Sunday, August 31, 2008

ശില്പം

ദേവദാരുമരത്തിന്റെ മുന്നില്‍
പ്രതിഷ്ഠിച്ചിരുന്ന നഗ്നസ്ത്രീയുടെ
ശില്പം കാണാന്‍ തിരക്കേറുകയാണ്.


നഗ്നത ആകര്‍ഷണമാണോ?
ശില്പിയ്ക്ക് നഗ്നതയോടാണിഷ്ടം.
അവയവങ്ങളെല്ലാം അളന്ന്
വാര്‍ത്തെടുത്തതാണ്.

ശില്പത്തിനുകാമം വേണ്ടാ.
കാണികള്‍ക്ക് മതി.
ശില്പം കണ്ണുതുറക്കാന്‍ശ്രമിച്ചെങ്കിലും
ശില്പിപറഞ്ഞു;

നീ വെറും പ്രതിമയാണ്.
നിന്റെ അവയവങ്ങളെല്ലാം
കാണികള്‍ക്കുള്ളതാണ്.

നീ വെറുതെ നിന്നാല്‍ മതി,
കാണാന്‍ വരുന്നവര്‍ ഏതുവേണ
മെന്നു നിശ്ചയിച്ചു കൊള്ളും.
നിനക്ക് കാമം വിധിച്ചിട്ടില്ല.

ശില്പം ചോദിച്ചു അതറിയാന്‍
ഞാനെത്രനാള്‍ കാത്തിരിക്കണം?

ശില്പി പറഞ്ഞു;
കാത്തിരിക്കേണ്ടാ.
കാത്തിരുന്നാല്‍ ,നീ മനോരോഗിയാകും.
നിനക്കു നിന്റെ യാതൊന്നിലും
അവകാശമില്ല.

നീവെറും കാഴ്ച്ച വസ്തുവാണ്.
നിന്റെ ഉടലില്‍ തീ പിടിക്കുന്നതു
കാണാന്‍ ജനങ്ങള്‍ വരുന്നുണ്ട്.

നീഅവരെ,തീപിടിപ്പിക്കണം.
ശില്പം ഇതുകേട്ട് ഭയന്നു വിറച്ചു.
ആവിറയലില്‍ നിന്ന് എങ്ങനെയോ
തീപടര്‍ന്നു.
ആതീയില്‍ ശില്പം വെന്തു വെണ്ണീറായീ.ശ്രീദേവിനായര്‍.

Saturday, August 30, 2008

മേഘങ്ങള്‍

മേഘങ്ങള്‍ ഒളിപ്പിച്ചുവച്ച
ആകാശത്തിന്റെ തുണ്ടിനുവേണ്ടി
ഞാന്‍ പ്രാര്‍ത്ഥിച്ചു.

അലറിപ്പെയ്ത മഴയില്‍
എന്റെ ഏകാന്തത
വ്യാഘ്രത്തെപ്പോലെ എന്നെനേരിട്ടു.

മേഘങ്ങള്‍ എന്താണ് മറയ്ക്കു-
ന്നതെന്നറിയാന്‍,
ഞാന്‍ മഴയിലേയ്ക്കിറങ്ങിനോക്കി.

ഏതോ അപസര്‍പ്പകരാവിന്റെ
രൌദ്ര സംഗീതികയായി
ആകാശം മറഞ്ഞുതന്നെ നിന്നു.

മേഘങ്ങള്‍ വഴിമാറിത്തുടങ്ങിയപ്പോള്‍
മഴയും നൃത്തമവസാനിപ്പിച്ചു.

മഴയും മേഘങ്ങളും
ഉത്തരാധുനിക സംജ്ഞകളായി
എന്നെ കബളിപ്പിക്കുകയായിരുന്നോ?

മേഘങ്ങള്‍ സൂചകമാണോ?
മഴയാണോ സൂചിതം?

മേഘങ്ങളുടെ സൂചകങ്ങള്‍
പല അര്‍ത്ഥങ്ങളായി
എവിടെയോ ചിതറിവീണു.

മഴയുടെ സൂചിതങ്ങള്‍
തോന്നിയ അര്‍ത്ഥങ്ങളായി
പെരുകിക്കൊണ്ടിരുന്നൂ.

മേഘങ്ങളും,മഴയും
അറിയാത്ത അര്‍ത്ഥപ്പെരുക്കങ്ങളില്‍,
അവനിസ്സഹായരായിരുന്നൂ.


ശ്രീദേവിനായര്‍.

