Sunday, May 31, 2009

സ്വത്വം



പലഭാഷകളെയും,സ്വായത്തമാക്കാന്‍
ഞാന്‍ അവയെയെല്ലാം,സ്നേഹിച്ചു.
പ്രണയം,സ്നേഹം, ഇവയില്‍ക്കൂടി
അവരൊക്കെയും എന്റെ കാമുകരായി!



പലഗാനങ്ങളും,സ്വന്തമാക്കാന്‍ ഞാന്‍
അവയില്‍ അലിഞ്ഞുചേര്‍ന്നു.
അവയുടെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന്
ഞാന്‍ അവരായിത്തീരുകയായിരുന്നു!



പലകഥകളിലും,ഞാന്‍ സ്വയമുരുകി കഥാ
തന്തുവാകുകയായിരുന്നു!
എന്നാല്‍ മിക്കപ്പോഴും ആരുമറിയാതെ
ഞാന്‍ എന്നെ തെരയുകയായിരുന്നു!


എന്നാല്‍;
മനുഷ്യരെ സ്വന്തമാക്കാന്‍ ഒരിക്കലും
എനിയ്ക്ക് കഴിഞ്ഞില്ല!
കഴിഞ്ഞുവെന്ന്,ഞാന്‍ എന്നോടുതന്നെ
വിശ്വസിപ്പിക്കുകയായിരുന്നു!


ചിന്തകളില്‍ ധാരാളിത്തം കാട്ടുമ്പോഴെല്ലാം,
അനുഭവങ്ങളില്‍,അല്പം മാത്രം!
ഓരോ ഇടറുന്ന കാല്‍ വയ്പിലും;
പതറുന്ന ശ്വാസത്തിലും;
മനമുരുക്കുന്ന മനുഷ്യന്,
മറവിയില്‍ മാത്രം എന്നും ധാരാളിത്തം
നല്‍കിയതാരായിരിക്കാം?



ശ്രീദേവിനായര്‍

Wednesday, May 27, 2009

ചിന്തകള്‍




അവനവനെ അറിയുകയെന്നാല്‍,
അന്യനെ അറിയാതിരിക്കണമെന്നല്ല.
അന്യനെ സ്നേഹിക്കുകവഴി,
സ്വയം സ്നേഹം ഏറ്റുവാങ്ങുന്നു.

സ്മരണകളില്‍ ഗാഢമായത്,
നഷ്ടബന്ധങ്ങളെക്കുറിച്ചുള്ളതും,
വേദനകളില്‍ പ്രധാനം,മനസ്സിന്റേതും!


മായാബന്ധിതലോകത്തെമനസ്സിലാക്കാന്‍
മറന്നുപോയ മനസ്സ്,
മമതയുടേതുമാത്രം!



മറ്റാരും അറിയരുതെന്ന് മനസ്സില്‍കരുതുന്നത്,
എല്ലാപേരുമറിയാനായ്,
കൊട്ടിഘോഷിക്കപ്പെടുന്നു!


സര്‍ഗ്ഗപ്രതിഭയ്ക്കുമുന്നില്‍ മുട്ടുമടക്കുന്ന
യൌവ്വനം,
സര്‍ഗ്ഗാത്മകത വിലയ്ക്കുവാങ്ങാനും
കൊടുക്കാനും,
വിധിക്കപ്പെട്ടവരായി മാറുന്നു!


നാളെയുടെ പ്രതിഭയെ ഞാന്‍ ഇന്നേ
കണ്ടുകഴിഞ്ഞു;
എന്നാല്‍ ഇന്നലെയുടെ പ്രതിഭ ,
ഇന്നും ഇരുളില്‍ അലയുന്നു!


ചിന്തിച്ചാല്‍ ദുഃഖവും,
ഇല്ലെങ്കില്‍ സുഖവും തരുന്ന
വാക്കുകളില്‍ ഏറ്റവും തിളക്കമുള്ളത്;
“ഞാന്‍ നിന്നെ സ്നേഹിക്കുന്നു”



ശ്രീദേവിനായര്‍

Tuesday, May 19, 2009

പരിധികള്‍

വിസ്മൃതിയുടെ സമ്മാനം എന്നും
വ്യാകുലതകള്‍ മാത്രം!
വിസ്തൃതിയുടെ പ്രശ്നങ്ങള്‍
അതിരുകാക്കലും....



