
മനുഷ്യരെ സ്നേഹിക്കാന്‍ നമുക്ക് മടിയാണ്.
മലകള്‍ സഞ്ചരിച്ചു തുടങ്ങിയാലും നാം സ്നേഹിക്കില്ല.
നമുക്ക് ഒരാള്‍ മരിക്കുമ്പോള്‍ സ്നേഹം തോന്നിയേക്കാം.
ആ സ്നേഹം എവിടെ നിന്നു വരുന്നു?
അസ്ഥികള്‍ക്കുള്ളില്‍ നിന്നോ???
മനസ്സിലെ, അഗാധമായ പ്രാചീനകാലങ്ങളില്‍ നിന്നോ???
ശരീരത്തിനുള്ളിലെ കടലെടുത്തുപോയ
പുരാതന-നാഗരികതകളില്‍ നിന്നോ???
നമ്മെക്കുറിച്ച് നമുക്കൊന്നും അറിയില്ലെന്നൊ???
ജീവിക്കുന്നവനെ, ജീവിക്കാന്‍ പാടുപെടുന്നവനെ,
നാം വെറുപ്പുകൊണ്ട് സ്നാനം ചെയ്ത് വീക്ഷിക്കുന്നു!
എല്ലാ മനുഷ്യാസ്തിത്വങ്ങളെയും സഹിക്കാന്‍
പറ്റാത്ത വിധം ഒരോരുത്തരും ചുരുങ്ങിയിരിക്കുന്നു!
മരിക്കുന്നവനു എതോ നന്മയുടെ ഒരു
പങ്ക് നാം പെട്ടെന്ന് എത്തിച്ചു കൊടുക്കും.
മരിക്കുന്നവന്‍ ഒന്നും എടുക്കില്ലല്ലോ!
അവന്റെ നിസ്വാര്‍ത്ഥതയിലാണ്, നമ്മുടെ കണ്ണ്.
നാം എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ സ്നേഹിക്കും???