Sunday, October 26, 2008

നിഴലുകള്‍

വിടചൊല്ലിപ്പിരിയുമ്പോള്‍
വിടവാങ്ങലിന് വികാരശൂന്യത.
വീണ്ടും വരാമെന്ന് വീണ്‍ വാക്കു
പറയുമ്പോള്‍,
വിരഹത്തിന്റെ വേദന..

എന്നും കാണുമെന്നും,എപ്പോഴും നില
നില്‍ക്കുമെന്നും മോഹിക്കുമ്പോഴും,
വെറുതെ വെറുപ്പിന്റെ പുകമറ
സൃഷ്ടിച്ചു വേദനയുടെ നെരിപ്പോടു
നീറുന്നതറിയാതിരിക്കാന്‍ ശ്രമിച്ചു...

നേടിയതൊന്നും നേട്ടമല്ലെന്നും,
കണ്ടതൊന്നും കാഴ്ച്ചയല്ലെന്നും,
കേട്ടതൊന്നും കേള്‍വിയല്ലെന്നും
എന്നെ പഠിപ്പിച്ചതാരാണ്?

ഭൂമി,അമ്മയാണെന്നും,
നക്ഷത്രങ്ങള്‍, കുഞ്ഞനുജന്മാരാണെന്നും,
അമ്പിളി, മാമനാണെന്നും.
എന്നോടു പറഞ്ഞതാരാണ്?

ബന്ധങ്ങളില്‍ സത്യമില്ലെന്നും
ബന്ധുക്കളില്‍ ആത്മാര്‍ത്ഥതയില്ലെന്നും,
ബന്ധനം ശാപമാണെന്നും,
ഞാനറിഞ്ഞത് സ്വയം തന്നെയല്ലേ?

കര്‍മ്മം സത്യമാണെന്നും,
മോഹം നിത്യമാണെന്നും,
കാലം മറവിയാണെന്നും,
കദനം ഓര്‍മ്മയാണെന്നും.
എന്തേ,ഞാനിതുവരെയറിഞ്ഞില്ല?


ശ്രീദേവിനായര്‍.

Monday, October 20, 2008

ഓര്‍മ്മകള്‍

മനസ്സെന്ന മരീചികയില്‍ മറവിയെപ്പുണരാന്‍
മടികാണിച്ചുഞാനെന്നുംമനസ്സില്‍സൂക്ഷിക്കുന്ന
മഹാസംഭവമാണ് ഓര്‍മ്മകള്‍.

മൂടിപ്പുതച്ചുറങ്ങാന്‍ വെമ്പുന്ന അവയെ
മന്ദം മന്ദമെന്റെ വരുതിയിലാക്കി,
മനപ്പൂര്‍വ്വം മയക്കം അഭിനയിക്കുന്ന
മനസ്സാക്ഷിയെ ഞാന്‍ വശീകരിക്കുന്നു.

മറ്റെങ്ങോമറന്നുവച്ചമനസ്സിനെഉണര്‍ത്താന്‍
മറ്റെല്ലാംമറക്കാന്‍,ഉപദേശിക്കുമ്പോഴും
മാറ്റമില്ലാത്തമനസ്സുമായ്,
മനോഹരമായിച്ചിരിച്ച്,
മനസ്സിലേയ്ക്കെന്നും കടന്നുവരുന്നു.

മന്ദാരപ്പൂവുപോലെ,നിലാചന്ദ്രനെപ്പോലെ,
മധുരസ്മരണയുണര്‍ത്തുന്ന
മധുമന്ദഹാസവുമായ്,
മാറില്‍ ചേര്‍ന്നുമയങ്ങുന്നു.

മരണത്തില്‍ പോലും പിരിയാന്‍
മടിയാണെന്ന്മൌനമായിപ്പറഞ്ഞ്
മൂകാനുരാഗത്തിന്റെ
മാസ്മരചിന്തയിലൊരു
മകരമാസ സന്ധ്യപോലെമനസ്സില്‍
മങ്ങാതെ,മറയാതെ നില്‍ക്കുന്നു!

മാനം നിറയെ നക്ഷത്രങ്ങളും,
മന്ദമാരുതന്റെ തലോടലുമായ്
മനസ്സെന്ന മഹാനുഭാവന്‍
മനം മയക്കുന്ന ചിരിയുമായ്,
മതിമറന്നു നില്‍ക്കുന്നു!


ശ്രീദേവിനായര്‍.

Wednesday, October 15, 2008

ജീവിതം

ജീവിതം, ഒരുപരീക്ഷണശാലപോലെ;
അതില്‍ഏതെല്ലാം വസ്തുക്കള്‍
പരീക്ഷണവിധേയമാണ്?

മനസ്സ്, എന്ന രാസത്വരകം എന്തിനോടും
ചേര്‍ന്ന് നില്‍ക്കാന്‍ തയ്യാറാകുന്നു!
പരീക്ഷണ ഫലം വന്നുകഴിയുമ്പോള്‍,
പിന്മാറേണ്ടിയും വരുന്നു!

ജീവിതം,ഒരുകടങ്കഥ പോലെ;
മനസ്സിലാക്കാന്‍ കഴിയാത്ത,
ഒട്ടനവധി ചെറുകഥകളും,
ഉപകഥകളും,നിറഞ്ഞ ഒരു വലിയ
കടങ്കഥ!

അത് ചുരുളഴിയുമ്പോള്‍;
കഥയുടെ വരികളില്‍ കണ്ണീരിന്റെ
നനവ്!

