Wednesday, January 31, 2018


അമ്മ 

ഹൃദയത്തിൽ ചേർത്തു വച്ചു  
വളർത്തിയമ്മ മക്കളെ ,,,,
ഓരോശ്വാസം പകുത്തു നല്കീ 
അവർക്കു വേണ്ടി ശ്വസിക്കുവാൻ ...

പുഞ്ചിരിക്കും പൊൻമുഖത്തിൽ 
സ്വപ്നമായിരം നെയ്തവർ ..
പിച്ചവയ്ക്കാൻ തുടങ്ങുമ്പോൾ  
അത്ഭുതത്താൽ  നോക്കിയോ ?

കാല്‌നോവാതിരിക്കുവാൻ 
പാദുകമായ് സ്വയം മാറിയോ ?
അമ്മയെന്ന് വിളിക്കുമ്പോൾ  
ആത്മജീവനും നൽകിയോ ?

അക്ഷരങ്ങൾ കുറിക്കുവാൻ 
ജീവരക്തം നൽകിയോ ?
പടർന്നുയരാൻ സ്വയമൊരു 
മരമായി മാറിയോ ?

മനസ്സിലെന്നും സൂക്ഷിക്കാൻ 
ഒരു മായാ കാവ്യമായിന്നു 
മാറിയോ ?

പട്ടംശ്രീദേവിനായർ  

Sunday, February 26, 2017

ശിവരാത്രി
     
ഹിമവൽ സാനുകൾക്കഭയം 
      ഹൈമവതീശ്വര ചരണം
       ഗിരിജാവല്ലഭ ജഗദിശ്വരനെ 
      പരമേശ്വരനെ ശരണം  ....    
        തവ ചരണം !

    മഹേശ്വരാ സർവ്വേശ്വരാ 
    ഭുതേശ്വരാശ്രീ  ഭുവനേശ്വരാ 
    സിദ്ധേശ്വരാ ഗംഗേശ്വരാ ...
    നമോ .നമഃ നമശ്ശിവായ

ദുഃഖ വിനാശന പാപവിമോചന .
       പാർവ്വതി  വല്ലഭാ ഭഗവാനെ 
       പാപ ഹരണ പാപവിമോചന 
        പുണ്യ പ്രഭാ മയാ ശ്രീരൂപാ 

     
 
        ദേവാദി രൂപ വേദാധിനാഥാ 
       വേദസ്വരൂപ വേദാർത്ഥസാര 
       വേദങ്ങളെല്ലാം നിൻ സൃഷ്ടിയല്ലോ 
     സർവ്വജ്ഞ ത്രൈലോക്യ ബന്ധോ മഹേശാ ....

     ക്ഷിപ്രപ്രസാദി ക്ഷിപ്ര പ്രകോപ 
     ക്ഷിപ്ര പ്രകാമം  ക്ഷമസ്വാ മഹേശാ
      
    സർവ്വേശ സർവ്വ പാപാപഹാരാ 
    സർവ്വം  ക്ഷമിക്ക .."എൻ സർവ്വാപരാധം "!

നമോ നമഃ നമോനമഃ
 നമോ നമഃ 
നമശ്ശിവായ !......
 
പട്ടം ശ്രീദേവിനായർ 
 

Tuesday, February 21, 2017


പ്രണയം
-----------------

അറിയാതെ അറിയാതെ അരികിലെത്തി,
എന്റെ അളകങ്ങൾക്കിടയിൽ
വിരൽപരതി ...

പ്രണയത്തിന് പനിനീർ പൂ ഒന്നുതന്നു  പിന്നെ
തൂവാലകൊണ്ടെന്റെ മുഖം മറച്ചു;;അവൻ
പിൻകഴുത്തിൽ വീണ്ടും   മുഖമമർത്തി ...

അലിവായിനെറ്റിയിൽ തിലകം ചാർത്തി
 അതിൻ മേൽ പ്രണയത്തിൻ  മുദ്രനല്കി ...

