Friday, October 29, 2010

സമസ്യ

ഒരു നിമിഷത്തെ വിരഹം,
ഒരു ദിവസത്തെ കലഹം,
ഒരു യുഗത്തോളം ആഴം!
ബന്ധങ്ങളുടെ തീവ്രത,
ബന്ധനങ്ങളുടെ മതിഭ്രമം.

എല്ലാം വലിച്ചെറിഞ്ഞ് സ്വതന്ത്രയാവാന്‍
കഴിഞ്ഞിരുന്നെങ്കില്‍!


ആത്മാവിന്റെ ഒട്ടിച്ചേരലുകള്‍,
ചിന്തകളുടെ സ്വയംഭോഗങ്ങള്‍,
ഭാവങ്ങളുടെ വികാരപ്രകടനങ്ങള്‍.

എല്ലാം മറന്ന് സ്വതന്ത്രയാവാന്‍
കഴിഞ്ഞിരുന്നെങ്കില്‍!


ഓര്‍മ്മകളുടെ നിബിഡവനങ്ങളില്‍
തിങ്ങിനിരന്ന പ്രണയരാഗങ്ങളില്‍
ഈണംതെറ്റി,വരികള്‍ മറന്ന്,
ഇഴപൊട്ടിയ തന്ത്രികളിലപശ്രുതി
ആലപിക്കുന്നതിനുമുന്‍പ്,

അരങ്ങൊഴിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

ജീവിതമെന്ന സമസ്യയുടെ ചുരുള്‍
അഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
ഞാന്‍ എത്രസ്വതന്ത്ര!


ശ്രീദേവിനായര്‍

Saturday, October 9, 2010

മഴ

രാവേറെയായീയെന്‍ചിന്തകള്‍ പൂവിട്ടു
തിരിതാഴ്ത്തിയെന്നുള്ളിലണയാന്‍ വിതുമ്പു
മ്പോള്‍,
പുലരാത്തപ്രകൃതിയെമാറോടണച്ചുഞാന്‍,
പതിവായിയാലിംഗനംചെയ്തുണരുന്നു.



കുപിതനായെന്നെയൊരുനോക്കുകാണാതെ,
കൈവിട്ടുപോകുന്നു മഴതന്റെ മിഴിനീരാല്‍.
മാനം കറുക്കുമ്പോള്‍ മിഴിതന്നിലണയാത്ത,
മൌനസംഗീതിയായെന്നുള്ളമലയുന്നു.


എന്തോപറയുവാനായുന്നചെഞ്ചുണ്ടില്‍,
വിറയാര്‍ന്ന പ്രണയത്തിന്‍ വരികള്‍
മൂകമായ്.
നനവാര്‍ന്ന മഴനീരിന്‍സ്നിഗ്ദ്ധമാംഭാവങ്ങള്‍,
ഒന്നും പറയുവാനാവാതെ വിടചൊല്ലി.




ശ്രീദേവിനായര്‍.