Wednesday, December 30, 2015

നവവത്സരം  ( ഗാനം )
------------------
നിലാവിന്റെ തേരിൽ ,മണിമഞ്ചലേറി ...
മയൂരമായ് നീ ,വിരുന്നിനെത്തീ ..
പുതുവർഷമായി വിരുന്നിനെത്തീ !

വിരുന്നൊരുക്കീ ഞാൻ കാത്തിരുന്നൂ ,
നിന്നെ വിവശയായ് ....
വീണ്ടും നോക്കി നിന്നു !

നിറമോലും പീലി വിടർത്തിയാടി ,
നീ മായാമയുരനടനമാടി ....

ഒരു പീലി മാത്രം  നീ
എനിയ്ക്ക് നൽകൂ ,
എന്റെ ബാല്യത്തിൻ
സ്വപ്നത്തെ തിരിച്ചു നൽകൂ!


പകരം നിനക്ക് എന്തുവേണ്ടു?
എന്റെ മധുരിക്കും സങ്കൽപം
നിനക്ക് നല്കാം ,,,ഞാൻ
 നിനക്ക് നല്കാം !

അതിൽ ,
ഏഴുനിറങ്ങളും കണ്ടു നില്ക്കാം.....
ഏഴായിരം സ്വപ്നകഥമെനയാം ....
വീണ്ടും വിടരുവാനാവുന്ന പൂക്കളെ ,
വീണടിയാതെനിനക്കു കാണാം !

തൂമഞ്ഞിൽ തുള്ളിയിൽ നമ്രമുഖികളാം ,
തുമ്പപ്പൂക്കളെ നിനക്ക് കാണാം ..
ഒരായിരം നോമ്പുകൾ നോറ്റപരിശുദ്ധ-
തുളസീചെടികളെനിനക്കു കാണാം !


എന്റെ പാദസരങ്ങളും പൊന്നരഞ്ഞാണവും,
 പാതിവരച്ചൊരു  മുഖപടവും,
പട്ടുപാവാടയും പച്ചമഷിത്തണ്ടും ,
പഴയൊരു സ്ലേറ്റും നിനക്കെടുക്കാം .....!.

പുസ്തകത്താ ളിന്നിടയിലെ നിന്നുടെ
സ്നേഹപ്പീലി  നിന്നോർമ്മ ,
അതുമാത്രം മതി എന്നുടെ ബാല്യം,
എന്നെന്നും നിന്നെ ഓർമ്മിക്കാൻ !

ശ്രീദേവിനായർ 

Friday, December 25, 2015


തിരുവാതിര
-----------------
ധനു മാസ ചന്ദ്രിക പൂനിലാവൊളിപ്പിച്ച
തിരുവാതിര രാത്രി വിരുന്നു വന്നു ,
ഇന്നലെ വിരുന്നുവന്നു ....!

എന്റെ കണ്ണു പൊത്തി,
പിന്നെ കരം കവർന്നു
ശിവശക്തിയായി എന്റെ മുന്നിൽ  വന്നു !...


മനസ്സില് ഞാൻ കരുതിവച്ചതൊക്കെ
എന്റെ ദേവനു മുന്നിൽ  പകുത്തുനൽകീ
ഞാൻ ദേവന്റെ മുന്നിൽകൈ  കൂപ്പിനിന്നു! .

അഷ്ടമംഗല്യമായ്  കളഭക്കുറി തൊട്ട്
പുളിയിലക്കരചുറ്റി  നോമ്പെടുത്തു   ഞാൻ
പിച്ചകപൂമൊട്ടു കോർത്തെടുത്തു ,
എന്റെ ദേവന്റെ പാദത്തിൽ  കാഴ്ച്ചവച്ചു ...!

ഈറൻ മുടിയിൽ ..,,ദശപുഷ്പം ചൂടി ഞാൻ ,
തിരുവാതിരരാത്രി യെനോക്കി നിന്നു ...
ഒരു  കൂവളത്തില  ആയി ഞാൻ എന്നുടെ
മനസ്സുകൊണ്ടീശനെ വണങ്ങി നിന്നു


സഖികളെല്ലാം ആർത്തുചിരിച്ചെന്റെ  ,
ചുറ്റിലും കൂടി കളിപറഞ്ഞു ,
അവർ ചുവടുവച്ചു ,,,,,തിരുവാതിരപ്പാട്ടുപാടി
എന്റെ കവിളിൽ തലോടി പിരിഞ്ഞുപോയി !


ശ്രീദേവിനായർ
 

Thursday, December 24, 2015

ചിത്രം ( ഗാനം )
----------

മായാ ചിത്രമേ  എൻ -
വഴികളിലിന്നുവീണ്ടുമൊരു
സ്വപ്നരൂപമായ് നീ വന്നുവോ?

മഞ്ഞു പെയ്ത നിശീഥിനി
 നിശബ്ദമായി  മിഴികൂമ്പിയോ ?
ഒച്ചവയ്ക്കാതെ തളിർമേനിയിൽ - .
കുളിർകാറ്റു വീണുറങ്ങിയോ ?

പുലർ  ക്കാല മഞ്ഞിൻ കണ്ണീർത്തുള്ളി
നിൻ  ചുണ്ടിൽ ഒരിറ്റു തേനായ് തുളുമ്പിയോ ?
ഒരു  നിശാസമായ് സൂര്യ കിരണങ്ങൾ
തൻ ചുടു നെടുവീർപ്പിനുള്ളിൽ നീ
  വീണ്ടും ഉരുകി ത്തിളച്ചുവോ ?


മിഴിനീരടക്കും ത്രിസന്ധ്യയിന്നും,
സാന്ത്വന രാഗ കീർത്തനം ചൊല്ലിയോ ?
വിരുന്നെത്തും ചന്ദ്രനും നിന്നരികിൽ
നിശബ്ദനായി      വീണ്ടും നിന്നുവോ ?


ശ്രീദേവിനായർ 

Thursday, December 10, 2015

മനസ്സ്‌
-----------

ഒരു വിരൽപ്പാടു തലോടും ഹൃദയത്തെ ,
മറുവിരൽ കൊണ്ടു വിലക്കുന്ന മനസ്സേ ,...
ഒരു വാക്കോതുവാൻ കഴിയാതെ വീണ്ടും ,
ചിന്തകൾ  നിന്നെ കുത്തിനോവിച്ചോ !

മനസ്സെന്ന മാന്ത്രിക ക്കുതിരതൻ കാലുകൾ
ആഞ്ഞു കുതിക്കുന്നോ ദിനരാത്രങ്ങളിൽ ?
നഷ്ട ങ്ങളോ ജന്മ ലാഭങ്ങളോ ?
എന്തെന്നറിയാതെ അലയുന്നോ നിന്നിൽ ?


ശ്രീദേവിനായർ 

Tuesday, November 24, 2015

നേരെഴുത്ത്


എങ്ങോ പുരാണപ്പെരുമഴ പൂവെഴും,
 പ്രാണന്റെ പ്രാണനായ് ഓരെഴുത്ത് !
ജീവന്റെ ജീവനിൽ താളുകൾ കൊര്ത്തെടു
ത്തോരായിരം നോവിന്റെ നോവെഴുത്ത്

എങ്ങും നിറയുന്ന  ദിവ്യചൈതന്യമായ്‌
മര്ത്യന്റെ  പിന്നിലെ മുന്നെഴുത്ത് !
കത്തിപ്പടരുന്ന നേരിന്റെ നേരിനെ
നേർത്തെടുക്കാനൊരു ചുവരെഴുത്ത് 

എങ്കിലും  ഉണ്മകൾ കാണുന്നു നിത്യവും
ജീവന്റെ നേരുള്ള നേരെഴുത്ത് !

ശ്രീദേവിനായർ  

Sunday, November 15, 2015

ശ്രീഅയ്യപ്പൻ
-------------------


"പ്രപഞ്ചശക്തിതൻ ഉജ്ജ്വലത്യാഗം
പ്രകൃതികണ്ടൊരു സുന്ദര ഭാവം....
വൃശ്ചികപ്പൊന്പുലരിയെകാത്തൊരു ,
ശബരിമലയെന്ന പുണ്യപ്രഭാവം ! "

പുണ്യമല എന്റെ ശബരിമല ....
അയ്യപ്പൻ  തന്നുടെ വാസമല....
മാമല തൊഴുതുമടങ്ങാൻ ഇനിയും .
താമസമെന്തേ അരുളുകനീ .....  ( പുണ്യ )

ഹരിഹരസുതനേ തവചരണം
ശരണം ശരണം തരണേ നീ ..
പമ്പാവാസാ ശരണം നീ
ശിവസുതനേ നീ ഹരിതനയാ .....!    ( ഹരി )

(ശ്രീ അയ്യപ്പസ്തുതികൾ )........ശ്രീദേവിനായർ 

Friday, November 13, 2015



പ്രിയപ്പെട്ട എന്റെ കൊച്ചു കൂട്ടുകാർക്കുവേണ്ടി
ശിശുദിനചിന്തകൾ
--------------------------


ശിശുവായിട്ടിരിക്കുവാൻ,
മോഹിച്ചു ഞാനിന്നു ശൈശവം
 തന്നിലെ കളിക്കോപ്പുതേടുന്നു!


ശിഥിലമാം കൈവളപ്പൊട്ടുകൾ കൂട്ടി-
വച്ചിന്നും, അതിലൂടെനോക്കി
രസിക്കുന്നു  !

കാണാത്ത സ്വപ്‌നങ്ങൾ
ഇന്നും ഉണരുന്നു ,കണ്ടതെല്ലാമെന്റെ
സങ്കല്പമാവുന്നു !

പാടവും തോടും  പുഴയുംനദികളും,
പച്ചപുതച്ചൊരു മണ്ണിൻ മനവും,
ശൈശവകാലത്തെ ചിന്തകളായിന്നു ,
കൂടെചിരിച്ചു കളിച്ചീടുന്നു !


ശ്രീദേവിനായർ ......

 

Thursday, November 12, 2015

 അന്വേഷണം
------------------------

ശത്രു ആരെന്നറിയാൻ നഭസ്സിന്റെ ഓരത്തു
 കത്തിച്ചു വച്ചു ഞാനൊരു
കരിന്തിരി !
മിത്രമാരെന്നറിയാതെ  ഞാനെന്റെ
 കൈയ്ക്കുള്ളിൽകത്തി ജ്വലിപ്പിച്ചു
  നെയ്ത്തിരി!


