Saturday, November 28, 2009

ഓര്‍മ്മകള്‍

ഓര്‍മ്മപ്പുസ്തകത്തിന്റെ താളുകള്‍
നിശ്വാസക്കാറ്റില്‍ ഒന്നൊന്നായി
മറിഞ്ഞുകൊണ്ടിരുന്നു.
കടലാസ്സിന്റെ ഓരത്തു ഞാനെഴുതിയ
കദനങ്ങളുടെ അക്കങ്ങള്‍ കണ്ണടച്ചു
ദിവസങ്ങളെ മറന്നു.


കാണാനാവാത്ത വിധം
കണ്ണുനീര്‍കൊണ്ടു വിധിയും
അവയെ മറച്ചുപിടിച്ചു.

തലോടിനോക്കി അറിയാന്‍ ശ്രമിച്ച
വിരലുകള്‍;
നഖക്ഷതംകൊണ്ട് വികൃതമാക്കിയ
പ്രണയത്തെ തെരഞ്ഞുപിടിക്കാന്‍
ശ്രമിച്ചുകൊണ്ടിരുന്നു.


ശ്രീദേവിനായര്‍
(പ്രണയാവശിഷ്ടങ്ങള്‍)

Tuesday, November 24, 2009

നീ

ആത്മാവിന്റെ ഉള്ളറകളിലെവിടെയോ
അറിയാതെകിടന്ന ഒരുതുണ്ട് ഭൂമി,
ഞാനറിയാതെ കൈയ്യേറിയ നിന്നെ
കുടിയൊഴിപ്പിക്കാന്‍ ഞാനിന്നും
അശക്തയാണ്!

ഉടമസ്ഥാവകാശം ചോദിക്കാന്‍ ഒരിക്കലും
നീ വരരുത്,
കാരണം എന്റെ ആത്മാവുപോലും
പണയപ്പെട്ടതാണ്!

എനിയ്ക്ക് സ്വന്തം,ഞാന്‍ പോലുമല്ല
എന്ന അറിവ് എന്നെ വേട്ടയാടപ്പെടു
മ്പോള്‍നിന്നെ ഞാനെവിടെയാണ്
സ്വന്തമാക്കിവയ്ക്കേണ്ടത്?


ശ്രീദേവിനായര്‍.
(പ്രണയാവശിഷ്ടങ്ങള്‍)

Monday, November 23, 2009

അക്ഷരം വില്പനയ്ക്ക്പഴകിയ അക്ഷരങ്ങള്‍ വില്ക്കാന്‍
അവര്‍ തയ്യാറായീ.
വാങ്ങാനെത്തിയവര്‍ നിരാശരായില്ല.
അക്ഷരച്ചന്തയില്‍ കാശിനു പത്ത് അക്ഷരം!വിലനോക്കീ.തൂക്കം നോക്കീ,
കടലാസ്സിന്റെ ഗുണം നോക്കീ...
ഉറപ്പുനോക്കീ...!ആക്രിക്കാരന്റെ കുട്ടയില്‍ പുസ്തകം
പൊട്ടിപ്പൊട്ടിച്ചിരിച്ചപ്പോള്‍ ഞാന്‍
ആശ്വസിച്ചു.
എന്റെ അക്ഷരം എന്റെ കൈയില്‍
ത്തന്നെയുണ്ടല്ലോ?


പുതിയ അക്ഷരങ്ങള്‍പേടിച്ച്
ചന്തയുടെ തിരുമുറ്റത്ത് കാത്തുനിന്നു,
ഉടയവനെയും കാത്ത്....


ഉത്തരം വന്നു;
നിങ്ങള്‍ ഒന്നുകില്‍ ഖദര്‍ അണിയുക.
അല്ലെങ്കില്‍ കാവിയെങ്കിലും.
അതുമല്ലെങ്കില്‍ ചുമപ്പ്.
അക്ഷരം നിരാശയോടെ
സ്വന്തം വസ്ത്രത്തില്‍ നോക്കീ..

മലയാളത്തിന്റെ സ്വന്തം വസ്ത്രം
നാണിച്ചു തലതാഴ്ത്തീ..
ഒപ്പം അക്ഷര ശുദ്ധിയും!ശ്രീദേവിനായര്‍.

Thursday, November 19, 2009

പ്രണയം
ദുഃഖങ്ങള്‍ വാരിവിതറി
പ്രാണനില്‍ നിറച്ച പ്രണയങ്ങളില്‍
ഞാനെന്റെ ജീവനാഡികളെ ശക്തി
പ്രാപിപ്പിച്ചെടുത്തു.


പ്രിയമുള്ളതും,അപ്രിയമുള്ളതും.
രണ്ടായിതരം തിരിഞ്ഞുനിന്നു.
അവയുടെ കണ്ണുകളില്‍;


ആത്മാവിനെ അന്യേഷിച്ചവയെ
ആത്മാംശമായും,
ആര്‍ത്തിപ്രാപിച്ചവയെമോഹ
രൂപമായുംകണ്ടുഞാന്‍അതിശയിച്ചു.