കണ്ണുകൾപൊത്തിയ കൈവിരൽത്തുമ്പിൽ,
എൻകൈകളെന്തിനോ തെരഞ്ഞു നിന്നു,,,

ആരെന്നറിഞ്ഞതിൻ സ്പർശന മാത്രയിൽ -
അറിയാതെ  മിഴികൾ കൂമ്പിനിന്നു ,,,

ചുണ്ടുകളെന്തിനോ വിതുമ്പിനിന്നു
കാതുകൾ കളകാഞ്ചികേട്ടു ..
കണ്ണുകളെന്തോ കഥപറഞ്ഞു ,,പിന്നെ
നെറ്റിയിലൊരു കളഭക്കുറിതൊട്ടു തന്നു  !

പട്ടം ശ്രീദേവിനായർ 
അഴക്
------------

അഴകിന്റെ അഴകിനെ ചിന്തിപ്പോഴും  ...
അഴലിന്റെ അഴലിനെ തെരയുന്നു ഞാൻ .
.
അഴലോളം  അകലങ്ങൾ  അരുതായ്   ., എന്നും
അഴലുന്നു അഴകിന്റെ അഴകിലേയ്ക്കായ് ....

അഴകിന്റെ അതിവേഗം അകലെയായി ..ഇന്ന്
അഴകിന്റെ  അരികിലായി .. അതിമോഹങ്ങൾ! .. ..

  അഴകിന്റെ അകലങ്ങൾ  അറിയുമ്പോഴും ,,ഞാൻ
അറിവിന്റെ അഴകിലേയ്ക്ക് അലയുന്നുവോ ?

അതൊരറിവോ ?അഴകോ ?അറിയായ്മയോ ? 
അതിൻ പേരേത്  നാളേത് ?കുലമേത് ?ചൊൽ ?


പട്ടം ശ്രീദേവിനായർ

അഴകൊരു പാലാഴി പോലെ  ..
അതിൽ അറിവൊരു അമൃതകുംഭം
അതിലാരറിവൂ    ആർക്കു നേട്ടം ..
അത് തൻ വിധിവിളയാട്ടം


 

Saturday, February 18, 2017

പ്രണയഭൂമി
------------------


മഴനീരിൽ നിന്നൊരുതുള്ളിവന്നിന്നെന്റെ   ,
നെറുകയിൽ വീണെന്റെ ഉള്ളു കുളിർന്നു ,,,
ആകുളിരോർമ്മയിൽ മിഴിനീരുമാറ്റി
മഴമേഘമെന്നെതൊട്ടു  ത്തലോടി.....


മഴക്കാറ് തേങ്ങീ മഴയൊന്നു പെയ്യാൻ
മാമല മാറിൽ തന്നുടൽചേർക്കാൻ
ചുടുനെടുവീർപ്പുകൾ ആഞ്ഞാഞ്ഞുവീശി
മാമരകൂട്ടങ്ങൾ താളത്തിലാടി .....


ചുട്ടുപഴുത്തോരു ഭുമിയെപുൽകാൻ ,
മഴനീര് വീണ്ടും തപസ്സുതുടർന്നു ..
ഒരു കുളിർക്കാറ്റങ്ങു  വീശിത്തലോടി
ഭൂമി തൻ മാറിൽ ത്തഴുകിത്തലോടി

ഇതുകണ്ട് മഴമേഘം തുടികൊട്ടിപ്പാടി
ഒരുതുള്ളിക്കൊരുകുടം മഴ ഞാൻ നൽകാം
നിന്നിലലിഞ്ഞു ഞാൻ  നീയായിഒഴുകാം
പച്ചപ്പുകാണാൻ എനിയ്ക്കെന്നും മോഹം ..