ബന്ധങ്ങൾ തേടിഞാനെന്നും എന്നുടെ
ചുറ്റിലും നോക്കി ത്തിളങ്ങുന്നകണ്‍കളിൽ  ,
താവഴിതേടി അലഞ്ഞൊരെങ്കാൽകളെ .
കുത്തിനോവിച്ചതോ കൂർത്തൊരു  മുള്ളുകൾ ! 


ആത്മാവറി യാത്ത ആത്മബന്ധങ്ങളെ ,
ആനയിക്കുന്നെന്നുമെന്റെ അകത്തളം ,
അഷ്ടിക്കുമുട്ടാതെ അന്നം വിളമ്പുന്ന  ,
കൈകളെ നോക്കി ഞാനെന്നും നമിക്കുന്നു .!

ശ്രീദേവിനായർ
 

Wednesday, November 11, 2015

സ്നേഹരുദ്രാക്ഷം .....ഗാനം
-------------------------


വിടതരാ,യൗവ്വനങ്ങൾ,
പുണരുന്നൊരായിരത്തെ , 
 വിടരാൻ മടിക്കുന്നു ,
ചുരുൾ മുടിക്കെട്ടിലെന്റെ ,,,,
തുളസീദളം!

ഇന്ദു ചൂഡനെന്നുമിഷ്ടം ,
രുദ്രാക്ഷമിന്നുമെന്റെ ,
മനസ്സിന്റെ മതിൽക്കെട്ടിൽ ,
മന്ദഹാസമായ് .....!


താരകങ്ങൾ നോക്കിനില്ക്കെ
ഇന്ദുവിനെ ഞാൻ  നോക്കിനിന്നു ..
അഭ്രപാളികൾ  കാണ്‍കെ ,
കണ്ണടച്ചു പുഞ്ചിരിച്ചു ....! 


ശ്രീദേവിനായർ            

Saturday, November 7, 2015

ദേവ ദയ
---------------


അറിഞ്ഞതോ അല്പം മാത്രം ,
അറിയാത്തതേറെയായി ,
എവിടെയെന്നറിയാതെ ,
പരക്കം പാഞ്ഞു,ചിന്ത പതറിനിന്നു !

മുജ്ജന്മ പാപങ്ങളോ ,
കർമ്മഫലങ്ങളോ ,
മാനവനെ എന്നും പിന്തുടർന്നു   ,
അവനെ കാത്തു നിന്നു  ...!

ധർമ്മാർത്ഥമോക്ഷങ്ങളോ,
പഞ്ചഭൂതങ്ങളോ ,
പ്രപഞ്ചസത്യങ്ങളോ ചുറ്റിലും നിന്നു
.എപ്പോഴുമെന്നുടെ ഒപ്പം നിന്നു .!


കണ്ണടച്ചുകിടന്നു ഞാൻ ,
കാതോർത്തു  നാലുപാടും,
എന്നെ മാത്രം കണ്ടതില്ലാ
ഉള്ളിലായി ഞാൻ ...!  "എന്തോ ,
ദിവ്യമായൊരനുഭൂതിയിലുണർന്നു പിന്നെ" ! 


ശ്രീദേവിനായർ 

Saturday, October 31, 2015

കേരളം
-------------

"കേരങ്ങൾ ആനന്ദ നൃത്തം ചവിട്ടുന്ന
കേദാരഭൂമിയ്ക്കെന്റെ പ്രണാമം ...."
കേരളമെന്നൊരു നാടിന്റെ  സൌന്ദര്യം  
പൂർത്തീകരിക്കുന്നു  നാടിന്റെ മക്കളും ,,,,,

ആലോലമാടുന്ന തെങ്ങോല കണ്ടെന്റെ
മാനസം പൂവിട്ടു ആലോലമാടുമ്പോൾ ,
മാദക ഭംഗിയോ ,മാമാങ്ക  നാടിന്റെ
മൌനസംഗീതമോ ,മലയാള മണ്ണിന് ?

ദൈവത്തിൻ സ്വന്തമാം  നാടിതു ഞങ്ങൾക്ക്
ദൈവത്തിൻ മക്കളായ്‌  ഞങ്ങളും വാഴുന്നു !
മലയാളമണ്ണിനെ  വിണ്ണോ ളം വാഴ്ത്തുന്ന
പൈതൃക സമ്പത്തും ഞങ്ങൾക്ക് സ്വന്തമായ് !

ശ്രീദേവിനായർ 
നിശാഗന്ധി ...      ഗാനം
--------------------------------

വീണമീട്ടിപാടി നീ ..
 ശരത്കാല മേഘമേ
മിഴിനീരിൽ കുതിർന്നോ  നിൻ
 തന്ത്രി പൊട്ടിയ തംബുരു.


ഇടറിനിന്നോ   നാദമിന്നും
ഘനമേഘശ്യാമമേ ..
ഒളിമങ്ങി ഹൃദയത്തിൽ
വീണ്ടുംഒരു വിങ്ങലായ് ....

ലോലഭാവം നിന്റെ സ്വന്തം
തേങ്ങുന്നു വിരഹമായ്
തന്ത്രികൾമീട്ടുന്നുയിന്നും ,
മൂകമാംനിൻ, അനുരാഗവും....

ശ്രീദേവിനായർ
  

Sunday, October 25, 2015

മൊഴികൾ ......(ഗാനം )
 
വീണമീട്ടിയ കൈകളിൽ 
തനു ശാന്തമായി ഉറങ്ങിയോ ?
രാഗവീചികൾ ചിന്തും രാത്രികൾ 
ഭാവമോഹമമർന്നുവോ ?
 
തന്ത്രി പൊട്ടിയ തംബുരു 
ശ്രുതികൾ മാറ്റിവീണ്ടു മുണർന്നുവോ ?
മോഹസുന്ദര പ്രണയ സന്ധ്യകൾ 
മിഴിനീർ മാറ്റി ചിരിച്ചുവോ ?
 
മൊഴികൾ മുട്ടിയ ഹൃദയ താളം 
മൌനമായിത്തേങ്ങിയോ  ?
അർത്ഥമില്ലാ  വരികളിൽ
രാത്രി എന്നെ തെരഞ്ഞുവോ ?
 
 
ശ്രീദേവിനായർ 
 
നിശീഥിനി ....ഗാന സമാഹാരം 

Monday, October 19, 2015

നവരാത്രി
------------


വിശ്വം രചിക്കുന്ന  വിജ്ഞാന പൊൻപൊരുൾ,
വിശ്വൈക ശില്പിതൻ  പൂർണ്ണതനീ ...
മായ്ച്ചിട്ടും മായാത്ത മായാപ്രപഞ്ചത്തിൻ 
മാന്ത്രിക രൂപങ്ങൾ നിന്റെ   സ്വന്തം !

ചിന്തതൻ അത്ഭുത ചൈതന്യ പാൽക്കടൽ
തന്നിലുണരുന്ന സൌന്ദര്യം നീ ...
വേദവേദാന്തങ്ങൾ തന്നൊത്ത്   വാഴുന്ന 
വേദമയീ രൂപം നിന്റെ സ്വന്തം !

അറിവിന്റെ അറിവിനായ് ,നിറയും നിറവിനായ്
നീ വന്നു നിൽപ്പൂ സർവ്വമായി, .,,.ഐശ്വര്യമായി ..
വിദ്യയായീ ...വിദ്യാരൂപിണിയായ് .
വാഴുന്നു ഉള്ളിൽ ദിവ്യചൈതന്യമായ് ....!     

ശ്രീദേവിനായർ 

Sunday, September 13, 2015

 
മഴമേഘം 
-----
 
മിഴിനീരുതൂകിയ ശ്യാമ മനോഹരി ... 
തെളിനീരായ് ഒഴുകീ  വീണ്ടും പുഴയിൽ
താഴെപ്പതിച്ചൊരു  മഴയുടെ  നിറവിൽ
ദുഃഖങ്ങളെല്ലാം മറക്കുന്നു നീയും !

മിഴിനീരു നീക്കി ഹൃദയാനുരാഗം ...
മൊഴിമാറിനിന്നു  വഴിദൂരെയായി
വിരിയുന്നുവോ വീണ്ടും കൊഴിയുന്നുവോ
ചിരി തൂകികുസുമങ്ങൾ നിന്നെയും നോക്കി ....

ഓരോ മഴത്തുള്ളി വീഴുന്ന നേരം
ഇതളിലെ രാഗങ്ങൾ പ്രണയാർദ്രമാവും  ...
ഇരുളിന്റെ മറവിൽ വിരിയുന്ന പൂക്കൾ
പുലർക്കാലമായാൽ സുഗന്ധംപരത്തും !

ശ്രീദേവിനായർ 

Saturday, September 5, 2015

ശ്രീകൃഷ്ണൻ 

---------------

 

 

കാർമുകിൽ വർണ്ണന്റെ  ലീലകളോ രോന്നും
എകാന്തമാ യിരുന്നോർത്തെടുത്തു ...
കായാമ്പുവർണ്ണന്റെ തോഴിയായി  മനം
ഉണ്ണിക്കണ്ണന്റെ മാത്രം   സ്വന്തമായി  ....
 
 
വെണ്ണകട്ടുണ്ണുന്ന ഉണ്ണിക്കണ്ണന്റെ
രംഗങ്ങളെല്ലാംമനസ്സിൽ തെളിഞ്ഞു  നിന്നു
ഗോപികമാരുടെ മാനസം തന്നിലെ
ചോരനായ് മാറിയ കണ്ണനവൻ .....
ഉണ്ണിക്കൃഷ്ണനവൻ ....
 
കൃഷ്ണാ മുകുന്ദാ മുരാരേ   ഹരേ കൃഷ്ണാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
ആയിരം വട്ടം മനസ്സില് ജപിച്ചു ഞാൻ....
മനം  നാകലോകത്തെ യ്ക്ക് നോക്കി നിന്നു ...
 