കാഴ്ച്ചയിലും കേള്‍വിയിലും എന്നെ
കാണാന്‍ കഴിയാത്ത അംശങ്ങളെ
ഏതുരൂപമായാണു ഞാന്‍ തെരയുക?
ശ്രീദേവിനായര്‍

Wednesday, November 18, 2009

ശില്പി

ഏഴുനിറങ്ങളുംചാലിച്ചെടുത്തൊരു
ശില്പങ്ങളായിരംപൂര്‍ണ്ണമായീ.
ഏഴരരാവിന്റെനീലനിലാവില്‍
സുന്ദരിമാരായവര്‍കണ്‍തുറന്നൂ...


ശില്പിതന്‍ മോഹങ്ങള്‍രാ
വിന്റെദുഃഖമായ്,
ശില്പത്തിന്നാശകള്‍ നൊമ്പരമായ്.
ശില്പമായ് മാറിയ ദേവമനോഹരീ
ശില്പിയക്കണ്ണടച്ചാരാധിച്ചൂ.ശില്പിയറിയാതെ,ശില്പങ്ങളറിയാതെ
ശില്പസൌന്ദര്യവുമറിഞ്ഞിടാതെ,
രാവിന്റെയോരോനിമിഷവുംപിന്നിട്ട്,
മായയാലന്നവള്‍ മറഞ്ഞുപോയീ.....
ശ്രീദേവിനായര്‍

Sunday, November 15, 2009

വ്യാമോഹം
താഴ്വാരങ്ങളിലെസന്ധ്യയ്ക്ക്എന്നും
തണുപ്പ്,വിരഹത്തിന്റെചൂട്.
വിദൂരതയിലെ പ്രതീക്ഷകളായീ
സ്വപ്നങ്ങള്‍!

പ്രണയത്തിന്റെകൊടുക്കല്‍ വാങ്ങലു
കളില്‍പരിധിവിട്ടപരിവേഷങ്ങള്‍.
മനക്കണക്കുകള്‍!

വേഷഭൂഷാദികള്‍ക്കും,
അപക്വചിന്തകള്‍ക്കും,
എന്തുംനേടാമെന്നവ്യാമോഹം!

ബന്ധങ്ങളില്‍ ഭാവ തീവ്രത.
ഓരോ കാലത്തിനുംഓരോപ്രണയം!

അവയിലെല്ലാംഅളന്നുതിട്ടപ്പെടുത്തിയ
ലാഭനഷ്ടങ്ങളുടെഓര്‍മ്മക്കുറിപ്പുകള്‍,
ക്ലിപ്തപ്പെടുത്തിയ കാലാവധികള്‍,
പ്രലോഭനങ്ങള്‍!

കടംകൊണ്ടമനസ്സുകള്‍ക്ക്
കടപ്പാടുകളില്‍ മരണം!
വീണ്ടുമൊരു പുനര്‍ജ്ജനനം!

ബുദ്ധിയുടെ ഒളിപ്പോരാളികള്‍ക്ക്
എന്നും പഴയ നിലം പടനിലം!


ശ്രീദേവിനായര്‍

Friday, November 13, 2009

വിശപ്പ്


അന്തിനേരമായപ്പോളെന്നമ്മനല്‍കിയ
കഞ്ഞിയിലെന്‍ കണ്ണീരുപ്പുചേര്‍ത്തൂ
മോന്തിക്കുടിക്കുമ്പോളെന്മനമെന്തിനോ
നാളത്തെയന്നത്തിനായ് ഓര്‍ത്തുനിന്നു..

കഞ്ഞിക്കലത്തില്‍തവിയിട്ടിളക്കീ
എന്നമ്മയില്ലാത്തവറ്റിനെത്തേടിമെല്ലെ,
കുഞ്ഞനിയനുനല്‍കുവാനായി
കഞ്ഞിവെള്ളത്തില്‍ പരതിവറ്റ്.


വീര്‍ത്തവയറാല്‍കുനിയാന്‍കഴിയാതെ,
കൊച്ചനിയത്തീകരഞ്ഞിരുന്നൂ
കരയുന്നകുഞ്ഞിനെകൈയ്യിലെടുത്തമ്മ
നിറയുന്ന കണ്‍കളില്‍ നല്‍കിയുമ്മ.


ഇറയത്തെമണ്‍ചിരാതുകത്തിച്ചുവയ്ക്കാന്‍
അമ്മ തെരഞ്ഞൂയെണ്ണ വീണ്ടും,
കാലിയാംകുപ്പിയെടുത്തുനോക്കി
നഷ്ടബോധത്താല്‍ പിറുപിറുത്തൂ.


രാവേറെയായപ്പോള്‍പാതിമയക്കത്തില്‍,
കൂരതന്‍ കതകില്‍ കേട്ടു മുട്ട്,
അമ്മതന്‍ നിദ്രയ്ക്കു ഭംഗം വരുത്തി
എന്നച്ഛന്‍ ക്ഷീണിതനായി മടങ്ങിയെത്തീ.

