Monday, November 22, 2010

ആത്മമിത്രം

ഇന്നലെയും ആത്മാവന്യേഷിച്ച ആത്മമിത്രത്തെ
ഞാന്‍ കണ്ടു.
ആത്മാവറിയാതെ അലഞ്ഞ അവന്റെ ആത്മ
രോഷങ്ങള്‍,
ആത്മരോദനങ്ങളായി മാറിക്കൊണ്ടേയിരുന്നു.

അകലങ്ങളില്‍ അലഞ്ഞ അത്മാവിന്റെ
ആഴങ്ങളിലേയ്ക്ക് അവന്‍ അലസനായി
അലഞ്ഞുകൊണ്ടേയിരുന്നു.

അവനറിയാത്ത അവന്റെ ആത്മാവ്,
അപ്പോഴൊക്കെ അവനെ പരിഹസിക്കുകയാ
യിരുന്നു!


ശ്രീദേവിനായര്‍.

Monday, November 15, 2010

പനിനീര്‍പ്പൂവ്

നീ,
നമ്മുടെ ശരീരത്തെ മറക്കുക.
ആത്മാവിനെ തെരയുക.
നമ്മുടെ പ്രണയം ദേശകാലഭേദമൊക്കെ
മറന്ന്,
യുഗയുഗങ്ങളായി അലഞ്ഞു തിരിയുന്ന
പ്രണയ സാഫല്യത്തെ പൂര്‍ത്തീകരിക്കട്ടെ!


അവിടെ നമുക്ക് ഉടയാടകളില്ല.
രതിബന്ധങ്ങളില്ല,
നീയും ഞാനുമെന്ന ഭേദമില്ല.

നിന്റെ പ്രണയത്തിനു പകരം തരാന്‍
എന്റെ ആത്മാവില്‍ പൂത്തുലഞ്ഞ
പ്രതീക്ഷയുടെ ഒരു പനിനീര്‍പ്പൂവുമാത്രം!

അതിലിറ്റു വീഴുന്ന ഓരോപനിനീര്‍ത്തുള്ളിയും
നീ എന്നില്‍ നിറയ്ക്കുന്ന സ്നേഹത്തിന്റെ
ജീവതന്തുക്കളാവട്ടെ!




ശ്രീദേവിനായര്‍.

Sunday, November 7, 2010

ചിന്ത

മനസ്സിന് നല്ലചിന്തകളെയും,
ശരീരത്തിന് നല്ല വസ്ത്രങ്ങളെയുംനല്‍കി.

എന്നാല്‍ ചിന്തകളുടെ തീവ്രതയില്‍
മനസ്സ് അസ്വസ്ഥമായപ്പോഴെല്ലാം,
അവയുടെ ഗഹനതയില്‍ അനിര്‍വ്വചനീയ
മായ ആനന്ദം അനുഭവിച്ചുകൊണ്ടേയിരുന്നു.


ശരീരത്തിന്റെ   സൌന്ദര്യത്തില്‍,
വസ്ത്രങ്ങള്‍ ദു:ഖിച്ചപ്പോഴെല്ലാം
വികാരങ്ങളില്‍ അവ സന്തുഷ്ട
രായിരുന്നു.



ആശ്വാസത്തിന് നിശബ്ദതയെയും,
വിശ്രമത്തിനുഏകാന്തതയെയും,
കൂട്ടുപിടിച്ച ഞാന്‍  മഴത്തുള്ളിയെ
മോഹിച്ചത് ഉള്ളിലെ കടല്‍ കാണാ
തെയായിരുന്നുവോ?



ശ്രീദേവിനായര്‍.