 
ശ്രീദേവിനായർ
 

Saturday, August 22, 2015

പൊന്നോണം 

------------------------

 

പൊന്നിൻ കണിതൂകി നിന്ന 

പുലർക്കാല മേന്നെ നോക്കി

പുഞ്ചിരിച്ചോ പരിഹസിച്ചോ

എന്തിനെന്നറിയാതെ /?


പതിവുപോലെത്തുന്നൂ

പൊന്നോണം ഇപ്പോഴും .

പാടത്തിൻ മനസ്സിലായ്

പൊന്നിൻ കതിരായെ.ന്നെന്നും ....

 

കർഷകന്റെ സ്വപ്‌നങ്ങൾ പൊന്നോണമുണ്ണുന്നൂ ..

പൊന്നിൻ കുറിയിട്ട കസവുമുണ്ടുടുക്കുന്നു ....

 

മുറ്റമെല്ലം പൂക്കൾകൊണ്ട് പുഞ്ചിരിച്ചു നില്ക്കുന്നു

വട്ടമിട്ടു ചിരിച്ചവർ നൃത്തം ചവിട്ടുന്നു .....

 

നന്മയുള്ള മനസ്സെല്ലാം നഷ്ടങ്ങൾ മറക്കുന്നു ....

ലാഭമായി പൊന്നോണം ബന്ധങ്ങൾ പുതുക്കുന്നു .....

 

കാടി ന്റെ മക്കൾക്കും  പൊന്നോണം വരവായി

നാടിന്റെ ഭംഗികാണാൻ അവരും തയാറായി ......

ഗ്രാമങ്ങൾ  നഗരങ്ങൾ ഓണംകൊണ്ടാറാ ടിടും

ആഘോഷമെല്ലാമോരേ മനസ്സിന്റെ തായിമാറും..

 

വൃദ്ധരും ചെറുപ്പമായി  ചെറുപ്പത്തിൻ ചു റു ക്കുമായി 

 യൊവ്വനത്തിനൊപ്പമെത്തീ ഊഞ്ഞാലുകെട്ടീടുന്നു 

പെണ്ണുങ്ങൾ കൂടി നിന്ന് അന്യോന്യം മന്ത്രിക്കുന്നു 

സത്യവും പിന്നെ ക്കുറെ ത്തമാ ശതൻ  കഥകളും 

 

സദ്യതൻ വട്ടങ്ങൾ ആലോലമാടുന്നു 

പലതരം വിഭവങ്ങൾ നിരന്നങ്ങു ചിരിക്കുന്നു

 

 

വസ്ത്രത്തിൻ പകിട്ടിലാണോ ?

മനസ്സിന്റെ നിറവിലാണോ ?

അന്നത്തിൻ എണ്ണത്തിലോ ?

പൊന്നോണം മഹാബലീ ........?

 

സദ്യവട്ടം കൂട്ടി ത്തിന്ന

ഉദരത്തിൻ സന്തോഷങ്ങൾ  

മാറിനിന്നു  ചിരിക്കുന്നു 

മനസ്സി നെ കാണാതിന്നും .....

 

"നുറു കൂട്ടം ഭക്ഷണങ്ങൾ തരില്ല തൃ പ്തിയെന്നിലായ് 

സ്നേഹത്തിൻ നറു വാക്കുമായിനിന്നെ

കാത്തു നിൽപ്പൂ മഹാത്മാവേ ....

 

ഒരു തലോടൽ  മാത്രം നൽകൂ 

നെറ്റി യിലൊരു സ്പർശനം 

ഇത്രമാത്രം എനിയ്ക്ക് വേണ്ടൂ "

പൊന്നോണത്തിൻ സ്മരണയായ്.!

 
 

ശ്രീദേവിനായർ 

 

Sunday, August 16, 2015

എല്ലാ സ്നേഹിതർക്കും ആശംസകൾ 

പൊന്നിൻ ചിങ്ങം    

---------------------------------

 

കുപ്പിവള കിലുക്കിയിന്നു 

മനസ്സിന്റെ മണി മുറ്റത്ത് .

സുന്ദരീ നീ കുണുങ്ങി നിന്നു

 ചിങ്ങമാസപ്പൊൻ  പുലരി...

 

 

തിരുവോണം കാത്തു നിൽപ്പൂ 

പൊന്നുഷസ്സ്  നോക്കിനിൽപ്പൂ 

പൊന്നാട അണിഞ്ഞെത്താൻ

പൊന്നിൽ ക്കൂളിച്ചൊരുങ്ങാൻ 

 

 

മലയാളി പ്പെണ്ണോ   നീയും?

മധു മാസരാവോ പിന്നെ?

മനതാരിൽ വർണ്ണിപ്പാനായ് 

വാക്കുകൾക്കതീതമോ നീ ?

 
 

ശ്രീദേവിനായർ 

Thursday, August 13, 2015

 

   ബലി 

-----------

 

സ്നേഹത്തിൻ ഒരു കുമ്പിൾ ദാഹജലം ,

പിന്നെ ബന്ധത്തിൻ ഒരുതുള്ളി ഓർമ്മജലം ,

ആത്മാവുതന്മുന്നിൽ കാത്തു നിന്നൂ ,,,ഞാൻ 

ആരെന്നുവിണ്ടും മറിയു വാനായ് !

 

 

ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന മനുഷ്യരെ 

ചുറ്റാതെ തന്നെ ഞാനൊന്നു  നോക്കീ ....

ആത്മാവുതന്നെ വിളിച്ചാൽ പോലും 

അറി യാത്തഭാവത്തിൽ നില്ക്കും മനുഷ്യർ,

ജീവന്റെ നാളിൽ കാണാത്ത സ്നേഹം 

മരണത്തിൻ നേരെ വെറുതേ  തമാശ ? 

 

ഞാനൊന്നു നോക്കി കൂട്ടത്തിലാരോ

 ആത്മാവി ലുണ്ടോ   എൻ ബന്ധമായീ  ...

സ്വന്തമായെന്റെ ച്ഛായയിലുണ്ടോ ?

ബന്ധു വായീ  എന്റെ ശാഖ യിലുണ്ടോ ?

 

 

ആത്മാവുകൾക്കെല്ലാം ഒരേ മുഖങ്ങൾ

ചിന്തയിലെല്ലാം  ഒരേ വിഷാദം ....

ഒന്നുപോലെല്ലാരും വെറുതെ ചിരിച്ചൂ !

 

തിരിഞ്ഞൊന്നു നോക്കീ ,

ചുറ്റിനും നോക്കി ,

കണ്ണീർ തുടച്ചൂ ഞാനും നടന്നൂ ....

അമ്മയെവിടെ?അച്ഛനെവിടെ ?

അരുമയാം സോദരാ നീയും എവിടെ?

 

നിശബ്ദമായ് തേങ്ങീ ജീവന്റെ ശബ്ദം ...

എന്നുള്ളിലാണോ ?ഞാനെന്നെനോക്കീ .....

ഉ ള്ളിലായ്  കണ്ടു  ആത്മാവുതന്നിൽ  .  

എല്ലാരുമൊപ്പം എന്നുള്ളിലുണ്ട് !

 
 
 

ശ്രീദേവിനായർ ,

Monday, August 10, 2015

തീർത്ഥം 

---------------

 

 

മനസ്സിന്റെ ,  മാന്ത്രികക്കുതിര

 തൻ ബാണങ്ങൾ....... 

ആരോ അയച്ചൊരു   വേദനകൾ ...

ഉന്നം പിഴച്ചൊരു നോവിന്റെ ചിന്തകൾ 

ബാണത്തിൽ ഇന്നൊരു ചാഞ്ചല്യമായ്.....

 

സ്മൃതികൾ  ഉണര്ത്തുന്നു പുലർ ക്കാലമൊന്നിലെൻ

സ്മരണകൾക്കുള്ളിലൊരു വേദാന്തമായ് 

വീണ്ടും ജനിക്കുവാനാവാതെ ജന്മങ്ങൾ 

ജനിമൃതി തന്നെയും ഉറ്റുനോക്കി ......

 

മിഴികൂമ്പി നിന്നുഒരായിരം ചോദ്യങ്ങൾ 

ഉത്തരമില്ലാതെ ഒടുങ്ങിത്തീരാൻ ....

പുനര് ജ്ജനിച്ചീടുമോ ഈ ജന്മ  പുണ്യങ്ങൾ

ഒരു തീർത്ഥമായ്      വീണ്ടും ഒഴുകിത്തീരാൻ   ?

 
 
 

(ശ്രീദേവിനായർ ) 

Thursday, July 30, 2015

ശ്രീരാഗം  ( ഗാനം )

------------

 

പ്രണയ  രാഗ സുമങ്ങളിൽ ,

ഒരു സുഭഗ സുന്ദരി സുഷമ  നീ  ....

സുര നയനം  സുകൃതമാക്കും .

സുരഭിലം ഒരു മലരു   പോൽ  .....!

 

നി ന്നിൽ നിന്ന് ജനിച്ചിടുന്നു 

സ്നേഹമെന്ന  വികാരവും 

നി ന്നിലൂടെ വളര്ന്നിടുന്നു 

പ്രണയ സുന്ദരമോഹനം .....!

 

ഹൃദയ രാഗം പാടി നിൽക്കും 

മൃ ദുല  ഭാവന സുന്ദരീ   ....നി ന്നിലൂടെ 

 വളരുന്നു പ്രണയവും വിരഹവും !

പ്രണയ ഭാരം, മലർ  നിന്നിൽ 

പ്രേമ സർവ്വ  സമർപ്പണം.... 

സുന്ദരീ നറു മലരുനീ  നിഷ്ക്കളങ്ക മോഹിനി 

നി ന്നിലൂടെ കടന്നുപോകും 

വസന്തവും ശിശിര കാല സമസ്തവും !

 

ശ്രീദേവിനായർ 

 

Thursday, July 23, 2015

 

 

അകലുന്നുവോ വീണ്ടു മറിയുന്നുവോ 

ഇന്നുമറി യാ ത്തനൊമ്പരപ്പാടുകളായി ....

തളരുന്നു വോ വീണ്ടും തകരുന്നുവോ

ഒന്നുമറിയാത്ത ചിന്തതൻ

 നോവുകൾക്കുള്ളിൽ ...

