Sunday, January 31, 2010

എങ്കില്‍?ചിന്തകള്‍ക്ക് വെന്തുതീരാനുള്ള കഴിവ്
ഉണ്ടായിരുന്നെങ്കില്‍?
എവിടെയോ നമുക്ക് വേണ്ടി ഒരാള്‍
കാത്തിരിക്കുന്നുവെങ്കില്‍?
ഓര്‍ക്കാന്‍ മനസ്സ് വെമ്പുന്നുവെങ്കില്‍?

നഷ്ടപ്പെട്ട ബാല്യകൌമാരയൌവ്വനം
മനസ്സിന്റെ മായാവലയത്തിലൊരാളെ
വേട്ടയാടപ്പെടുന്നുവെങ്കില്‍?

ജീവിതം പ്രതീക്ഷയുണര്‍ത്തുന്നു!


ശ്രീദേവിനായര്‍

Monday, January 25, 2010

മോചനംവസ്ത്രാഞ്ചലത്താല്‍ മറയ്ക്കാന്‍ ശ്രമിക്കുമെന്‍
നഗ്നമാം മേനിയില്‍ തീപടര്‍ത്തീ,
പിച്ചിപ്പറിച്ചവന്‍ രോഷത്തിന്‍ വിത്തുകള്‍
പാകുവാന്‍ വീണ്ടും നഗ്നയാക്കീ.


ഇറ്റിറ്റുവീഴും വിയര്‍പ്പിലെന്‍
വിഴുപ്പുപോലും പരിതപിച്ചു.
ദുശ്ശാസനനായ് വീറുകാട്ടിയവന്‍
ഉള്ളില്‍ ഞാനൊരു പാഞ്ചാലിയും.


രക്ഷയ്ക്കായെത്താന്‍ കഴിയാതെ അഞ്ചുപേര്‍
പഞ്ചഭൂതങ്ങളായെന്നില്‍ ഒത്തുചേര്‍ന്നു.
ഞെട്ടറ്റ അഞ്ചിതള്‍പ്പൂവുപോല്‍ മാനസം
പഞ്ചാഗ്നി മദ്ധ്യേ കൊഴിഞ്ഞുവീണു.ശ്രീദേവിനായര്‍.
(മേഘതാഴ്വര)

Tuesday, January 19, 2010

അന്വേഷണം.

ജീവിതത്തിന്റെ അര്‍ത്ഥം തേടിഞാന്‍
ജീവനിലേയ്ക്കു ചെന്നു.
മനുഷ്യന്റെ മനസ്സ് കാണാന്‍ അവന്റെ
കണ്ണുകളിലേയ്ക്കു നോക്കീ.

ആത്മാവിനെയറിയാന്‍ ആശയങ്ങളി
ലേയ്ക്കു ചെന്നു.
ആശ്രയമില്ലാത്ത ജീവിതത്തിന്റെ
അവകാശികളില്‍ ആത്മാവിനെത്തേടി.

അനുവാദമില്ലാത്തിടങ്ങളിലൊക്കെ
ഔത്സുക്യത്തോടെ കടന്നുചെന്നു.
എന്നിട്ടും;
കണ്ടില്ല അന്വേഷണവസ്തുവിനെ!ശ്രീദേവിനായര്‍

Friday, January 15, 2010

സൂര്യന്‍

പ്രകാശമേ നീ ,
അലിയൂ നിലാവിലായ്...
ഇനി എത്രകാത്തിരിക്കണമൊന്നു
മുകരുവാന്‍?

പകലില്‍ ഒരു രാത്രിയും,
വെയിലില്‍ ഒരു സന്ധ്യയും,
നിശബ്ദതയിലൊരു സംഗീതമായ്..

നിശ്വാസത്തില്‍തണുപ്പുമായ്,
ശ്വാസത്തില്‍കുളിര്‍മ്മയായ്...
അനുഭവത്തിലിന്നൊരു
അനുഭൂതിയായ്....

പറവകള്‍ക്ക് നിറവ്,
ഉരഗത്തിനോകനിവ്.
വൃക്ഷത്തിനു മൌനം,
മാരുതനിന്നു നിശ്ചലന്‍.

അറിയാതെയറിയുന്നു
നിന്നെ ഞാന്‍ പ്രപഞ്ചമേ...
അലിയുന്നു നിന്നില്‍ ഞാന്‍
മറ്റൊരു ഗ്രഹണമായ്.


ശ്രീദേവിനായര്‍.

Monday, January 11, 2010

പ്രശസ്തി
പ്രശസ്തിയുടെ അരമനകളിലെല്ലാം
ആരുമറിയാതെ ഒരു ഏണി ചരിഞ്ഞി
രിക്കുന്നുണ്ടായിരുന്നു.


കാരണമില്ലാത്ത കാര്യങ്ങള്‍ക്കായി
കരണം മറിഞ്ഞ പലരും
പടികളില്‍ മറന്നുവച്ചുപലതും
നിറം മങ്ങിയ നിഴലുകളായി
പതിയിരുന്നു മടുത്തു.


പടവുകള്‍ കയറാന്‍ ഉപയോഗിച്ച
ഏണി,
വെള്ളിപൂശി,സ്വര്‍ണ്ണം പൂശി
സൂക്ഷിക്കാന്‍ ആരും തുനിഞ്ഞില്ല.
എന്നാല്‍,
സ്വയംവെള്ളപൂശാന്‍ മറന്നതുമില്ല!ശ്രീദേവിനായര്‍

Wednesday, January 6, 2010

കാത്തിരിപ്പ്

പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടുഞാന്‍
നിന്നെ മെനഞ്ഞു.
പഞ്ചബാണംകൊണ്ടു നിന്നില്‍
മലര്‍ശരമെയ്തു.
പഞ്ചഭൂതങ്ങളില്‍ നിന്നെമാത്രം
ദര്‍ശിച്ചു.എന്നിട്ടും പ്രപഞ്ചസത്യം
എന്നെമായയാക്കി
നിന്നിലലിയാന്‍ അനുവദിച്ചില്ല.


കാത്തിരുന്നതെന്തിനെയാണെ
ന്നറിഞ്ഞപ്പോള്‍,
കാത്തിരിപ്പിനെത്തന്നെഞാന്‍ വെറുത്തു.അഴലുകളെ അലകളാക്കി,
കരയെ കാമുകനാക്കി,
കാത്തിരിക്കാന്‍
കടലിനു മാത്രമേ കഴിയൂ.ശ്രീദേവിനായര്‍