Friday, August 29, 2008

തുടക്കം

എല്ലാതുടക്കങ്ങളും ഇങ്ങനെയൊക്കെ
ത്തന്നെയാണ്. അല്ലേ?

ഒരാളെമാത്രം എപ്പോഴും ഒളിഞ്ഞു
നോക്കുക,
അയാളുടെ പ്രവര്‍ത്തികള്‍ മാത്രം
ശ്രദ്ധയില്ലാത്തഭാവത്തില്‍ശ്രദ്ധിക്കുക,
അയാളെ ഊണിലും ഉറക്കത്തിലും
ഓര്‍മ്മിക്കുക,

ഈഅസുഖം ഒരു സുഖമാവുമ്പോള്‍
അതിന്റെ പേര്.എന്താണെന്ന്
അറിയാതെ ബുദ്ധിമുട്ടും!

പുലിക്കൂട്ടില്‍ പൂച്ചസുരക്ഷിതയാണോ?
എന്നു വിശ്വസിക്കാം അല്ലേ?
മറ്റൊരു പൂച്ചയെ കാണുന്നതുവരെ!

നെയ്യപ്പം തിന്നാല്‍.
രണ്ടുണ്ടു ,കാര്യം...
അപ്പവും തിന്നാം...
..........................?

Wednesday, August 27, 2008

പിരിയാന്‍ എത്ര ദുഃഖം

ജീവിതം നിഴലുകളായി
ഞരമ്പുകളായി,
ഓര്‍മ്മകളായിമറ്റൊരാളിലേയ്ക്ക്
പ്രവേശിക്കുകയാണ്.

ഇത്തിരി നേരത്തെ സൌഹൃദം,
നൊടിനേരം കൊണ്ട് ആത്മാവിന്റെ
ഭാഗമായബന്ധങ്ങള്‍,പ്രണയങ്ങള്‍,
ഓരോകാലത്തിന്റെ മാന്ത്രികത,

ഏതു മാന്ത്രികവിരലുകളാണ്
ഈ കാലത്തില്‍ത്തന്നെ
നമ്മെ ഒന്നിപ്പിച്ചത്?

ഹൃസ്വമാം കാലത്തില്‍
പരിചിത ബന്ധങ്ങള്‍ക്കിടയില്‍
നാം ഉറ്റവരായി,
പിരിയുമ്പോള്‍ നമുക്കെത്രദുഃഖം.

കാലങ്ങളായി നാം ഒന്നായിരുന്നെന്ന
ധാരണയില്‍
നാം ചിരകാലവ്യക്തികളാണെന്ന്
വിചാരിക്കുന്നു.

കാലം മാറുമ്പോള്‍
നാം വെറും പഴങ്കഥകള്‍മാത്രം.

നമ്മെക്കുറിച്ചുള്ള
മറ്റുള്ളവരുടെ ഓര്‍മ്മകളും
ഉപയോഗശൂന്യമായ,
വൃത്തിഹീനമായ പാത്രങ്ങള്‍പോലെ,
എവിടെയോ ഉപേക്ഷിക്കപ്പെടുന്നു.


ശ്രീദേവിനായര്‍.

Tuesday, August 26, 2008

ശാപമോക്ഷം


ഏതോ ബ്രാഹ്മണശാപം പൂണുനൂലില്‍
കൊരുത്തിട്ട പാതിവ്രത്യം,
വിരഹത്തിന്റെ മാറില്‍ തലചായ്ക്കുമ്പോള്‍
മന്ത്രങ്ങളില്‍ മനസ്സുകുരുങ്ങിക്കിടന്നു.

തീര്‍ത്ഥാടനം വഴിമുട്ടിനിന്നപ്പോഴെല്ലാം
ആത്മാവ് ശാപമോചനം ആവശ്യപ്പെടു-
കയായിരുന്നു.

കണ്ണുനീരിന്റെ ഉപ്പുള്ള രാത്രികള്‍
അലമുറയിട്ടു കരയാതെ,
പശ്ചാത്താപത്തിന്റെ ഗംഗാസ്നാനം
അന്യേഷിച്ചു തളര്‍ന്നു.

ബ്രഹ്മചര്യം നഷ്ടപ്പെട്ട ചുണ്ടുകള്‍
ചുംബനത്തിലമര്‍ന്നപ്പോള്‍,
അരയിലെ ചരടില്‍കോര്‍ത്തമന്ത്രങ്ങള്‍
ഉഗ്രസര്‍പ്പങ്ങളായ്;
വിഷം ചീറ്റിയത്,

ആരുടെ നേര്‍ക്കായിരുന്നു?
ബ്രഹ്മചര്യത്തിന്റെ ദിവ്യത്വത്തിലേയ്ക്കോ?
പാതിവ്രത്യത്തിന്റെ പരിശുദ്ധിയിലേയ്ക്കോ?