എനിയ്ക്കെന്തുനൽകും ?പകരം  നീ  ചൊല്ലൂ
നിന്നാണെ എന്നാണെ സത്യം ഈ വാക്കു്
ഞാനെന്നും നിന്നെ പ്രണയിച്ച് നിൽക്കാം ,,,,,
പ്രണയത്താൽ ഭൂമിയെ  ഒരു   സ്വർഗ്ഗമാക്കാം  !

പട്ടംശ്രീദേവിനായർ 

നിനക്കായ്
------------------


പ്രിയതെ  നിനക്കായ്  വിരിയുന്നപൂക്കൾ
വിതുമ്പും പ്രകാശം ഇന്നെൻ  പ്രസാദം ...

തിരി നീട്ടി നിന്നു  ചിരിക്കുന്ന സൂര്യൻ,
തെളിക്കും  പൊൻ കതിർ
എന്നുംവിളക്കായ്

മനസ്സിൻ  നിലാവത്ത് നമുക്കൊന്നിരിക്കാം
മാനത്തെ നക്ഷത്ര കൂട്ടരെക്കാണാം ,

ആശയും ആശാകിരണവും പതിവുപോൽ
ജാലകവാതിലിൽ  മുട്ടിവിളിക്കാം !

പ്രണയ മനോഹര ഗീതങ്ങൾ നിൻ ചുണ്ടിൽ 
പ്രേമപരാഗമായ് ഉതിർനിന്നു വീഴാം !....

വ്യർത്ഥമാം ചിന്തകൾ എന്നും സന്ധ്യതൻ 
കുങ്കുമച്ചോപ്പിൽ  നിഴൽ   വീണ്ടും വിരിക്കാം..

 കുങ്കുമമില്ലാത്ത സന്ധ്യതൻ നെറ്റിമേൽ
എന്നും പ്രേമത്തിൻ   തിലകം  ..
ഞാൻ   ചാർത്താം !

പട്ടംശ്രീദേവിനായർ 

Friday, February 3, 2017

പെണ്ണഴക്
--------------

നോവിന്റെ നോവിലെ നേരറിവ് ,
നേരിന്റെ  നേർവഴി തായഴക് ..

മോഹങ്ങൾ നോവിന്റെ മിഴിയഴക് അതിൽ
 ദുഃഖങ്ങൾ പെണ്ണിന്റെ ചിരിയഴക് ..

അകലങ്ങൾ ആഴത്തിൻ കേട്ടറിവ് പിന്നെ
അരികിലായ് എപ്പോഴും നിറവറിവ്  ..

അഴകിന്റെ അഴകിലെ അറിവ്‌ അഴക്
അരുമയായെപ്പോഴും  മനമഴക് ..

കദനങ്ങളെന്നും  കനലറിവ്  ഒരു
കാമിനിയെന്നും സുഖമറിവ് ..

അറിവുകൾ നിറയുന്ന മനസ്സറിവ് എന്നും
അലിവിന്റെ അറിവിലെ പൂനിലാവ് !


പട്ടം ശ്രീദേവിനായർ 

Monday, January 23, 2017


ചിന്തകൾ
-------------------

എവിടെനിന്നു വന്നുവെന്നോ ?
എവിടേയ്ക്ക് പോകുമെന്നോ ?
ഏതുദിക്കിലേതു രൂപം .
ഏതുകാലമേതുഭാവം  ?

ഏതെന്നോ എന്തെന്നോ ,
എത്രകാലമെന്നതെന്നോ ?
എപ്പോഴുമിപ്പൊഴും ,
എന്നിലെന്നുമാശ്ചര്യം!

ഇന്നലെകൾ പോയ്മറഞ്ഞു ,
നാളെയോ പ്രതീക്ഷകൾ
ഇന്നല്ലോ സ്വന്തമെന്റെ
ഞാനെന്ന മായയിൽ !

