Friday, February 27, 2009

വിഫലം

സത്യമേതെന്നറിയാതെ,
സത്യമെന്തെന്നറിഞ്ഞുഞാന്‍;
സത്യമേകമായ്‌വന്നെന്‍,
സത്യമേകാന്തരാവിലും!

മിഥ്യയേതെന്നറിഞ്ഞുഞാന്‍,
മിഥ്യയായിത്തീര്‍ന്നുഞാന്‍;
മിഥ്യയായയെന്റെയുള്ളില്‍
മിഥ്യയായീ,യിന്നൊരോര്‍മ്മയായ്!

കണ്ണുകളില്‍ക്കാഴ്ച്ചയായി,
കാതടച്ചൊരൊച്ചയായീ;
കരളലിഞ്ഞ കദനമായീ,
കാത്തിരുന്നു കാവ്യമായി!

വിണ്ണിലിന്നു വിദൂരമായി,
വിജനതയില്‍ വിരുന്നുമായി;
വിടപറഞ്ഞു വിതുമ്പലായി,
വിഫലമായീ വിരഹമായി....!ശ്രീദേവിനായര്‍

Tuesday, February 24, 2009

പട്ടം

എന്റെ മനസ്സ് ദിശയറിയാത്ത
പട്ടത്തെപ്പോലെ;
ഇപ്പോള്‍ അസ്വസ്ഥമാണ്!

എന്റെ വഴികളില്‍ വന്‍ വൃക്ഷത്തലപ്പുകള്‍
വഴിമുടക്കുന്നില്ല;
എന്നാല്‍,പടുമരക്കൊമ്പുകള്‍;
എപ്പോഴുമൊടിഞ്ഞുവീഴുന്ന അവസ്ഥയില്‍!

എന്റെ സൌന്ദര്യമല്ലയെന്നെ ആകാശത്തു
പരിലസിപ്പിച്ചുപറപ്പിക്കുന്നത്;
എന്നെഞാനാക്കുന്ന മന്ദമാരുതന്റെ
എന്നിലേയ്ക്കുള്ള പ്രയാണമത്രേ;

എന്നും എന്നെ തഴുകാന്‍ ശ്രമിക്കുന്ന
എന്നെത്തലോടാനെത്തുന്ന;
കരുത്തനായപട്ടത്തിന്റെ കുപ്പിച്ചില്ലു
പൊതിഞ്ഞ ശരീരത്തില്‍
ഞാന്‍ എന്റെ ജീവനെ തളര്‍ത്തുകയാണോ?

എന്നെ പുണരാനെത്തുന്ന അവന്‍;
എന്നും പട്ടുനൂലിന്റെ പകിട്ടില്‍,
എന്നെ പൊതിയുമെന്ന് കരുതിയതില്‍
എനിയ്ക്ക് തെറ്റുപറ്റിയോ?

എവിടെയെന്നറിയാതെ,
എന്നാണെന്നറിയാതെ,
എന്താണെന്നുമറിയാതെ,
എന്റെ ശരീരം.....
എന്റെമനസ്സുപോലെ
എന്നെവിട്ടകലുകയാണോ?
ശ്രീദേവിനായര്‍

Friday, February 20, 2009

സൃഷ്ടി

മനുഷ്യനെന്ന മഹാസൃഷ്ടി;
അവനെ,സൃഷ്ടിച്ചവനെ അറിയുന്നില്ല,
അവന്‍,സൃഷ്ടിച്ചവനെയും അറിയുന്നില്ല.


അത്ഭുതപ്രതിഭാസവും,
ആശങ്കാജനകവും,
അനുഭൂതിദായകവും,
ആയ;ഒരു
അമരകാവ്യമാണ്,അവന്‍!

അനുഭവങ്ങള്‍ തന്നെയല്ലേ
അവന്റെ അറിവുകള്‍?
അവയിലൂടെ അവനിലെ
അവനെയറിയാന്‍
അവന്‍ ശ്രമിക്കുമ്പോള്‍;
അവന്‍ അറിയുന്നുവോ?

അറിവിന്റെ അകലങ്ങള്‍;
അവനെക്കണ്ടെത്താന്‍
അനവരതം പ്രയത്നിക്കുന്നത്?
അതിശയങ്ങള്‍ സംഭവിക്കുന്നത്?

