Wednesday, October 28, 2009

മുഖംമൂടി
സ്വപ്നങ്ങള്‍ ആയിരം വര്‍ണ്ണങ്ങളുള്ള
വര്‍ണ്ണത്തുമ്പികളായി പറന്നുപൊങ്ങി.
ചിന്തകള്‍ ചിറകുകരിഞ്ഞ ശലഭങ്ങളപ്പോലെ
പറക്കുവാനാവതില്ലാതെ പരിസരം
മറന്നുനിന്നു.


മോഹങ്ങള്‍ സോപ്പുകുമിളകളെപ്പോലെ
പതഞ്ഞുപൊങ്ങി.
മോഹഭംഗത്തിന്റെ ഇറ്റുവീണ ഒരുതുള്ളി
വിയര്‍പ്പില്‍ ഞാന്‍ അവയെ കഴുകി
ക്കളഞ്ഞു.


അഗാധതയില്‍ ആഴിയെന്നും സൌന്ദര്യം
സൂക്ഷിക്കുന്നു.
മറച്ചുവയ്ക്കപ്പെടുന്ന നിധിയെ ത്തേടുന്ന
കണ്ണുകള്‍.


നിലാവിലും,നിശയിലും ആകാശം മൂടി
വയ്ക്കാന്‍ ഒരു മൂടിതേടുകയായിരുന്നു
ഞാന്‍.
ഒരിക്കലും തേടിയതൊന്നും നേടിയില്ല
എന്ന തോന്നല്‍.
ഒടുവില്‍;
ഞാന്‍ കണ്ണടച്ചു ഇരുളിനെ കളിയാക്കി.


എന്നിട്ടും,
ഏഴുനിറങ്ങളും ഒളിഞ്ഞിരിക്കുന്ന പകല്‍
എന്നെ ത്തേടിയെത്തി.
അപ്പോള്‍ ഞാന്‍ എന്നെ മറയ്ക്കാനൊരു
മുഖംമൂടി തേടുകയായിരുന്നു!ശ്രീദേവിനായര്‍

Sunday, October 25, 2009

കണക്കുകള്‍ഉണര്‍വ്വിന്റെ നിമിഷങ്ങളങ്ങ
ളോരോന്നും സ്മരണയെ തൊട്ടു
ണര്‍ത്തുന്നഉറക്കച്ചടവിന്റെ
ഭാവങ്ങളായിരുന്നു.
പകലിനെ മറന്ന രാവുകള്‍.
രാവിനെ മറന്ന പകലുകള്‍
ഇണചേരാന്‍ മടിക്കുന്ന രാവുകള്‍,
ഇമയനങ്ങാത്ത പ്രഭാതങ്ങള്‍.
വിരഹത്തിന്റെ സന്ധ്യകള്‍
സംയോഗത്തിന്റെ പാതിരാവുകള്‍.പ്രകൃതിയെക്കാക്കുന്ന പ്രപഞ്ചവും
പ്രപഞ്ചത്തിന്റെ സ്വന്തം ശക്തിയും.
വിശദീകരിക്കാനാവാത്ത വിസ്മയത്തിന്റെ
അപാര പാരമ്യതയില്‍;
കേവലമൊരുമണല്‍ത്തരിപോലെ നാം...


അനന്തമായ അഗാധതയിലേയ്ക്ക്,
നീലിമയിലേയ്ക്ക്,ആഴിയുടെ അകലങ്ങ
ളിലേയ്ക്ക് അടുക്കാന്‍ ശ്രമിക്കുന്നു.


പരാജയംകൊണ്ട് വിജയംകൈവരി
ക്കാമെന്ന വ്യാമോഹം
പരാജയങ്ങളിലൂടെ വിജയത്തിലേയ്ക്കു
ള്ള വഴികള്‍തേടുന്നു.വീഥികളിലെ തടസ്സങ്ങള്‍ ഓരോന്നായ്
എണ്ണിത്തിട്ടപ്പെടുത്തുന്നു.
ഒന്ന്,രണ്ട്.മൂന്ന്..
എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത
സംഖ്യകളുടെ കണക്കുകളിലേയ്ക്കും
അളവില്ലാത്ത കോടികളുടെ
കള്ളക്കണക്കുകളിലേയ്ക്കും!

ശ്രീദേവിനായര്‍

Wednesday, October 21, 2009

കാലം

ചിന്തയിലെന്നുമേ ചിന്തയായ്ത്തീരുന്ന
ചിന്താപുഷ്പമേ,കാലമേ...
ചൈതന്യമോനീചാഞ്ചാട്ടമോ,
ചപലമാം മനസ്സിന്റെ മനസ്താപമോ?


മാറ്റങ്ങളിലെന്നുമ്മാറ്റമായ് തീരുന്ന
മാനവഹൃദയത്തിന്‍ പരിണാമമോ?
പരിതാപമോ,പലമോഹമോ?
പരിലാളനമാകുംപരിഭവമോ?


