Monday, September 29, 2008

എനിയ്ക്ക് ഉറങ്ങണം

സാന്ത്വനമില്ലാതെ,
പരിരംഭണമില്ലാതെ,
പരിദേവനവും,പരിഭവവുമില്ലാതെ,

മൂളാതെ,തല്ലാതെ,അലയാതെ
നെടുവീര്‍പ്പില്ലാതെ,
മുറുമുറുപ്പില്ലാതെ,
പൊട്ടിച്ചിരിയില്ലാതെ,

പരിഹസിക്കാതെ,
വീമ്പിളക്കം കാണാതെ,
വീമ്പുപറയാതെ,

ഉറക്കം നടിക്കാതെ,
സ്വപ്നങ്ങള്‍ ഇല്ലാതെ!

ശ്രീദേവിനായര്‍.

Tuesday, September 16, 2008

തിരുവോണം

തിരുവോണരാത്രിവിടപറഞ്ഞൂ,
തിരികെവരാമെന്നുകാതില്‍മൊഴിഞ്ഞു.
തീരാത്തമോഹമായെന്നെക്കൊതിപ്പിച്ചു,
തീര്‍ത്തുംവിഫലമായ്പോയ്മറഞ്ഞൂ.

ഇനിയുംഉണരാത്തസ്വപ്നങ്ങളില്‍,
കസവുടുത്തുകുണുങ്ങിനിന്നൂ.
പൊന്നോണമായിപ്പരിഭവംപങ്കിട്ടു,
പൂത്തുനിന്നൂപൂമുറ്റങ്ങളും.

വീണ്‍വാക്കുചൊല്ലിപ്പിരിയുവാനായി,
വിരുന്നിനെത്തുന്നുപതിവുപോലെ.
പൊന്നോണമെന്നുംപൂഞ്ചേലചുറ്റുന്നൂ
അറിയാത്തഭാവത്തില്‍കാലങ്ങളായ്....


ശ്രീദേവിനായര്‍.

Friday, September 12, 2008

പുനര്‍ജ്ജന്മം

പുനര്‍ജ്ജനിച്ചീടുകദിവ്യതേജസ്സുമായ്,
എന്നിലൂടിന്നു,നീപുണ്യജന്മമായീ..
കണ്‍ തുറന്നെന്നെനോക്കുമോവീണ്ടും,
അമ്മയെന്നെന്നെവിളിച്ചീടുമോ?

കവിതയോ,എന്‍പുനര്‍ജ്ജന്മമോനീ?
ഇതുവരെകാണാത്ത ഉണര്‍വ്വുകളോ?
എന്നിലലിഞ്ഞുനീഞാനായിത്തീരുമോ?
എന്നെയറിയുന്ന നീകവിതേ?

എന്മനസ്സാകുമീയടച്ചിട്ടകോവിലില്‍,
ഇതുവരെ മിഴിനീരു വറ്റിയില്ലാ..
മിഴിതുറന്നെന്നെനോക്കുവാനാവാതെ,
ഇന്നുംതലതാഴ്ത്തി നീകാത്തിരിപ്പൂ.

അരുമയായ്നിന്നൊരുനിന്മേനിതന്നില-
ന്നാദ്യമായ്പെയ്തൊരുകൂരമ്പുകള്‍,
ഇനിയുംതടയുവാനാവാതെനിന്നാലോ?
ഈജന്മം,പാഴ്ജന്മമായിപ്പോകാം!


ശ്രീദേവിനായര്‍.

Tuesday, September 9, 2008

മഴയുടെ നനവ്

മഴയിലൂടെ കണ്ടമുഖങ്ങളെല്ലാം
ഓര്‍മ്മയിലുണ്ട്.
വൃദ്ധരായവര്‍ കുട്ടികളായിമാറിയ
കാഴ്ച്ചയായിരുന്നു അത്.
കുട്ടികള്‍ പ്രായത്തെമറന്ന് ഏതോ
ലോകത്തെ കുതൂഹലമായിമാറി.


മഴ ഓരോരുത്തരുടേയും ഭാവനയാണ്.
മഴ ജരാനരകളെയും,സുഖദുഃഖങ്ങളെയും
നനവാക്കി,ഒന്നാക്കി,ഒരേമന്ത്രമാക്കി,
രാഗമാക്കി മാറ്റുന്നു.

മഴയുടെ ശബ്ദത്തില്‍പണ്ടുകേട്ട
പാട്ടുകള്‍ ആവര്‍ത്തിച്ചു.
ലോകത്തിന്റെ അപരിചിത
നിയമങ്ങള്‍ചിറകടിച്ചുപൊങ്ങി.

ഭൂമിയിലെ വികാരങ്ങള്‍ പോലെ
മഴയുടെ അമ്പുകളും
നിരാലംബരെ ദുഃഖത്തിലാഴ്ത്തി.

മഴയ്ക്ക് മനസ്സില്ല;
മഴകാണുന്ന,കൊള്ളുന്ന ഓരോന്നിനും
മനസ്സ് അനുവദിച്ചുകിട്ടുന്നതിന്റെ
രഹസ്യമറിയില്ല,

മഴയുടെ നനവ്
ചരിത്രാതീതമായ സംജ്ഞയാണ്.
ഇനിയും വിലയിരുത്താന്‍
ശാസ്ത്രം പരാജയപ്പെട്ട,രഹസ്യം.