ആകാശമെന്നും പറവ ക്കുസ്വന്തം

ആരോമലേ നിന്റെ സ്വപ്നങ്ങളെപ്പോൽ ....

സുന്ദരമെന്നും സ്വപ്നങ്ങളിൽ മാത്രം 

അറിയുന്നു ഞാൻ അതിൽ

 നിറ മൊ ന്നു നിണമായ്   ,,,,

 

Tuesday, July 21, 2015

കവിത 

-------------------

 

 

അറിയാതെ  അറിയാതെ ,

അരികിലെത്തീ ....

അമലേ നിന്നെ ഞാൻ പദങ്ങളാക്കീ ..

അഴകോലും അളകങ്ങൾ  തഴുകിമെല്ലേ ,

നിന്റെ മിഴിയോലും  പ്രണയത്തെ നോക്കി നിന്നൂ ....

 

ആവാഹനം  കൊണ്ടു കീഴടക്കീ ,

നിന്നെ ആസ്വദിച്ചാനന്ദ മാനയിച്ചു ,,

അഴകേ  നിന്നെ ഞാൻ വരികളാക്കീ 

പിന്നെ സ്നേഹത്തിൻ രൂപത്തിൽ

കവിതയാക്കീ ..

 

പ്രണയാഗ്നിയായ്  നിന്നിൽ പടർന്നുയർന്നു ,

നിന്നിലനുരാഗ ലയനമായ് മാറിനിന്നു...

ഒരു കാലമോമലേ പിരിയുകില്ലാ 

നിന്റെ ലയനങ്ങളിൽ  ഞാൻ അലിഞ്ഞുചേരാം ....

 

രതി സുഖസാരേ പാടി നില്ക്കാം ,

മന്മഥ കേളീ ശലഭമാകാം  ....

നിമ്നോന്നതങ്ങളിൽ  അഗ്നിയാകാം.... 

പുതിയൊരു ജന്മത്തിൻ സാക്ഷിയാകാം .....!

 

ശ്രീദേവിനായർ 

Saturday, July 18, 2015

രാമ നാമം 

--------------------

 

രാമ  രാമ  രാമ രാമ  രാമ രാമ പാഹിമാം .

രാമപാദം  ചേരണേ മുകുന്ദരാമ പാഹിമാം .


ലക്ഷ്യമായി നീ നടന്നൂ .....

സ്നേഹമായി  സീതയും ..

ത്യാഗമായി ലക്ഷ്മണനും ......

കൂടെയെന്നും   മർത്ത്യരും .......!

 

സത്യമേത് മിഥ്യയേത് 

ജനത്ത്രയം  വിങ്ങിടും ,

സഹസ്രജന്മ  മൊന്നു മാത്രം 

സത്യമായ് എന്നിൽ  നിത്യമായ് ....

സത്യമൊന്നുമാത്രമിന്നു 

എൻ  മനസ്സിൽ രാമ മന്ത്രവും !



ശ്രീദേവിനായർ 

Tuesday, July 14, 2015

വിഷുപ്പക്ഷി                             ഗാനം          

------------

 

 

വിഷുപ്പക്ഷിപാടി  നിഷാദന്റെ മുന്നിൽ ,

പ്രണയം ഞാൻ നല്കാം ,

പ്രാണനെ നൽകൂ ...

 

മോഹങ്ങളെല്ലാം  നിനക്കിനി സ്വന്തം ,

ആത്മാവുപോലും പണയപ്പെടുത്താം !

എന്നുടൽ പോലും  നിനക്കായി മാത്രം 

ചിറകുകളിനി മേൽ നിനക്കായി വീശാം !

 

പറക്കുവനാവാതെ വിങ്ങുന്നു എങ്കിലും ,

ആകാശമിന്നും യെനിയ്ക്കുറ്റമിത്രം ,

നിറങ്ങളാ ൽചാലിച്ച തൂവലാൽഎന്നുടെ 

ഹൃദ യത്തിൻ രാഗങ്ങൾ പാടിയിരിക്കാം  ..!

(ശ്രീദേവിനായർ )

Tuesday, July 7, 2015

ജാതി 

-------------

 

ജാതിയെന്നാൽ  വംശമെന്ന

അര്ത്ഥ ത്തെ അറിയുന്നു ഞാൻ,

മതമെന്ന ചിന്തയോ വെറും ,

ഇഷ്ടമാണെന്നു  അറിയൂ നീ .... 

ജാതിയും മതവും ഒന്ന്

 വെറെ വേണ്ടാ സഹോദരാ ,

അമ്മയായ് കരുതൂ നീ 

നമ്മുടെ പുണ്യ ഭൂമിയെ !

കണ്ണുനീരിൻ നിറം  നോക്കീ 

കാഴ്ചയെന്തെന്നു അറിയുമോ ?

താരകത്തെ നോക്കി നിന്നാൽ 

ആകാശത്തെ അളക്കാമോ ?

ചിന്തയിൽ  മമഹൃ ദയ താളം 

മെല്ലെ എന്നോടു ചൊല്ലിയോ ?

ജാതിയോ ,മതമോ .പിന്നെ പേരു 

പോലും നിന്നുടെ സ്വന്തമോ ?

ജാതിയെന്തെന്നറിയാതെ 

മതമേതെന്നു നിനച്ചിടാതെ ,

പങ്കുവയ്ക്കാം ഹൃ ദയത്തിൻ 

സ്നേഹഭാസുര   ബന്ധങ്ങളെ !

 

ശ്രീദേവിനായർ 

Tuesday, June 9, 2015

സ്നേഹ സ്പർശനം 

----------------------------------

 

ഒരു സ്പർശനം ,  നിൻ  വിരൽപ്പാടുകൾ 

തൊട്ട  നെറ്റിയിലി ന്നതൊരടയാളമാ യ് .....!

 

കുറിതൊട്ടൊളിക്കാൻ  മടിയ്ക്കാതെ ഇന്നും ,

അകമാർന്ന  നിറവിൽ  തലോടുന്നതിനെ !

 

ഹൃദയത്തിൻ ഭിത്തിയിലാ രോ നിരന്തരം 

ഓർക്കാൻ പറയുന്നു ,ഹൃദയ മിടിപ്പായ് ....!,

 

വികാരമറിയാതെ  മനസ്സ്  മയങ്ങുമ്പോൾ,

തേടുന്നുഎന്നുയിർ ആ കുളിർ  സ്പർശനം !

 
 

ശ്രീദേവിനായർ 

 

Sunday, May 31, 2015

 

             ആദ്യാക്ഷരം 

അറിവിന്റെ  നൊമ്പരപ്പാടിനായ് ഇന്നലെ ,,

അച്ഛന്റെ കൈകളിൽ ഞാൻ പിടിച്ചു ...

അക്ഷരങ്ങളെ കൂട്ടിനായ് ഏൽപ്പിച്ചു ...

അച്ചനെങ്ങോ , പോയ്മറഞ്ഞു ..

എന്നേയ്ക്കുമായി    എന്നെ  വേർപിരിഞ്ഞു !

,

അക്ഷരങ്ങൾ പിന്നെകൂട്ടിനായെത്തി 

എന്റെ ജീവിത സായൂജ്യ  സാമീപ്യമായ് ....

ഇന്നും പകൽ പോലെ സത്യം സമാധാനം ...

               എൻ പ്രിയ വിദ്യാമന്ദിരമേ ....

നിന്നിലൂടെ ഞാനും   എന്നെയുംകാണുന്നു ,

നിന്മഹത്വങ്ങളാം  അപദാനവും .....

 
 

എന്റെ ആദ്യത്തെ വിദ്യാലയമായ   തിരുവനന്തപുരത്തെ മോഡൽ സ്കൂളിനു  മുന്നില് ഞാൻ എന്റെ സ്നേഹോപഹാരം   ആയി ഈ വരികൾ അര്പ്പിക്കുന്നു 

 
 

ശ്രീദേവിനായർ 

 

Monday, May 25, 2015

 

തത്തമ്മ

---------------

 

അക്കരെ ക്കൂട്ടിലെ  തത്തമ്മയ്ക്ക് 

എന്നും പ്രതീക്ഷതൻ പൊൻ നേട്ടം
മറ്റുള്ള പഞ്ചവർണ്ണക്കിളി ക്കൂട്ടരും
ചുറ്റും പകിട്ടോടെ പറന്നിറങ്ങി

എന്തെല്ലാം ചൊല്ലുന്നു,   
തത്തമ്മ പെണ്‍കൊടി
കൂട്ടിലിരുന്നിങ്ങു   നിത്യമായി ?   
നാട്ട്  നടപ്പുകൾ  കൂട്ടുകാർക്കിഷ്ടങ്ങൾ
നാളെ നടക്കുന്ന കാരങ്ങളും !
കാട്ടിലെ വേടന്റെ തത്തമ്മ പ്പെണ്‍കൊടി-
ക്കെങ്ങനെ കിട്ടിയീ   ഇന്ദ്രജാലം ?
കാടാകെ ആടിയുലഞ്ഞപ്പോഴും അവൾ
കൂട്ടരെ നോക്കി പാട്ടുപാടി ....
മെല്ലെ തലോടലായി ....!

കാട്ടിലെ വന്മര കൂട്ടത്തിൽ മുമ്പനും
വാസനപ്പൂക്കൾ തൻ രാജനവൻ ..
ആജാനുബാ ഹുപോൽ ആമരക്കുട്ടത്തിൽ
വന്മരമാണവൻ  അവൾക്കുടയൻ ...!
എല്ലാം കൊടുത്തവൻ  ഊട്ടിവളർത്തിയ
 തത്തമ്മയോ ഒരാനാഥ  മാത്രം !


താതനില്ല പിന്നെ ആരുമില്ല 
കാട്ടിലലഞ്ഞവൾ ഏകയായി   പിന്നെ
ആകാശം നോക്കിപ്പറന്നവളും .......

രക്ഷകനായെത്തി സ്നേഹിതനായവൻ
പിന്നെന്തുചെയ്താലും പുണ്യമല്ലേ ?
അത് സ്നേഹമല്ലേ?