ശ്രീദേവിനായര്‍

Monday, August 25, 2008

ഒരു മത്സ്യം കേരളതീരം കാണുന്നു.

അറബിക്കടലിന്റെ ഉള്ളില്‍നിന്ന്
ഒരു മത്സ്യം നീന്തിത്തുടിച്ചു വരികയാണ്.
സ്രാവുകളെയും തിമിംഗലങ്ങളെയും
വെട്ടിച്ചു പായുകയാണത്.

തീരെ ചെറുതല്ലാത്ത
അതിന്റെ തലയില്‍
മിന്നുന്ന എന്തോഉണ്ട്.

ചിറകുകള്‍ ചലിപ്പിക്കാതെയും
ചലിപ്പിച്ചുംഅതുതന്റെ നീന്തല്‍
പാടവം പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരുന്നൂ.

ചിലപ്പോള്‍ അതു ജലാശയത്തില്‍
നിശ്ചലമാണ്.
ആയിരക്കണക്കിനാളുകള്‍ തന്റെ
ചലനങ്ങള്‍ നിരീക്ഷിക്കാന്‍
ഗാലറിയിലിരിക്കുന്നുവെന്ന്
അതു സങ്കല്‍പ്പിക്കുന്നപോലെ.

ജലത്തിനുള്ളിലെ വിവരിക്കാ-
നാവാത്തനിറംതന്റെ നിറമാണെന്ന്
മത്സ്യംവിചാരിച്ചു.

നിറങ്ങളില്‍നീന്തിത്തുടിക്കുന്നതില്‍
മത്സ്യം ആഹ്ലാദിച്ചു.
ഇല്ലാത്തശത്രുവിനെയും
ഉണ്ടെന്നുസങ്കല്‍പ്പിച്ചു.

ജലം എങ്ങോട്ടാണുപോകുന്ന-
തെന്നറിയാതെമത്സ്യംചാഞ്ഞും
ചരിഞ്ഞുംവാള്‍പയറ്റുകാരനെ
പ്പോലെ വെട്ടിമാറിക്കൊണ്ടിരുന്നൂ.

സമുദ്രത്തിനുള്ളിലേയ്ക് വരുന്ന
തരംഗശക്തിയില്‍
മത്സ്യം കാമോത്സുകനായി.

ഇണചേരല്‍ വെറും
പ്രായോഗികതമാത്രം.

മനസ്സും ശരീരവും
വേര്‍പിരിയാത്ത അവസ്ഥയില്‍
മത്സ്യം ചലനത്തെയും
മോഹത്തെയും വേര്‍തിരിച്ചില്ല.

നീന്തിത്തുടിച്ച്
കേരളതീരത്ത്എത്തുമ്പോഴേയ്ക്കും
മത്സ്യത്തിന് ഉത്സാഹം കൂടി.
ആഴംകുറഞ്ഞ ,ബോട്ടുകള്‍
ഇളക്കി മറിച്ചതീരത്ത്
പക്ഷേ,മത്സ്യങ്ങളസ്വസ്തരാവുന്നത്
ആ മത്സ്യം കണ്ടു.


ശ്രീദേവിനായര്‍.


Sunday, August 24, 2008

വാക്കുകള്‍

എന്റെ വാക്കുകള്‍ ഒട്ടും
സംസ്ക്കാരമില്ലാതെ
എന്നെ ഉപേക്ഷിച്ച് യാത്രയായി.

സംസ്ക്കരിക്കാത്ത വാക്കുകള്‍
കവിതയാകാന്‍
ശ്രമിച്ചപ്പോഴൊക്കെഞാന്‍ വിലക്കീ.

വാക്കുകള്‍ പറഞ്ഞു;
ഞങ്ങള്‍ക്ക് കവിതയാകണം.
കവിയാണ് അവരുടെ ശത്രുവത്രെ!

വാക്കുകള്‍ കവിയെ വിട്ട്
സ്വയം രംഗം പിടിച്ചെടുക്കുകയാണ്

വാക്കുകള്‍ക്ക് കവിതയാകാനുള്ള
മണ്ണെവിടെ?