അതിരു കടന്ന വിശ്വാസം തന്നെയല്ലേ;
ആത്മദാഹമായ്ത്തീരുന്നതും?
ആത്മവേദനകള്‍ നല്‍കുന്നതും?

അവര്‍ണ്ണനീയം,
അതിശയം,
അഭിനന്ദനം
അതെല്ലാം......
ആ സൃഷ്ടിയുടെ അഭിനയമല്ലേ?
ആത്മാവു നഷ്ടപ്പെട്ട അഭിലാഷങ്ങളും!


ശ്രീദേവിനായര്‍

Tuesday, February 17, 2009

എന്റെ പക്ഷി....

പക്ഷീ,


നീ കേഴുകയായിരുന്നുവോ?
ഇണയെത്തേടുകയായിരുന്നുവോ?
കൂട്ടിക്കെട്ടിയ കൊക്കുകളിലൂടെ,
എന്നെ വിളിക്കുകയായിരുന്നുവോ?

അകലെയെങ്ങോ.....?

കൂടണയാത്ത ഇണക്കിളിയെ ഓര്‍ത്ത്,
വിതുമ്പും തേങ്ങലുകള്‍ അടക്കാന്‍
പാടുപെടുകയായിരുന്നുവോ?പാതിവഴിയില്‍ പാതിതളര്‍ന്ന മോഹങ്ങള്‍
അരിഞ്ഞു വീഴ്ത്തിയ സ്വപ്നച്ചിറകുകള്‍,
പാടാന്‍ കൊതിച്ച മനസ്സ്,
ഇവയെല്ലാം...?പരാതിയില്ലാതെ,പതറുകയാണോ?
ആഗ്രഹങ്ങളെ ഉപേക്ഷിക്കയാണോ?
അരികിലെത്താന്‍ കഴിയില്ലെങ്കിലും,
പൊയ്പോയ കാലങ്ങളെ ഓര്‍ത്തു
വിലപിക്കയാണോ?


പാടിഉണര്‍ത്തുകയാണോ?
തളര്‍ന്നു മയങ്ങുകയാണോ?
എങ്കിലും,
എന്റെ പക്ഷീ.....നിന്റെ തകര്‍ന്ന പൂമേനിയില്‍...
തളര്‍ന്ന മോഹങ്ങളില്‍....
ഹൃദയസ്പന്ദനമായ്.....
വീണ്ടുമെത്താന്‍.....;പുതുജീവനേകാന്‍,
കൊക്കുകളിലെ കെട്ടഴിക്കാന്‍,
വീണ്ടും ഗാനങ്ങളാലപിക്കാന്‍,
നിന്നിലൂടെ പുനര്‍ജ്ജനിയ്ക്കാന്‍,
ഞാന്‍,
ശ്രമിച്ചുകൊണ്ടേയിരിക്കുന്നു....!
നീവീണ്ടും കൊക്കുരുമ്മി
ഗാനങ്ങളാലപിക്കൂ.....!

നിനക്കായ്,

ഞാനേറ്റുപാടാം.....
വീണ്ടും..വീണ്ടും...
നിനക്കുവേണ്ടിമാത്രം!

Saturday, February 14, 2009

വിധി

ഏകാന്തമായ തീരങ്ങളില്‍....
ഒറ്റപ്പെടലിന്റെ നൊമ്പരങ്ങളില്‍;
എന്നോ,മറന്നൊരു നൊമ്പരമായ്...
അവന്‍ വീണ്ടുംവന്നു!

അന്ന്,
പൌര്‍ണ്ണമിയായിരുന്നില്ല;
ആകാശംവെണ്‍മേഘത്തിനെ
എന്നില്‍ നിന്നും മറച്ചുപിടിച്ചു!
ഒരുനോക്കുകാണാനാവാതെ
മേഘങ്ങളില്‍ കണ്ണുംനട്ട്ഞാന്‍
പുലരുവോളം കാത്തിരിന്നു......!

പരാജയപ്പെടാനായിരുന്നു;
എന്നും എന്റെ വിധി!
തോല്‍വി കാമുകന്റെ വേഷത്തില്‍
എന്നുമെന്നെ പിന്തുടരുന്നു....!

