Sunday, August 24, 2008

വാക്കുകള്‍

എന്റെ വാക്കുകള്‍ ഒട്ടും
സംസ്ക്കാരമില്ലാതെ
എന്നെ ഉപേക്ഷിച്ച് യാത്രയായി.

സംസ്ക്കരിക്കാത്ത വാക്കുകള്‍
കവിതയാകാന്‍
ശ്രമിച്ചപ്പോഴൊക്കെഞാന്‍ വിലക്കീ.

വാക്കുകള്‍ പറഞ്ഞു;
ഞങ്ങള്‍ക്ക് കവിതയാകണം.
കവിയാണ് അവരുടെ ശത്രുവത്രെ!

വാക്കുകള്‍ കവിയെ വിട്ട്
സ്വയം രംഗം പിടിച്ചെടുക്കുകയാണ്

വാക്കുകള്‍ക്ക് കവിതയാകാനുള്ള
മണ്ണെവിടെ?

വാക്കുകള്‍ പറഞ്ഞു;
മണ്ണു ഞങ്ങള്‍ വാങ്ങും.
ലോകം മുഴുവനായി വാങ്ങിയാലും
മതിവരാത്ത വാക്കുകള്‍
അന്യേഷിച്ചതുസത്യത്തെയായിരുന്നു.

ഒടുവില്‍ അവര്‍ തോല്‍വി സമ്മതിച്ച്
വീടിന്റെ പടിവാതില്‍ക്ക-
ലെത്തിയപ്പോള്‍
ഞാന്‍ ചോദിച്ചു;എന്തു പറ്റി?

വാക്കുകള്‍ പറഞ്ഞു;
ഞങ്ങള്‍ തോറ്റു.
സത്യത്തെ മാത്രം കണ്ടെത്താനായില്ല.
സത്യാന്യേഷകരെ ,
എത്രവേണമെങ്കിലും തരാം.


ശ്രീദേവിനായര്‍.

5 comments:

mayilppeeli said...

ദേവിയേച്ചീ,

തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും കാത്തിരിയ്ക്കുന്നതും, തിരികെ കിട്ടാത്തതിനെ തേടുന്നതും, തരാത്തതിനെ പിടിച്ചു വാങ്ങാന്‍ ശ്രമിയ്ക്കുന്നതുമൊക്കെ മനുഷ്യസഹജമല്ലേ, അപ്പോള്‍ സത്യത്തെ തേടിയുള്ള തിരച്ചില്‍ നിര്‍ത്തി തോറ്റുമടങ്ങാനോ? തിരച്ചില്‍ തുടരുന്നതല്ലേ നല്ലത്‌, എന്നെങ്കിലും കണ്ടുപിടിയ്ക്കാന്‍ കഴിഞ്ഞാലോ! കവിത ഇഷ്ടപ്പെട്ടു...സ്നേഹത്തോടെ മയില്‍പ്പീലി.

simy nazareth said...

ഇത് നന്നായിട്ടുണ്ട്. ഇടയ്ക്ക് വേണ്ടാത്ത ഒരു ! ചിഹ്നം കണ്ടെങ്കിലും..

അനോണിമാഷ് said...

സിമി,
! ചിഹ്നം വേണ്ടാത്തതൊ? വാചാലമായ അര്‍ത്ഥതലങ്ങളില്ലേ അതിന്? ചിലപ്പോള്‍ വാക്കുകള്‍ക്ക് പറയാനാവാത്തതിലേറെ ചിഹ്നങ്ങള്‍ക്ക് പറയാനായെന്നു വരും. കവി അളന്നുമുറിച്ചാണ് ഒരു കുത്തു പോലും ഉപയൊഗിക്കുന്നത്.

ഷാജൂന്‍ said...

ഇതു നല്ല കവിത.
(ശ്രീദേവി നായര്‍ എന്ന പേരിനു പകരം മറ്റേതെങ്കിലും പുലിയുടെ പേരായിരുന്നുവെങ്കില്‍ മലയാളം പണ്ഡിറ്റ്‌ മാഷ്‌ മിണ്ടില്ലായിരുന്നു.)
വീണ്ടും വീണ്ടും എഴുതുക.

അനോണിമാഷ് said...

ഷാജൂന്‍, ഇതു നല്ല കൂത്ത്,നല്ലതാന്ന് പറഞ്ഞതും കുറ്റമോ? ഒരിക്കല്‍ ഒരു കുറ്റം ചെയ്തെന്നു പറഞ്ഞ് എപ്പോഴും എന്നെ ഇങ്ങനെ ക്രൂശിക്കണോ?പ്ലീസ്, പ്ലീസ്.. അങ്ങനെ പറയരുത്