Tuesday, April 29, 2014

വൈചിത്ര്യം



ഉള്ളിലായ്ത്തേങ്ങിയൊരലകടലെങ്കിലും
കണ്ടുത്തുംഗമാത്മാവിന്‍ ഹിമവല്‍ പ്രദേശം.
കണ്ടുഞാനുള്ളത്തിന്‍ വൈവിദ്ധ്യഭാവം,
കാണാതെയെന്നന്തരംഗം തപിച്ചു.

വൈചിത്ര്യമെന്തെന്നറിയാതെഞാനിന്ന-,
അകക്കണ്ണിലാകാശം അളന്നങ്ങെടുത്തു;
ഭൂമിയെക്കാണാതുഴലുന്ന ജീവന്റെ
ആദിയിലെന്തെന്നറിയാന്‍ ശ്രമിച്ചു.

ആരുഞാനാരെന്നറിയാനൊരുങ്ങീ
ആരോരുമില്ലാത്തൊരംശമായ് മാറി.
എന്നന്തരംഗത്തിന്നവസാനരംഗം,
പിരിയാന്‍ മടിക്കാതെ  ജീവന്‍ തുളുമ്പീ.....



ശ്രീദേവിനായര്‍  .

Sunday, April 13, 2014

വിഷുക്കണി



മയിലാഞ്ചിയും,മാതളവും  പിന്നെ
മലയാളമണ്ണിന്റെ മാമ്പഴവും,
മായാതെ കാലങ്ങളായുണരുംഒരു
വിഷുപ്പക്ഷിയെ ക്കണ്ടുണരാന്‍...

ബാല്യകൌമാരസ്വപ്നങ്ങളില്‍,ഞാന്‍
വിഷുപ്പക്ഷിയായുണരുമ്പോള്‍
ഒരുകുലകൊന്നപ്പൂവിനെയോര്‍ത്തെന്റെ,
മനവും,തനുവും ഇടറുന്നോ?

കൊന്നപ്പൂവിനെമോഹിച്ചകാലങ്ങള്‍,
കൈനീട്ടത്തിന്‍ സ്മരണകളായ്..
“ഒരു തുളസിക്കതിര്‍കൊണ്ടെന്റെമോഹത്തിന്‍
പടിവാതില്‍ ,ഞാനിന്നു ബന്ധിക്കാം!“


“എല്ലാപ്രിയപ്പെട്ടവര്‍ക്കും എന്റെ 
വിഷു ആശംസകള്‍“

ശ്രീദേവിനായര്‍

Sunday, April 6, 2014

രാവിന്റെ രോദനം




രാവിന്‍ കിളിക്കൂടുകള്‍ തോറുമൊരു,
രാക്കിളിപ്പാട്ടിന്‍ രോദനം.
രാവേറിയായി നിലവിലും നിണമൊത്ത
നോവിന്‍ നിഴല്‍ വേദന!

പിടയും മനസ്സിന്‍ ചിറകുകള്‍
പിണരുകള്‍ പോലെയുള്ളിലായ്..
ചിറകുവിടര്‍ത്തിയമരുവാന്‍,
ചിതയിലെച്ചൂടുതെരഞ്ഞുവോ?

കൊക്കുരുമ്മിയൊതുങ്ങിയിരിക്കുവാന്‍,
ചിറകുവിടര്‍ത്തിപ്പറന്നുയരുവാന്‍,
അടയിരുന്നുകുരുന്നുണര്‍ത്തുവാന്‍,
ഇണയെത്തേടിയലഞ്ഞൊരു
 കിളിക്കൂടൊഴിഞ്ഞു നിശബ്ദമായ്..


ശ്രീദേവിനായര്‍