Saturday, November 29, 2008

നിങ്ങള്‍ക്കുവേണ്ടി

ധര്‍മ്മയുദ്ധം വീണ്ടുംനടക്കുന്നുഭൂമിയില്‍;
ധര്‍മ്മംജയിക്കുവാന്‍പൊരുതുന്നു നിങ്ങളും..!
ധര്‍മ്മത്തിന്‍ കാഹളം മുഴങ്ങുന്നുമുന്നിലായ്
ധര്‍മ്മംജയിക്കട്ടെയെന്നുംമഹത്വമായ്..!

ഒത്തിരിസ്നേഹം പകുത്തുനല്‍കാം;
മനസ്സിലെന്നുംനിങ്ങളെഓര്‍ത്തുവയ്ക്കാം;
ധീരസ്മരണയായ്,നിറഞ്ഞുനില്‍ക്കൂ
പ്രിയസോദരരേ,ഭാരതപുത്രന്മാരെ..

കാലങ്ങളായിരം കണ്ടുനില്‍ക്കും..
നിങ്ങള്‍തന്‍വീരജന്മങ്ങളെ..
ഭാരതാംബതന്‍പ്രിയപുത്രന്മാരെ;
നിങ്ങള്‍ക്കുവേണ്ടി,ഇതാഒരു സ്നേഹഗീതം..

Friday, November 28, 2008

സര്‍വ്വംസഹ

പ്രകൃതീ ,ഇന്ന് നീയും അസ്വസ്ഥയാണോ?
തോരാത്ത കണ്ണുനീരില്‍ കുളിക്കാന്‍,
തയ്യാറെടുക്കുകയാണോ?

വിടപറയുന്ന വീരന്മാരെക്കാണാന്‍
വരുന്ന ചെമ്പനിനീര്‍പ്പൂക്കള്‍ക്കും
ഇന്ന് കണ്ണുനീര്‍ നിറയുന്ന മുഖം..

ഈകൊടുംതണുപ്പത്തുംഞാന്‍വിയര്‍ക്കുന്നു;
കോരിച്ചൊരിയുന്ന മഴയിലും
അഗ്നിനാളങ്ങളെന്നെ വിഴുങ്ങുന്നു;

ശ്വാസത്തിന്റെതണുപ്പിന്
ശ്മശാനത്തിന്റെ ഗന്ധം ;
നിശ്വാസത്തിനാകട്ടെ,കരിഞ്ഞ
മാംസത്തിന്റെ മടുപ്പിക്കുന്ന മണം;

ഓരോഹൃദയമിടിപ്പിനും
ഒരുപെരുമ്പറയുടെ സ്വരം;
ഒലിച്ചിറങ്ങുന്ന വിയര്‍പ്പിന്,
മനസ്സുരുകിത്തീര്‍ന്ന
ദ്രാവകത്തിന്റെകൊഴുപ്പ്;

കണ്ണുകള്‍ നിറയുവാനോ,
കരയുവാനോ,നോക്കുവാനോ
ആവാതെ നിര്‍ജ്ജീവമായതുപോലെ;

ഞാന്‍ ആരെയോ തേടുന്നു;
എവിടെയോ നഷ്ടപ്പെട്ട എന്റെ
സ്വരൂപത്തിനെത്തന്നെയാണോ?

Tuesday, November 25, 2008

ഓര്‍മ്മകള്‍

ഓര്‍മ്മകളോടിക്കളിക്കുന്ന മുറ്റത്ത്,
ഓമനച്ചെപ്പു തുറന്നുവച്ചു.
ഓര്‍ക്കുവാനാകാത്തഓര്‍മ്മകളിന്നെന്റെ
ഓര്‍മ്മയില്‍ രാഗങ്ങളാലപിച്ചു..

ഒരുപാടുസ്നേഹം പകുത്തുനല്‍കിയ
ഒരുപാവമച്ഛനെന്നെനോക്കി,
ഓര്‍മ്മപുതുക്കിതന്നുള്ളിലായിന്നെന്റെ
ഓര്‍മ്മയില്‍ പൊന്മുത്തമേകി..

ഒത്തിരിക്കാലം ഓടിക്കളിച്ചൊരു
പൂമുഖമുറ്റവുമിന്നെന്നെനോക്കി...
ഓമനിക്കാനായിയെത്തുമെന്നമ്മതന്‍
നെഞ്ചകം തന്നില്‍ ഞാന്‍ മയങ്ങീ..

ഓര്‍ത്തിരിക്കുവാനാവാത്തനൊമ്പരം,
ഏട്ടന്റെ രൂപത്തില്‍മുന്നിലെത്തി..
ഞെട്ടറ്റമൊട്ടുപോല്‍ എന്നെവിട്ടോര്‍മ്മകള്‍
ഏട്ടന്റെ മുന്നിലായ്,ഞാന്‍ വിതുമ്പീ..

