Thursday, January 29, 2009

വീണ്ടും,വീണ്ടും!

വീണ്ടുംജനിച്ചുജീവിച്ചുകൊണ്ടേയിരിക്കുന്നു!
വീണ്ടും ജീവിച്ചുമരിച്ചുകൊണ്ടേയിരിക്കുന്നു!
വീണുകിട്ടിയജനനത്തിനും,ജീവിതത്തിനുമിടയില്‍
വീഴാതെനടന്നടുക്കുന്നത്,എങ്ങോട്ടാണ്?

വീഴാതെനടക്കാന്‍ശ്രമിക്കുന്നതെന്തിനാണ്?
വീഴാതെനില്‍ക്കാന്‍ബുദ്ധിമുട്ടുമ്പോഴും,
വീഴ്ച്ചയെഓര്‍ത്തുദുഃഖിക്കുന്നതും,
വീഴ്ച്ചവരാതിരിക്കാന്‍,പ്രാര്‍ത്ഥിക്കുന്നതും,
വീണ്ടുംജീവിക്കുവാനുള്ളആഗ്രഹംകൊണ്ടല്ലേ?

വിഴുപ്പു ചുമന്ന് ജീവിക്കുന്നതിലും,
വിഴുപ്പലക്കി വിതുമ്പുന്നതിലും,
വിശപ്പിനുവേണ്ടി വിയര്‍ക്കുന്നതിലും,
വിഷമമില്ലെങ്കിലും;
വീണ്ടു വിചാരമില്ലാതെ,
വിരോധമില്ലാതെ,
വികാരങ്ങളെ,
വീര്‍പ്പടക്കി....
വിടുപണിചെയ്യാന്‍...ഞാന്‍വീണ്ടും
വീണ്ടുംശ്രമിച്ചുകൊണ്ടേയിരിക്കുന്നു!
വിജയിക്കുമെന്ന,
വിശ്വാസത്തില്‍!

Tuesday, January 27, 2009

സൌന്ദര്യം

മാദക സൌന്ദര്യമേ നിന്നെ,
മനതാരിലോര്‍ത്തുനിന്നു...
മധുരമാം ലാവണ്യമേ നിന്നെ,
മനമെന്നു ഞാന്‍ വിളിച്ചു...

പുലരാന്‍ തുടങ്ങും ഭൂമി,നിന്നെ
പുലര്‍കാന്തിയെന്നറിഞ്ഞു..
പൂതുമ്പികള്‍പാറുംനിന്നില്‍
പൂത്താലി ചാര്‍ത്തി സന്ധ്യ..

ഉണരാന്‍ തുടങ്ങും ഭൂമി,നിന്നെ
ഉണര്‍ത്തു പാട്ടെന്നറിഞ്ഞു..
ഉരുകിത്തീരും നിന്നില്‍..
ഉയിരായ്, ഞാനലഞ്ഞു..

കദനം നിറയും കഥയെ,
കവിതയെന്നുഞാന്‍ വിളിച്ചു..
കരയാന്‍ തുടങ്ങും നിന്നെ,
കാമുകിയെന്നു നിനച്ചു...

Sunday, January 25, 2009

ഭാരതാംബ

അമ്മയാം ദേവീനീ,പുണ്യഭൂമി...
നിനക്കേകുന്നുഞാനെന്‍ സ്നേഹാഷ്ടകം..
നിന്‍ മാറിലെ,സ്നേഹാര്‍ദ്രമാം..
നറുംപാലിലെന്നുമെന്‍,ജീവരാഗം!

സൂര്യനുംചന്ദ്രനുമെന്നുംനിന്നില്‍
ആശീര്‍വ്വാദമുതിര്‍ത്തുനില്‍ക്കും...
പൂവുപോല്‍പുഞ്ചിരിതൂകിനില്‍ക്കും
പുണ്യമോ,അമ്മേനീ?ഭാഗ്യവതീ...!


റിപ്പബ്ലിക്ക് ദിനാശംസകള്‍...


ശ്രീദേവിനായര്‍

Wednesday, January 21, 2009

അനുകരണം

അങ്ങനെ ,എനിയ്ക്കും കിട്ടിഒരു
അനുകരണ സുഹൃത്തിനെ;
അനുകരണം,അഭിനന്ദനമാണോ?
അറിയില്ല....!

അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചു...
അവന്റെ പുഞ്ചിരി,വഞ്ചനയായിരുന്നുവോ?


എന്നെ ഞാന്‍ തിരിച്ചറിഞ്ഞില്ല;പക്ഷേ
എന്റെവരികളെതിരിച്ചറിഞ്ഞു!
ഞാന്‍, എന്റെ വരികളിലൂടെ
എന്നെക്കാണാന്‍ ശ്രമിക്കുമ്പോള്‍;

അവന്‍ എന്റെ വരികളിലൂടെലോകം
കാണാന്‍ വെമ്പി....വിതുമ്പി!

അവന്‍, ഞാനറിയാതെ എന്റെ
വരികള്‍ കടംവാങ്ങി..

