Thursday, July 16, 2009

കവിതകള്‍



വരയിലും,എഴുത്തിലും കവിത,
പദ്യത്തിലും.ഗദ്യത്തിലും കവിത,
സഭ്യവും,അസഭ്യവും കവിത,
കണ്ടതും കേട്ടതും കവിത!



നാലുംകൂട്ടിമുറുക്കി,തുപ്പി
നാലാള്‍ കാണ്‍കെചമ്രംപടിഞ്ഞിരുന്ന്
ഈണത്തില്‍ചൊല്ലിയിരുന്നത്,കവിത!


ഉറഞ്ഞുതുള്ളി,ലഹരിയില്‍മയങ്ങി
വിളിച്ചുകൂവുന്നതും കവിത!


എന്തുചെയ്യണമെന്നറിയാതെ,
പാവം,കവിതകള്‍
കണ്ണുപൊത്തി,കാതുപൊത്തി,
വാമൂടി,തലകുമ്പിട്ട് ഇരിക്കുന്നു!


“പുനര്‍ജന്മങ്ങളില്‍ വിശ്വാസമില്ലാതെ!“




ശ്രീദേവിനായര്‍

Sunday, July 12, 2009

മണ്‍കുടില്‍

ഒരഗ്നിസ്ഫുലിംഗമെന്നധരത്തില്‍ വീശി,
അതിന്‍ചുടുനെടുവീര്‍പ്പുകളെന്നിലെത്തി
അതിനുള്ളിലെന്തോ,പദംതെറ്റിനിന്നൂ,
മറ്റൊരുജ്വാലപോലായിപിന്നേ..


നിനയ്ക്കാതെവന്നൊരുനീലവെളിച്ചവും,
കത്തുന്ന കനലിന്‍ വെളിച്ചമായീ.
താപംജ്വലിപ്പിച്ചതപമെന്നുള്ളിലായ്
താനെയണയാത്തൊരഗ്നിയായീ.


രോമകൂപങ്ങളുമായിരം വട്ടമെന്‍,
പേര്‍ചൊല്ലിയെന്നെയുണര്‍ത്തിടുമ്പോള്‍
രോമാഞ്ചമല്ലെന്റെയുള്ളിലായ്ഓര്‍മ്മകള്‍,
താപത്തില്‍നീറുമൊരുമാത്രയായീ.



ദുഃഖത്തിന്നോരത്തുഞാന്‍ ചാരിനിന്നൊരു
മണ്‍കുടിലിന്നും ചോരവാര്‍ത്തു..
പഴയോലമേഞ്ഞൊരാകെട്ടിനകം നിത്യം,
കണ്ണീര്‍മഴയില്‍ കുതിര്‍ന്നുനിന്നു.




ശ്രീദേവിനായര്‍

Thursday, July 9, 2009

ദുഃഖത്തിന്റെ മൊഴിമാറ്റം





ആകാശം പെയ്തൊഴിച്ച ദുഃഖത്തെ
ആരോ ,ഒരു മറക്കുടയില്‍ മറച്ചു.


ഒളിയ്ക്കാന്‍ ശ്രമിച്ച നീര്‍ത്തുള്ളികള്‍
ദുഃഖത്തിന്റെ ഇലക്കുടയില്‍ അഭയം
പ്രാപിക്കാന്‍ശ്രമിച്ചു,പരാജയപ്പെട്ടു!


പ്രാരബ്ധക്കടലിന്റെ ഇരമ്പലില്‍,
കദനംകരിക്കാടിമൊത്തിക്കുടി-
ക്കാന്‍ ശ്രമിക്കുമ്പോള്‍,


അലതല്ലിഅലറുന്ന തിരമാലകള്‍
കളവുപോയ ദുഃഖത്തിന്റെ
കണ്ണീര്‍ത്തുള്ളികളെ,ഭദ്രമായിസൂക്ഷി-
ക്കുകയായിരുന്നു!


അപ്പോഴും,അങ്ങകലെ അഗാധതയില്‍
മുത്തും,പവിഴവും,തേടിയലയുന്ന
മുത്തുച്ചിപ്പികളുമായി;

പ്രണയത്തിലാവാന്‍ശ്രമിക്കു
കയായിരുന്നു,അവര്‍!




ശ്രീദേവിനായര്‍

Tuesday, July 7, 2009

പരിഷ്ക്കാരം



തെരുവീഥികളില്‍,ഉത്സവപറമ്പുകളില്‍,
സ്വന്തം കുഞ്ഞിനെ മാറിലണയ്ക്കാന്‍
മടികാട്ടി,
ഉന്തുവണ്ടിയിലിരുത്തി ബെല്‍റ്റിട്ട്
മുറുക്കി,ഉന്തിനടക്കുന്ന അമ്മമാര്‍;



പുലര്‍ക്കാല സവാരിയ്ക്ക് നായയെ
കൊണ്ടുനടക്കുന്ന ,
പുരുഷന്മാര്‍ തന്നെയല്ലേ?



മാതൃവാത്സല്യം പരിഷ്ക്കാരത്തിന്
വഴിമാറുമ്പോള്‍,
നാളെത്തെ വൃദ്ധസദനങ്ങള്‍ ഇന്നുതന്നെ
അവരെ കാത്തിരിക്കുകയല്ലേ,ചെയ്യുന്നത്?