പ്രണയത്തിന്‍ രൂപത്തിലാദ്യമായ്‌വന്നെന്റെ
ആത്മാവില്‍ വച്ചതാംതിരികെടുത്തി;
അറിയാത്ത ഭാവത്തില്‍ അകലെയായ്പോയൊരു
പ്രണയിയെ ഞാനിന്നുമോര്‍ത്തുപോയീ.....

Friday, November 21, 2008

രാഗം

അറിയാതെശ്രുതിമീട്ടിയ..
മണിവീണയിന്നെന്റെ,
മനതാരിന്‍ മടിയില്‍മയങ്ങിവീണു...
മനമുരുകിരാഗങ്ങളാലപിച്ചൂ...

മധുമാസരാവിന്റെ മാദകഭംഗികള്‍,
അറിയാതെയെന്തിനോ കണ്‍തുടച്ചു..
കാമുകിയായിന്നുമാറിത്രിസന്ധ്യയും...
കാതരയായിന്നു നിന്നുപോയീ....

നീലക്കടല്‍ നീളേ നീളുന്ന മോഹത്തിന്‍
ആഴങ്ങള്‍ തെല്ലുമറിഞ്ഞതില്ല...
അഴലായെത്തിക്കരം പിടിച്ചിന്നവന്‍
വിടവാങ്ങിപ്പോയതുകണ്ടുനിന്നു..ഞാന്‍
വിരഹാഗ്നിതന്‍ ചൂടില്‍ യാത്രചൊല്ലീ...

Tuesday, November 18, 2008

കാവ്യം

കാവ്യം പുതുവസ്ത്രത്തിന്റെപകിട്ടില്‍
പരാതിപറഞ്ഞു;
കവിത കവിയോടു ഗര്‍വ്വുകാട്ടി,
കരുണകാട്ടാതെ നിന്നു.

കവി സമൂഹത്തിനുമുന്നില്‍,
എന്തുചെയ്യണമെന്നറിയാതെ എന്നും
എല്ലായ്പ്പോഴും,ഏങ്ങിക്കരഞ്ഞു.

സമൂഹംസദാചാരംമറന്നു
സദാസമയവുംസകലതിലും
കുറ്റം ആരോപിക്കാന്‍ ശ്രമിച്ചു.

എന്തുചെയ്യണമെന്നറിയാതെ,
കാണികള്‍ നോക്കിനിന്നു..

തൂലിക കൈയ്യിലെടുത്ത അവര്‍,
നാടുനീളെ,ചുവരുകള്‍തോറും
എഴുതിപ്പിടിപ്പിച്ചു...

അമര കാവ്യം സദാചാരം...!
കവിതാ കാലം കദനകാലം...!

Friday, November 14, 2008

അമ്പിളിമാമന്‍

നിറപൊന്‍പുഞ്ചിരിതൂകിനിന്നു..
പൊന്നമ്പിളീ,നീയിന്നാദ്യമായീ...
പൂത്താലം മുന്നില്‍നിരത്തിനില്പൂ..
നിന്‍ കാല്‍ക്കല്‍ ഞങ്ങള്‍..ഭാരതമക്കള്‍...


ചന്ദ്രനും,ഇന്ദ്രനും നിന്റെസ്വന്തം...
ചന്ദനകാന്തിയും നിന്‍ തിളക്കം..
ചന്ദ്രകാന്തക്കല്ലു ജ്വലിച്ചുനില്‍ക്കും,
പൊന്നമ്പിളിമാമനോ ,എന്റെ സ്വന്തം!

പൌര്‍ണ്ണമിരാവില്‍ നീചിരിച്ചൂ....
മനതാരിലായിരം,തിരിതെളിച്ചു..
മറയാത്തസ്നേഹസന്ദേശവുമായ്...
പുണര്‍ന്നുനിന്നെ,ഞങ്ങള്‍,ഭാരതമക്കള്‍....!
.

Tuesday, November 11, 2008

ബന്ധങ്ങള്‍

ബന്ധങ്ങള്‍ പലതരം
ബന്ധനങ്ങള്‍ പോലെ.
ചിലത് ജീവപര്യന്തം,
മറ്റുചിലത് അല്പകാലം.

ചിലതാണെങ്കിലോ,കേവലം
നൈമിഷികം!
മനസ്സില്‍ മരണംവരെഅസ്വസ്ത
തയുണ്ടാക്കുന്നഓര്‍ക്കാനിഷ്ടപ്പെടാ
ത്തഓര്‍മ്മകള്‍!

ഓര്‍മ്മകളില്‍ ഓര്‍ത്തുവയ്ക്കാന്‍,
എന്നെന്നും ഓര്‍ത്തിരിക്കാന്‍,
മരിച്ചാലും മരിക്കാത്തഓര്‍മ്മകള്‍!

മറക്കാന്‍ ശ്രമിച്ചാലും കഴിയാത്തവ,
ഓര്‍ക്കാന്‍ തന്നെക്കഴിയാത്തവ.
ഓര്‍മ്മകളെ,പുറംതിരിഞ്ഞുനിന്ന്
അറിയാത്തതായിഭാവിക്കുമ്പോള്‍..