തത്തമ്മ പൈങ്കിളി സുന്ദരിപെണ്‍കിളി
എന്നും തനിച്ചായി കൂട്ടിനുള്ളിൽ
നേരം വെളുക്കുമ്പോൾ സൂര്യനുദിക്കുമ്പോൾ
എന്നും പതിവുപോൽ വാചാലയായ് ..

തത്തമ്മയ്ക്കെന്തൊരു ഭാഗ്യം ...!
മറ്റുള്ളകിളികൾ തൻ ചോദ്യം ......?

തത്തമ്മതൻ   ഭാഗ്യം നോക്കിനടന്നൊരു
കാാട്ടുകിളി ,ക്കൂട്ടി ൽ വന്നുനോക്കി ....
കണ്ടിട്ടും കാണാതെ  മാറിപ്പറന്നവൻ
കൂട്ടിലെ തത്തമ്മ കണ്ടിടാതെ ....

കൊട്ടാര സാമ്യമാം ആക്കൂട്ടിൽ നിത്യവും
ഏകയായ് ആകിളി എന്തുചെയ്  വൂ ..
/ എങ്ങനെ ദിവസങ്ങൾ നീക്കിടുന്നു ?

നിറമുള്ള തൂവൽ വിടര്ത്തി ചിരിച്ചവൻ
മെല്ലെ കതകിൽ മുട്ടിനിന്നു ...
ജാലക വാതിലിൻ  അരികിലായ് വന്നവൾ
തത്തമ്മ മെല്ലെ പുഞ്ചിരിച്ചു
മൌനമായ് കണ്ണിൽ  നോക്കിനിന്നു ....

പെണ്‍കിളി സുന്ദരീ ഒന്നുനീ ചൊല്ലുമോ
എൻ കൈകൾ ഒന്നു  നോക്കിടുമോ  ?
എൻ ഭാഗ്യം  നീ ഒന്ന്  ചൊല്ലിടാമോ ?

മറ്റുള്ളോർ തന്നുടെ ഭാവി ഞാൻ ചൊല്ലുമ്പോൾ
എന്നുടെ ഭാവി ഞാൻ അറിയുകില്ലാ
ഇത്രനാൾ ഞാനും അതറിഞ്ഞതില്ല ....
കണ്ണീ രു കൊണ്ടു കഥപറ ഞ്ഞു
ഉള്ളുരുകി യവൻ  കേട്ടുനിന്നു ...

കാണാത്ത കാഴ്ച്ച പോൽ ഉള്ളം നടുങ്ങി
തത്തമ്മച്ചിറകിന്റെ കാര്യമോർത്ത് .....
വെട്ടിയ ചിറ കിന്റെ  കാര്യം അതോർ ത്തപ്പോൽ
നെഞ്ചിടിപ്പോടവൻ  പറന്നകന്നു ..
വെട്ടിയ ചിറകുമായ് നൃത്തം ചവിട്ടുന്ന
തത്തമ്മ പ്പെണ്ണിനെ മറക്കുവാനായ്
പഞ്ചവർണ്ണക്കിളി സുന്ദരൻ  ആണ്‍  കിളി
നോമ്പുകൾ നോറ്റിട്ടും    
 സങ്കട പ്പെരുമഴ തിമിർത്തുപെയ്തു     !


ശ്രീദേവിനായർ     ത്ത 
 

Saturday, May 16, 2015

മറന്നു വച്ചകാര്യം
-------------------------


അച്ഛന്റെ  കൈപിടിച്ച്  ഇന്നലെ ച്ചെന്നൊരു
നേരത്തെ ഇന്നും ഞാനോര്ത്തുപോയി

 ഇന്നലെ സൽക്കാരവേളയിൽ ഞാൻ
കണ്ട  കൂട്ടുകാരെന്നെ  ത്തിരിഞ്ഞു നോക്കി .....
വന്ദ്യ വയോധികനാം പിതാവിനു 
  ശുശ്രൂഷനൽകി പരിചരിച്ച
ആത്മാവിൻ സ്നേഹത്തെകണ്ടന്റെ  കൂട്ടുകാർ
കാണികളായ് പിന്നെ   നിശബ്ദരായി !

 സല്ക്കാരകർമ്മങ്ങൾ  എല്ലാം കഴിഞ്ഞുഞാൻ
   അച്ചന്റെ കൈ പിടിച്ചാനയിച്ചു

പെട്ടെന്ന് ഞാൻ കെട്ടൊരു ഒച്ചതൻ ഞെട്ടലിൽ
വീണ്ടും തിരിഞ്ഞു   ഒന്നുനോക്കി നിന്നു       

 പുഞ്ചിരിതൂകീ നില്ക്കുന്നു മാന്യനാം വ്യക്തിയും
 ഒരു തീരാത്ത സംശയ ചോദ്യവുമായ് 
എന്തെങ്കിലും  വച്ചു മറന്നോ  മകനേ ...?നീ
  അച്ഛനോടൊപ്പം  പോകയാണോ
യാത്ര ചൊല്ലുവാണോ ?

ഒന്നുമറിയാതെ ഞാൻ ചൊല്ലിനിന്നുപോയ്  
 ഇല്ലില്ലഒന്നും  മറന്നതില്ല ..... ഞാൻ മറക്കുകില്ല 

 ,,,,

"പുഞ്ചിരിതൂകി പറഞ്ഞു  ആ    മാന്യനും    
ഇല്ലില്ല നിശ്ചയം ഞാൻ ചൊല്ലാമതെന്തെന്നു ?
ഉത്തമനാം പുത്രന്റെ കർത്തവ്യ ബോധവും
 മാന്യനാം പിതാവിന്റെ  പ്രതീക്ഷ തൻപൊന് മുത്തും "


ശ്രീദേവിനായർ                                             

Thursday, May 14, 2015

വനവാസം 

---------------------
ശരം കുത്തിപായുന്നു  സാന്ത്വനങ്ങൾ.പക്ഷേ  
ശരശയ്യ ഒരുക്കുന്നു ചിന്തകളിൽ. 
വിതുമ്പുന്നുവോ  വീണ്ടും അക്ഷരങ്ങൾ ..
ഒരുങ്ങുന്നുവോ  വനവാസത്തിനായ്?
 
തടയുവാനാളില്ലഎൻ കൈകളെ ...
രാമനില്ല ഒപ്പം സീതയുമില്ല! 
കണ്ണീർ വാർക്കുന്ന  അമ്മയുമില്ല .!..
കൂടെവരുവാനോ സോദരനില്ല! 
 
കാടുകൾ മേടുകൾ  കൂട്ടിനായുണ്ട്   പിന്നെ 
. ചേതോഹരികളാം വനവാസിയും..
കൂട്ടിനായ് കൂട്ടുവാൻ വാനരന്മാരും   പിന്നെ 
ശത്രുവായ്‌രാക്ഷസരാവണനും !
 
 
ശ്രീദേവിനായർ 

Monday, May 11, 2015

 

പൂജ്യം           

 

 

വാക്കുകൾക്കു  മുന വരുത്തിയെടുക്കാൻ 

ഉലയിൽ വയ്ക്കണ മെന്നില്ല 

ചിന്തകളുടെ  അഗാധതയ്ക്ക്              

മനസ്സ് നിയന്ത്രിക്കാനുള്ള  കഴിവുണ്ട് .

അറിവില്ലായ്മയാണെന്റെ അറിവ് 

എന്ന വാക്കിൽ  അറിവ് നിഴലിക്കുമ്പോൾ 

ഭൂമിയുടെ മേൽ  കാൽ  ചവിട്ടി നില്ക്കാൻ 

ശ്രമിക്കുന്ന  അഹംഭാവങ്ങൾക്ക് 

ഒരു മായാചിത്രത്തിന്റെ നിമിഷ ദൈര്ഘ്യമേ ഉള്ളു 

ചിന്തയിൽ  പതിഞ്ഞു നില്ക്കാനാവാത്ത 

അക്ഷരങ്ങളുടെ  ആയുസ്സ് അക്കങ്ങളെ ക്കാൾ

നൈമിഷികവും !

പൂജ്യം   എന്ന  അക്കം  പൂജ്യമാവുന്ന സമയങ്ങൾ 

കേവലം ഒന്നിനെ മാത്രം ആശ്രയിച്ചിരിക്കുമ്പോൾ 

ഇവിടെ അക്ഷരങ്ങളിലും ഞാൻ

 ആപൂജ്യതയെ  ആവാഹിക്കാൻ ശ്രമിക്കുന്നു  ! 

 

 

 

ശ്രീദേവിനായർ 

 

Friday, May 8, 2015

എന്റെ അമ്മ 




ലോകമെന്തെന്നറിയാതെ  

സ്വപ്നം കണ്ടു  മയങ്ങിഞാൻ .

ഉണ്മയേതെന്നറിയാതെ 

കണ്ണടച്ചു കിടന്നു ഞാൻ .!

 

അമ്മതൻ മുഖം കണ്ടുപിന്നെ 

അച്ഛനെ നോക്കിക്കിടന്നു ഞാൻ .

ബന്ധനങ്ങളറിയാതെ 

ബന്ധുതൻ കൈയ്യിലുറങ്ങിഞാൻ! 

 

ചുണ്ടിൽ മുലപ്പാലൊ ഴുക്കി 

പുഞ്ചിരിച്ചു കിടന്നു ഞാൻ!

പല്ലിനാൽ ക്ഷതം വരുത്തി 

അമ്മതൻ കണ്‍കളിൽ നോക്കി ഞാൻ!

 

അച്ഛനെന്നു വിളിക്കും മുൻപേ 

അമ്മ യെന്നു വിളിച്ചു ഞാൻ .

ആദ്യമായി നാവിലൂറിയ 

വാക്കിനെ" അമ്മ" യാക്കി ഞാൻ !

 

പിച്ചവച്ചു നടന്നു ഞാനെൻ

അമ്മതൻ  വിരൽ തുമ്പിനാൽ ...

കൊഞ്ചലായ് പിന്നമ്മ തന്നുടെ 

നെഞ്ചകം തന്നിലൊരോമലായ് !

 

അമ്മേ   എന്ന് വിളിച്ചു പിന്നെ 

ആവലാതികൾ ചൊല്ലിഞാൻ !

എന്തിനെന്നറിയാതെ 

പിന്തുടര്ന്നു ഞാനമ്മയെ !

