Sunday, July 18, 2010

ഇരുള്‍





എവിടെയോ ,മറന്നുവച്ച ബാല്യം.
എങ്ങോ,ഉപേക്ഷിച്ച കൌമാരം.
കാണാതെപോയ യൌവ്വനം.
കണ്ടില്ലെന്നു നടിക്കുന്ന വാര്‍ദ്ധക്യം.
ഇതിലെല്ലാം എനിയ്ക്കു ഒരുപോലെ!



ആരുമൊരിക്കലും തിരിച്ചറിയാതിരിക്കാന്‍
ഞാന്‍,ഇന്നെല്ലാപേരെയും നന്നായറിയാന്‍
ശ്രമിക്കുന്നു.


ഞാന്‍ ആരാണെന്ന് എന്റെ ജന്മവും
എനിയ്ക്ക് പറഞ്ഞുതന്നില്ല.

സൂര്യന്‍ ഉദിച്ചുണരുന്നു.
അസ്തമിച്ച് അണയുന്നു.
ചന്ദ്രന്‍ രാത്രിയില്‍ ആരുംകാണാതെ
മറഞ്ഞുനിന്നു നോക്കുന്നു.
നെടുവീര്‍പ്പിടുന്നു.


രാത്രിയുടെ അന്ധകാരം എന്നെ
ഇരുട്ടില്‍ മൂടിപ്പുതച്ചുവയ്ക്കുന്നു.
വേദനകളില്‍ നിന്നുംമറച്ചുവയ്ക്കാമെന്ന
വാഗ്ദാനം നല്‍കി അവന്‍ മറയുന്നു.

എന്നാല്‍ നിസ്സഹായതയുടെ പുലര്‍ച്ചയില്‍
അവന്‍ അഭിനയം തുടരുന്നു.
കണ്ണടച്ച് സ്വയം ഇരുട്ടിലാകുന്നു.
എന്നെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.
ഈ..പകല്‍ വെറും മിഥ്യയാണെന്നും.
ഇരുള്‍ മാത്രം എന്നും സത്യമാണെന്നും!




ശ്രീദേവിനായര്‍
(ഇരുളിന്റെ വേദാന്തം)
പുസ്തകം--5