സ്പന്ദനങ്ങളില്‍ പോലുംചൂടു
പിടിക്കുന്ന,
തീവ്രസ്മരണകള്‍ മയങ്ങാന്‍പാടു
പെടുന്നു.

നഷ്ടപ്പെട്ട ബന്ധങ്ങള്‍,പൊടിതട്ടി
എടുക്കാന്‍ മനസ്സ് മന്ത്രിക്കുമ്പോഴും,
പൊട്ടിച്ചെറിയാന്‍,വിവേകം
വിവശയായിഉപദേശിക്കുന്നു!

Thursday, November 6, 2008

സമയം

കാലം മാന്ത്രികവിരലുകളാല്‍
തലോടി,തിരിച്ചുപോകുന്നു.
എന്നും എപ്പോഴും അനുവാദത്തിന്
അവസരം തരാതെ.....

അറിയാത്ത ഭാവത്തില്‍,അലസമായി
അവന്‍ അന്ധനായ അതിഥിയെപ്പോലെ
അലോസരപ്പെടുത്തുന്നു.

അലതല്ലിയൊഴുകുന്ന അഴലുകള്‍
അവന്‍ അറിയാത്തതായി
അഭിനയിക്കുന്നു.

രാവും ,പകലും വന്നുപൊയ്ക്കൊണ്ടി
രിക്കുന്നു.
മഴയും മഞ്ഞും പ്രകൃതിയെപ്പുണര്‍ന്നു
മതിവരാതെ കടന്നുപോകുന്നു.
മൂടുപടം മാറ്റി നിലാവ് പുഞ്ചിരിക്കുന്നു.
കരിമ്പടം പുതച്ചുവീണ്ടും രാത്രിയോടൊപ്പം
മയങ്ങുന്നു.

ചപലവികാരങ്ങളെമൂടിപ്പുതച്ചചിന്തകള്‍
ഒരു വര്‍ഷത്തെ, ജീവിതത്തില്‍നിന്നും
അടര്‍ത്തിമാറ്റുന്നു!

പുലരിയെപ്രതീക്ഷിച്ച്,പുതുമണവാട്ടിയായി
അഭിനയിക്കുന്നനിശാഗന്ധിപ്പൂക്കള്‍,
ഓര്‍ക്കാറുണ്ടോ?
പിറന്നു വീഴാന്‍ വെമ്പുന്ന പുലര്‍ക്കാലം
നീണ്ടപ്രതീക്ഷകള്‍ക്കപ്പുറം,
നിശ്വാസമുതിര്‍ത്ത്,പഴയപുതപ്പിനുള്ളില്‍
ക്ഷീണിതയായി ഉറങ്ങുമെന്നും,

അന്ന് അവളുടെ ആയുസ്സിന്റെ ദൈര്‍ഘ്യം
ഒരു ദിവസംകൂടി,കുറഞ്ഞുകഴിഞ്ഞിട്ടു
ണ്ടാകുമെന്നും!


ശ്രീദേവിനായര്‍.

Tuesday, November 4, 2008

ജന്മങ്ങള്‍

ജീവിതമെന്ന നഗ്നസത്യം
ജന്മമെന്ന മഹാസത്യത്തില്‍
ലയിച്ചുതീരുമ്പോള്‍,
അറിയാത്ത അര്‍ദ്ധസത്യങ്ങള്‍
പലതും നാം കാണാതെപോകുന്നു.

നിലനില്‍പ്പിന്റെനിര്‍മ്മാണത്തില്‍,
നിന്ദയുടെ നീര്‍ച്ചാലുകള്‍വെട്ടി-
ത്തെളിക്കാന്‍വെറുപ്പില്‍ക്കൂടി
യാണെങ്കിലും വ്യാമോഹിക്കുന്നു.

ഉള്ള് പതറുമ്പോഴും,
ഉള്ളതുപറയാന്‍
ഉപേക്ഷ കാണിക്കുന്നു!


ശ്രീദേവിനായര്‍.

Sunday, November 2, 2008

കടലാസ്സുപൂവ്

കടലാസ്സുപൂവിന്റെ ഇതളുകളില്‍തട്ടി
ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികള്‍,
ഇന്നലെയുടെനോവുകളെ
കഴുകിക്കളയുകയാണോ?

ആടിയുലയുന്ന ഇതളുകളില്‍ വെള്ളം
തഴുകിത്തലോടാതെ,ക്രൂരമായി
നോവിച്ചൊലിച്ചിറങ്ങുകയാണോ?


അവളെ കഠിനസ്നേഹംകൊണ്ട്
നൊമ്പരപ്പെടുത്തുന്നമഴത്തുള്ളികള്‍,
എന്റെ ബന്ധങ്ങള്‍ പോലെ...

ഞാനുമൊരുകടലാസ്സുപൂവു
തന്നെയല്ലേ?


ശ്രീദേവിനായര്‍.