ചിന്തിച്ചാൽ ചിന്തകൾ
ചന്തമില്ലാ ചെയ്തികൾ
ചൈതന്യ മെന്നുമുള്ളിൽ
ദിവ്യമാം പരിപാലനം


ഞാനാര്   നീയാര് 
നമ്മളെന്ന ചിന്തയേത്
നമ്മിലൂ ടെ ഒഴുകുന്നു
നന്മതൻ തെളിനീർ പുഴ ....



പട്ടം ശ്രീദേവിനായർ
 

Tuesday, January 10, 2017

തിരുവാതിര
                              
 ..

എന്നെ മറക്കാത്ത  ഓർമ്മയുമായ്
തിരുവാതിര രാത്രി വീണ്ടുമെത്തി ....

ആനന്ദ ഭൈരവി  പാടി നിന്നു ..
അവൾ ആകാശനീലിമ നോക്കി നിന്നു

ആയിരം പൗർണ്ണമി ഉദിച്ച പോലെ
അരുമയായ് നിന്നവൾ നടനമാടി,,,

ചാരുതയേറിയ ചുവടുവച്ചു  ഒപ്പം
സഖി മാരുമായൊത്തു കളിപറഞ്ഞു ...

ഒരു രാത്രി ദേവനോടൊത്ത്  നിൽക്കാൻ
മനസ്സിലൊരായിരം വ്രതങ്ങൾ  നോറ്റു

അഷ്ട മംഗല്യവും  കളഭക്കുറിയും
പുളിയിലക്കരമുണ്ടും ദശപുഷ്പ വും

നടനകാന്തി നിന്നിൽ ജ്വലനമാക്കി
പ്രിയസമാഗമ മോഹമുണർത്തി ...


.പട്ടം ശ്രീദേവിനായർ
 

Thursday, December 22, 2016

എല്ലാ സ്നേഹിതർക്കും എന്റെ സ്നേഹം നിറഞ്ഞ 
ക്രിസ്മസ്  ആശംസകൾ



ശ്രീയേശുനാഥൻ
-----------------------


മണ്ണിന്റെ  പുണ്യമായ്  വിണ്ണിന്റെ തേജസ്സായ്‌ ,
ഭൂ മിയിൽവന്നുപിറന്ന നാഥാ .....
മർത്യന്റെ നന്മക്കായ് നീയെന്നും തപം ചെയ്തു
ജീവനിൽ നോവുകളേറ്റെടുത്തു .....

നീയേശുനാഥാ .......


ക്രുരനാം മർത്യൻറെ  പൊള്ളുന്ന കൂരമ്പിൻ
പാപങ്ങൾ  ഏറ്റു നിൻ   സ്വന്തമാക്കി,                        
പാപങ്ങളെല്ലാം പൊറുക്കുവാൻ കേണു നീ      
സ്വർഗ്ഗപിതാവിനോടെന്നും   വിനീതനായ്
ശ്രീയേശുനാഥാ

ജന്മങ്ങളായിരം ജീവജലംകൊണ്ട്
ജന്മപുണ്യം നൽകി മുക്തരാക്കി ......
പാപിയെപ്പോലും  പരിശുദ്ധമാക്കുന്ന
പാപ വിമോചന നാഥനായി .....

 ശ്രീയേശുനാഥനായി .....


പട്ടം ശ്രീദേവിനായർ



 

Monday, November 28, 2016

തണൽമരം
-------------------

മുൻപേ ചിരിച്ചോരു അന്പിൻ   മുഖങ്ങളിൽ ,
പിന്നെ ഞാൻ കണ്ടതോ ക്രോധമുഖം ..
സ്നേഹത്തിന് പാലാഴിതീരത്ത് കണ്ടത്
മോഹവായ്‌പിന്റൊരു നഷ്ടബോധം ,,,

എന്തെന്നറിയാതെ നാലുപാടും നോക്കി ,
നന്നേ പകച്ചുഞാൻ ഉള്ളിലായി ..
ഒട്ടല്ലാ കൗതുകം എൻ മനസ്സാക്ഷിതൻ
മൗനം തെരഞ്ഞതിൻ പൊരുളറിയാൻ !


