Friday, December 28, 2007

ലോകതത്വം


വീണ്ടും വികാരങ്ങള്‍ മായാപ്രപഞ്ചത്തില്‍,
മാനവ രാശിയെ നോക്കിച്ചിരിക്കുന്നു,
വീണ്ടും പ്രതാപങ്ങള്‍ എന്തിനുമേതിനും
കാണാതെ പോകുന്നു കാണാക്കിനാക്കളെ.
കര്‍മ്മത്തിനും കര്‍മ്മകാണ്ഡത്തിനുമെന്നും,
കഷ്ടതമാത്രമാണെന്നും പ്രതിഫലം!
കാണാത്ത കര്‍മ്മത്തില്‍ വേണ്ടാത്ത മോഹങ്ങള്‍
ഒന്നൊഴിയാതെ നിരത്തിലിറങ്ങുന്നു.
വേദാര്‍ത്ഥങ്ങളെന്നും ചിരിക്കുന്നു
വേദനപോലുമൊരുകാലം രോമാഞ്ചം!
മാനവ ഹ്റദയത്തിന്നാഴിതന്നുള്ളിലെ
നിധികുംഭമാരാലുമെടുക്കുവാനാവില്ല!

Sunday, December 9, 2007

മനുഷ്യമനസ്സ്!

കാലഹരണപ്പെടാത്ത, മോഹങ്ങള്‍ മനുഷ്യമനസ്സിനെ പിന്‍തുടരുന്നു.
ശരീരം പാഴ്വസ്തുവാണെന്ന് മനസ്സിലാക്കുമ്പോഴും
മനസ്സ് കാമത്തിന്റെ പുറകേ പായുന്നു.
രതിക്കു കൊതിക്കുന്നൂ.........
ജന്മങ്ങളില്‍ വസന്തം പേറുന്നു..........
പുതുനാമ്പുകള്‍ ഉണരുന്നു!
സ്ഥായിയായ മനുഷ്യമനസ്സേതാണ്? വിചാരങ്ങളേതാണ്?
അത് മരുഭൂമിയിലെ മരീചികയായ്,
പ്രണയത്തിന്റെ കുളിരായ്,
പ്രേമത്തിനുവേണ്ടി കാത്തുനില്ക്കുകയും ചെയ്യുന്നു.
നിഗൂഡമനസ്സ് സ്ത്രീക്കുമാത്രമാണോ?
ആയിരിക്കാം. അവള്‍ക്ക്, മനസ്സില്‍
ഒരായിരം ചിന്തകളെ ഒളിച്ചു വയ്ക്കാന്‍ കഴിയുന്നു!
അതിലുപരി മോഹങ്ങളേയും, മോഹഭംഗങ്ങളേയും!
പൂര്‍ത്തികരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍ അവള്‍ നിത്യവും ചുമക്കുന്നു!
ഭാരം സഹിക്കുവാനാകാതെ, നെടുവീര്‍പ്പുകളായ്........
അവ പുറത്തുവരാന്‍ ശ്രമിക്കുന്നു. അപ്പോഴും അവള്‍,
പ്രതീക്ഷകള്‍ സൂക്ഷിക്കുന്നു!!!!!
പ്രണയത്തിനു, രൂപവും ഭാവവും പ്രായവുമില്ലെന്ന് മനസ്സിലാക്കുന്നു!!!

Saturday, December 1, 2007

അഗാധമായ പ്രാചീനകാലങ്ങള്‍


മനുഷ്യരെ സ്നേഹിക്കാന്‍ നമുക്ക് മടിയാണ്.
മലകള്‍ സഞ്ചരിച്ചു തുടങ്ങിയാലും നാം സ്നേഹിക്കില്ല.
നമുക്ക് ഒരാള്‍ മരിക്കുമ്പോള്‍ സ്നേഹം തോന്നിയേക്കാം.
ആ സ്നേഹം എവിടെ നിന്നു വരുന്നു?
അസ്ഥികള്‍ക്കുള്ളില്‍ നിന്നോ???
മനസ്സിലെ, അഗാധമായ പ്രാചീനകാലങ്ങളില്‍ നിന്നോ???
ശരീരത്തിനുള്ളിലെ കടലെടുത്തുപോയ
പുരാതന-നാഗരികതകളില്‍ നിന്നോ???
നമ്മെക്കുറിച്ച് നമുക്കൊന്നും അറിയില്ലെന്നൊ???
ജീവിക്കുന്നവനെ, ജീവിക്കാന്‍ പാടുപെടുന്നവനെ,
നാം വെറുപ്പുകൊണ്ട് സ്നാനം ചെയ്ത് വീക്ഷിക്കുന്നു!
എല്ലാ മനുഷ്യാസ്തിത്വങ്ങളെയും സഹിക്കാന്‍
പറ്റാത്ത വിധം ഒരോരുത്തരും ചുരുങ്ങിയിരിക്കുന്നു!
മരിക്കുന്നവനു എതോ നന്മയുടെ ഒരു
പങ്ക് നാം പെട്ടെന്ന് എത്തിച്ചു കൊടുക്കും.
മരിക്കുന്നവന്‍ ഒന്നും എടുക്കില്ലല്ലോ!
അവന്റെ നിസ്വാര്‍ത്ഥതയിലാണ്‌, നമ്മുടെ കണ്ണ്.
നാം എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ സ്നേഹിക്കും???