 

ശൂന്യമായീ ഇന്നു വീണ്ടും

അമ്മതൻ  വിജനവീഥിയിൽ ...

എന്തിനെന്നറിയാതെ

വീണ്ടുമമ്മയെ കാത്തു ഞാൻ!

 

 

 

തിരഞ്ഞു  നിൽപ്പൂ അമ്മയെ ഞാൻ ...

തിരിച്ചു വരാത്ത  വഴികളിൽ ....

വെറുതെ ഒന്ന് നടന്നുനോക്കാൻ  

ആശക്ത മായെന്റെ പാദവും !



  

ശ്രീദേവിനായർ 


 

Sunday, April 26, 2015


പ്രതീക്ഷ
--------------

വിണ്ണിൽ  ചിരിക്കുന്ന  രാജകുമാരനു
മണ്ണിലെ പെണ്ണിനോടാത്മാനുരാഗം....
കാട്ടിലെ വന്മരക്കൂട്ടത്തിനാകെ
ച്ചോട്ടിലെ പുല്മേട  പെണ്ണിനോടാശ ..!

അക്കരക്കൂട്ടിലെ തത്തമ്മപ്പെണ്ണിനെ
ഇക്കരെനിന്നുകലമാൻ കൊതിച്ചു ..
കാട്ടരുവിയോടൊത്ത് നടക്കുവാൻ
കാട്ടാനക്കൊ മ്പനു വീണ്ടുമൊരാശ ..

ആശ നിരാശ  കൾ  നിശ്വാസമായപ്പോൾ  
നോക്കിനിന്നൊരു കുയിലമ്മ ചൊല്ലീ....

"കിട്ടില്ല കിട്ടില്ല ഒന്നും നിനക്കായ്...
സൃഷ്ടിച്ചവൻ നിന്നെരക്ഷി ച്ചുകൊള്ളും
മുറ്റും  പ്രതീക്ഷകൾനിൻ പക്കൽവേണ്ടാ
മറ്റെല്ലാമീശ്വരൻ തൻ കളിയല്ലേ ?

എന്തൊക്കെ യാണെന്റെ പാട്ടിന്റെ ഈണം
ഏതൊക്കെ ശീലുകൾ ഞാനാഞ്ഞു പാടി ...!
എന്നിട്ടു മിന്നും കണ്ടില്ല ഞാനെന്റെ
ജീവന്റെ  ജീവനാം മക്കളെ മാത്രം !"




ശ്രീദേവിനായർ 

Tuesday, April 21, 2015

ഭൂമിയമ്മ 

പുല്മേഞ്ഞ നിൻ  മാറിൽ ഒട്ടിക്കിടന്നു  ഞാൻ
അല്പവുമാശങ്ക യില്ലാതുറങ്ങി ഞാൻ ...
ആര് നീ ആരെന്നറിയാതുണർന്നു ഞാൻ ...
എന്നെത്തലോടിയ കൈകളെ ത്തേടിഞ്ഞാൻ ..!


പൂമരച്ചോട്ടിലെൻ പായ  വിരിച്ചു  നീ
പുൽത്തകിടി കൊണ്ടു മെത്തയുണ്ടാക്കി നീ ..
എൻ  മയക്കത്തിലും കൂട്ടിരിന്നീടുവാൻ
താരാട്ട് പാടുവാൻ  അരുവിയോടോ തി നീ ....!


ആരായിരുന്നു നീ എന്നമ്മ തന്നെയോ ?
കണ്ണീരുപ്പുമായ് കൂടെ നടന്നവൾ ?
നീയെനിയ്ക്കമ്മ ഭൂമിയാം  മാതാവ്
ആരോ രുമില്ലാത്തനാഥർക്കാശ്രയം !




ഈ മണ്ണിൽ  നിന്നല്ലോ എൻ സപ്ത നാഡി കൾ
ഈ ജലം തന്നെയെൻ രക്തത്തിന്നാധാരം ..
ജനനവും മരണവും ഇവിടെ നടക്കുന്നു
ഭൂമിയാം മാതാവേ നിൻ മാറിൽ ലയിക്കുന്നു !



ഇല്ല ഞാൻ പോവില്ല കൈവിടാനാവില്ല
ജന്മജന്മാന്തരമീയമ്മയെ ക്കൈവിടാൻ
 മറക്കുവാനാകാത്ത  ഹൃദയബന്ധം  ഈ ....
ഭൂമിയാം മാതാവിൻ ആത്മബന്ധം  !



ശ്രീദേവിനായർ 

Wednesday, April 15, 2015

 

 

പൂക്കളുടെ സംശയം 

-----------------------------------

 

എന്തെന്തു ചെയ്തൂ ? നീ ചെയ്തോ പുണ്യം..?

കണി ക്കൊന്നയാകാൻ മനസ്സൊന്നുവേറെ ....

വർഷങ്ങൾ തോറും വിരുന്നെത്തിവീണ്ടും 

ഹർഷാരവങ്ങൾനീ നേടി പൂവേ...!

 

കണ്ണുനിറഞ്ഞൂ ..... ചിരിച്ചൂ കണിക്കൊന്ന 

പൂവുംമെല്ലെ പ്പറയാനൊരുങ്ങീ .... 

ഇത്തരം ചോദ്യനുത്തരങ്ങൾ 

നിന്നാണെ,പൂവേയെനിക്കറിയുകില്ലാ .

 

ഉത്തരമില്ലാത്ത ചോദ്യനുത്തരം 

തേടി ത്തളർന്ന സുമങ്ങളെ ല്ലാം 

പനിനീർ സുമത്തിനെ റാണിയാക്കി 

ചോദ്യത്തിന്നാഴങ്ങൾ വീണ്ടെടുത്തു....

 

"നിന്നാണെ പൂവേ ചുമന്നപൂവേ 

നിന്നെ ഞാനൊന്ന് തലോടിട്ടേ ?

പുഞ്ചിരിതൂകി കണിക്കൊന്ന ചൊല്ലീ 

ഞാനോര് പാവം കാട്ടുപൂവ് .....! "

 

നാട് നീളെ നിവര്ന്നു നടക്കും വമ്പത്തിപ്പൂ നീ 

സമ്പന്നൻ മാർ ക്കെന്തും നല്കും നീ ഒരഹങ്കാരീ !

നിറങ്ങൾ പലത്  ഇഷ്ടം പലത് ...

പ്രണയത്തിൻ പൂ  നീ ...!

വാസനയേറിയ നിന്മേനിക്കായ് 

യൌവ്വനവുംപിറകേ ..

 

തുമ്പ പ്പൂവിൻ നിര്മ്മല ഹൃദയം 

എന്നെ ഓര്ക്കുന്നു !

കണ്ണന്റെ പൂഞ്ചേ ലയിലായി  

 ഞാനും ലയിക്കുന്നു  ...!.

 

കിങ്ങിണിമൊട്ടുകൾ ചിലങ്കകെട്ടി  

 നൃത്തം വയ്ക്കുന്നു

എൻ ചില്ല്ലയിലിരുന്നവനെന്നെനോക്കി- 

ക്കുഴലൂതി രസിക്കുന്നൂ .....!

 പ്രണയിനിയല്ല കാമിനിയല്ല 

വെറുമൊരു പാവം ഞാൻ, 

കണ്ടാൽ വീണ്ടും നോക്കിപ്പോകും 

നിര്മ്മല രൂപം ഞാൻ !

 

 കണ്ണന്റെ കളിത്തോഴി 

വെറുമൊരുകൊന്നപ്പൂ 

കണികാണാനായി വീണ്ടുമെത്തും 

മേടപ്പുലരിയിൽ ഞാൻ !

 
   
...

 ശ്രീദേവിനായർ 

 
.
 
 

 

Tuesday, April 14, 2015

 കൊന്നപ്പൂവ്

------------------

 

മഴയും വെയിലും വാരിപ്പുണർന്ന
വിശ്വാസത്തിൽ കുളിരണിഞ്ഞ
കണിക്കൊന്ന പൂക്കൾ ...

സൂര്യനെ ആവാഹിച്ച മനസ്സുമായ് ,...

മനുഷ്യമനസ്സുകളിലേയ്ക്ക്

എത്തിനോക്കാൻ ശ്രമിക്കുന്ന ഈ സുന്ദര കാലം ..!

അത് തന്നെയാണു നമ്മുടെ സ്വന്തം വിഷുക്കാലം ....
സ്നേഹത്തിന്റെ ഒരു കുല കൊന്നപ്പൂക്കൾ
എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്ക്കും
ഞാനും നല്കുന്നു !

"വിഷു ദിനാശംസകൾ"
നിങ്ങളുടെ സ്വന്തം ശ്രീദേവിനായർ

Saturday, April 11, 2015

കാൽക്കുലേറ്റർ 

-----------------------

കൂട്ടിയിട്ടും കിഴിച്ചിട്ടും 

ഗുണിച്ചിട്ടും ഹരിച്ചിട്ടും 

കാണാൻ കഴിയാത്ത അക്കങ്ങളെത്തേടി 

ഞാൻ കാൽക്കുലേറ്ററിന്റെ നാലുവശവും നോക്കി..

 

ഇനി മറ്റുവല്ല വശങ്ങളും ഇതിനുണ്ടോ?


നാലല്ല  നാല്പത്  വശങ്ങൾ തേടിയാലും 

കിട്ടില്ലെന്ന ധാരണയിൽ സുഹൃത്തിന്റെ പരുഷനോട്ടം!


എന്തുപറ്റി ശ്രീ?

ഏയ്‌ ഒന്നുമില്ല ...

ലെഡ്ജർ മാറ്റിവച്ചു ഞാൻ കാൽക്കുലേറ്റർ 

വിശദമായി പരിശോധിക്കൽ ആരംഭിച്ചു !


എന്നാൽ  ഞാൻ  ഒന്ന് ഞെട്ടി !

ശരിയാണ് !

എന്റെ ബന്ധങ്ങളുടെ ബാറ്ററി  ചാർജ്ജില്ലാതായിരിക്കുന്നു!.

മാറ്റിയിടാൻ ഞാൻ" മറന്നും, പോയിരിക്കുന്നു !"

