Monday, April 27, 2009

മധുരം
പാതിമയക്കത്തില്‍ചായുമ്മടിത്തട്ടില്‍,
അറിയാതെതേടുന്നുസാന്ത്വനമെന്നുംഞാന്‍..
ചാഞ്ഞുറങ്ങീടുമാമാറിലായെന്തിനോ...
ചാരാതെ നോക്കുന്നു വീണ്ടും നിറകണ്ണാല്‍...മാതൃത്വമെന്നമഹാവാക്കിനര്‍ത്ഥവും,
മാഞ്ഞുപോകാതുള്ളമെന്തിനോ,കേഴുന്നു..
ഊറുമ്മുലപ്പാല്‍നുകരാന്‍ കൊതിക്കുന്ന
പിഞ്ചിളം ചുണ്ടുകളായിഞാന്‍ മാറുന്നു...കണ്ണുകള്‍ പൂട്ടിയുറങ്ങാന്‍ മടിക്കുന്നു...
കാതുകളമ്മതന്‍ നാദം ശ്രവിക്കുന്നു..
ദുഃഖസ്വപ്നങ്ങളേ വിടരാതെനില്‍ക്കുമോ?
വിടരാന്‍ തുടങ്ങുമെന്മോഹമുണരുമ്പോള്‍!
ശ്രീദേവിനായര്‍

Saturday, April 25, 2009

ശിലാലിഖിതം

എഴുതാന്‍ തുടങ്ങിയതെല്ലാം മുഴുപ്പിക്കാന്‍
ജീവിതത്തില്‍ ഇനിയും വസന്തങ്ങള്‍
ബാക്കിയില്ല;


എഴുതാതെപോയവ,
വായിക്കാന്‍ കണ്ണടകള്‍ അപ്രാപ്യവുമാണ്!ഏതോ നിഗൂഢരഹസ്യങ്ങള്‍ പതിയിരിക്കുന്ന
ശിലായുഗത്തിലെ,ലിഖിതങ്ങള്‍;
നോവിക്കുന്ന സാക്ഷികള്‍ മാത്രം!


അതില്‍ അര്‍ത്ഥവ്യാപ്തിയില്ല,
അനര്‍ത്ഥങ്ങളുമില്ല;എന്നാല്‍ വടിവൊത്ത ലിഖിതങ്ങളില്‍
വടിവില്ലാത്ത ബന്ധങ്ങളുടെ
വിട്ടൊഴിഞ്ഞ കൂടുകള്‍,
വ്യക്തമായികാണാന്‍കഴിയുന്നുണ്ടായിരുന്നു!


ഇലപൊഴിഞ്ഞ മരച്ചില്ലയും,
ഒഴിഞ്ഞകൂടും,എന്റെ
മനസ്സുപോലെ ആ പരുത്തശിലയില്‍
ഒരിക്കലും മായാതെ കൊത്തിവച്ചിരുന്നു!

ശ്രീദേവിനായര്‍

Tuesday, April 21, 2009

ഇന്നലെകള്‍

ഇന്നലെകളുടെശവക്കുഴിതോണ്ടാനെന്നും
ഞാന്‍ശ്രമിച്ചുപരാജയപ്പെട്ടുകൊണ്ടേയിരുന്നു.
ശ്മശാനസൂക്ഷിപ്പുകാരന്റെ അനുവാദമില്ലാതെ,
ഉള്ളില്‍ കടക്കുമ്പോഴെല്ലാം,അയാളെന്നെ
രൂക്ഷമായി നോക്കി;
വികൃതമായി ചിരിച്ചു!


എന്നാല്‍;
പതിവായി സന്ദര്‍ശനംതുടങ്ങിയപ്പോള്‍
അയാളുടെകണ്ണുകളിലും
ഞാന്‍സ്നേഹത്തിന്റെനീരുരവ ദര്‍ശിച്ചു!


ഓരോശവക്കുഴിയും തോണ്ടാന്‍
അയാളുടെ സഹായംഞാന്‍തേടി;