ശ്രീദേവിനായര്‍.

എല്ലാ,പ്രിയപ്പെട്ടവര്‍ക്കുംഎന്റെ

ഓണാശംസകള്‍.

Sunday, September 7, 2008

ഒരുതിരിഞ്ഞു നോട്ടം.

മൂന്നുദിവസം കഴിഞ്ഞു തിരിച്ചു
വന്നാല്‍
ഞാന്‍ ദിവ്യജന്മമായിപ്പോകാം..
അഞ്ചുദിവസം കഴിഞ്ഞാലോ?
അന്ത്യകര്‍മ്മങ്ങള്‍ തുടങ്ങിക്കഴിയും!

എന്നാല്‍ ,നാലുദിവസം കഴിഞ്ഞുതന്നെ
മടങ്ങാമെന്നു കരുതി.
ഒളിക്കണ്ണിട്ടു നോക്കിയപ്പോള്‍
കണ്ട കാഴച്ചകള്‍;

മാരീചവേഷം പൂണ്ടമായാവികളെ
ത്തന്നെയായിരുന്നോ?

സ്നേഹം അഭിനയിച്ചിരുന്ന എന്റെ
ബന്ധുക്കള്‍,കൈകൊട്ടിച്ചിരിക്കുന്നതു
ഞാന്‍ കണ്ടു!

വിചിത്രമായലോകം;
നേരില്‍നിന്നും,നെറികേടിലേയ്ക്ക്
കൂപ്പുകുത്തുന്നവരെ കണ്ട് ഞാന്‍
നിര്‍വ്വികാരയായി.

സ്നേഹം കൊണ്ടെന്നെ വീര്‍പ്പു
മുട്ടിച്ച്,നന്നായിഅഭിനയിച്ചവരുടെ
മുതലക്കണ്ണീര്‍വീണ്,എന്റെശരീരം
നനഞ്ഞു.

കാല്‍ക്കല്‍ കുമ്പിടാനെന്ന ഭാവത്തില്‍
ചിലര്‍ കാലുപിടിച്ചു ഞെരിച്ചു.
അന്ത്യ ചുംബനത്തിനെന്ന വ്യാജേന
ചിലര്‍ മുഖം കടിച്ചു പറിച്ചു.

വാവിട്ടു നിലവിളിക്കുകയാണെന്ന
ഭാവത്തില്‍ മറ്റുചിലര്‍,
വായില്‍ത്തോന്നിയതൊക്കെ വിളിച്ചു
കൂവി..

ദുഃഖത്തിന്റെ മറവില്‍ കുടിച്ചു
കൂത്താടിയ എന്റെ സഹോദരങ്ങളെ
കണ്ടു ഞാന്‍ പൊട്ടിച്ചിരിച്ചൂ...

ഇല്ല,ഒന്നും നഷ്ടപ്പെട്ടിട്ടില്ലാ...
ഒരു തിരിച്ചറിവുമാത്രം,
തിരിച്ചുകിട്ടിയതു പോലെ...

മിന്നുന്നതെല്ലാം പൊന്നല്ലാ...

ഇതാരോ,പണ്ടേയ്ക്കു പണ്ടേ...
എന്നോടു പറഞ്ഞതാണല്ലോ?
പുതിയതുവല്ലതും?
ശ്രീദേവിനായര്‍.
8-9-2008

Thursday, September 4, 2008

ഇവിടെ,ഇങ്ങനെ....

വലിയവിളക്കു കാലിനു
ചുവട്ടില്‍ ബന്ധുവിനെകാത്തു
നില്‍ക്കുകയായിരുന്നുഞാന്‍.
ഉറക്കച്ചടവില്‍മുഖം
തിരുമ്മിയെങ്കിലും കാത്ത്
നില്പുതുടര്‍ന്നു.

സെക്കന്റ് ഷോകഴിഞ്ഞെത്തിയ
ഒരു മിന്നാമിനുങ്ങ്,
രണ്ടു വട്ടമെന്നെ ചുറ്റിപ്പറന്ന്
കാര്യം തിരക്കിയെങ്കിലും
ഞാന്‍ പറഞ്ഞില്ല.

വലിയ വെളിച്ചത്തിനുതാഴെ
അഭയംതേടിയ എന്നെ
മിന്നാമിനുങ്ങ്പരിഹസിക്കുകയും
ചീത്തവിളിക്കുകയും ചെയ്ത
ശേഷം മടങ്ങിപ്പോയീ...

ഉയിരു തേടിയലഞ്ഞ
ഒരുകാറ്റ്,
എന്നെ പിന്നില്‍ നിന്ന്
തള്ളിയശേഷം
മുഖം കാണിക്കാതെ
ഓടിരക്ഷപ്പെട്ടു!ശ്രീദേവിനായര്‍.
4-9-2008.


