Tuesday, June 29, 2010

ഭ്രമം





മനസ്സിനുള്ളിലെ അതിശയങ്ങളുടെ
കെട്ടഴിച്ചെടുത്താല്‍,
ഏറ്റവും വിചിത്രമായത് ഭ്രമങ്ങളാണ്.



ഏതിനോടും,എന്തിനോടും,
ഏതു നിമിഷവും തോന്നുന്ന
ഭ്രമങ്ങള്‍!

അതിനടുത്ത് ഭദ്രമായിരിക്കുന്നതോ?
ജല്പനങ്ങള്‍.

ഒന്നിനോടും മമതയില്ലാത്ത മനസ്സിന്റെ,
അപൂര്‍ണ്ണവും,അപക്വവുമായ ചിന്തകള്‍.


അതുകഴിഞ്ഞാല്‍?
സ്വയമറിയാതുള്ള
ആത്മസംഘര്‍ഷങ്ങള്‍,
ആത്മസംയോഗങ്ങള്‍,
ആത്മാഭിലാഷം....
പിന്നെ,
ആത്മരോഷവും,ആത്മപ്രശംസയും!




ശ്രീദേവിനായര്‍.

Saturday, June 19, 2010

പ്രശസ്തി





പ്രശസ്തിയെന്ന സ്വയം അനുമാനം,
അപ്രശസ്തിയുടെ അളവുകോലാണത്രേ..
കീര്‍ത്തിയെന്ന പ്രഖ്യാപനമോ?
അപകീര്‍ത്തിയുടെ,നയപ്രഖ്യാപനവും!

സല്‍ പ്രവര്‍ത്തിയുടെ ഫലമോ?
സമാധാനവും!
അത്യാര്‍ത്തിയുടെ ആത്മാവിനു,
അന്ധതയുടെ വരദാനവും.


കാലാകാലങ്ങളില്‍ ,വിലപേശിവാങ്ങുന്ന
സൌഹൃദങ്ങളുടെ ,
അവസാന വാക്ക്,മരണവും!
അതു അത്മാവില്ലാത്തവനു അപ്രസക്തവു
മത്രേ!




ശ്രീദേവിനായര്‍.

Thursday, June 17, 2010

നിന്ദ






ചില്ലുപൊട്ടിയകണ്ണാടികണ്ടെന്റെ
സ്വന്തരൂപം മറന്നു ഞാന്‍.
വികൃതമായതിനുള്ളിലെന്റെ
സ്വന്തഭാവം തെരഞ്ഞു ഞാന്‍.


ആത്മതാപം മറന്നുഞാനെന്ന-
രികിലായി കണ്ടുനിന്‍,
ആത്മരോഷം പുകപടര്‍ത്തിയ
ആത്മാഹൂതികണ്ടു ഞാന്‍.


നന്ദികേടിന്‍ സ്വന്തമായ
നിന്ദകണ്ടു ചിരിച്ചു ഞാന്‍.
ആത്മതാപം കൊണ്ടുനിന്റെ
ചിതയെരിഞ്ഞതറിഞ്ഞു ഞാന്‍.




ശ്രീദേവിനായര്‍

Sunday, June 6, 2010

അര്‍ത്ഥങ്ങള്‍



പറയാനേറെയുണ്ട്..
കേള്‍ക്കാനാണധികവും.
പാണന്റെപാട്ടുപോലെ
പാഴ്ക്കഥയാവില്ലാ...


പഴമയ്ക്കു പൊന്‍ കുതിപ്പ്,
പുതുമയ്ക്കു മങ്ങലും,
പഴകിയ ജഡമായീ..
ബന്ധങ്ങള്‍ നാറുന്നു....


രാത്രിയ്ക്ക് മറനീക്കാന്‍
ലഹരിയ്ക്ക് പെണ്‍കാവല്‍
പകലിനു കൊതിതീര്‍ക്കാന്‍,
പലവട്ടം പലകാവല്‍....


വായ്ത്താരീ,മടുപ്പിച്ച,
അര്‍ത്ഥങ്ങള്‍മറക്കുന്നു..
അറിയാത്ത മനസ്സുകള്‍
പലവട്ടം പതറുന്നു.....




ശ്രീദേവിനായര്‍