Monday, August 29, 2016

അമ്മ

ഒരു പഴമ്പായിൽ  പടിഞ്ഞിരുന്നീടുന്ന
അയലത്തെ അമ്മ തൻ കണ്ണുകളിൽ

കണ്ടതു ഞാനെന്റെ അമ്മതൻ  മിഴിനീരോ
ദുഃഖങ്ങൾ മറയ്ക്കുന്ന നറു ചിരിയോ ?

സന്ധ്യയ്‌ക്കു  നാമം ജപിക്കുന്ന അമ്മതൻ
ചുണ്ടുകൾ കീർത്തനം ഉരുവിടുമ്പോൾ ..

മനസ്സുരുകുന്നതുപോലന്നമ്മ  കേണതും
മക്കൾക്ക് വേണ്ടിമാത്രമായിരുന്നുവല്ലോ ?അമ്മതൻ  നെഞ്ചിലെ സ്നേഹത്തിൻഭാഷയിൽ
കടൽത്തിരപോലെ തിരയിളക്കം ..

എന്റെ മനസ്സിന്റെ നിറവിലും  അമ്മയ്ക്കായ്
മിഴിനീരിൽ കുതിർന്നൊരു മൊഴിയിളക്കം !

പട്ടംശ്രീദേവിനായർ  

Tuesday, August 23, 2016

ശ്രീകൃഷ്ണൻ
-----------

യമുന  പിന്നെയും ഒഴുകുന്നു
യദുകുല കാമ്പോജി  പാടുന്നു ..
യദുകുലനാഥനെ മാറോടണച്ചവൾ
അകലങ്ങളിലേയ്ക്കകലുന്നു .....
അറിയാത്തതുപോലവളലയുന്നു  !(  യമുന )


മാധവ മനസ്സിലലിഞ്ഞുമയങ്ങിയ ..
രാധ ഇതെല്ലാം അറിയുന്നു ....
രാധാ മാധവം നിറയും മനസ്സിൽ
പ്രിയസഖി രാധ ചിരിക്കുന്നു  ( യമുന )


.ഗോപികമാരുടെ മോഹനസ്വപ്നവും
കാണാത്തതുപോൽ കാണുന്നു ...
മനസ്സിലൊരായിരം സങ്കല്പങ്ങൾ
ചിറകുവിരിച്ചുപറക്കുമ്പോൾ ,

മനസ്സുമയങ്ങും മധുരച്ചിരിയാൽ
യമുനയൊടെന്തവൾ   ചോദിപ്പൂ ?  (  യമുന )


പട്ടംശ്രീദേവിനായർ 

Tuesday, August 16, 2016

പൊന്നിൻ ചിങ്ങം
--------------------------


മലയാള മങ്കതൻ  നിർമ്മാല്യ ത്തൊഴുകൈയ്യാൽ ,
മധുരമാം ചിങ്ങത്തെവരവേറ്റു നിൽക്കുന്നു .....
മലയാള  മനസ്സിലായ് നിറദീപം  തെളിയുന്നു ..
മഹനീയ ചിന്തകൾനിറയുന്നു മനുഷ്യരിൽ ...

ഓർമ്മപുതുക്കി പൊന്നോണം എത്തുമ്പോൾ ,
ഓർമ്മത്തണലിലെൻ സ്വപ്നം മയങ്ങുന്നു ...
തൂശ നിലയിട്ട സദ്യവട്ടത്തിന്റെ ,
മുന്നിലായിന്നെന്റെ ബാല്യം കൊതിക്കുന്നു ....

അമ്പലം ചുറ്റി പ്രദക്ഷിണം വയ്ക്കുന്നെൻ ,
പട്ടുപാവാടയിൽ കൊലുസ്സിന്റെ  കിന്നാരം .
നീട്ടിയ കൈക്കുമ്പിൾ നിറയെ പ്രസാദമായ് ...
നിറയും മിഴിയുമായ്‌ തൊഴുതു ഞാൻ ദേവനെ .....

അച്ഛന്റെ കൈപിടിച്ചിന്നും നടക്കുന്നു ,
അക്ഷരത്തെറ്റു വരുത്താത്ത മനസ്സുമായ് ...
മെല്ലെ മെല്ലെ നടന്നു നീങ്ങുമ്പോഴും ..
അമ്മയാംഭൂമിയെതൊട്ടുതലോടിഞാൻ .....!

പട്ടം ശ്രീദേവിനായർ
...


 

Monday, August 1, 2016

തിലോദകം
----------------


മിഴിയോരത്തമ്പിളി കണ്ണടച്ചു
കരിമുകിൽക്കാറുകൾ കൺ തുറന്നു

കർക്കിടകത്തിന്റെ  പുണ്യമാം രാവിലും
കറുത്തപൗർണ്ണമി ചിരിച്ചു ണർന്നു...

വഴിയോരത്തെന്തോ തെരഞ്ഞപോലെ
മിഴികൂമ്പി ബന്ധുക്കൾ അണിനിരന്നു...

എല്ലാ മുഖങ്ങളും ദുഃഖ ഭാരങ്ങളാൽ
നഷ്ട ഭാഗ്യങ്ങളെ ഓർത്തു നിന്നു  ...
ഒന്നും പറയാതെ കാത്ത് നിന്നു ..

ഉറ്റബന്ധുക്കൾതൻ ഓർമ്മയിൽ ഞാൻ നിന്നു
ഒരു വട്ടം കൂടികാണുവാനായ് ..
അവരെ കാണുവാനായ് ....

അമ്മയോ   അച്ഛനോ ഏട്ടനോ   വന്നുവോ
എന്നെ തെരഞ്ഞുവോ  നോക്കി നിന്നോ ?

 കൺമിഴിനിറഞ്ഞുവോ  കാതോര്ത്തു നിന്നുവോ
തേങ്ങിക്കരഞ്ഞുവോ  നിശബ്ദമായി ....?

കാണാതെ കാണുവാൻ കഴിയില്ലാ മനവുമായ് ....
ഞാനിതാ നിങ്ങളെകണ്ടിടുമ്പോൾ .....
 
"കാണുന്നുവോ നിങ്ങൾ എന്റെയീ  രൂപവും ഭാവവും,   
ഓർമ്മ തൻ നോവുള്ള കണ്ണുനീരും ?
  നീട്ടിയ കൈകുമ്പിൾ തന്നുള്ളിൽ നിങ്ങൾക്കായ്  
ഓർമ്മതൻ സ്നേഹതിലോദകവും "
 
 
 
പട്ടം ശ്രീദേവിനായർ