Tuesday, September 29, 2009

പിറവി

പിറവിയെടുക്കാന്‍ കൊതിച്ചയെന്നെ
ഭൂമിയിലേയ്ക്ക് കടത്തിവിട്ടത് ആരാണ്?
ലോകം കാണാന്‍ കണ്ണുതുറക്കും മുന്‍പ്
പ്രാണവായുതന്ന് രക്ഷിച്ചതാരായിരിക്കാം?അര്‍ത്ഥമറിയാത്ത ശബ്ദംകൊണ്ട് ഞാന്‍
ചുറ്റും നിന്നവരോട് പറഞ്ഞത് എന്തായിരുന്നു?
കണ്ണീരിന്റെ വിലയറിയാതെ
കരഞ്ഞുകൊണ്ടേയിരുന്നത് എന്തിനു
വേണ്ടിയായിരുന്നു?


ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നുവെന്ന്
അറിയാതെ ,
ബന്ധുക്കളോട് ചേര്‍ന്ന് സുഖമായുറങ്ങി
യത് ,

അമ്മയാണ് സത്യം എന്ന അറിവ്
മുലപ്പാലിലൂടെ നുകര്‍ന്നത്,
കണ്ണു തുറന്നും അടച്ചും ചിരിച്ചത്
ലോകത്തിന്റെ നിസ്സഹായതയില്‍,
ജന്മത്തിന്റെ തിരിച്ചറിവില്‍,
പരിഹസിക്കാന്‍ മാത്രമായിരുന്നുവോ?


ശ്രീദേവിനായര്‍

Friday, September 25, 2009

അക്ഷരദേവിമൂകമാം രാവുകള്‍കാത്തുനിന്നു..
ആയിരം നോമ്പുകള്‍നോറ്റുനിന്നൂ...
മൌനസമാഗമ വേളകളില്‍,
മൌനം വാചാലമായ് പിറന്നൂ...അക്ഷരമാലകള്‍ എന്‍ ജീവരാഗങ്ങള്‍....
അക്ഷമയാലെന്‍ മനം കവര്‍ന്നു..
അരക്ഷണം കൊണ്ടുഞാനറിഞ്ഞതെല്ലാം,
അനുഗ്രഹമായ് ത്തീര്‍ന്നുമുന്നില്‍നിന്നു.....


അരമണികെട്ടിയ അക്ഷരങ്ങള്‍
നിറമാല ചാര്‍ത്തിയ നിറദീപമായ്..
അഭയമായ് നിന്നൂ ഞാന്‍ മുന്നിലായീ..
അനുവാദമോടെ ഞാന്‍ പുണര്‍ന്നവളെ...


നവരാത്രിപൂജക്കൊരുങ്ങിനിന്നു.
നവരത്നമായ് മുന്നില്‍ ജ്വലിച്ചുനിന്നു..
നവരാത്രിമണ്ഡപം തിളങ്ങിനിന്നു..
നവനവ മോഹങ്ങളായി മുന്നില്‍...
ശ്രീദേവിനായര്‍

Thursday, September 24, 2009

സമയം

ജീവിതത്തില്‍ ഇനി സമയമെത്ര,ബാക്കി?
അതറിയാന്‍ ഞാന്‍ ഇടയില്ലായിടങ്ങളി
ലൊക്കെ ചികഞ്ഞു നോക്കി.


കണ്ണെത്താത്ത ദൂരത്തോളം,
കാതെത്താത്ത കാലത്തോളം,
ശബ്ദം അലയിട്ട്.നുരയിട്ട്,
ഉണര്‍ത്തുന്ന നിമിഷങ്ങള്‍ തോറും
ഞാന്‍ പരതി.

നിരാശകള്‍കൊണ്ട് ആശകളെയും,
വിസ്മൃതികൊണ്ട് സ്മൃതിയെയും
ഉണര്‍ത്താമെന്ന് എന്നെ അറിയിച്ച
ശക്തിയെ അറിയാതെയറിഞ്ഞു!ഓരോനിമിഷത്തെയും,നിമിഷാര്‍ദ്ധ
ങ്ങളെയും,വിഭജിക്കാന്‍ ഞാന്‍,എന്റെ
മനസ്സിലെ ആവനാഴികളില്‍
ശരങ്ങളെതെരഞ്ഞു.


ഏതുശരത്തിനായിരിക്കാം ജീവിത
ബന്ധങ്ങളെയും,ചിന്തകളെയും
വിഭജിച്ചുതരാന്‍ കഴിയുക?


മനസ്സെന്ന മാന്ത്രികന്‍ എന്നും
എവിടെയും പിടിതരാതെ കറങ്ങി
നടക്കുന്നതും,
പ്രപഞ്ചസത്യങ്ങളില്‍ വിലയിക്കുന്നതും
അകലങ്ങളില്‍ അലയുന്നതും
ഞാനറിയുന്നു.