വിസ്താരമേറുംതോറുംസുഹൃദ്ബന്ധങ്ങള്‍
വ്യാകുലരാവുന്നു...
ഇടുങ്ങിയ ഇടങ്ങളില്‍ പരിമിതിയുടെ,
പരിധികള്‍ക്ക് എന്നും പരാതിയും!


പരിധിലംഘിക്കുന്ന പരിമിതികള്‍
പലപ്പോഴും പലതരത്തിലുള്ള
പാലായനങ്ങളില്‍ പണയപ്പെടുന്നു!
സ്വയം പണയവസ്തുവാകുകയും ,
അന്യനെ പണയപ്പെടുത്തുകയും ചെയ്യുന്നു!


എങ്കിലും,
ഓരോസ്മൃതിയിലും,
ഉണര്‍ത്തെഴുനേല്‍ക്കുന്നചിന്തകള്‍;
മനുഷ്യനെന്ന നന്ദിയില്ലാത്ത
മൃഗത്തിന്റെഇഷ്ടവിനോദംമാത്രമല്ലേ?



ശ്രീദേവിനായര്‍

Sunday, May 17, 2009

അമ്മ



ഭിക്ഷചോദിക്കുന്നൂ,അമ്മതന്മുന്നിലായ്..
ഇന്നിതാസ്നേഹത്തിന്‍മൃദുലമാംഭാവങ്ങള്‍..
അമ്മഉപേക്ഷിച്ചപൊന്‍കിളിക്കുഞ്ഞുപോല്‍...
എന്‍ മനംതേങ്ങുന്നൂ,വെറുതേപിടയുന്നു...



കൈകൂപ്പിനില്‍ക്കുന്നൂ,നിന്മൃദുസ്പര്‍ശനം...
എന്നെഞാനാക്കുമെന്നുള്ളൊരുചിന്തയാല്‍...
നീട്ടിയകൈക്കുമ്പിളിലമ്മതന്‍ ചുംബനം,
സ്നേഹസമ്മാനമായ് എന്നില്‍ നിറയുന്നു..


മെയ്ചേര്‍ത്തുനില്‍ക്കുമീയമ്മതന്‍സ്നേഹവും,
ചുടുകണ്ണുനീരിലെന്‍ ഹൃദയം നിറയ്ക്കുന്നു...
വീണ്ടും പുണരുന്നൊരമ്മതന്‍ കണ്ണിലെന്‍,
ആശകളെല്ലാം വീണ്ടുമുണരുന്നു..


എന്മനം നിറയുന്നു..എന്നകം കുളിരുന്നു...
എന്നമ്മതന്‍സ്നേഹമെന്നെയറിയുന്നു..
കണ്ണുനീര്‍ മാറാലകെട്ടിമറയ്ക്കുന്നു..
അമ്മതന്‍പൊന്മുഖം കാണാതെ തേങ്ങുന്നു....



ശ്രീദേവിനായര്‍

Thursday, May 14, 2009

കടലിന്റെ ദുഃഖം




ചുംബിച്ചുണര്‍ത്തുവാന്‍കൊതിക്കുംമനസ്സുമായ്,
നിലയ്ക്കാത്തസ്വപ്നമായ്കടലിന്നുംകേഴുന്നു..
നീലക്കണ്ണുകള്‍നിറയുന്നു,വിതുമ്പുന്നൂ..
അഴലുകളായിരംഅലകളായ്തീരുന്നു...


“നിറകടലേ,പെണ്‍കടലേ...
നീയറിയാത്തൊരുദുഃഖമുണ്ടോ?“


അടങ്ങാത്തസ്വപ്നങ്ങള്‍വിതുമ്പലായ്മാറുന്നു..
അലയാഴിയായിന്നും തിരമാലകരയുന്നു...
പ്രണയമായ്,തിരകളായ് ചുംബനവര്‍ഷമായ്...
തീരത്തിന്‍ഹൃദയത്തില്‍അടങ്ങാത്ത മോഹമായ്..


“നിറയുന്നപുഞ്ചിരി നിന്നിലുണ്ടോ?
കരയുന്ന മണ്‍ചിരാതുകണ്ടോ?“


തീരത്തിന്മടിത്തട്ടില്‍നിത്യവുംശയിക്കുന്നു..
അവനെയുമറിയാതെനിത്യവുംമടങ്ങുന്നു
ഒടുങ്ങാത്ത മോഹങ്ങള്‍ അടങ്ങാത്ത ദാഹങ്ങള്‍..
പ്രിയനെയുംകാക്കുന്നു വന്‍ തിരമാലപോല്‍...


