Wednesday, December 30, 2015

നവവത്സരം  ( ഗാനം )
------------------
നിലാവിന്റെ തേരിൽ ,മണിമഞ്ചലേറി ...
മയൂരമായ് നീ ,വിരുന്നിനെത്തീ ..
പുതുവർഷമായി വിരുന്നിനെത്തീ !

വിരുന്നൊരുക്കീ ഞാൻ കാത്തിരുന്നൂ ,
നിന്നെ വിവശയായ് ....
വീണ്ടും നോക്കി നിന്നു !

നിറമോലും പീലി വിടർത്തിയാടി ,
നീ മായാമയുരനടനമാടി ....

ഒരു പീലി മാത്രം  നീ
എനിയ്ക്ക് നൽകൂ ,
എന്റെ ബാല്യത്തിൻ
സ്വപ്നത്തെ തിരിച്ചു നൽകൂ!


പകരം നിനക്ക് എന്തുവേണ്ടു?
എന്റെ മധുരിക്കും സങ്കൽപം
നിനക്ക് നല്കാം ,,,ഞാൻ
 നിനക്ക് നല്കാം !

അതിൽ ,
ഏഴുനിറങ്ങളും കണ്ടു നില്ക്കാം.....
ഏഴായിരം സ്വപ്നകഥമെനയാം ....
വീണ്ടും വിടരുവാനാവുന്ന പൂക്കളെ ,
വീണടിയാതെനിനക്കു കാണാം !

തൂമഞ്ഞിൽ തുള്ളിയിൽ നമ്രമുഖികളാം ,
തുമ്പപ്പൂക്കളെ നിനക്ക് കാണാം ..
ഒരായിരം നോമ്പുകൾ നോറ്റപരിശുദ്ധ-
തുളസീചെടികളെനിനക്കു കാണാം !


എന്റെ പാദസരങ്ങളും പൊന്നരഞ്ഞാണവും,
 പാതിവരച്ചൊരു  മുഖപടവും,
പട്ടുപാവാടയും പച്ചമഷിത്തണ്ടും ,
പഴയൊരു സ്ലേറ്റും നിനക്കെടുക്കാം .....!.

പുസ്തകത്താ ളിന്നിടയിലെ നിന്നുടെ
സ്നേഹപ്പീലി  നിന്നോർമ്മ ,
അതുമാത്രം മതി എന്നുടെ ബാല്യം,
എന്നെന്നും നിന്നെ ഓർമ്മിക്കാൻ !

ശ്രീദേവിനായർ 

Friday, December 25, 2015


തിരുവാതിര
-----------------
ധനു മാസ ചന്ദ്രിക പൂനിലാവൊളിപ്പിച്ച
തിരുവാതിര രാത്രി വിരുന്നു വന്നു ,
ഇന്നലെ വിരുന്നുവന്നു ....!

എന്റെ കണ്ണു പൊത്തി,
പിന്നെ കരം കവർന്നു
ശിവശക്തിയായി എന്റെ മുന്നിൽ  വന്നു !...


മനസ്സില് ഞാൻ കരുതിവച്ചതൊക്കെ
എന്റെ ദേവനു മുന്നിൽ  പകുത്തുനൽകീ
ഞാൻ ദേവന്റെ മുന്നിൽകൈ  കൂപ്പിനിന്നു! .

അഷ്ടമംഗല്യമായ്  കളഭക്കുറി തൊട്ട്
പുളിയിലക്കരചുറ്റി  നോമ്പെടുത്തു   ഞാൻ
പിച്ചകപൂമൊട്ടു കോർത്തെടുത്തു ,
എന്റെ ദേവന്റെ പാദത്തിൽ  കാഴ്ച്ചവച്ചു ...!

ഈറൻ മുടിയിൽ ..,,ദശപുഷ്പം ചൂടി ഞാൻ ,
തിരുവാതിരരാത്രി യെനോക്കി നിന്നു ...
ഒരു  കൂവളത്തില  ആയി ഞാൻ എന്നുടെ
മനസ്സുകൊണ്ടീശനെ വണങ്ങി നിന്നു


സഖികളെല്ലാം ആർത്തുചിരിച്ചെന്റെ  ,
ചുറ്റിലും കൂടി കളിപറഞ്ഞു ,
അവർ ചുവടുവച്ചു ,,,,,തിരുവാതിരപ്പാട്ടുപാടി
എന്റെ കവിളിൽ തലോടി പിരിഞ്ഞുപോയി !


ശ്രീദേവിനായർ
 

Thursday, December 24, 2015

ചിത്രം ( ഗാനം )
----------

മായാ ചിത്രമേ  എൻ -
വഴികളിലിന്നുവീണ്ടുമൊരു
സ്വപ്നരൂപമായ് നീ വന്നുവോ?

മഞ്ഞു പെയ്ത നിശീഥിനി
 നിശബ്ദമായി  മിഴികൂമ്പിയോ ?
ഒച്ചവയ്ക്കാതെ തളിർമേനിയിൽ - .
കുളിർകാറ്റു വീണുറങ്ങിയോ ?

പുലർ  ക്കാല മഞ്ഞിൻ കണ്ണീർത്തുള്ളി
നിൻ  ചുണ്ടിൽ ഒരിറ്റു തേനായ് തുളുമ്പിയോ ?
ഒരു  നിശാസമായ് സൂര്യ കിരണങ്ങൾ
തൻ ചുടു നെടുവീർപ്പിനുള്ളിൽ നീ
  വീണ്ടും ഉരുകി ത്തിളച്ചുവോ ?


മിഴിനീരടക്കും ത്രിസന്ധ്യയിന്നും,
സാന്ത്വന രാഗ കീർത്തനം ചൊല്ലിയോ ?
വിരുന്നെത്തും ചന്ദ്രനും നിന്നരികിൽ
നിശബ്ദനായി      വീണ്ടും നിന്നുവോ ?


ശ്രീദേവിനായർ 

Thursday, December 10, 2015

മനസ്സ്‌
-----------

ഒരു വിരൽപ്പാടു തലോടും ഹൃദയത്തെ ,
മറുവിരൽ കൊണ്ടു വിലക്കുന്ന മനസ്സേ ,...
ഒരു വാക്കോതുവാൻ കഴിയാതെ വീണ്ടും ,
ചിന്തകൾ  നിന്നെ കുത്തിനോവിച്ചോ !

മനസ്സെന്ന മാന്ത്രിക ക്കുതിരതൻ കാലുകൾ
ആഞ്ഞു കുതിക്കുന്നോ ദിനരാത്രങ്ങളിൽ ?
നഷ്ട ങ്ങളോ ജന്മ ലാഭങ്ങളോ ?
എന്തെന്നറിയാതെ അലയുന്നോ നിന്നിൽ ?


ശ്രീദേവിനായർ