Monday, May 31, 2010

മൊബൈല്‍ ഫോണ്‍



നന്ദിയില്ലാത്ത മനുഷ്യരുടെ
നിന്ദയും ജല്പനവും കേട്ടുതളര്‍ന്ന
നിസ്സഹായനായ മൊബൈല്‍ഫോണിന്റെ
വിറയാര്‍ന്ന ശബ്ദം,
എന്നോട് ചോദിച്ചു;


നന്ദിയുള്ള ഒരു മനുഷ്യനെയെങ്കിലും
നീ,യെനിയ്ക്ക് കാട്ടിത്തരാമോ?
മനസ്സില്‍ ഞാന്‍ സൂക്ഷിച്ച സര്‍വ്വവും
അവനോടു പറയാം!


എന്റെ ഭാരവും ദുഖവും തീര്‍ക്കട്ടെ!
എന്നാല്‍;
ഒളിഞ്ഞു നിന്നു കേട്ടു
നീ തളരരുത്!
നിന്റെ വിശ്വാസങ്ങള്‍ ഒരിക്കലും
കൈവിടുകയും അരുത്!




ശ്രീദേവിനായര്‍.

Monday, May 24, 2010

മൂടുപടം





എത്രയോ കാലം മറഞ്ഞിരുന്ന അറിവിന്റെ
അലങ്കോലപ്പെടുത്തിയ അകത്താളുകളില്‍,
നിറവിന്റെ മേലങ്കിയണിഞ്ഞ് ഞാന്‍
കാത്തിരുന്നു.



അറിവ്,
പലപ്പോഴും ഭീരുവായിരുന്നു.
ചപലമായ മനസ്സിന്റെ ഭീരുത്വമായിരുന്നു
പ്രണയം.



ധീരയാവാന്‍ ശ്രമിച്ചപ്പോഴെല്ലാം
മനസ്സ് വിലക്കി.
കുറ്റപ്പെടുത്തലിന്റെ മുള്‍മുനയില്‍
സ്നേഹം വിറങ്ങലിച്ചുനിന്നു.


കപടതയുടെ കുമ്പസാരക്കൂട്ടില്‍,
കുനിഞ്ഞശിരസ്സുമായി,
സ്ഥാനഭ്രംശം വന്ന ശിരോവസ്ത്രം
ഭയചകിതയായിരുന്നു!



ശ്രീദേവിനായര്‍.

Saturday, May 15, 2010

കവിയും കവിതയും.




കാവ്യമോഹനമായൊരു കവിതജനിയ്ക്കുന്നു.
വരദാനമായന്നുകവിയുംപിറക്കുന്നു!
കഥയറിയാതെ ഗദ്യം ജനിയ്ക്കുമ്പോള്‍,
കവികള്‍ മരിക്കുന്നൂ, കദനം നിരത്തുന്നൂ.


കണ്ടതും കേട്ടതും കവിതയായ്ത്തീരുമ്പോള്‍,
കവികള്‍ പെരുകുന്നൂ,കവിതകരയുന്നൂ.
കാണാത്ത അര്‍ത്ഥങ്ങള്‍ തെരയുന്നൂ കവിത,
കാലത്തെക്കാണാതെ അലയുന്നുകവിയും!


കാലഹരണമായ് ത്തീരുന്ന മോഹങ്ങള്‍
കവിതയായ് ത്തീരുന്നു ഇരുളിന്റെ മറവില്‍!
എന്തുമെഴുതുവാന്‍ ഇഷ്ടമായ് തീര്‍ക്കുവാന്‍,
പദവിതന്‍ അര്‍ത്ഥമായ്,തീരുന്നു കവിത.

അധികാരപ്പെരുമകള്‍ കാട്ടുന്നു കവിത,
സല്‍ക്കാരപ്രിയരാകുന്നു കവികള്‍.
നന്നെന്നു പറയുന്നു വാലാട്ടി നടക്കുന്നൂ,
പിന്നൊന്നു മറിയാതെ അകമേ ചിരിക്കുന്നു.


കൈനീട്ടി നില്‍ക്കുന്നൂ,കൈപ്പണം വാങ്ങുന്നൂ,
കാണാതെ നടക്കുന്നൂ,നവവീഥി തേടുന്നു.
മരണമായ് നിറയുന്നൂ ,മനമില്ലാക്കവിതകള്‍,
കാലമേ,കവിതയെ തിരിച്ചൊന്നു നല്‍കുമോ?



ശ്രീദേവിനായര്‍.

Sunday, May 9, 2010

അന്യേഷണം











മയില്‍പ്പീലിക്കാട്ടില്‍ മയിലിനെത്തേടി
ആത്മാവറിയാതെ അലയുന്നു ഞാനും,
ഒരു നിധികാണാതെ തെരയുന്നുഞാനെന്‍
ഉയിര്‍താങ്ങുമുള്ളിലെ നിധിയറിയാതെ!



വിടരും വെളിച്ചത്തെക്കാക്കും തമസ്സിന്റെ
മോഹങ്ങളായിരം ഉണരുന്നുരാവില്‍.
നിലാവായ് നിറയുന്നനീളുന്നരാവിന്റെ,
നിഴലായിഞാനെന്റെ ഉണ്മയെത്തേടി.


അമ്മയെന്നെന്നെ വിളിക്കുന്ന സത്യത്തെ
ചിന്മയമെന്നു ഞാന്‍ തിരിച്ചറിഞ്ഞു.
ഏതെന്നറിയാതെ ചിന്തയിലാഴ്ത്തുന്ന
ബന്ധങ്ങളെന്നെത്തളച്ചിടുന്നു.



ശ്രീദേവിനായര്‍