പക്ഷേ,എന്റെ വാക്കുകള്‍ അവന്റെ
വരികളില്‍ തലപൊക്കി നിന്നു!
അവ,അവനെനോക്കിപരിഹസിച്ചു!

ജനം പൊട്ടിച്ചിരിച്ചു;
പകച്ചു,നിന്നു!
എന്റെ വരികള്‍ എന്റേതുമാത്രമാണെന്ന്
ആര്‍ക്കാണ് അറിയാത്തത്?

സ്വന്തം കുഞ്ഞിനെ തിരിച്ചറിയാന്‍
ഏതു അമ്മയ്ക്കാണ് കഴിയാത്തത്?

“അ യില്‍ തുടങ്ങി അം“ ഇല്‍
അവസാനിക്കുന്ന എന്റെ ലോകത്തില്‍

എന്റെ
വഴികളില്‍,വരികളില്‍,
വാക്കുകളില്‍,വകതിരിവുകാട്ടാതെ,
വകഞ്ഞുമാറ്റിയ വഴിയേ
വട്ടം ചുറ്റുന്ന,
വാക്കുകള്‍ ,
“വിക്കുന്ന....വഞ്ചനയെ“
വാതോരാതെ,
വിമര്‍ശിക്കാന്‍ ...
വാക്കുകളില്ലാതെ,
തളരുമെന്നോ,
തകരുമെന്നോ,ഞാന്‍ കരുതുന്നില്ല!

കാരണം...
എന്റെ..കവിത എന്റേതുമാത്രം;
എന്റെ വരികള്‍ എന്റേതുമാത്രം;
എന്റെ ശൈലി എന്റേതുമാത്രം;

കാക്കയ്ക്കും തന്‍ കുഞ്ഞ്
പൊന്‍ കുഞ്ഞ്!
എന്നല്ലേ പ്രമാണം?


ശ്രീദേവിനായര്‍.

Monday, January 19, 2009

വര്‍ണ്ണങ്ങള്‍

വസന്തങ്ങള്‍ക്കൊരായിരം വര്‍ണ്ണങ്ങള്‍...
വര്‍ണ്ണാഭമായെന്നെ നോക്കിച്ചിരിക്കുന്നു...
വര്‍ണ്ണങ്ങളില്‍ഞാനെന്നെ മറക്കുന്നു..
വാസന്തിപ്പൂപോലെയുള്ളംതുടുക്കുന്നു...

കുന്നിക്കുരുപോലെ പുഞ്ചിരിതൂകുന്ന;
കുഞ്ഞുങ്ങള്‍ മന്നിലെ മാലാഖകള്‍....
വിണ്ണിലെത്താരകള്‍ നോക്കിനില്‍ക്കുന്ന..;
വിരിയുംവസന്തിന്‍ പൂമൊട്ടുകള്‍...

അഴലുകളായിരം പങ്കുവച്ചീടുവാന്‍....
അലകടല്‍യെന്നെയുംനോക്കിനിന്നു..
അകലുമെന്‍കദനങ്ങളെന്നെത്തനിച്ചാക്കി;
അറിയാത്തഭാവത്തില്‍,തിരിച്ചുപോയീ.....!

Tuesday, January 13, 2009

ദിവ്യദര്‍ശനം

പൊന്നമ്പലമേടില്‍ പൊന്‍സന്ധ്യയായ്...
പൊന്‍ കണിയൊത്തനിറപുണ്യമായ്...
പൊന്നിന്‍ കണിതൂകും വിണ്ണിന്‍ കണീ...
പൊന്‍ തിങ്കള്‍വെട്ടം ദിവ്യ നക്ഷത്രമായ്...

മകരത്തില്‍ നിറച്ചാര്‍ത്തു മംഗല്യമായ്...
മകരത്തിന്‍ സന്ധ്യയും മലര്‍വാടിയായ്...
മനശ്ശാന്തിയേകും മതങ്ങളൊന്നായ്...
മരതകകാന്തിയില്‍ മനുഷ്യരൊന്നായ്....

ശരണം വിളിതന്‍ സമുദ്രമായീ...
ശരണാര്‍ത്ഥിതന്‍ ദിവ്യശബ്ദമായീ...
ശബരീശനെത്തേടും മനുജരൊന്നായ്...
ശരണം,ശരണം,ശരണമെന്നായ്....

അയ്യപ്പസ്വാമിതന്‍ തിരുനടയില്‍..
അയ്യനെക്കാണുവാന്‍ കാത്തു നില്‍ക്കും
ആയിരംകണ്ണുകള്‍ നിര്‍വൃതിയായ്...
അയ്യനേ..അയ്യപ്പാ...ശരണം ശരണം.....

Friday, January 9, 2009

ഗാനം

സൌഗന്ധികങ്ങള്‍വിരിഞ്ഞതാംസന്ധ്യയില്‍....
സന്ധ്യാനാമം,വിരുന്നിനെത്തീ...
സമയമാം കാലം കടം വാങ്ങിനിന്നുഞാന്‍..
സൌമിനിസന്ധ്യയേ,വരവേല്‍ക്കുവാന്‍....

