Tuesday, December 29, 2009

നവവത്സരാശംസകള്‍





സൃഷ്ടിച്ചെടുത്ത ലാഭങ്ങള്‍ ലാഭം,
നഷ്ടപ്പെടുമ്പോള്‍ അവ നഷ്ടവും.
തിരിച്ചുവരാത്ത സങ്കല്പങ്ങളെ
ഒരിക്കലുമോര്‍ക്കാതിരിക്കാം.


ജീവിതനേട്ടങ്ങള്‍യഥാര്‍ത്ഥനേട്ടങ്ങള്‍
അല്ല;
അതു കാണുന്ന,അനുഭവിക്കുന്ന രീതി
കളിലെ വെറും തോന്നല്‍ മാത്രം.



കാത്തിരിപ്പുകളുടെയാത്രയാണുജീവിതം.
വഴിയില്‍ക്കണ്ട മുഖങ്ങളിലെല്ലാം
പ്രതീക്ഷയുടെ തിളക്കം.


മേഘവര്‍ഷങ്ങള്‍ക്കിടയില്‍
മൂടല്‍മഞ്ഞുപെയ്ത താഴ്വാരങ്ങള്‍,
ചിന്തകളെ പ്രലോഭിപ്പിച്ചു
കൊണ്ടേയിരിക്കുന്നു.


തീര്‍ത്ഥയാത്രയുടെ സുകൃതം പോലെ,
മനസ്സ് നിറഞ്ഞ മംഗള വാദ്യം പോലെ,
ആകാശം നിറച്ചുവച്ച അഭിലാഷങ്ങളില്‍
“സ്നേഹത്തിന്റെ സ്വരം മാത്രം“.


പുതുവര്‍ഷത്തില്‍ എന്റെ പ്രിയ
പ്പെട്ടവര്‍ക്ക് സ്നേഹത്തിന്റെ
പനിനീര്‍ പൂക്കള്‍...


ശ്രീദേവിനായര്‍

Sunday, December 27, 2009

ബാക്കിപത്രം

നിലാവിലും വെയിലിലുംനിണമൊഴുക്കാം.
സങ്കല്പങ്ങളില്‍ കാമം വിതറാം,
രതി പടര്‍ത്താം.
എന്നാലുമെന്റെ പ്രണയത്തിനു
നീ കാത്തിരിക്കരുത്,
ആത്മാവിനു വിലപേശരുത്.


ശരീരം ശിശിരകാലം പോലെ.
അതില്‍ സ്വപ്നവസന്തങ്ങള്‍
വിരിയിച്ചെടുക്കാന്‍മോഹങ്ങള്‍ധാരാളം.


ഏഴുരാവും പകലും മധുവിധു
ആഘോഷിക്കുക.
പക്ഷേഎന്നെ ഓര്‍ക്കരുത്.

നിനക്കായി മിടിക്കുന്ന ഹൃദയവും
നിന്നെ പൂട്ടിവച്ച മനസ്സും
എന്നും എന്റെ മാത്രം സ്വന്തം.

അതില്‍ നിറയെ ഭൂതകാലത്തിന്റെ
നൊമ്പരസ്പന്ദനങ്ങള്‍
ബാക്കിപത്രം പോലെ!



ശ്രീദേവിനായര്‍.

Tuesday, December 22, 2009

കടല്‍

അലകടലേ നീയെത്ര ധന്യ!
നിന്നിലലിയാന്‍ കൊതിക്കുന്ന
നിന്നെ മോഹിക്കുന്ന,
മനസ്സുകളില്‍ നീയിന്നും ആര്‍ദ്രയാണ്,
സൌമ്യയാണ്,അജ്ഞതയുംഅറിവുമാണ്.

നിന്നിലഭയംതേടുന്നഞാന്‍നിന്നിലെ
നന്ദിയുടെ ഉപ്പുമാത്രം.
പ്രപഞ്ചത്തിന്റെ നന്ദി
ആകെസ്വാംശീകരിച്ച നീ,


കരയിലെ നന്ദികേടിനെക്കണ്ടു കണ്ണീരൊ
ഴുക്കുന്നുവോ?