ചാരത്തണയ്ക്കുവാൻ  മെല്ലെത്തലോടുവാൻ ,
ആ മാറിലെന്നുംഅഭയം വേണം .
ജന്മജന്മാന്തരപുണ്യകർമ്മങ്ങൾക്കായ്
എന്നുമീ ജന്മത്തിൽ രക്ഷകനായ്‌ ....!

കാമവും ക്രോധവും പിരിയാത്തോരീ ജന്മ ,
ലോകത്തകമ്പടി ആകവേണം
എങ്ങിരുന്നാലും  നിൻപദനിസ്വനം
കേൾക്കുവാനായ് എൻ മനം കൊതിക്കും!

"വർഷങ്ങളേറെപ്പിരിയാതിരിക്കണം
പിരിയുന്നതും ഒപ്പംകർമ്മഫലം !
പിരിയാൻ തുടങ്ങുമ്പോഴുംനിറകണ്ണാൽ
കുങ്കുമം ചാർത്താൻ  നിൻകൈകൾ വേണം!"


പട്ടം ശ്രീദേവിനായർ
 

Sunday, November 27, 2016

നീയും ഞാനും
--------------------



പാതിമറഞ്ഞൊരു പകലാണ് നീ
മൂടിമറഞ്ഞൊരു  അഴലാണ് ഞാൻ....

എന്നിൽ വീണടിയുന്നു പ്രകൃതിയും പ്രപഞ്ചവും ,
സ്വപ്ങ്ങളെന്നുംഅകലെയായ്മറയുന്നു ...

പൊട്ടിയകൈവളത്തുണ്ടുകളിൽ ഒരു
ചിത്രം ഒളിപ്പിച്ച് ഞാൻ ഒളിഞ്ഞു നോക്കി ...

അതുബാലചാപല്യമോ കൗമാരസ്വപ്നമോ ?
യൗവ്വനകാന്തിതൻ ശിഷ്ടങ്ങളോ ?

വാർദ്ധക്യമെന്നെ തൊട്ടുതലോടാതെ
ഓടിയൊളിക്കുമോ അനന്തയിൽ ?

അർദ്ധനാരീശ്വര സന്നിധി തോറുമെൻ
ആത്മാവ് കേഴുന്നോ മോക്ഷത്തിനായ്

ഒരായിരം വർഷമീ ഭുമിയിൽ സ്നേഹത്തിൻ .
ചാരുശില്പമായ് ഞാൻ മാറിയെങ്കിൽ

എന്നിലെയാത്മാവിൻ അന്തർഗ്ഗതമെന്നും
നിഷ്കാമ  മോക്ഷത്തെ കാമിച്ചേനേ ...!


പട്ടം ശ്രീദേവിനായർ 

Monday, November 14, 2016



എല്ലാ കൊച്ചുകൂട്ടുകാർക്കും  ശിശുദിനാശംസകൾ
------------------------------------------------------------

ശിശു വായിട്ടിരിക്കുവാൻ മോഹിച്ച് ഞാനിന്നും ,
ശൈശവത്തിൻ  കുളിരോർമ്മതന്നിൽ.

പനിനീർ  മഴയിൽ  നനഞ്ഞു പിന്നെ,
സ്നേഹപ്പുഴതന്നിൽ കുളിച്ചുതോർത്തി..!

റോസാദളം പോലെ നയന സുഖം   ..ഒരു
തുളസിക്കതിർ പോലെശുദ്ധ മനം ,

നിഷ്ക്കളങ്കംകണ്ണിൽ സാഹോദര്യം ...
എല്ലാം ഒന്നുപോൽ നോക്കിനിന്നു ,

ശൈശവ മാനസം മൃദുലതരം .....!