വസ്ത്രവും,വേഷവും,രൂപവും മാറുമ്പോള്‍,
ഗ്രാമീണ സൌന്ദര്യം ചന്തയില്‍
വില്പനയ്ക്കായി കാത്തിരിക്കുന്നു.



ശ്രീദേവിനായര്‍.

Friday, July 3, 2009

നിനക്കായ് ഒരു ഗാനം



മനം നൊന്തുപാടാം,നിനക്കായീഞാന്‍....
ഇന്ന് മധുമാസഗാനമൊന്നാലപിക്കാം....
മധുവൂറും രാവിന്റെ ആലസ്യങ്ങള്‍,
മിഴിവാര്‍ന്നു പോയീ,യന്നാര്‍ദ്രമായീ....



കിനാവില്‍ഞാന്‍ കണ്ടോരുമോഹമെല്ലാം...
അന്ന് കസവിന്റെ മറവില്‍ പോയൊളിച്ചു.
കാഞ്ചനക്കൊലുസ്സുകള്‍ കഥ പറഞ്ഞൂ...
പിന്നെ,കണ്ണീരില്‍ സ്വന്തം മുഖമൊളിച്ചു..



ചേതനയെന്നില്‍ കുരുന്നുകളായ്...
ജീവനില്‍കോര്‍ത്തോരു കുസുമങ്ങളായ്..
നോവുകള്‍ തന്നുടെ രാവൊഴിഞ്ഞു..
വീണ്ടും പുലര്‍ക്കാലം വിരുന്നിനെത്തീ...!



ശ്രീദേവിനായര്‍

Monday, June 29, 2009

വിധി

മാസ്മര രേഖകള്‍ വരച്ചുകൊണ്ടുള്ള
വിധികര്‍ത്താവിന്റെ വീറോടെയുള്ള
പ്രസംഗത്തിനിടയ്ക്ക്,


കാല്‍തട്ടിത്തടഞ്ഞ്,അവള്‍ മനസ്സിന്റെ
മനസ്സാക്ഷിക്കൂട്ടില്‍ കയറി നിന്നു.
എന്താവും,ഇപ്പോള്‍ വിധിയായി തന്റെ
നേരെ എടുത്ത് ചാടുന്നതെന്നറിയാനുള്ള
സിംഹവെപ്രാളം,


ഒട്ടകപക്ഷിയുടെ വേഗതയില്‍
നിലം തൊടാതെ മനസ്സിനെ പറത്തി
ക്കൊണ്ടുപോയി;


ചെയ്ത കുറ്റങ്ങള്‍ക്കുള്ളതല്ല ഒരിക്കലും
ഈ ശിക്ഷകള്‍...
എന്നും,എന്തിനും വിധികാത്ത് നില്‍ക്കുക
യെന്നതല്ലേ,അവളുടെ വിധി!


അവള്‍ സൂക്ഷിച്ചു നോക്കി;
പലതും മറയ്ക്കാത്ത സമൂഹത്തില്‍
മറയ്ക്കുന്നവള്‍ക്കുള്ള ശിക്ഷ,
എന്തായിരിക്കാമെന്നുള്ള ആകാംക്ഷ
യുമായി......!


ശ്രീദേവിനായര്‍

Tuesday, June 23, 2009

മുഖാവരണം



കവിയുടെ കുപ്പായം,ഊരിവച്ചകവി
സ്വയം വിശകലനം ചെയ്യുന്നു...
എന്തെങ്കിലും കുറവുകള്‍?


കണ്ണാടിയില്‍ മുഖം മിനുക്കാന്‍ ശ്രമിക്കുന്ന
ഭാവങ്ങളുടെ തീവ്രത?
ഇനിയും കവിതകള്‍ക്ക് കഴിയില്ലെന്നും,
കവിതകള്‍ വികാരമില്ലാത്ത സ്ത്രീയെപ്പോലെ,
നിസ്സംഗയാണെന്നും മനസ്സിലാക്കുന്നു.


പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന
കവിത ;
വഴിയറിയാതെ നില്‍ക്കുമെന്നും
വിശ്വസിക്കുന്നില്ല.
കാരണം സര്‍വ്വതും,കവിതകള്‍ക്ക് വഴി
മാറുന്നു.


പുനര്‍ജ്ജന്മം പിറവിയെടുക്കുമ്പോള്‍;
പഴയ താളുകള്‍ മറയ്ക്കുന്നു.കവിയുടെ
മുഖാവരണവും മാറുന്നു.


കാത്തിരിക്കാം,കണ്ണുകളെ വിശ്വസിക്കാം;
വിശ്വസിക്കാതെയും ഇരിക്കാം;
എന്നാല്‍ കവിയെയോ?


കവിതയെ പ്രണയിക്കാം;
കഥയെ സ്നേഹിക്കാം;
അക്ഷരങ്ങളുടെകൂടെ ജീവിക്കാം;


അപ്പോഴും എഴുതിതീര്‍ക്കാത്ത ചിന്തകള്‍
രൂപമില്ലാതെ അലയുമായിരിക്കാം.....!




ശ്രീദേവിനായര്‍