 
 

ശ്രീദേവിനായർ 

Friday, April 10, 2015

 

 കവിത 

 

ചിന്തിത മാനസം കണ്ടു ഭ്രമിക്കേണ്ടാ 
ചിന്തവിട്ടെന്നും നീ പോയിടേണ്ടാ ..
ചിത്തത്തിനുള്ളിലഗ്നി ജ്വലിക്കുമ്പോഴും 
ചിന്താരഹിതയായ്  വാഴ്കവേണം..... 
 
ഇമ്മട്ടിലുള്ളോരു ചൊല്ലുകൾകേട്ടേന്റെ  
ഇച്ഛയിലെപ്പക്ഷി ഉറങ്ങിയില്ലാ ...
പറക്കമുറ്റാത്ത പാഴ്വാക്കിനർത്ഥം 
പഴഞ്ചനെന്നെങ്ങനെ ഞാൻ പറയും ?
 
പഴമകൊണ്ടെന്റെ മനം നിറച്ചോരു 
പഴംകവിതയെയെങ്ങനെ   പരിത്യജിക്കും ?
 
 
എഴുതൂ  പ്രിയ  മിത്രമേ എഴുതൂ ..
എന്നാൽ   പുതുമ നിറയ്ക്കൂ .....
 
എന്തും പറയണം ..പ്രസംഗിക്കവേണം .!..അതിനോരു  ശേലു വേണം! 
സഭ്യമാവാം  അസഭ്യമാവാം ..!വീണ്ടും നിനക്കതൊരു പ്രമാണമാക്കാം !......
 
 
 
വെളുക്കെച്ചിരിച്ചു മെല്ലെക്കരഞ്ഞുഞാൻ..... 
കണ്ണൊന്നടച്ചു മെല്ലെത്തുറന്നു....... 
 മുന്നിലായ്ക്കണ്ടു പ്രസംഗരൂപം..

കണ്ടാലൊരു കേമൻ ..കാണാൻ സുമുഖൻ 
കാരിരുമ്പിന്റെ മനസ്സുള്ള സൌമ്യൻ ...
കവിതയെന്നൊരു ഗദ്യരൂപം 
കവിയായി വീണ്ടും അരങ്ങിലേറി....
 
 
കവിതയെന്നൊരു പരമോന്നഭാവം  
കടമെടുക്കാനാവാതെപോയ 
കടന്നൽകൊത്തിയകവിയെനോക്കി  ,
കാണാത്തപോൽ  ഞാൻ നോക്കി നിന്നു .
 
 
പദ്യമെഴുതിയാൽ നിനക്ക് പഴഞ്ചനാകാം !ഗദ്യമെഴുതിയാൽ  നിനക്ക് പ്രസിദ്ധനാകാം! 
 
കവി വീണ്ടും ചിരിച്ചു 
 
 
വേണ്ടാവേണ്ടാ യെനിയ്ക്കാകവേണ്ടാ ..
 മാനുഷനെന്നൊരു പേരുമതി 
എന്നെന്നുംമാനുഷസ്നേഹിയായി
നിങ്ങളിൾ തന്നൊരുസോദരിയായ് !
 
    "ഉള്ളം പുകഞ്ഞു എന്തെന്നറിയാതെ...... 
   ഭാഗവാനുമായൊന്നു സംവദിച്ചു." 
 
അങ്ങയ്ക്കു തെറ്റിയോ? മാവേലിയോ ?കവിയോ ?
പാതളത്തിലാഴുവൻ യോഗ്യരാര്    ? 
 
കവിതയെ ത്തേടുന്ന വാമനകുമാരനു 
കാൽ ചവിട്ടാൻ ഞാൻ ......
തലതാഴ്ത്തി നിന്നു !!!



ശ്രീദേവിനായർ 

Wednesday, April 8, 2015


കണിക്കൊന്ന
----------------------


സ്വപ്നം മയങ്ങും വിഷു ക്കാലമൊന്നിൽ
കണ്ണൊന്നു പൊത്തി ക്കണിക്കൊന്നയെത്തി .
കണ്ണൊന്നുചിമ്മി ക്കുണുങ്ങിച്ചിരിച്ചു ,
കണ്ണന്റെ രൂപം മനസ്സില് പതിഞ്ഞു ...
..
കാണാതെഎന്നും കണിയായൊരുങ്ങി
ഉള്ളാ ലെ എന്നും വിഷു പ്പക്ഷി ഞാനും!
കണിക്കൊന്നപൂത്തു മനസ്സും നിറഞ്ഞു
 കനകത്തിൻ പൂക്കൾ നിരന്നാഞ്ഞുലഞ്ഞു ...

വിഷുക്കാലമൊന്നിൽ ശരത്ക്കാലമെത്തീ
പതം  ചൊല്ലി നിന്നൂ കണിക്കൊന്നതേങ്ങി..
കൊഴിഞ്ഞങ്ങുവീണ സുമങ്ങളെനോക്കി ,
 എന്തെന്നറിയാതെ വിങ്ങിക്കരഞ്ഞു .......


"കണിക്കൊന്നപ്പൂവിനൊപ്പം
കണ്ണനുണ്ണി നീ ചിരിച്ചു .....
കണികാണാനായി വീണ്ടും
വിഷുപ്പുലരിയോടിയെത്തി ......!"



ശ്രീദേവിനായർ                                   

Monday, April 6, 2015

പ്രണയം 

 

 

ഒരു നാളിൽ എന്നേയ്ക്കായ്പ്പിരിയുമെങ്കിൽ ,

ഇപ്പ്ര ണയത്തിന്നാഴങ്ങൾ ആരോർത്തുവയ്പ്പൂ?

എന്നെന്നുമാത്മാവിൻ ഉണ്‍ര്ത്തുപാട്ടാ യ്  

ത്തീരുമെങ്കിൽ വീണ്ടും ,ഓര്ത്തുവയ്ക്കാം..  

 

ജീവൻ തുടിക്കുമെൻആത്മാവിനുള്ളി ലെ 

ശ്രീരാഗമായ് ഗാനമാലപിക്കാം ..

ഹൃത്തിന്നകതാരിലെന്നും പ്രണയത്തിൻ 

ജീവൻസ്പുരിക്കുംനിറതാളമാകാം  ..

 

തപ്തനിശ്വാസമേ നീഉതിർക്കുന്നുവോ 

വീണ്ടുമൊരേകാന്ത സ്മൃ തി മന്ദിരം

പ്രണയത്തിന്നാഴങ്ങൾ തേടിയലയാതെ 

നീലയിച്ചീടുക വിസ്മയമായ്  !

 

ശ്രീദേവിനായർ 

Sunday, April 5, 2015

 

 

കറുപ്പ് നിറം 

----------------------

 

പലവട്ടമായീ ക്കാണാൻ ശ്ര മിച്ച്ചൊരു 

മഴവില്ലിനെഞാൻ മാറോടണ ച്ചു  .

പഴയൊരു സ്വപ്നത്തെ വീണ്ടും സ്മരിക്കാൻ ,

പഞ്ചവർണ്ണക്കിളി പെണ്ണിനെത്തേടി .

 

പലവട്ടം ആഞ്ഞു പിടിക്കാൻ ശ്രമിച്ചപ്പോൽ 

പാഴ് ചിറകെല്ലാം കൊഴിഞ്ഞവൾ വീണു 

വീണ്ടും മനസ്സെന്ന വ്യാജ മയൂരം ,

ചിറകു വിടർത്തിച്ചലിക്കാനൊരുങ്ങീ .

 

മഴമേഘമൊന്നു തുടുത്തു തുളുമ്പി ,

ഉള്ളാലെ കണ്ടവൾ കോരിത്തരിച്ചു ,

ഏഴു നിറങ്ങളിൽ മുന്നിൽ  നീ നിന്നാൽ 

നിന്നാണെ  നിൻനിറം മുന്തിയതാകാം .

.

കരിമുകിൽ ഇല്ലാത്ത മഴമേഘമില്ല 

കാർവർണ്ണമെന്നാൽ മനോഹര ദൃശ്യം  

മനസ്സിന്റെ നിറവിൽ പുകയുന്ന നിനവിൽ 

സുന്ദരനിറത്തെ തിരക്കാനിറങ്ങീ   

 

ഏഴു നിറങ്ങളും മത്സരപ്പന്തലിൽ 

ആഞ്ഞാഞ്ഞുറഞ്ഞങ്ങു വീണ്ടും ച്ചവിട്ടി ,

ആരാണു കേമൻ തർക്കങ്ങൾ മൂത്തപ്പോൾ 

ഞാനൊന്നു നോക്കി മനസ്സൊന്നു വിങ്ങീ 

 

"കാണാൻ കറുമ്പി ക്ക് എന്താണു ചന്തം ?

കണ്ടവർ കണ്ടവർ പലവട്ടം ചൊല്ലീ "

മുന്നിൽ  നിരന്നൊരു കണ്ണാടിനോക്കി 

മനസ്സിന്റെ ആഴങ്ങൾ  തേടാൻ ശ്രമിച്ചു.

 

ഏഴു നിറങ്ങളും  നാണിച്ചു നിന്നു 

കാർവർണ്ണം വീണ്ടും പൊട്ടിച്ചിരിച്ചു 

കണ്ണിനു മികവാർന്ന കാർവർണ്ണനെ 

മനസ്സില് സ്മരിച്ചെന്റെ ഉള്ളു നിറഞ്ഞു   

 

 

ശ്രീദേവിനായർ 

Saturday, April 4, 2015

ദൈവപുത്രൻ
------------------



മെല്ലെത്തലോടിയെൻ ,കാതിൽ മൊഴിഞ്ഞവൻ,
ഞാനാണവൻ        നിൻ  "സമാധാനദൂതൻ"
വീണ്ടും ഉണർ ന്നെഴുന്നേറ്റവൻഞാനും   ,
നീയറിയുന്നൊരീ " ദൈവപുത്രൻ"!
                  
കണ്‍ചിമ്മി നിന്നൊരെൻ ചാരത്തണഞ്ഞവൻ,
പുഞ്ചിരി തൂകിപ്പിന്നെപ്പറഞ്ഞവൻ ;

സ്നേഹിപ്പിൻ നിങ്ങളെല്ലാവരുമെപ്പോഴും ,
അന്യോന്യ മാശ്രയമായിക്കഴിയുവിൻ .
സ്നേഹസമ്മാനമായ് ഞാൻ വീണ്ടും നല്കുന്നു,
ഭൂമിയിൽ നിങ്ങൾക്കു സ്വർഗ്ഗരാജ്യത്തെയും !