പക്ഷേ..
ഒന്നിലും ഞാന്‍ ഒന്നും കണ്ടില്ല..
കുറെ ദുഃഖങ്ങളുടെ കൂമ്പാരം,
ചിതലരിച്ചസ്വപ്നങ്ങള്‍,
മരവിച്ചമനസ്സുകള്‍,
നിര്‍വ്വികാരതയുടെ അസ്ഥിക്കഷണങ്ങള്‍,
സ്നേഹം നഷ്ടപ്പെട്ട തലയോട്ടികള്‍,
ഇവയെല്ലാം എന്നെനോക്കിവിറങ്ങലിച്ചുചിരിച്ചു!യാത്രപറയാന്‍ നേരം വീണ്ടും ഒന്നു
തിരിഞ്ഞുനോക്കാന്‍ ശ്രമിച്ചയെന്നെ ശ്മ്ശാനം
മൂകമായി വിലക്കി!എങ്കിലും മനസ്സ് നഷ്ടപ്പെട്ട ഞാന്‍ പ്രപഞ്ച
സത്യങ്ങളുടെ,
തടവിലാക്കപ്പെട്ട മനസ്സുകളെ ഒന്നുകൂടി
നോക്കാന്‍ ശ്രമിച്ചുതിരിയുമ്പോള്‍;ശ്മശാനസൂക്ഷിപ്പുകാരന്റെ ശരീരവും,
മനസ്സും ,മിഴിനീര്‍ വറ്റാതെ;
എന്നെ നോക്കി മന്ദഹസിക്കുകയായിരുന്നു!


ആകണ്ണുകളില്‍;
ഞാന്‍ ഇതുവരെ അറിയാത്ത വാക്കുകളുടെ
അര്‍ത്ഥം എഴുതിവച്ചിട്ടുണ്ടായിരുന്നു!


ലോകത്തിന്റെ, മനുഷ്യന്റെ,
ജീവിതത്തിന്റെ,നാനാര്‍ത്ഥങ്ങളും
എന്നെ നോക്കിആവും വിധത്തില്‍
അലറിച്ചിരിക്കുകയായിരുന്നു!

നിസ്സഹായയായഎന്റെജന്മത്തെ
പഴിക്കുവാന്‍അപ്പോഴും ഞാന്‍
മറന്നുപോയിരുന്നു!
ശ്രീദേവിനായര്‍

Friday, April 17, 2009

താപസന്‍

ആയിരം തപവുമായ് ഉഷസന്ധ്യയെന്തിനോ,
ആരാധനയ്ക്കെത്തി വിതുമ്പുന്നു നിത്യവും....
ആരെന്നറിയാതെ മിഴിനീരുമായവള്‍,
വെറുതെ മടങ്ങുന്നൂ,പതിവായി രാവിലും!കണ്ണുതുറക്കാത്ത താപസന്‍ മുന്നിലായ്..
തപസ്സിരിക്കുന്നു നിറകണ്ണുമായവള്‍...
തപമായ് ജ്വലിക്കുന്നൂ പ്രണയിനിസന്ധ്യാ....
ആത്മവിശുദ്ധയായ് തീരുന്നു നിത്യവും....പുലര്‍ക്കാല കാമുകിയായവള്‍ മറയുന്നു,
പുണരാനായ്നിത്യവുംമോഹിച്ചു ഉണരുന്നു..
മഴമേഘമായവള്‍ മിഴിനീരു തൂകുന്നു....
മഴയായി താപസനുള്ളം കലക്കുന്നു...


കണ്ണുതുറക്കാത്ത താപസന്‍ കാതിലായ്..
ചുണ്ടുകള്‍ ചേര്‍ത്തവള്‍ മന്ത്രം ജപിക്കുന്നു.
ദിവ്യമാം മന്ത്രങ്ങള്‍ ചൊല്ലുന്ന മനസ്സിലും..
മൃദുലമാം ഭാവങ്ങള്‍ വീണ്ടുമുതിരുന്നു..മൃദുമന്ദഹാസം പൊഴിക്കുന്നു ആശ്രമം..
മാന്‍പേട പോലുംശ്രവിക്കുന്നുരാഗങ്ങള്‍....
അണയാത്ത ദിവ്യപ്രകാശം പരക്കുന്നു,
മൌനമായ്സന്ധ്യയും വീണ്ടും മടങ്ങുന്നു...
ശ്രീദേവിനായര്‍


Monday, April 13, 2009

വിഷുദിനാശംസകള്‍
വിഷുക്കൊന്നപൂക്കട്ടെ,വിണ്ണിലുംമണ്ണിലും,
സ്വര്‍ണ്ണപൂവിതള്‍ വിടര്‍ന്നിടട്ടെ..
ആയിരംസ്വപ്നവസന്തവുംവിടരട്ടെ..
ഈസ്വര്‍ഗ്ഗഭൂമിയില്‍..മനസ്സിനുള്ളില്‍!ഇളം തെന്നല്‍ വീശട്ടെ,മന്ദമായ്മധുരമായ്..
മനമെന്നുമുണരട്ടെ,മലരുകളായ്..
മന്ദസ്മിതംതൂകുമമ്പിളിയന്‍പോട്..
വിണ്ണിലെ സ്നേഹമുതിര്‍ത്തിടട്ടെ..സൂര്യതേജസ്സുമായ് നില്‍ക്കട്ടെ ആകാശം..
പ്രണയമായ് ഭൂമിയെ പുല്‍കിടട്ടെ..
മേഘങ്ങളെല്ലാം മിഴിനീരടക്കട്ടെ...
മോഹത്തിന്‍ പെരുമഴപെയ്തിടട്ടെ....!
സ്നേഹത്തോടെ,
ശ്രീദേവിനായര്‍

Saturday, April 11, 2009

പരാജിത

ദുഃഖം ഊറുന്ന ഇടനാഴികകളിലെ
ഊറ്റുകുഴികളില്‍,
എന്നും കാല്‍തെന്നിവീഴാനായിരുന്നു
അവളുടെ വിധി!