ശ്രീദേവിനായര്‍

Sunday, November 8, 2009

പരിഭവങ്ങള്‍


തിക്തമാമനുഭവമേറെയുണ്ടെന്നിന്റെ
പരിത്യക്തമാകുമീ മോഹങ്ങളില്‍,
ശക്തമാംഭാഷയില്‍ പ്രതികരിച്ചീടുവാന്‍
ശക്തിയില്ലാത്തൊരീപെണ്മനം ഞാന്‍!അശക്തമാംവാക്കുകള്‍ചൊല്ലിപ്പതംവന്ന
നാവിനുമുണ്ടേറെപ്പരിഭവങ്ങള്‍,
സത്യത്തിന്മുഖംമൂടിവയ്ക്കുന്നയെന്നോട്
മൌനമായെന്നുമവള്‍പിണങ്ങിനില്‍ക്കും.


തൊട്ടുതലോടിമയക്കീയവളെഞാന്‍
എന്‍വഴിനീളേനടത്തിച്ചിടും.
ഉള്ളിലടങ്ങാത്ത ദുഃഖഭാരം പേറി,
മിണ്ടാട്ടമില്ലാതെതിരിഞ്ഞുനില്‍ക്കും.


ഞാനറിയാതവളെന്നും തനിച്ചിരുന്നാ
രെയോനോക്കിക്കാത്തിരിക്കും,
ഏറുന്ന ദുഃഖംകടിച്ചമര്‍ത്തീനിത്യം
ജീവിതസത്യത്തെപ്പഴിച്ചിരിക്കും!
ശ്രീദേവിനായര്‍

Saturday, November 7, 2009

സ്നേഹം

ഏകാന്ത പഥികരുടെ ദുഃഖങ്ങള്‍
ഏറ്റുവാങ്ങി,
സ്നേഹത്തിന്റെ അവശിഷ്ടങ്ങള്‍
കരുതിവച്ച്,


ബന്ധങ്ങള്‍ക്കറുതിവരുത്തിയ
കണ്ണീര്‍ക്കണങ്ങള്‍ സ്വരൂപിച്ച്,
കാമാര്‍ത്തരുടെയും,വിരഹികളുടെയും
കദനഭാരം ചുമന്ന്,നിഷ്ക്കളങ്ക നൈര്‍മ്മല്യത്തിന്
ഇടംതേടിയ ഞാന്‍ എന്റെ മനസ്സിനെ
പലപ്പോഴും പലതായിക്കണ്ടു.


ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാനും,
കരയുമ്പോള്‍ കരളുരുക്കാനും,
പഠിച്ച ഞാന്‍ മനുഷ്യരുടെ മായാ
വലയത്തില്‍ അകപ്പെട്ട ഒരു പ്രപഞ്ച
സത്യം മാത്രമായി ദിനവും മാറി
ക്കൊണ്ടിരുന്നു.
നോവുകള്‍സഹിച്ച്ഞാനെന്റെമനസ്സിനെ
കാറും കോളും നിറഞ്ഞ തിരകളില്‍
അടക്കിവയ്ക്കുമ്പോഴും ,
കരയെപ്പുണരുമ്പോഴും,


കരയില്‍ നിന്നും പിണങ്ങിമാറി
ഉള്‍ വലിയുമ്പോഴും,തീരം
എന്നെ വെറുതെവിടാതെ
ഉറ്റുനോക്കുന്നു.


ഒടുവില്‍ വാരിപ്പുണരാന്‍
എത്തുമെന്ന് അവള്‍ക്കറിയാം.


വിരഹത്തിന്റെ വേര്‍പാടിനു
ശേഷം കണ്ടുമുട്ടുന്ന
കാമുകിയെപ്പോലെ !
ശ്രീദേവിനായര്‍

Tuesday, November 3, 2009

കിനാവുകള്‍

മോഹ ചക്രത്തിന്റെ തറിയില്‍
കിനാവുകള്‍ ,
ഏകാന്തതയില്‍നെയ്തെടുത്ത
സങ്കടക്കസവിന്റെഊടും പാവും;
ഇഴതെറ്റിയരതിയുടെയുംപകയുടെയും
നിറങ്ങളില്‍ നഗ്നതയുടെ
അടയാളം ചെയ്തവയായിരുന്നു.കാണാതെ കാണുന്ന വസ്ത്രം
തെളിനീരുപോലെ സുന്ദരമായിരുന്നു.
സ്ഫടികം പോലെ സുതാര്യമായിരുന്നു.
ആരോഹണാവരോഹണങ്ങള്‍ അവയില്‍
തെളിഞ്ഞുകൊണ്ടേയിരുന്നു.

നഗ്നതയുടെ ഗൂഢമോഹം
മറയ്ക്കപ്പെടുകയെന്ന വികാരം മറന്നു.

നിമിഷ ചക്രത്തിന്റെ കറക്കത്തില്‍
ഒരുമിക്കാനാവാതെ ഊടും
പാവും വേര്‍പിരിഞ്ഞുകൊണ്ടേയിരുന്നു.
ശ്രീദേവിനായര്‍