ശ്രീദേവിനായർ


പ്രിയ സ്നേഹിതർക്ക്   എന്റെ ഈസ്റ്റർ ആശംസകൾ ........

Thursday, March 19, 2015

പ്രിയപ്പെട്ട കൂട്ടുകാർ ക്ഷമിക്കുക !

ദയവായി  എന്റെ കവിതകളോ  കഥയോ  ആരും സ്വന്തം പേരിൽ  ബ്ലോഗിലോ , ഫേസ് ബുക്കിലോ   പോസ്റ്റു ചെയ്യരുതു .വേണമെന്നുണ്ടെങ്കിൽ എന്റെ കവിതയാണെ ന്നെങ്കിലും  പറഞ്ഞേക്കണം  കാരണം ഇതൊക്കെ ബുക്സ് ആക്കിയതാണ് .  പിന്നെ പ്രശ്നമാകാതിരിക്കാനായിട്ടാണു 
ഇത് എഴുതുന്നത്‌ .
പ്രിയപ്പെട്ട കൂട്ടുകാർ ക്ഷമിക്കുക !
  

Monday, March 9, 2015

ഞാനും ഒരു സ്ത്രീ
-------------------------




സ്ത്രീ യുടെ  മനസ്സ്  എന്ന മൌനത്തിനു
കാരിരുമ്പിന്റെ ശക്തിയും
  പാറയുടെ ഉറപ്പും ഉണ്ട് .
അവളുടെ  നിസ്സംഗതയ്ക്ക് പേരറിയാത്ത
നീതിബോധവുമുണ്ട് !


അമ്മയെന്ന മഹത്വവും മഹിളയെന്ന
അവഹേളനവുമുണ്ട് .
എങ്കിലും ഒരു  അളവുകോലിലും 
അളന്നെടുക്കാൻ പറ്റാത്ത വിധം
മഹത്വവുമുണ്ട് !

സ്ത്രീയെ മാനിക്കാം അതി നു സ്ത്രീ തന്നെ
സ്വയം ശ്ര മിക്കുകയും വേണം.
നമുക്ക് സ്വയം നന്നാവാം
അന്യരെപഴിക്കാതെ ,ഉള്ളാലെ നന്നാവാം
ജന്മനാൽ   നമുക്ക് പകര്ന്നുകിട്ടിയ
അസൂയ,പക ,കുശുമ്പ്, നുണ  ഇതെല്ലാം മറക്കാം

നമുക്ക് നന്നാവാം....



ഒപ്പം  നല്ലൊരുനാളേയ്ക്കു വേണ്ടി ഓടാതെ
സ്വയം തീരുമാനമെടുക്കാം.
അന്യരെ ബോധിപ്പിക്കാ നല്ല നാം
ശ്രമിക്കേണ്ടത് ....
 സ്വയം വിമർശനം നടത്താം
എന്നിട്ടുതീരുമാനിക്കാം.

ഞാൻ നല്ലൊരു സ്ത്രീ തന്നെയാണോ?

എല്ലാ വനിതാ കൂട്ടുകാർക്കും എന്റെ മംഗളാശംസകൾ

സ്വന്തം,
ശ്രീദേവിനായർ.

Wednesday, March 4, 2015

ആറ്റുകാലമ്മയ്ക്ക്  പ്രണാമം 

 സകല ചരാചര കാരണഭൂതയാം
ദേവിദയേശ്വരീ ശ്രീ പാർവ്വതീ....
ആറ്റുകാലിൽ വാഴും ദേവീ ചൈതന്യമായ്
വാണരുളുന്നൂ ഭഗവതി നീ ....(.സകല )

തിരുവാഭരണം  ചാർത്തിയ രൂപം ,
തിരുപുരമെന്നും കണ്ടിടുമ്പോൾ ....
ശ്രീപുരേശ്വരീ ദീനദയാവതി..
കാരുണ്യവാരിധേ,  കാത്തിടണേ ...(.സകല )

.ജന്മ ജന്മാ ന്തര പുണ്യമായ് തീരുന്നു
മംഗള ദായിനി ശ്രീഭദ്ര നീ ...
നിറയുന്ന മിഴികൾക്കു സാന്ത്വനമായെന്നും
കാക്കണമമ്മേ സന്തതം നീ.....( സകല )




ശ്രീദേവിനായർ



   

Sunday, February 15, 2015

മഹാശിവരാത്രി

 
ശംഭോ മഹാദേവ ശംഭോ
ശിവശംഭോ മഹാദേവ ശംഭോ 
 തൃക്കണ്ണുു വീണ്ടും തുറക്കൂ ,
ഭൂമിദുഃഖ ങ്ങളെ ല്ലാമകറ്റൂ .....(ശംഭോ )
 
തിങ്കൾക്കലാധര സങ്കടഹരണ
സർവ്വ വേദാന്ത പ്പൊരുളേ 
പന്നഗ ഭൂഷണ കിന്നരസേവിത 
നന്ദി തൻ പ്രിയഹരനേ (ശംഭോ )
 
യക്ഷസ്വരൂപ ജടാ ധരനാകിയ 
ശ്രീശക്തിനാഥാ  ശിവനേ ..
 തൃ ക്കണ്ണുു  വീണ്ടും തുറക്കൂ ,
ഭൂമി ഭാര ങ്ങളെല്ലാമകറ്റൂ (ശംഭോ ) 
 
 
 
 
(ശ്രീദേവിനായർ )

Wednesday, February 11, 2015

പ്രണയദിനം



ഒരിക്കലും വിടതരാത്ത പ്രണയമേ
 എൻ പ്രണയമേ ;
നിന്നിലാരെതെരഞ്ഞൂ ഞാനിന്നു-
 മെന്നുയിരകലങ്ങളിൽ .

ജീവവായു തന്നെയുമൊരു
പ്രണയസങ്കടക്കടൽ .
ആതിലലിയും നിന്നുടെകണ്ണുനീരോ
പിന്നെയതിലൊരു ലവണമായ്‌ !.

തിരകളായിരം വന്നുപോയി
പലതും നിന്നെ കണ്ടുവോ ?
കദനമായി തിരകൾ വീണ്ടും
കരകാണാ തലഞ്ഞുവോ?


അഴലുമായി കടലുതാണ്ടിയ
തിരയെവീണ്ടും നോക്കി ഞാൻ
അർത്ഥ മില്ലാ  പ്രണയത്തെ
കണ്ടു വീണ്ടും ചിരിച്ചുവോ ?


ശ്രീദേവിനായർ 

Wednesday, February 4, 2015

ച്ഛായ

 

ഏകാന്ത നിമിഷങ്ങളെന്നെ ന്നുമെന്നുടെ 
ആത്മാവിൽ  ആനന്ദ ലഹരിയായി.
എതെന്നറിയാത്ത നൊമ്പരപ്പൂക്കളു 
മിന്നെന്റെ ആത്മ മിത്രങ്ങളായി . 
 
അരുതെന്നുമെന്നെന്നുമെന്നെ പഠിപ്പിച്ച 
ആത്മപാഠങ്ങളെൻ തോഴരായി .
ആരോരുമറിയാതെ മനസ്സിലൊളിപ്പിച്ച
 ആത്മഹർഷങ്ങളെൻ ശത്രുവായി .
 
രാവുംപകലും ഞാൻ തേടിയലഞ്ഞ തോ ,    .
 അർത്ഥമില്ലാ     വെറും വരികളായി .
രൂപമെന്തെന്നറി യാതെഞാൻ കൊത്തിയ
ശിൽപ്പമെൻ ച്ഛായ പകർ ന്നു നൽകീ !  
 
 
 
 
ശ്രീദേവിനായർ 
 
 

Tuesday, January 13, 2015

ശ്രീ അയ്യപ്പൻ 
----------------------
ശരംകുത്തിപ്പായുന്നു ശരണ മന്ത്രം .
പമ്പാ വിളക്കായി  വീണ്ടും ശരണമന്ത്രം  

പതിനെട്ടു പടികളിൽ അർപ്പിച്ചിടാം
ഞാൻ ,പതിനായിരം കോടി സഹസ്രപത്രം

ആശ്രിതവത്സല അയ്യപ്പ നീ
ആശ്രിതർക്കെന്നുമേ അഭയസ്ഥാാനം .

ശ്രീ ധർമ്മശാസ്താവിൻപുണ്യതീർത്ഥം 
ഈ,മനുഷജന്മത്തിൻമോക്ഷതീർത്ഥം 

മാമല വാസാ  ശബരീശനേ
ശബരിഗിരീശാ  ശരണമയ്യാ
ഓംകാരപ്പൊരുളെ അയ്യപ്പാ ,
ഹരിഹരസുതനേ  ശരണം നീ .


ശ്രീദേവിനായർ
 

Friday, January 9, 2015

ബന്ധു

മറക്കാതെ പോകുന്നു നാമെന്നുമാത്മാവിൻ         
അന്തരാളങ്ങളിൽ  കാണുന്ന തീക്കനൽ.
പാതിനീറുന്ന ചിന്തകൾക്കുള്ളിലായ്
പാതിയും നീറാത്ത ഭസ്മമായ് വിങ്ങുന്നു.

നീറ്റിയെടുത്താലുമൊടുങ്ങാത്ത നൊമ്പരം
എകാന്തമായൊടുങ്ങുന്നകലെ,ചിതകളിൽ
സ്നേഹമോ,മോഹമോ,പകയോ അതിനപ്പുറം
പേരറിയാത്തൊരു പേരിന്നകലെയോ?

ആരായിരുന്നവർ സ്വന്തമോ ബന്ധമോ ?
ആരുതന്നായാലവരെന്നുമെൻ ബന്ധുവായ് !
 നിമിഷാര്ദ്ധമായ്  വീണ്ടും പിരിയുന്നു അന്യരായ് ,
നഷ്ടമാം ആത്മാവിൻനൊമ്പരപ്പാടുമായ് !



ശ്രീദേവിനായർ