പട്ടം ശ്രീദേവിനായർ 

Sunday, November 6, 2016

നിമിഷങ്ങൾ  
--------------------

നഷ്ടപ്രണയത്തിൻ 
മൂകമാംസാക്ഷികൾ

ആരെയോ കാത്തുനിന്നു
.എന്തിനോ വേണ്ടിനിന്നു ....

വരുവാനാവില്ല വരുമെന്നുറപ്പില്ല.
എന്നിട്ടും ഓർത്തെടുത്തു ..

മോഹത്തിൻ  നിമിഷങ്ങളെ ,
വാഗ്‍ദാന ചിന്തകളെ ....

ശോകത്താൽ ഉള്ളുരുകീ 
കണ്ണിൽ സ്വപ്നങ്ങൾ വീണുറങ്ങീ ..

ചിന്തകൾക്കും ജോലി  ഭാരം ..
 കവിതകൾക്കോ കദനരൂപം  ..

ആധാരശിലയിലെ ആശ്രയപരൂപത്തിൽ
അറിയാത്ത സ്വപ്നവികാരം ..!
എന്നും അടങ്ങാത്ത മോഹ വിദൂരം ....


പട്ടം ശ്രീദേവിനായർ 

Monday, October 31, 2016

കേരളം
----------------------

കേരളമെന്നൊരു നാടുകണ്ടോ ?
അത് മലയാളി മങ്കതൻ  മനസ്സുപോലെ!

മനതാരിലായിരം സ്വപ്‌നങ്ങൾ കൊണ്ടവൾ
മറുനാട്ടിൽപോലും മഹത്വമേകി ...

സത്യത്തിൻ പാൽപുഞ്ചിരിതൂകുന്നു
തുനിലാവൊത്തൊരു പെൺകൊടിയായ്.

പൂക്കളം തീർക്കുന്നു തിരുവോണത്തിൽ അവൾ
പുതുവർഷംഘോഷിക്കും ആര്ഭാടമായ് ...

പാട്ടും മേളവും  ആർപ്പുവിളികളും
 ആത്മാഭിമാനവും കാത്ത് വയ്ക്കും..

ജാതിയുമില്ല മതവുമില്ല അവൾക്കെല്ലാ
മതസ്ഥരും ഒന്നുപോലെ .....

മലയാളമേ കേരളമേ കേരവൃക്ഷങ്ങൾ തൻ ചാരുതയേ   .....
നെല്ലോലതൻ  കുളിർ തെന്നൽപോലെ

സ്നേഹമായ്  നല്ലൊരു സോദരിയായ്   ..
എന്നെന്നും മർത്യർക്ക് ആശ്വാസമായ് ...

തുഞ്ചന്റെ തത്തയെ പാടി പുകഴ്ത്തുവാൻ
പാട്ടിന്നീണ മായ് നിന്നവൾ നീ ...

കുഞ്ചന്റെ മേളത്തിനൊപ്പം നിറഞ്ഞാടി
ചന്തത്തിലാറാടി നിന്നവളും !


ആട്ടവും ,പാട്ടും ,കഥകളി ,നൃത്തവും
ആടിയുലയും തിരുവാതിര ....

എന്നുംമനസ്സിലൊ രായിരം സുന്ദര
സങ്കൽപ മാറാടി നില്പ വൾനീ

.മലയാളമെന്ന മഹാവാക്കിനർത്ഥവും.
മാഞ്ഞുപോകാതെ നീകാത്ത് നിൽപ്പൂ ..

എവിടെയാണേലും നിൻ മടിത്തട്ടിലായ്
ഓടിയെത്തും നമ്മൾ മലയാളിയും ...!