മരം

മരച്ചില്ലയില്‍ വന്ന കാറ്റ്
എവിടെപ്പോയീ?
ഭൂമിയില്‍ നിന്നുണര്‍ന്നുവന്ന
കാറ്റില്‍ അറിയാത്തതാം
ഗാന വീചികള്‍.

കാറ്റിന്റെ സ്പര്‍ശം മറ്റൊരു
ജീവിത സാന്നിദ്ധ്യമായി.
കാറ്റു തിരിച്ചുവന്നില്ല,
പകരം മറ്റൊരുകാറ്റുവന്നു.

കാറ്റു പറഞ്ഞു;
എന്റെ പേര് അശ്വത്ഥം
ഞാനൊരു മരമാണ്.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ്
വെട്ടിമാറ്റപ്പെട്ട മരം.

മരത്തിന്റെ കുലത്തിലെ
ഉപേക്ഷിക്കപ്പെട്ടവേദത്തെതേടി
ഇറങ്ങിയതാണ് ഞാന്‍.

നഷ്ടപ്പെട്ട ജീവിതാര്‍ത്ഥങ്ങളുടെ
തെരുവുകളിലിപ്പോള്‍
മനസ്സ് അനാഥമാണ്.

അര്‍ത്ഥരാഹിത്യത്തിന്റെ
ചതുപ്പു നിലങ്ങളിലാണ്
എന്റെ വാസം.ശ്രീദേവിനായര്‍


Wednesday, September 3, 2008

കാഴ്ച്ചകളുടെ നാനാത്വം

പുറം ലോകം വലിയചതിയാണ്.
വേഷമോ,ദൃശ്യമോ,വസ്തുവോ
എന്നെ വിശ്വസിപ്പിക്കുന്നില്ല.

തൊട്ടാല്‍ എല്ലാം മഞ്ഞുപോലെ
ഉരുകിപ്പോകുകയാണ്.
കണ്‍ മുമ്പിലെവസ്തുക്കള്‍ക്ക്
പൊതുവായ കുലമുണ്ടോ?

ഉണ്ടായിരുന്നെങ്കില്‍ അവ
ഒരേ ഭാഷയില്‍ സംസാരിക്കുമാ
യിരുന്നു!
മനസ്സില്‍ ഞാന്‍ കണ്ടതെല്ലാം
എന്റെ കണ്ണുകള്‍ കണ്ടില്ല.

കണ്ണുകള്‍ വാരിയെടുത്തസുന്ദര
രൂപങ്ങളൊക്കെയും എവിടെയോ
ഒളിച്ചുപോയീ.
എന്റെപ്രകൃതിമനസ്സിലെവിടെയോ
താളം പിടിക്കുന്നു.

കാണാമറയത്തുള്ള കണ്ണുകളേ
നിങ്ങള്‍ക്ക് സമാധാനം.
ഈലോകം കാഴ്ചയേയല്ല.
കാണാമറയത്താണതെപ്പോഴും!

ലോകമാണെന്ന് തെറ്റിദ്ധരിപ്പിച്ച്
ആരാണ് നമ്മളിലേയ്ക്ക് വരുന്നത്?
മനസ്സ് മാറാതെ ജീവിക്കാനേ
കഴിയില്ലെന്നോ?

നിമിഷം തോറും മനസ്സുമാറ്റാനും
എനിയ്ക്കാവില്ലല്ലോ?


ശ്രീദേവിനായര്‍.

Tuesday, September 2, 2008

ഗുമസ്തന്‍

പട്ടിണിമരണത്തിന്റെയും
പനിയുടെയും
മദ്ധ്യത്തിലിരുന്ന്ഞാന്‍
സിനിമാപ്പാട്ടുകേള്‍ക്കുകയാണ്.

പത്രങ്ങള്‍ വായിക്കാനെടുത്തെങ്കിലും
ഫ്രീകിട്ടുന്നപരസ്യങ്ങള്‍
അരിച്ചുപെറുക്കിവായിച്ചു.

സ്വര്‍ണ്ണം വാങ്ങിയാല്‍
മൊബൈല്‍ ഫോണ്‍ ഫ്രീ.?
കമ്പ്യൂട്ടര്‍ വാങ്ങിയാല്‍
സ്റ്റാന്‍ഡ് ഫ്രീ.

റോഡ് അപകടങ്ങളുടെ വാര്‍ത്ത
കള്‍ എന്നെ സ്പര്‍ശിച്ചില്ല.
പത്രം താഴെയിട്ട്ഞാന്‍ എഫ് എം
റേഡിയോ‍ ഓണാക്കി.

വാര്‍ത്തവേണ്ടാത്തതുകൊണ്ട്
സ്റ്റേഷന്‍ മാറ്റി.
ഹിന്ദിപാട്ടുകള്‍ ആസ്വദിച്ചു.

റോഡിലൂടെപോയപ്രക്ഷോഭങ്ങളോ,
ചന്തയിലെ കൊലപാതകമോ
എന്നെ അലട്ടിയില്ല.

വൈകിട്ട് അഞ്ചാകാന്‍
ഞാന്‍ ഒരുപാട് കാത്തിരുന്നു.
ശ്രീദേവിനായര്‍.