Sunday, January 30, 2011

നഷ്ടങ്ങള്‍




അശരീരിയായിരുന്നോ?
ഞാനിന്നുമറിഞ്ഞതില്ല,
കാവ്യങ്ങളായിരുന്നോ?വെറും
കവിതകളായിരുന്നോ?



മറക്കാതെമനസ്സിന്നും പുറകേപായുന്നു,
കവിയുടെ ആത്മവിലാപമായീ.
അലയാതെ നിഴലുപോല്‍
അലിയുന്നു ഞാനുമിന്നും,
അറിയാതെയറിയുന്നാഹൃദയരാഗം!


കുളിരേകാന്‍ മഴയായ് പൊഴിയുന്നു
നിത്യവുമലിവൂറും ഹൃദയത്തിന്‍രാഗതാളം,
പ്രണയത്തിന്‍മിഴിനീര്‍,മഴതന്റെവര്‍ണ്ണങ്ങള്‍,
മഴവില്ലിന്‍ നിറമായി,നഷ്ടപ്രണയമായീ.


തേടുന്നു ഞാനിന്നും നനവാര്‍ന്ന കണ്‍കളാല്‍,
വിരഹത്തിന്‍ ശൂന്യതകണ്ടു നില്‍ക്കാന്‍.


നഷ്ടങ്ങള്‍നഷ്ടങ്ങള്‍ആത്മാവിന്‍പുഷ്പങ്ങള്‍,
വിടരാത്തമൊട്ടുപോല്‍ കൂമ്പിനിന്നു.
സ്വപ്നങ്ങള്‍സ്വപ്നങ്ങള്‍,മനസ്സിന്റെപുണ്യങ്ങള്‍,
വിടവാങ്ങി വീണ്ടും തിരിച്ചുവന്നോ?



ശ്രീദേവിനായര്‍

Tuesday, January 25, 2011

മനസ്സ്



മനസ്സിന്റെ മടിത്തട്ടില്‍ മയങ്ങാന്‍ കിടന്നൊരു,
മനക്കട്ടിയില്ലാത്ത മധുരസ്വപ്നം;
മനസ്സാക്ഷിമരവിച്ച മലരില്ലാമധുപനായ്,
മറനീക്കിമരുവുന്നു മറവിയുമായ്.


മധുപനെത്തേടി അലയുന്നു നിത്യവും,
മധുരമാം സ്വപ്നങ്ങള്‍ ചഷകവുമായ്;
മറക്കാതെ നിത്യവും മറ്റെങ്ങോതിരയുന്നു,
മനസ്സിന്റെ മാന്ത്രികത്താക്കോലിനായ്!


ശ്രീദേവിനായര്‍.

Saturday, January 1, 2011

പുലരി

ഞാനിതാവീണ്ടും വിരുന്നിനെത്തുംപൊന്‍
പുലരിയെക്കാണുവാനായി നിന്നു.
പാഴ്മനം കാണാതുഴലുമെന്‍ മണിവേണു
ഗാനമുതിര്‍ത്തുമയങ്ങീ.


പാഴ്ശ്രുതിമീട്ടുമെന്‍ തംബുരുവെന്തിനോ
വീണ്ടും മിഴിനീര്‍തുടച്ചൂ
നീറുമെന്നുള്ളവും എന്തിനോകേണു
നിന്മനം തേങ്ങുന്ന കാഴ്ചകണ്ടു.


ചുറ്റമ്പലങ്ങളില്‍ തേടിഞാനെന്തിനോ
ഉള്ളം കലങ്ങിയ മനസ്സുമായീ,
കാണാത്തമട്ടില്‍ തിരിഞ്ഞുനിന്നീടുന്ന
ദേവനുമെന്നെക്കണ്ടതില്ല.!


ശ്രീദേവിനായര്‍.


“പ്രിയപ്പെട്ടവര്‍ക്കെല്ലാം എന്റെ
നവവത്സരാശംസകള്‍“