ഉപ്പിന്റെ രുചിയുള്ള ജലത്തിന്
കണ്ണീരിന്റെ നിറമായിരുന്നുവോ?
അറിയാനായി അവള്‍ ഇരുളില്‍
തപ്പുകയായിരുന്നു!നിറമില്ലാത്ത സന്ധ്യകളെപ്പോലെ,
നിലാവുള്ള രാത്രികളും മാറുകയാണോ?


മുട്ടറ്റംവെള്ളത്തില്‍ മുങ്ങിത്താഴാനാവാതെ,
പരാജിതയുടെ മുഖം മൂടി അണിയാന്‍
വിസമ്മതിച്ച് വികൃതമായി പുഞ്ചിരിതൂകി
യതല്ലാതെ,
രാത്രിയോടെന്തുപറയാനെന്ന്,
അവള്‍ ഓര്‍ത്തു!


വാക്കുകളില്‍ വിരഹം ചാലിച്ചാല്‍;
പരിതാപം ഏറ്റുവാങ്ങാം!
വിതുമ്പിയാല്‍;
പരിഹാസവും!


ഒരു നിമിഷം ആകാശം മറച്ചുപിടിച്ച
മഴമേഘങ്ങള്‍;
ആഞ്ഞുപതിച്ചെങ്കില്‍?


പരിസരം പോലുമറിയാതെ,
കരയാം,പൊട്ടിപ്പൊട്ടിക്കരയാം...
ഊറ്റുവെള്ളത്തില്‍ കാല്‍ തണുത്തു
തുടങ്ങിയെങ്കിലും;


ഉള്ള് തണുപ്പിക്കാന്‍;
ആഞ്ഞടിക്കുന്ന മഴത്തുള്ളികള്‍ക്കും,
കുതിച്ചുപായുന്ന ഒഴുക്കുവെള്ളത്തിനുമേ
കഴിയൂ, എന്ന്അവള്‍ തിരിച്ചറിഞ്ഞു!
ശ്രീദേവിനായര്‍

Tuesday, April 7, 2009

സാക്ഷി

ഒരുമാത്രയെങ്കിലുമ്മറക്കാതിരിക്കുമോ?
മറവിതന്‍ മായാപ്രപഞ്ചത്തില്‍മായയെ
മധുരമായ് പുഞ്ചിരിതൂകിനിന്നിടുമോ?
മയക്കുന്നമനസ്സായമല്‍പ്രണയകാവ്യത്തെ?മാറാലകെട്ടിത്തളരുന്നനിന്നുള്ളം
മറന്നാലുമെന്നുള്ളമ്മധുരമായ് ത്തീരുന്നു
മാന്ത്രികനോവുമായ് മാറുന്നീപ്രപഞ്ചത്തെ
മാറ്റാതെനിര്‍ത്തുന്നുമായയാല്‍സര്‍വ്വദും...മന്ദമായ് മാരുതന്‍ വീശിത്തളരുന്നു..
മാധുര്യമോലുന്നീപ്രപഞ്ചസൌന്ദര്യവും,
പ്രകൃതിയും,മായയുംകൈകോര്‍ത്തുനില്‍ക്കുന്ന
പ്രപഞ്ചസങ്കല്പമെന്നുമെന്നാശ്വാസം!നക്ഷത്രദൈവങ്ങളെന്നുമെന്‍ മിത്രങ്ങള്‍
ആകാശദീപങ്ങളെന്‍പ്രണയാര്‍ത്ഥികള്‍
എന്നെപ്പിരിയുവാനാവാത്ത നൊമ്പര
പ്പാടുമായ് മേവുന്നുമേഘമായ് വാനിലും!കാര്‍മേഘജാലമായ്,കരിമേഘമായവര്‍
വിരഹമായെന്നുള്ളില്‍വിതുമ്പുന്നുസര്‍വ്വദാ,
ഭൂമിതന്‍ ദുഃഖം എന്തിനായ് കാലമേ,
സര്‍വ്വവും നിന്മടിത്തട്ടിലായ് മേവുന്നു..എന്നെയറിയാത്തമോഹമേ,നിന്നെഞാന്‍
വെറുതേവിടുന്നിതാ,ആദ്യമായ്...അന്ത്യമായ്..
എന്നെത്തലോടും മൃദുലമാംകരങ്ങളെ,
നിങ്ങളെക്കാണുന്നുയെന്നും സ്നേഹമായ്..
വേദാന്തപ്പൊരുളുമായ്,വേദവാക്യാര്‍ത്ഥമായ്
സര്‍വ്വവും ത്യാഗമായ്,ഞാനിതാ നില്‍ക്കുന്നു..
ഒന്നുമില്ലെന്‍ കരംതന്നിലും,ഞാനിന്നു;
നിന്നെത്തൊഴുതു മടങ്ങുവാന്‍ പോകുന്നു...


