊണ്ടിരിക്കുമ്പോള്‍...


നിര്‍വ്വികാരതയുടെ നെടുവീര്‍പ്പുകളില്‍;
ഒരുഹോമകുണ്ഡം തീര്‍ത്ത്,
മനുഷ്യര്‍ അതിനുള്ളില്‍ നിരാശയുടെ
അഗ്നിയില്‍ സ്വയം ബലിയര്‍പ്പിക്കുന്നു!


എന്നെങ്കിലും;
ദിവ്യമായ അമൃതകുംഭം
സ്വപ്നച്ചിറകുമായ്,
ആഴങ്ങളില്‍ കാത്തിരിക്കുന്നുവോ?
ഉയര്‍ന്നുവരാന്‍ശ്രമിക്കുന്നുവോ?



ശ്രീദേവിനായര്‍