പട്ടം ശ്രീദേവിനായർ

 

Friday, October 7, 2016

അക്ഷരദേവി
---------------------

നവരാത്രി സന്ധ്യകൾകൺ തുറന്നു
മനസ്സിലൊരായിരം തിരിതെളിഞ്ഞു .
അക്ഷരദേവിയെ തൊഴുതു നിന്നു ഞാൻ
എന്നുള്ളം അകവും പുറവും  ശുദ്ധമാക്കി ...

അറിയാതെ അറിയാതെ അറിയുന്നു ഞാൻ
അറിവായി നിന്നെയെന്നരികിലായി ....
അറിയുവാനറിയാതെ  അകലുന്ന അറിവാർത്ഥി
അറിയുന്നുവോ  നിന്റെ അണയാ  പ്രവാഹം ?


അലസമായ്  അലിയുന്ന  അറിവിന്റെ  നിറവ്
അറിയായ്കിൽ  നിന്നെ അറിയുന്നവരുണ്ടോ ?
അക്ഷരദേവിതൻ   അമല പ്രകാശം
അക്ഷമയാൽ ഞാൻ നോക്കിനിന്നു ....

അകലെയായി ഞാൻ കാതോർത്ത് നിന്നപ്പോൾ
അശരീരിയായ് സ്വരം  കാതിൽ നിറഞ്ഞു !


പട്ടം ശ്രീദേവിനായർ
 

Monday, September 12, 2016

തിരുവോണം
---------------------


സമ്പന്നരുടെ ഓണം ,
ദരിദ്രരുടെ ഓണം,
സാധാരണക്കാരന്റെ ഓണം ,
അത്താഴ പട്ടിണിക്കാരന്റെയും ,മുഴുപ്പട്ടിണി
ക്കാരന്റെയും ഓണം ,

ബന്ധങ്ങൾ മറക്കുന്നഓണം ,
ബന്ധങ്ങൾ പുതുക്കുന്ന ഓണം ,

ആഘോഷങ്ങളുടെയും സന്തോഷത്തിന്റെയും ഓണം
മനസ്സാക്ഷിമറക്കുന്ന ധാരാളിത്തത്തിന്റെ ഓണം ,
എന്നിരുന്നാലും തിരുവോണമേ
  നിന്നെ ഞാൻ സ്നേഹിക്കുന്നു .....
പ്രതീക്ഷിക്കുന്നു ,,,,

നീ ഒരായിരം കാത്തിരുപ്പുകളുടെ മോഹവുമായി
പുണ്യമായ്‌  സുകൃതമായ്  വീണ്ടും എത്തുന്നു .....

മോഹമെന്ന പ്രതീക്ഷകൾ ,,
ഒരു നാളിലും ഫലിക്കാത്ത സ്വപ്നങ്ങൾ ..
നിലയ്ക്കാത്ത നൊമ്പരപ്പാടു കൾ ,,
ഒത്തിരിയൊത്തിരി  കടപ്പാടുകൾ ...
ഉത്തരം കിട്ടാത്ത ചോദ്യങ്ങളായെന്നും
എന്നെ നോക്കിനിൽക്കുമ്പോൾ .....


വാഴ്ചകൾ ,വേഴ്ചകൾ ,വീഴ്ചകൾ ...
കാഴ്ചകളായ്  നാലുപാടും നിറഞ്ഞാടുമ്പോൾ ,
കണ്ചിമ്മി കാതോർത്ത്  ഞാനിരിക്കുന്നു ..!


വീണ്ടും ഒരു തിരുവോണത്തെ യും കാത്ത് ...... !

എന്റെ പ്രിയ വായനക്കാർക്കും  സ്നേഹിതർക്കും
സ്നേഹത്തോടെ യുള്ള  ഓണാശംസകൾ ....

പട്ടം ശ്രീദേവിനായർ  

Monday, September 5, 2016


നിശാഗന്ധി   ( ഗാനം )
-------------------

മിഴികൂമ്പി നിന്ന നിശാഗന്ധി ചോദിച്ചു
ഒരു തുള്ളി മഞ്ഞു നീ  തൂകീടുമോ ..