ഞാന്‍,കണ്ണടച്ച് സ്വയമിരുളിനെസൃഷ്ടിച്ചു!
അവിടെ,
എന്റെ മോഹങ്ങള്‍ എന്നെ തുണച്ചു;
ഒന്നും കാണാതെ,കേള്‍ക്കാതെ,അറിയാതെ,
ഞാനിരുന്നു!

തലകുമ്പിട്ടിരുന്ന ഞാന്‍,
നേരം പുലരുവോളം....
എന്നെ തഴുകിക്കടന്നുപോയ;
രാത്രിയുടെചിറകടികളെ,
ഹൃദയ സ്പ്ന്ദനങ്ങളെ,
അറിയാതെ അറിഞ്ഞുകൊണ്ടിരുന്നു!

തലനിവര്‍ത്താന്‍ മടിച്ചഞാന്‍
കണ്ണുതുറക്കാന്‍ഭയപ്പെടുകയായിരുന്നില്ലേ?
അതോ,രാത്രിയെവീണ്ടും
സ്നേഹിച്ചുതുടങ്ങിയോ?

ഞാന്‍ ,കേട്ടശബ്ദതരംഗങ്ങള്‍;
രാത്രിയുടെ ഹൃദയമിടിപ്പുകള്‍
തന്നെയായിരുന്നുവോ?
അറിഞ്ഞ നിശബ്ദ സംഗീതം;
ഹൃദയത്തിന്റെ മൌനസന്ദേശങ്ങള്‍
മാത്രമല്ലേ?
എന്തുപറയണമെന്നറിയാത്ത;

മനസ്സിന്റെ മനസ്സിലാവാത്ത,
മനസ്സറിയാത്ത,മനസ്സിലാക്കാത്ത,
മനസ്സലിവുള്ള മനസ്സാക്ഷിയുടെ.....

നിരാശതന്നെയായിരുന്നില്ലേ?
എന്റെ ദീര്‍ഘനിശ്വാസങ്ങള്‍!

Wednesday, February 11, 2009

മിഥ്യ

എത്രയോ വട്ടംകാത്തുഞാനെന്നിലെ,
എത്രമനോഹര സന്ധ്യകളെ...
എന്നെയറിയാതെഅകമേനിന്നവള്‍,
എത്രയോ നിഷ്പ്രഭം പുഞ്ചിരിച്ചു!

എത്രമേല്‍ ആശിച്ചിരുന്നു നിന്നെഞാന്‍,
എത്രയോ,കാലം തപസ്സിരുന്നു...
എത്ര നിരാശ നിരാലംബമായെന്റെ,
എന്നെയോ,ഇന്നുമുറക്കിടുന്നു...

എന്നെ അറിയാത്തപ്രണയമേ,നിന്നെഞാന്‍
എത്രയോവട്ടംതിരിഞ്ഞുനോക്കി..
എന്നെ അറിയാതെ വീണ്ടും ക്രൂരമായ്,
എന്നുമേവന്നുതിരിച്ചുപോയീ!

എന്തെന്നറിയാത്ത പുണ്യമോ,നീ...
ഏതെന്നറിയാത്ത പാപമോ നീ?
എന്നും മനസ്സിനെ പരിലാളനം ചെയ്യും,
എത്രയോ ദിവ്യമാമനുഭൂതിയോ?

എന്നുമേആത്മാവില്‍ മുള്ളുവിതറിടും,
എങ്ങും നിറയും വേദനയോ?
എവിടെ യെന്തെന്നറിയാതെ വന്നിടും,
ഏകാന്ത ദുഃഖമോ?മോചനമോ?

എന്നും മനസ്സിന്റെ ദിവ്യമാം ഭാവങ്ങള്‍
എങ്ങും നിറയുന്ന സൌന്ദര്യമായ്..
എവിടെയോ കണ്ടു മറന്ന നിഴലുപോല്‍..
എന്നും പൊഴിയുന്നു മോഹരേണുക്കളായ്..!