വിരിയുന്നപകലിന്റെ സ്വപ്നമെല്ലാം..
തകരുന്നുവീണ്ടും അസ്തമയമായീ...



തുടുക്കുന്നുകവിള്‍ത്തടംപുലരിതന്നില്‍..
വിയര്‍ക്കുന്നുവെയില്‍തട്ടിസൂര്യനൊപ്പം....


ശ്രീദേവിനായര്‍

Monday, May 11, 2009

മിഥ്യ





ദുഃഖങ്ങളെല്ലാം പകുത്തുവയ്ക്കും,
ഒരുദുഃഖസന്ധ്യയ്ക്കുഞാന്‍കൂട്ടിരിയ്ക്കാം....
ദുഃസ്വപ്നമായെന്റെമനസ്സിലെത്തും,
മിഥ്യാബന്ധങ്ങള്‍തുടച്ചുമാറ്റാം....



കാണാമറയത്തു കാത്തുനില്‍ക്കും,
കാണാക്കിളിയെഞാന്‍ കാത്തിരിക്കാം...
കാലം മായകള്‍കാട്ടിനില്‍ക്കും,
കടമകളെല്ലാം ഞാന്‍ ചെയ്തുതീര്‍ക്കാം...



വെണ്മേഘമായ്ഞാന്‍ പുനര്‍ജനിയ്ക്കാം,
ആകാശദേശത്തു താമസിക്കാം..
മഴമേഘമായ് കുളിര്‍നിറയ്ക്കാം,
ഒരുതെന്നലിന്മനസ്സായ്തലോടിനില്‍ക്കാം..




ശ്രീദേവിനായര്‍

Thursday, May 7, 2009

വാക്കുകള്‍







ചെറുവാക്കായ്പോലുമ്മനസ്സിനെനോവിക്കാ-
നാവിനെയെന്നുംസ്വന്തമാക്കിവയ്ക്കാം.
ചെറുതോണിയായിഞാന്‍വന്‍ കടല്‍താണ്ടിടാം,
ആടാതലയാതെ ഉള്ളം താങ്ങിനിര്‍ത്താം...



വന്‍ തിരയാകുംവമ്പന്മാര്‍കാണാതെ,
തിരയിലൂടെന്നും തുഴഞ്ഞുപോകാം....
വീശിയടിക്കുംവന്‍ കാറ്റുതട്ടാതെ,
നിര്‍ഭയമായ് കടല്‍ നീന്തിപ്പോകാം...



വന്‍കടലുള്ളില്‍ത്തകരാതെനോക്കാംഞാന്‍,
സംസാരസാഗരം കണ്ടുനില്‍ക്കാം..
അറിയാതെവീഴുന്നവാക്കുകള്‍തടയാംഞാന്‍,
ഉള്ളത്തില്‍ തട്ടാതെ കാത്തുകൊള്ളാം...



നല്ലവാക്കോതുവാന്‍ കൃപയരുളീടുവാന്‍
സര്‍വ്വദൈവത്തെയും സാക്ഷിയാക്കാം...
സകലകാലത്തിലുംനന്മതന്നീടുന്ന
ജഗദീശനൊപ്പംഞാന്‍ യാത്രയാകാം....!




ശ്രീദേവിനായര്‍

Monday, May 4, 2009

പ്രതീക്ഷ

അസ്തമിക്കുമംബരാന്തംകാണ്‍കെ,എന്‍
കണ്ണില്‍നിന്നിറ്റുവീണുരണ്ടുതുള്ളികണ്ണുനീര്‍...
എന്തോ,നഷ്ടമാകുമ്മനസ്സുമായ്,
വിങ്ങിനിന്നുഞാനുമെന്‍ നിറമിഴികളാല്‍...


മറഞ്ഞീടുന്നുവോ,അര്‍ക്കനും?
എന്നുള്ളിലെ വെളിച്ചവും?
എന്നെനോക്കിപ്പുഞ്ചിരിക്കും
നിന്‍ കിരണവും വിടപറയുന്നുവോ?


ഇനിയുമെത്രകാത്തിരിക്കണംഞാന്‍;
നിന്നരുണിമനുകര്‍ന്നീടുവാന്‍?
ഉറങ്ങാതെഞാന്‍ നോക്കിനില്‍ക്കാം;
പുലരുവോളവും,നിന്നെസ്വായത്തമാക്കുവാന്‍!



ശ്രീദേവിനായര്‍