ഉള്ളിലെ നീരാളിപ്പിടുത്തത്തില്‍
നിന്നും
ബാഹ്യലോകത്തിന്റെ വാതായനങ്ങള്‍
കടന്നുവരാന്‍ ശ്രമിക്കുന്ന
ജീവിത സമസ്യകളില്‍;


ഞാന്‍ അഭയം തേടുന്നത് സമയത്തിലല്ല,
എന്നില്‍ തന്നെയാണെന്ന നഗ്നസത്യം
എന്നും വിസ്മരിക്കപ്പെടുന്നുവോ?

ശ്രീദേവിനായര്‍

Monday, September 21, 2009

ഗാനം
ഓര്‍മ്മയിലെന്നെന്നെമയില്‍പ്പീലിചാര്‍ത്തി
ഓമനക്കണ്ണന്‍ വിരുന്നു വന്നു...
ഓമനയായിനിന്നവന്‍ ചാരെ ,ഞാന്‍
ഓമനിച്ചേറെ നിന്നുപോയി.ഓമനയാണവന്‍ ,ഓമലുമാണവന്‍
ഓടക്കുഴല്‍ വിളി കേട്ടുണര്‍ന്നു....
ഓടിത്തളര്‍ന്നുഞാന്‍ചാരത്തണഞ്ഞപ്പോള്‍
ഓര്‍മ്മയിലിന്നവന്‍ കണ്ണനായീ..


കായാമ്പൂവര്‍ണ്ണന്‍ കാണിക്കയാലെന്റെ
കാണാമനസ്സിനെ കണ്ടുനിന്നു..
കാണാനിധിയായികണ്ടുഞാന്‍ കണ്ണനെ
കാതരായ് മനം കാത്തുവച്ചു..


ഈരേഴുലോകവുംകണ്ടുഞാന്‍കണ്ണനില്‍
കണ്ടതെല്ലാം പിന്നെമായയായീ...
സ്വര്‍ഗ്ഗവും കണ്ടുഞാന്‍നരകവും
കണ്ടു ഞാന്‍,
നാകലോകത്തിലും നരകത്തിലും.നന്മയും കണ്ടുഞാന്‍ തിന്മയും
കണ്ടുഞാന്‍,
പാരിലും മാനവ ഹൃദയത്തിലും..
ശ്രീദേവിനായര്‍

Friday, September 18, 2009

അറിവ്സങ്കല്പത്തില്‍ സമരസപ്പെടാനുള്ള
സാമാന്യബോധം ,
മനുഷ്യമനസ്സിന്റെ എക്കാലത്തെയും
മോഹം.


പുഞ്ചിരിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന
ഉപചാരം,
നിമിഷങ്ങളുടെ ദീര്‍ഘശ്വാസത്തില്‍
ഹൃദയം കവരുമ്പോള്‍,
നാളത്തെ പകല്‍ ചിന്താമൂകമാകുന്നു.ഇന്നലെകള്‍ ചിന്താശൂന്യമാകുമ്പോള്‍
പലതും മറവിയെപ്പുണരുന്നു.പക്വതവന്ന ബന്ധങ്ങള്‍ക്ക് പറയാന്‍
വാക്കുകള്‍ അധികമില്ല;
പക്ഷേ കാണാന്‍ കണ്ണുകള്‍ ധാരാളം.
മോഹങ്ങള്‍ അതിലധികം;എന്നാലോ
സമയം തീരെക്കുറവ്!എന്റെ സ്നേഹിതന്‍ സമ്പന്നനായിരിക്കണ
മെന്ന് ഞാന്‍ മോഹിക്കുന്നില്ല;
കാരണം,അവന്റെ സമയം കണക്കു
കൂട്ടലുകള്‍ക്കുമാത്രമുള്ളതാകാം!എന്നാല്‍ ബുദ്ധിമാനായിരിക്കണം
എന്തെന്നാല്‍,
അവനില്‍ക്കുടി ഞാന്‍ ലോകത്തെ
മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നു.
എന്നെയും...!ശ്രീദേവിനായര്‍

Tuesday, September 15, 2009

ഓര്‍മ്മകള്‍
കാലം കുറിച്ചൊരു കമനീയ ചിന്ത...
കദനം നിറഞ്ഞൊരു കണ്ണീരിന്‍ കവിത..
കാണാതെപോയൊരു കനവിന്റെ നിഴലായ്
കണ്മണീ നീയിന്നും തെരയുന്നുയെന്നെ..ചിന്തകളൊരുകാലം വ്യര്‍ത്ഥമായ് തീരാം..
ഓര്‍മ്മയിലെന്നുംഞാനന്യയായ് മാറാം...
അറിയാതെകൈമോശംവന്നൊരു മാനസം
അലിവായീതേങ്ങും ഇനിയുള്ളകാലം..