രക്തത്തിനും,കണ്ണുനീരിനും,
ജീവരസങ്ങള്‍ക്കും ഉപ്പു അലിയിച്ച
നിന്റെ അസ്തിത്വം
എന്നെ ഒരു ഉപ്പുപ്രതിമയാക്കിമാറ്റി
ക്കൊണ്ടേയിരിക്കുന്നു.


നന്ദികേടിന്റെ നാഴികകളില്‍
മനുഷ്യബന്ധങ്ങള്‍ക്ക്സ്നേഹം നല്‍കി
ഞാന്‍ സത്യത്തിന്റെ മഹാസമുദ്രത്തില്‍
അലിഞ്ഞു ചേരട്ടെ!




ശ്രീദേവിനായര്‍

Monday, December 14, 2009

അക്ഷരം



അക്ഷരങ്ങളെന്നും എന്റെ
മോഹങ്ങളായിരുന്നു.
എന്നെ സ്നേഹിച്ചിരുന്നു,
വെറുത്തിരുന്നു.
ഒപ്പം പ്രണയിച്ചിരുന്നു.


സ്നേഹത്തില്‍അവന്‍ അമ്മയായിരുന്നു,
ശാസനയില്‍ അവന്‍ അച്ഛനായിരുന്നു.
നിയന്ത്രണത്തിലോ?
ഏട്ടനും!


ചിലപ്പോഴൊക്കെ ആരോരുമറിയാതെ
കാമുകനായിവന്ന്
എന്നെപിന്തുടര്‍ന്നിരുന്നു.



രണ്ട്-അക്ഷരങ്ങളെന്നും എന്റെ
പരാജയങ്ങളായിരുന്നു.
അമ്മ-യില്‍ കൂടി സ്നേഹവും,
പ്രേമ-ത്തില്‍ കൂടി കാമുകനും,
രതി-യില്‍കൂടി പങ്കാളിയും
ബന്ധം പങ്കുവച്ചുകൊണ്ടേയിരുന്നു.


പിരിയാന്‍ നേരം
ഞാന്‍ അവരോട് പറയാന്‍
കാത്തു വച്ചിരുന്നതും,രണ്ടേരണ്ടു
അക്ഷരംമാത്രം -വിട!


കടം-കൊണ്ടമനസ്സും,നിശ-യുടെ ശ്വാസവും
മുളയ്ക്കാന്‍ പാടുപെടുന്ന ബീജവും
കണക്കുകള്‍ തെറ്റിയ്ക്കുമ്പോള്‍
ഞാന്‍ വീണ്ടും തെരയുന്നൂ,

എന്റെ നഷ്ടപ്പെട്ട ബന്ധങ്ങളെ,
പ്രിയപ്പെട്ട അക്ഷരങ്ങളെ!



ശ്രീദേവിനായര്‍

Wednesday, December 9, 2009

പ്രതീക്ഷ




പ്രണയം നിറച്ചവഴികളെല്ലാം
നിന്റേതായിരുന്നു.
കാത്തിരിപ്പിന്റെ സുകൃതം,
അഭിനിവേശം,
നിന്റെ ഹൃദയമിടിപ്പിന്റെ
വേഗത കൂട്ടിക്കൊണ്ടേയിരുന്നു.

എന്നാല്‍,
ഇരുളിനെ പ്രണയിച്ചഞാന്‍
കണ്ണുതുറക്കാന്‍ മറന്നുപോയിരുന്നു.

ഏകാന്തതയില്‍ നിലാവണിയിച്ച
കുപ്പായത്തില്‍ നീ കാത്തിരുന്നപ്പോ
ഴെല്ലാം ,
നിരാശയുടെ കറുത്തവസ്ത്രം
പുതച്ച് നീയറിയാതെ മയങ്ങാന്‍
ഞാന്‍ പാടുപെടുകയായിരുന്നു.



ശ്രീദേവിനായര്‍
(പ്രണയാവശിഷ്ടങ്ങള്‍)