Saturday, February 19, 2011

ആറ്റുകാലമ്മ





സന്താപനാശിനി സന്തോഷകാരിണി,
സന്താനസൌഭാഗ്യദായകീ,
സൌമ്യേ സദാകാല സത്കാരിണീ
സംഗീതികേ സത്ദാനേശ്വരീ.



സ്വര്‍ല്ലോകദായകീ സ്വര്‍ഗ്ഗേശ്വരീ,
സമ്പത്കരീ സ്വപ്നസാക്ഷാത്കരീ,
സൌരഭപ്രീയേ സാധുശീലേ,
സമ്പൂര്‍ണ്ണരൂപേ,സുമംഗലേ.



സത്കാരപ്രീയേ സദാശിവേ,
സമ്മോദ ദായികേ സനാതനേ.
ആറ്റുകാലമ്മേ കാത്തരുളൂ,
അന്നപൂര്‍ണ്ണേശ്വരീ അഭയരൂപേ!



ശ്രീദേവിനായര്‍.

Monday, February 14, 2011

പനിനീര്‍പുഷ്പം





രാഗപുഷ്പം ,എന്റെ ഓര്‍മ്മയില്‍,
ആരോ വിരിയിച്ച,ജീവപുഷ്പം.
മാറും കിനാക്കളില്‍ മാല്യംകൊരുക്കുമീ,
മധുരകാലത്തിന്റെ മനോജ്ഞപുഷ്പം.




തീര്‍ക്കും തടവറ മനസ്സിന്നുള്ളിലായ്,
സ്നേഹം തുടിയ്ക്കുമീചുവന്നപുഷ്പം.
ഉള്ളിലെ പ്രണയത്തിന്‍ ചൂടില്‍ വിരിയിച്ച,
രക്തം കിനിയും മന്ത്രപുഷ്പം.


മഞ്ഞുകണങ്ങളില്‍  കണ്ണീര്‍ചാലിച്ച,
കാലം മറക്കാത്ത പനിനീര്‍പുഷ്പം.,
 പ്രണയവസന്തങ്ങള്‍ എന്നും നിനക്കായീ
  നേര്‍ച്ചകള്‍ നേരുന്നു പ്രേമപൂര്‍വ്വം!


ശ്രീദേവിനായര്‍.

Tuesday, February 8, 2011

സൌന്ദര്യം





സ്നിഗ്ദ്ധസൌന്ദര്യമേ,നിന്നിലാവാഹിച്ച
നിത്യമാം ശില്പത്തിന്‍ ചാരുരൂപം;
നിത്യതയിലിന്നു ശാന്തമായ്ത്തീര്‍ന്നുവോ?
നിന്നെയറിഞ്ഞൊരീശില്പിതന്നില്‍.



നിരുപമസൌന്ദര്യമേ,നിന്മനമണ്ഡപം,
നൃത്തച്ചുവടില്‍ മദിച്ചിരുന്നോ?
നിന്നെയറിയാത്ത കാണികള്‍തന്മുന്നില്‍,
അന്നു നീയാദ്യമായ് തേങ്ങി നിന്നോ?


അറിയാന്‍ശ്രമിച്ചൊരു ചിത്രകാരന്‍തന്റെ,
ചിത്രത്തില്‍  നീവീണ്ടും പ്രോജ്ജ്വലിച്ചു;
ഒരു രേഖാചിത്രമായ് അന്നവന്‍ തന്നുടെ,
കൈകളില്‍ വീണ്ടും പുനര്‍ജ്ജനിച്ചു.


ഏതോ പുനര്‍ജ്ജന്മമൊന്നില്‍ നീ വീണ്ടും,
എഴുതാന്‍ മറന്നൊരു കവിതയായീ.
എങ്കിലും സൌന്ദര്യ രൂപമേ,നിന്നുള്ളില്‍
ഏങ്ങലടിയ്ക്കും മനസ്സുകണ്ടു!



ശ്രീദേവിനായര്‍