ശ്രീദേവിനായര്‍

Friday, September 11, 2009

വലുതും ചെറുതും
ആരു വലിയവന്‍ എന്ന് ചിന്തിച്ചഞാന്‍
ചിന്തകളെ ഏകാന്ത ചിന്തകളാക്കി,
ആകാശത്തോളം ഉയരത്തില്‍ പ്രതിഷ്ഠിച്ചു.ആശ്രിതന്മാര്‍ നിരന്നുനില്‍ക്കുന്ന
പടിവാതില്‍ ഉള്ളവരോ?
അരുമയായ അംഗരക്ഷകര്‍
അനുഗമിക്കുന്നവരോ?


എത്ര ശ്രമിച്ചിട്ടും മനസ്സിലാക്കാന്‍
കഴിയാത്ത സത്യം;
യഥാര്‍ത്ഥ അറിവ് എന്ത്
എന്ന്തന്നെയായിരുന്നു.


ശത്രുവിന്റെ ശത്രു മിത്രമെന്നും,
ശത്രുവിന്റെ മിത്രം ശത്രുവെന്നും,
ചിന്തിക്കുന്ന ജനതയുടെ ആത്മാവ്
എവിടെ ഞാന്‍ വീണ്ടും ചിന്തിച്ചു.


നെറ്റിയില്‍ പേരെഴുതാത്തതൊന്നും
ചന്തയില്‍ വില്‍ക്കപ്പെടില്ലയെന്ന സത്യം
ഞാന്‍ വീണ്ടും മനസ്സിലാക്കി.ഉല്‍പ്പന്നത്തിന്റെ കാമ്പിലല്ല,
കഴമ്പിലല്ല,
കാര്യമെന്നും അതിന്റെ പേരിലാണെന്നും
ഉള്ള സത്യവും കണ്ടറിഞ്ഞു.വിലപിടിപ്പുള്ള കുപ്പിയിലെ മലിനജലം
മുന്തിയ പനിനീരിനെപ്പോലും തോല്‍പ്പി
ക്കുന്നത് നോക്കിനിന്നു.

കൂടുതല്‍ചിന്തിച്ചാല്‍
ഞാന്‍ചിന്തകനാവില്ലല്ലോ?

“ചിതലരിച്ച എന്റെ ചിന്തകളെ
ഉറങ്ങാന്‍ അനുവദിച്ച ഞാന്‍
അവ എന്നെങ്കിലും ഉണരുന്നതുവരെ
കാത്തിരിക്കാന്‍ തീരുമാനിച്ചു.“


ശ്രീദേവിനായര്‍

Monday, September 7, 2009

സത്യം


ഞാന്‍,
സ്വര്‍ണ്ണത്തെ തിരിച്ചറിഞ്ഞത്
ചെമ്പിന്റെ അനുഭവത്തിലൂടെ
ആയിരുന്നു.


തങ്കത്തെ കണ്ട് വിസ്മയിച്ചത്,
വെള്ളിയുടെ മാസ്മര ലോകത്ത്
വച്ചാണ്.


കരിയില്‍മറഞ്ഞ കനലിന്റെ ശോഭ
ഒരു കുഴലിലൂടെ തെളിയിച്ചവനെ
നോക്കിനിന്നു.


മൂടിവച്ച സത്യത്തിന്റെ ചാരം
ഊതിക്കളയുന്ന അവനെ,
കണ്ണ് ചിമ്മാതെ നോക്കിനിന്നു.


അവനെ ഞാന്‍ “സത്യമെന്ന്“ വിളിച്ചു.....
ശ്രീദേവിനായര്‍.


Sunday, September 6, 2009

അറിവുകള്‍
അറിയാത്ത ഭാഷ,അറിയാത്ത
ബന്ധം പോലെ.
അകലുന്ന നിമിഷം ,അറിയുന്ന
നൊമ്പരം പോലെ.


അറിവിന്റെ അനുഭവം അനുവാ
ചക ഹൃദയം പോലെ;
അലിയുന്ന രാഗവായ്പുകളില്‍
കിനാക്കളുടെ തൂവല്‍ സ്പര്‍ശം.അമാവാസിയുടെ ഇരുളിലും
പൌര്‍ണ്ണമിത്തിളക്കം.
പുഞ്ചിരിക്കുന്ന ചുണ്ടുകളില്‍
കണ്ണുനീരിന്റെ ഉപ്പുരസം.


അണയാത്ത ദീപം പോലെ,
അലയുന്ന നിശ്വാസത്തില്‍
തളരാത്ത മുകുളം പോലെ,
അറിവിന്റെ അമരത്ത് അജ്ഞാത
അനുഭവങ്ങള്‍.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന
നഭസ്സിലെ,
അഭിനയക്കാരനായ മേഘത്തെപ്പോലെ
അറിവുകള്‍ പലതുമെന്നെ
മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു!
ശ്രീദേവിനായര്‍