മിഴിനീരിലലിയാതെ കൺചിമ്മി നിന്നു ഞാൻ
നിന്നനുരാഗലഹരിയാവാം .....

ചന്ദനം ചാലിച്ച രാത്രി തൻ മാറിലായ്
ചന്ദനച്ചാർത്തായ് ചമഞ്ഞുനിൽക്കാം

രാപാർക്കുവാനായി നിൻമടിത്തട്ടിലായൊരു
രാഗലോലുപയായിമാറാം  ,,,


ഇന്ദുതൻ മാറിൽലയിച്ചലിയാം
 നിശാഗന്ധി യായി ചമഞ്ഞു നിൽക്കാം

മാസ്മര ലോകത്തെ കാണുവാനായി ഞാൻ
  രാഗവായ്പായി മാറിനിൽക്കാം ..

അരുതാത്ത തെന്തോ നിനച്ചുഞാനിന്നലെ
അകലങ്ങൾ കാത്തു നിന്നീടുന്നനേരം
അരികത്ത് നീ വന്നു ലാവണ്യമേ എന്റെ
അകതാരിൽ  ആത്മതാപമാക്കി .....

പട്ടം ശ്രീദേവിനായർ 

Monday, August 29, 2016

അമ്മ

ഒരു പഴമ്പായിൽ  പടിഞ്ഞിരുന്നീടുന്ന
അയലത്തെ അമ്മ തൻ കണ്ണുകളിൽ

കണ്ടതു ഞാനെന്റെ അമ്മതൻ  മിഴിനീരോ
ദുഃഖങ്ങൾ മറയ്ക്കുന്ന നറു ചിരിയോ ?

സന്ധ്യയ്‌ക്കു  നാമം ജപിക്കുന്ന അമ്മതൻ
ചുണ്ടുകൾ കീർത്തനം ഉരുവിടുമ്പോൾ ..

മനസ്സുരുകുന്നതുപോലന്നമ്മ  കേണതും
മക്കൾക്ക് വേണ്ടിമാത്രമായിരുന്നുവല്ലോ ?



അമ്മതൻ  നെഞ്ചിലെ സ്നേഹത്തിൻഭാഷയിൽ
കടൽത്തിരപോലെ തിരയിളക്കം ..

എന്റെ മനസ്സിന്റെ നിറവിലും  അമ്മയ്ക്കായ്
മിഴിനീരിൽ കുതിർന്നൊരു മൊഴിയിളക്കം !

പട്ടംശ്രീദേവിനായർ  

Tuesday, August 23, 2016

ശ്രീകൃഷ്ണൻ
-----------

യമുന  പിന്നെയും ഒഴുകുന്നു
യദുകുല കാമ്പോജി  പാടുന്നു ..
യദുകുലനാഥനെ മാറോടണച്ചവൾ
അകലങ്ങളിലേയ്ക്കകലുന്നു .....
അറിയാത്തതുപോലവളലയുന്നു  !(  യമുന )


മാധവ മനസ്സിലലിഞ്ഞുമയങ്ങിയ ..
രാധ ഇതെല്ലാം അറിയുന്നു ....
രാധാ മാധവം നിറയും മനസ്സിൽ
പ്രിയസഖി രാധ ചിരിക്കുന്നു  ( യമുന )


.ഗോപികമാരുടെ മോഹനസ്വപ്നവും
കാണാത്തതുപോൽ കാണുന്നു ...
മനസ്സിലൊരായിരം സങ്കല്പങ്ങൾ
ചിറകുവിരിച്ചുപറക്കുമ്പോൾ ,

മനസ്സുമയങ്ങും മധുരച്ചിരിയാൽ
യമുനയൊടെന്തവൾ   ചോദിപ്പൂ ?  (  യമുന )


പട്ടംശ്രീദേവിനായർ