വാക്കുകള്‍ പറഞ്ഞു;
മണ്ണു ഞങ്ങള്‍ വാങ്ങും.
ലോകം മുഴുവനായി വാങ്ങിയാലും
മതിവരാത്ത വാക്കുകള്‍
അന്യേഷിച്ചതുസത്യത്തെയായിരുന്നു.

ഒടുവില്‍ അവര്‍ തോല്‍വി സമ്മതിച്ച്
വീടിന്റെ പടിവാതില്‍ക്ക-
ലെത്തിയപ്പോള്‍
ഞാന്‍ ചോദിച്ചു;എന്തു പറ്റി?

വാക്കുകള്‍ പറഞ്ഞു;
ഞങ്ങള്‍ തോറ്റു.
സത്യത്തെ മാത്രം കണ്ടെത്താനായില്ല.
സത്യാന്യേഷകരെ ,
എത്രവേണമെങ്കിലും തരാം.


ശ്രീദേവിനായര്‍.

അര്‍ത്ഥം

അര്‍ത്ഥം തേടിനമ്മള്‍
അക്ഷരങ്ങളിലേയ്ക്കുപോകുന്നു.
അക്ഷരങ്ങളും നിസ്സഹായരാണ്

ആരുടെയോഅര്‍ത്ഥം പേറി
വാക്കുകളുംനിശ്ചേഷ്ടരായി.

നിശ്ചലമാം വാക്കുകളില്‍
കോരി നിറയ്ക്കാന്‍
പച്ചകുത്തിയ എന്റെ മനസ്സിലിപ്പോള്‍
തകര്‍ന്നുപോയ അര്‍ത്ഥങ്ങളൊന്നുമില്ല.

അര്‍ത്ഥമില്ലാത്തലോകത്ത്
ജീവിക്കാനാണ് രസം.

പൂരിപ്പിച്ചു കിട്ടുന്ന അര്‍ത്ഥം
ഛര്‍ദ്ദിച്ചിട്ടഭക്ഷണ പദാര്‍ത്ഥം പോലെ
എന്നെ മടുപ്പിക്കുന്നു.


ശ്രീദേവിനായര്‍.

Saturday, August 23, 2008

എന്റെ കവിത

എന്റെ ഈകവിതകള്‍ രണ്ടെണ്ണവും
വിവര്‍ത്തനം ചെയ്തത്,
സിമി.

സിമിയ്ക്ക് എന്റെ നന്ദി.
ശ്രീദേവിനായര്‍
Emptiness

My return from the shores of love,
was to my mind's burning forests

And now I know,that the true nature
of this empty world,
Is only the warmth of mind

And I wish,that everything in mind
will find its place
in the list of rights

yes, we are empty,
the loveless ones
we are empty even genetically.


singer
I sang songs,
No one heard it
It was not meant to be heard

And what ever I called songs
turned to wails

All the tunes,when sung by me
turned to moans
And still,people call me
a singer

Wednesday, August 20, 2008

ഇര

വേനല്പക്ഷികളേ,നിങ്ങള്‍വന്നുവോ?
എന്നെയീവിഫലമാം മാംസക്കൂടിനുള്ളില്‍
നിന്നുവേര്‍പെടുത്തുമോ?

കേവലമര്‍ത്ത്യഭാവങ്ങള്‍,നഷ്ടമാകുമീ
വേനല്‍ വഴികളില്‍ ഞാന്‍ വെറുമൊരു
ഉടല്‍.

നിങ്ങള്‍ക്കെന്നെയും കൊത്തി വിഴുങ്ങാം.
ഞാന്‍ നിങ്ങള്‍ക്ക് നല്ല ഇരയായിരിക്കും.

നല്ലഇരയാകാന്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്‍
ഉണ്ടെങ്കില്‍പറയുമല്ലോ?
ഇരയാകാന്‍ ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു.

ജീവിതം നല്‍കിയ യാതനകള്‍ക്കൊന്നിലും
പരാതിയില്ലാ.
എല്ലാം നന്നായി ആസ്വദിച്ചു.

ഇതൊന്നുമില്ലായിരുന്നെങ്കില്‍ എന്റെ
അറിവ്,അപൂര്‍ണ്ണമാകുമായിരുന്നൂ..

ഇപ്പോള്‍ എല്ലാം മനസ്സിലായി.
ഇര..ശരീരം...ജീവിതം....

ശ്രീദേവിനായര്‍.

Monday, August 18, 2008

എന്റെ കവിതകള്‍


.

ശ്രീദേവി നായര്‍