ജീവിതം, ഒരു ആവര്‍ത്തനമാണ്;
ആരൊക്കെയോ,എവിടെയൊക്കെയോ,
വായിച്ചും,കേട്ടും പുതുമനഷ്ടപ്പെട്ട
ഒരു വിരസമായ ചരിത്രം!

അതില്‍ ഒന്നും പുതുമയുള്ളതല്ല;
പഴമയുള്ളതുമല്ല;
മടുപ്പ് തോന്നിക്കുന്ന ഒരു
മഹാ സംഭവം!


ശ്രീദേവിനായര്‍.

Thursday, October 9, 2008

നോവുകള്‍

എന്നെ വിട്ടുപോകാന്‍ വെമ്പുന്ന
ആത്മാവിന്റെ പിടച്ചില്‍ ഞാനറിഞ്ഞു.
നോവിന്റെ അനുഭവം പക്ഷേ ഞാന്‍
അറിഞ്ഞതേയില്ല!

യഥാര്‍ത്ഥത്തില്‍ ഞാന്‍ ദുഃഖങ്ങളൊന്നും
അറിയുന്നതേയില്ല.
എവിടെയും നിര്‍വ്വികാരതമാത്രം!

വര്‍ഷങ്ങള്‍ക്കുമുമ്പ് കടന്നുവന്ന
സമയം എന്റെ അറിവില്‍ രോദനമായ്
നിന്നിരുന്നു..

അത് കാലം എന്നെ കരയിപ്പിച്ച
കണക്കുകളേക്കാള്‍ എത്രയോ
ചെറുതായിരുന്നു!

അമ്മയുടെ ഉദരത്തിലെ സുരക്ഷിതത്വം
ഞാന്‍ പിന്നീടൊരിക്കലും
അറിഞ്ഞതേയില്ല!

നീണ്ടവര്‍ഷങ്ങള്‍ക്കുശേഷം,
അമ്മയോടുപോലും യാത്രപറയാതെ;
തിരിച്ചുപോകാന്‍ തയ്യാറെടുക്കുമ്പോള്‍,

ഞാനും,നന്ദിയില്ലാത്തവളായിപ്പോകുന്നു;
അറിയാതെയെങ്കിലും!


ശ്രീദേവിനായര്‍.

Saturday, October 4, 2008

അറിവ്

അനേകജന്മങ്ങള്‍വ്രതമെടുത്തുചെയ്ത
കര്‍മ്മങ്ങളൊന്നും,
എന്നെലക്ഷ്യപ്രാപ്തിയിലേയ്ക്ക്
നയിച്ചില്ല.

അവയെല്ലാം അറിവില്ലായ്മയുടെ
പ്രതിരൂപങ്ങളായിഭവിക്കുകയും
ചെയ്തു.

എന്നാല്‍,ആത്മാവിന്റെഅറിവില്‍നിന്നും
പ്രകാശമായെത്തിയ ഒരേഒരുകര്‍മ്മത്തില്‍,
ഞാന്‍ സായൂജ്യം നേടി.

ആ,കര്‍മ്മമാകട്ടെഎന്റെജന്മത്തെ
മോക്ഷപ്രാപ്തിയിലെത്തിക്കാന്‍
പ്രാപ്തവുമായിരുന്നു.

അമ്പലങ്ങള്‍തോറും കയറി
ഭഗവാനെ വലം വച്ചുതൊഴുതു.
പക്ഷേ,ഭഗവാന്‍ നോക്കിയിരുന്നതല്ലാതെ
പ്രസാദിച്ചില്ല.

എന്നാല്‍ മനസ്സ് പൂര്‍ണ്ണമായുംസമര്‍പ്പിച്ച്
ഒരുതവണവലംവച്ചുപ്രാര്‍ത്ഥി
ച്ചപ്പോള്‍ ഭഗവാന്‍ എന്നില്‍
പ്രസാദമായ് എത്തി.


ശ്രീദേവിനായര്‍.

Wednesday, October 1, 2008

പ്രണയം

എന്നില്‍കത്തിപ്പടരുന്ന
പ്രണയമുണ്ട്.
അതാരോടാണെന്ന് ഞാനറിയുന്നില്ല.

ആഞ്ഞടിക്കുന്ന തിരമാലകള്‍?
ഉണ്ട്!
ദിശയറിയാതൊഴുകുന്നപ്രവാഹങ്ങള്‍?
ഉണ്ട്!
കൊടുങ്കാറ്റും,പേമാരിയുമുണ്ട്!


പക്ഷേ,ഞാനറിയുന്നില്ല.,
ആരോടാണ്,എന്തിനോടാണ്,
എപ്പോഴാണെന്ന്.

ഭൂമിപിളരുന്നദുഃഖം?
ഉണ്ട്.,തീര്‍ച്ചയായുമെന്നില്‍
നക്ഷത്രത്തിളക്കമുള്ളആകാശവുമുണ്ട്.
അവിടെ ചന്ദ്രക്കലയും,നിലാവും
എത്തിനോക്കുന്നുമുണ്ട്!

എല്ലാപ്രകൃതി ദൈവങ്ങളും
എന്നെയറിയാനായി ശ്രമിക്കുന്നുവോ?

ഞാന്‍,എന്നെ അറിയാനായി എന്നേ
കാത്തിരിക്കുന്നു!ശ്രീദേവിനായര്‍.