Thursday, April 29, 2010

ഓര്‍മ്മ





അകലെയെങ്ങോയെന്റെസ്വപ്ന
ത്തിന്‍ ചിറകുമേല്‍,
മരതകപ്പച്ചയുടുത്തൊരെന്‍,ഗ്രാമത്തില്‍,


ചിറകുകരിയാത്തൊരോര്‍മ്മപോലി
ന്നെന്റെ,
ചിരിക്കുന്ന തിരുമുറ്റം ഓര്‍ക്കുന്നു
ഞാനിന്നും!



പടവുകള്‍ കയറിയെന്‍ മനസ്സു പായുന്നു.
അടയാത്തകോലതന്‍ വാതിലില്‍ മുട്ടുന്നു.
അറിയാതെതുറക്കുന്നു അകമേചിരിക്കുന്നു,
അമ്മതന്‍ കാലൊച്ച ആത്മാവുകേള്‍ക്കുന്നു.


അണിയിച്ചുവച്ചൊരെന്‍ചിത്രത്തിന്‍
മുന്നിലായ്,
അണയാത്ത സ്നേഹത്തിന്‍
നെയ്ത്തിരികത്തുന്നു.


ഓര്‍മ്മപുതുക്കുവാനെന്മുറിതുറന്നുഞാന്‍,
അതിനുള്ളിലായിരം സ്വപ്നങ്ങളുറങ്ങുന്നു.


ചിരിതൂകിഉറങ്ങുന്ന പുകമറയ്ക്കുള്ളില്‍
ഞാന്‍,
കലങ്ങിയ കണ്ണോടെ കദനം
തെരയുമ്പോള്‍,


മാറാലകെട്ടിയ ഓര്‍മ്മകള്‍ നടുങ്ങുന്നു,
നിറയുന്ന കണ്ണുകള്‍ വിമ്മിക്കരയുന്നു.


ആരെയോ തെരയുന്നു,
മനമിന്നുംതേങ്ങുന്നു
വിടവാങ്ങിപ്പിരിഞ്ഞൊരു
സ്നേഹകുടീരമായ്!




ശ്രീദേവിനായര്‍.

Wednesday, April 21, 2010

യാത്ര




പിരിയാംനമുക്ക് വീണ്ടുംജനിയ്ക്കാന്‍
അനന്തതയില്‍ വച്ചു കണ്ടുമുട്ടാന്‍.
ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കാം നമുക്ക്
ഒരിത്തിരിക്കണ്ണീര്‍ തുടച്ചുമാറ്റാം.


എന്തിനായ് നമ്മളൊത്തുചേര്‍ന്നു
ദുഃഖം നല്‍കിപ്പിരിയാന്‍ മാത്രം
സ്വപ്നങ്ങളെല്ലാം വെറും മിഥ്യ
ഒരിക്കലുമെത്തിനോക്കാത്ത സത്യം.


കണ്ണീര്‍ വറ്റിയ ജീവിതത്തില്‍
നഷ്ടസ്വര്‍ഗ്ഗത്തിന്‍ കാത്തിരിപ്പില്‍
നീളുന്ന പാതയില്‍ നമ്മള്‍ വീണ്ടും
ഏകാന്തയാത്രികരായി മാറി.




ശ്രീദേവിനായര്‍.
(മേഘതാഴ്വര)

Sunday, April 4, 2010

മോഹം




ഞാന്‍ ,മൌനത്തെ പ്രണയിച്ചത്
ഏകാന്തതയില്‍ ഒരു
കൂട്ടുതേടിയായിരുന്നു.


വിവാദങ്ങളെ വര്‍ജ്ജിച്ചത്,
വിഷാദസ്മരണകളെ
ഒളിപ്പിക്കാനായിരുന്നു.


മഞ്ഞുത്തുള്ളിയെ മോഹിച്ചത്,
നൈര്‍മ്മല്യത്തോടുള്ള
അഭിനിവേശത്താലായിരുന്നു.


മലനിരകളെ നോക്കിനിന്നത്,
തടവറകളില്‍ നിന്നുള്ള മോചനം
തേടിയായിരുന്നു!



ശീദേവിനായര്‍.