ചുറ്റും നിറയുന്നു ഗദ്ഗദങ്ങള്‍..
ചുറ്റാതെചുറ്റുന്നു വിശ്രമങ്ങള്‍..
വിടചൊല്ലിപ്പിരിയുന്നുമോഹങ്ങളും..
മനസ്സാകുമശ്വത്തിന്‍ ആശകളും..മനസ്സേ,കരയാതെ കാത്തിരിക്കു..
മനതാരില്‍ മോഹങ്ങള്‍ മറന്നേയ്ക്കു..
ഒരുപുലര്‍ക്കാലത്തെ കാത്തിരിക്കാം...
വരുമെന്നു നിനച്ചു ആശ്വസിക്കാം..
ശ്രീദേവിനായര്‍

Friday, October 16, 2009

ആവേശം


ആവാഹനംകൊണ്ട് ആശങ്കയും
ആവേശംകൊണ്ട് അഹങ്കാരവും
ആലസ്യംകൊണ്ട് അജ്ഞതയും
അനുരാഗംകൊണ്ട്അറിവ് കേടും
അധികരിച്ചുകൊണ്ടേയിരിക്കുന്നു.
ആവനാഴിയിലെ അമ്പുകള്‍
അനസ്യൂതം അലയുമ്പോള്‍
അറിവ് അജ്ഞത അകറ്റി
അരികിലെത്തുന്നു.


ആത്മാവിനോടൊത്ത്,
അണയാത്ത അഹംബോധമായി
അകലെയായീ,അരികിലായീ,
അറിയുന്നു.ശ്രീദേവിനായര്‍

Wednesday, October 14, 2009

നന്മ
ഒരുവരിയെങ്കിലുമെഴുതാനായെങ്കില്‍
നന്മയെന്നെഴുതീടാംകൈകളാല്‍ ഞാന്‍..
ഒരുചിത്രം മാത്രംവരയ്ക്കുവാനായെങ്കില്‍
അമ്മതന്‍ ചിത്രംഞാന്‍ വരച്ചുവയ്ക്കാം.ഒരു നോട്ടം മാത്രംനോക്കാന്‍ കഴിഞ്ഞെങ്കില്‍
നോട്ടത്തില്‍ ദീനരെ കണ്ടുനില്‍ക്കാം.
ഒരു ചിരിമാത്രം നല്‍കുവാനായെങ്കില്‍
പ്രകൃതിയെനോക്കിഞാന്‍ പുഞ്ചിരിക്കാം.


ഒരു ദുഃഖം മാത്രം അനുവാദമെങ്കിലോ,
ദുഃഖിക്കും മനസ്സിനെ താങ്ങിനിര്‍ത്താം.
ഒരുസുഖം മാത്രമേ കിട്ടുവാനുള്ളെങ്കില്‍,
ആസുഖമെന്നുമായ് മറച്ചുവയ്ക്കാം.ശ്രീദേവിനായര്‍

Thursday, October 8, 2009

ആശ്വാസം

ഉഷ്ണത്തിന്റെ സൂര്യകിരണങ്ങള്‍
ഉരുകിക്കൊണ്ടിരിക്കുമ്പോള്‍
ആശ്വാസത്തിന്റെ ചന്ദ്രരശ്മികള്‍
അലിവിന്റെ സാന്ത്വനമേകുന്നു.ഭൂമിക്കടിയിലെ നിഗൂഢരഹസ്യങ്ങളില്‍
ആഴ്ന്നിറങ്ങുന്ന ജീവന്‍
ആശാകിരണങ്ങളുടെ അവിശ്വസനീയമായ
ആശ്രയങ്ങളില്‍ ആശയവിനിമയം
ആഗ്രഹിക്കുന്നു.അറിയാത്ത അറിവുകളുടെ
ആജ്ഞാവര്‍ത്തിയായി അലയുമ്പോഴും
അന്യനെ അറിഞ്ഞുകൊണ്ട്
ആശ്വസിപ്പിക്കാന്‍,
ആശീര്‍വ്വദിക്കാന്‍,
ആശിക്കുന്നു.സൌന്ദര്യത്തില്‍ വൈരൂപ്യത്തിനും,
പ്രണയത്തില്‍കാമത്തിനും,
അകലാത്ത ആത്മബന്ധമുണ്ടെന്ന്
അറിഞ്ഞത് എന്നാണ്?


ആത്മാവിന് അറിയാത്ത അറിവുകള്‍
മനസ്സിനെ മനസ്സിലാക്കിയത്
മനസ്സാക്ഷിതന്നെയാണോ?


മനസ്സറിയാത്ത മനക്കണക്കുകള്‍
മനസ്സമ്മതമില്ലാതെ മുന്നില്‍ വന്നുനിന്ന്
മുട്ടുകുത്തുമ്പോള്‍,ഞാന്‍
മറ്റെല്ലാം മറക്കുന്നു.
മനസ്സെന്ന മൂഢയെമാത്രം
മാനിക്കുന്നു.
മാറ്റമില്ലാതെ!


ശ്രീദേവിനായര്‍

Saturday, October 3, 2009

പുഴ

പുഴയൊരുഅഴകായ് ഒഴുകുമ്പോള്‍..
അഴകേ നിന്‍ ചിരികാണുന്നൂ..
നിഴലിന്‍പുഞ്ചിരികണ്ടൂഞാന്‍
അഴലുകളൊക്കെ മറക്കുന്നൂ....


നിറയുംനീര്‍മഴനിറവുകളായ്...
നീലനിശീഥിനിതന്മാറില്‍..
നീയറിയാത്തൊരുപ്രണയവുമായ്..
നിന്നെക്കാത്തുമയങ്ങുന്നൂ...


പുഴയൊരു അഴലായ് ത്തീരുമ്പോള്‍
അഴലേ നിന്മിഴികാണുന്നൂ..
നിറയും മിഴിനീര്‍ കാണാതെ...
വഴിയറിയാതെഞാന്‍ ഉഴലുന്നൂ....ശ്രീദേവിനായര്‍