എങ്കിലും പ്രണയമേ,നിന്നെയറിയാത്ത
ഏതൊരു ജന്മവും നിഷ്ഫലമോ?
എങ്കിലും ദുഃഖങ്ങളേകിപ്പിരിയുവാന്‍,
എന്നില്‍ നിറയുന്നു ഓര്‍മ്മകളായ്....!

Saturday, February 7, 2009

സന്ദേശം

അനശ്വര സംഗീതത്തിന്റെ
അലകളില്‍ ആലോലമാടിയ
അകക്കാമ്പില്‍;
അനേക ശബ്ദതരംഗങ്ങളായ്,
അന്നേ,നിന്നെഞാന്‍തിരിച്ചറിഞ്ഞിരുന്നു!

മഴയുടെ സംഗീതത്തിലും,
മഴയുടെമനംമയക്കുന്നകുളിരിലുംനിറഞ്ഞത്;
മൌനമായി കടംവാങ്ങിയമനസ്സിന്റെ,
മയക്കുന്നമാദകസന്ദേശങ്ങളായിരുന്നു!

മധുമാസരാവിന്റെ
മധുര സങ്കല്പങ്ങളില്‍
മഴയെന്ന വികാരം;

മഴത്തുള്ളിയിലെ ഹര്‍ഷോന്മാദമായ്,
മഴയില്‍ കുതിര്‍ന്ന ദാഹവുമായ്,
മഴയെന്ന മോഹമായ്,
മഴയായീ,മഴമേഘമായീ,
മറ്റാരേയുംകാള്‍ നിന്നെആശ്വസിപ്പിക്കു
മെന്ന് ഇന്നുഞാന്‍ തിരിച്ചറിയുന്നു!


Friday, February 6, 2009

എവിടെയോ....?

എവിടെയോകണ്ടുമറന്നരൂപം!
എവിടെയോവച്ചു മറന്നപ്രതിരൂപം!
എവിടെയോകേട്ടു മറന്ന ശബ്ദം!
എവിടെയോനഷ്ടപ്പെട്ട സാന്നിദ്ധ്യം!

കഴിഞ്ഞുപോയകാലത്തിന്റെകാവ്യരൂപം,
കഴിയാന്‍ കാത്തിരുന്ന കദനഭാവം,
കാതോര്‍ത്തിരുന്ന കാമുകീഭാവം,
കാലത്തിന്റെ കമനീയകവിതാശില്പം!

കണ്ണീരിന്റെ നനവില്‍;
കാഴ്ചയുടെ മറവില്‍;
കാലത്തിന്റെ കടലാസ്സു താളില്‍;
കുത്തിക്കുറിച്ചു വച്ച
കഥാതന്തുക്കളൊന്നുംകഥയായിത്തീരാന്‍
കാത്തു നിന്നില്ല.
കാലത്തിന്റെ കരകാണാക്കയങ്ങളില്‍
കാണാതെ കൂപ്പുകുത്തിയ അവയെ,
കാണാന്‍ കൊതിച്ച് ഞാന്‍
കടലാസ്സു തോണിയില്‍
കടന്നുപൊയ്ക്കൊണ്ടേയിരിക്കുന്നു!

Tuesday, February 3, 2009

സുഖം

ജീവിതം ആവശ്യപ്പെടുമ്പോള്‍
തകര്‍ക്കപ്പെടുന്നതില്‍ഒരു സുഖം!
എന്നും ആശ്ലേഷിക്കപ്പെടണമെന്ന
മോഹത്തിന്റെ അവശേഷിക്കപ്പെടല്‍!

നിരാകരിക്കപ്പെടുമ്പോള്‍,
കടിഞ്ഞാണില്ലാതെ അലയുന്ന
മൌനങ്ങളുടെ,വാചാലത!

നിമീലിത മിഴികളില്‍;
ഇമ അനങ്ങാതെനില്‍ക്കുന്നമോഹങ്ങള്‍,
ഭംഗപ്പെടാതെആത്മാവില്‍
ദിവ്യരാഗം പൊഴിക്കുന്നു!

അകലങ്ങളില്‍ ശയിക്കുമ്പോഴും;
വീഥികള്‍ തിരിച്ചറിയാത്ത
വിരഹം വ്യാമോഹമായി
വിജനതയില്‍ വച്ചു സംഗമിക്കുന്നു!