നീ സാക്ഷി,ഞാന്‍ സാക്ഷി,നമ്മളില്‍ നമ്മെയും
കാണാതെപോകുമോ സര്‍വ്വകാലങ്ങളും
ഭൂമിയും,സ്വര്‍ഗ്ഗവും,പുണ്യവും,നരകവും
ഈമണ്ണില്‍ത്തന്നെ നമ്മെത്തെരയുമ്പോള്‍?

ശ്രീദേവിനായര്‍

Sunday, April 5, 2009

മോഹങ്ങള്‍
ഭൂമിയുടെഅരയില്‍ കൈചുറ്റിനടക്കാന്‍
മോഹിച്ച്,
കൈകളുടെ കഴിവില്ലായ്മയില്‍
പരിതപിച്ചു.


ആകാശത്തെ കെട്ടിപ്പുണരാന്‍ കൊതിച്ച
കൈകളെ,
അകലങ്ങള്‍ പാലിച്ച് പരിഹസിക്കുന്നതില്‍
വേദനിച്ചു.

എന്നാല്‍;
അലറിക്കരയുന്ന കൊടുങ്കാറ്റിനെ
കണ്ടില്ലെന്നു നടിച്ചു.
ഇളംകാറ്റ് നെറുകയില്‍ ചുംബിച്ച്
സമാധാനിപ്പിച്ചതറിഞ്ഞു.


പൂഴിമണലിന്,ആശ്ലേഷംസമ്മാനിച്ച്
മടിയോടെ തിരിഞ്ഞുപോകുന്ന
തിരമാലകള്‍;


മതിവരാതെ വീണ്ടും,വീണ്ടു തിരിച്ചു
വരുന്നതും,
കരയെപ്പുണരുന്നതും കണ്ട ഞാന്‍,
പ്രകൃതിയുടെ രഹസ്യങ്ങളെ
തിരിച്ചറിയാനാവാതെ മന്ദം
മന്ദം നടന്നുനീങ്ങി......
ശ്രീദേവിനായര്‍

Thursday, April 2, 2009

ചിത്രംചിത്രകാരന്റെ വിരലുകളില്‍ബ്രഷ്
സൌന്ദര്യരൂപങ്ങള്‍ വരച്ചുകൊണ്ടേ
യിരുന്നു!ആവിരലുകളില്‍ മന്ദമായിത്തലോടി,
ഞാന്‍ ആമനസ്സ് അറിയുകയായിരുന്നു!
ഏതോനഷ്ടപ്രണയത്തിന്റെ നോവും,
വിരഹത്തിന്റെ വിറങ്ങലിച്ച വികാരവും
ആവിരല്‍ത്തുമ്പില്‍ ഞാന്‍,സ്പ്ര്‍ശിച്ചറിഞ്ഞു.!ഓരോനിറത്തിനും കാമമുണ്ടെന്നും,
ഓരോവരയിലും പ്രണയം പതിയിരി
ക്കുന്നെണ്ടെന്നും,
ഓരോ നിഴല്‍ച്ചിത്രത്തിലും ചിത്രകാരന്റെ
ഹൃദയമുണ്ടെന്നും,
ഞാന്‍ മനസ്സിലാക്കുന്നു!
സുന്ദരമായ ബന്ധങ്ങള്‍,അതിസുന്ദരമായ
നിറങ്ങളിലൂടെ എഴുതിവയ്ക്കാന്‍
അയാള്‍ ശ്രമിക്കുന്നത് ഞാനറിയുന്നു!അറിവിന്റെ അറിയാക്കടങ്ങള്‍ക്ക് വീട്ടാന്‍
പറ്റാത്ത യാഥാര്‍ത്ഥ്യങ്ങളുമായി
അയാള്‍ മൂകമായി സംവദിയ്ക്കുന്നു....
നഗ്നസത്യങ്ങളെ പ്രേമിക്കുന്നു....
രാഗങ്ങളുതിര്‍ക്കുന്നു...
തന്റെ ബ്രഷിലൂടെ.....!

ശ്രീദേവിനായര്‍
(പെയിന്റഡ് ഫോംസ്)