സന്ധ്യയിലലയാഴികള്‍ചിരിച്ചപ്പോള്‍...
ആനന്ദഭൈരവികണ്‍ തുറന്നൂ...
അലകടല്‍മീട്ടിയതന്ത്രികളപ്പോഴും,
വിരഹിണിയായിന്നുവിഷാദയായീ....

വിരഹമാംഗാനങ്ങള്‍ശ്രുതിമീട്ടിത്തളര്‍ന്നപ്പോള്‍
വിരഹാഗ്നിമദ്ധ്യത്തില്‍ തപസ്വിനിയായ്..
വിദൂരമാം മോഹങ്ങള്‍ വിടപറഞ്ഞെത്തി...
വിഫലമാംചിന്തകള്‍ സ്മൃതികളായീ....

Wednesday, January 7, 2009

ആഗ്രഹം

പച്ചിലകളില്‍ പച്ചനിറംകാട്ടുമ്പോള്‍
ഓന്ത്,ആകാശത്തെനീലനിറത്തിലേയ്ക്ക്
മോഹത്തോടെ നോക്കുന്നു;
ആകാശത്തെത്താന്‍,എത്രയോസമയം!
എത്രയോദൂരം...

ആകാശമെന്നുതെറ്റിദ്ധരിച്ച്,പുകമറ
യില്‍ച്ചാടിയഓന്തിന്റെജഡം;
നിറങ്ങള്‍ക്കായിക്കൊതിക്കുന്നു!
അടുത്തജന്മംഅരണയെങ്കിലുമായെങ്കില്‍!

അപ്പോഴും,എന്നുംനഷ്ടങ്ങള്‍മാത്രം
അരണയ്ക്കും,സ്വന്തം...
കടിയ്ക്കാന്‍ ശ്രമിക്കാം,പക്ഷേ?
മറവിയെന്ന മടയന്‍,അരണയെ അവിടെയും
തോല്‍പ്പിക്കുന്നു!

ഇനിഅടുത്ത ജന്മത്തിലോ?
ആഗഹങ്ങള്‍ എത്രയോ,വിചിത്രം!

Friday, January 2, 2009

വിചിത്രം

ചിത്രംവിചിത്രമേതെന്നുചിന്തിച്ചു..
ചിത്രംവിചിത്രമേതെന്നുനോക്കിഞാന്‍..
ചിത്രംവിചിത്രമായ്കാണ്മതുകണ്ണിന്റെ
കണ്ണായയുള്ളിന്റെവിചിത്രമാംചിത്രമായ്..!

കണ്ണില്‍കാണ്മതാംകാഴ്ചതന്നുള്ളിലെ
കാണാത്ത കാഴ്ചകളെന്നുംവിചിത്രമായ്..
കാണുന്നകണ്ണിന്റെകാഴ്ചയും പിന്നെ,
അകക്കണ്ണുകാണുന്നകാഴ്ചയുംവിചിത്രമായ്..!

അകക്കണ്ണുകൊണ്ടുകാണുന്നമര്‍ത്യന്റെ
പുറംകണ്ണുപിന്നെയേറെവിചിത്രമായ്...
രൂപവൈരൂപ്യംകാണുന്നകണ്ണിന്റെ
കാഴ്ചയുമെന്നുള്ളിലെത്തി,വിചിത്രമായ്..!

ഏതെന്നറിയാതെനമ്മെപ്പുണരുന്ന
ഉള്ളിന്റെഉള്ളിലെസത്സ്വരൂപങ്ങളെ
കാണ്മതുകണ്ണുകള്‍,കേള്‍പ്പതുകാതുകള്‍,
എന്നുംചെവിയോര്‍ത്തിരിപ്പതുജന്മങ്ങള്‍..!

Thursday, January 1, 2009

ഞാനിങ്ങനെ

എന്നുടല്‍ കാണാത്ത ആത്മാവിനെയിന്നുഞാന്‍
എന്നുയിര്‍കാണാന്‍ വിളിക്കുന്നുമൃദുലമായ്...
മോഹങ്ങള്‍ കാണാത്തചിന്തയെഞാനിന്നും
മെല്ലെവിളിക്കുന്നെന്മനസ്സിനെക്കാണാനായ്...

ആശതന്‍ ഭാരംസഹിക്കവയ്യാതെഞാന്‍,
ആശങ്കതന്നോട്കൂട്ടിനായ്കേഴുന്നു..
ചിന്തകള്‍ വീണ്‍വാക്കുചൊല്ലിപ്പിരിയുന്നു..
ചിന്തിക്കാതെന്നുള്ളമാലോലമാടുന്നു...

കൈവിട്ടമോഹങ്ങള്‍കാത്തുഞാന്‍നില്‍ക്കുന്നു
കാണാത്തസൌഹൃദപൂങ്കാവനംതന്നില്‍..
കേള്‍ക്കാത്ത ശബ്ദങ്ങള്‍സ്വപ്നങ്ങളായെന്റെ,
ആത്മാവിലെന്നുമണയാതെ നില്‍ക്കുന്നു!