Sunday, August 30, 2009

തിരുവോണം

എല്ലാസുഹൃത്തുക്കള്‍ക്കും
എന്റെ സ്നേഹത്തോടൊപ്പം,
“ഓണാശംസകള്‍!“


ഓണനിലാവു പകര്‍ന്ന സന്ധ്യ...
ആലോലമാടിത്തളര്‍ന്ന സന്ധ്യ...
നറുമ്പട്ടുചേലയുടുത്തരാത്രി....
നിലാമഴയില്‍ കുതിര്‍ന്ന രാത്രി....


ഉത്രാടപ്പൂമഴചൊരിഞ്ഞുനിന്നു....
തിരുവോണമായ് നിറഞ്ഞുനിന്നു..
തിലകമായ്,തിളക്കമായ്,പൊന്നോണമായ്..
മാവേലിമന്നനെ,കാത്തുനിന്നു...


മലയാളിമനസ്സിന്റെ മധുരോര്‍മ്മകള്‍..
മനതാരിലെന്നും തിരുവോണമായ്....
അകതാരിലായിരം ആശകളായ്..
അവസാനമില്ലാതെ കാത്തുനില്‍പ്പൂ....


ശ്രീദേവിനായര്‍.

Friday, August 14, 2009

ഭാഷ




മനസ്സില്‍ തൊടുന്ന വരികളില്‍
ഞാനെന്റെ ഹൃദയത്തിന്‍ ഭാഷ
എഴുതിവച്ചു.


ഹൃത്തടം തഴുകിവന്ന കാറ്റില്‍
മധുരനൊമ്പരത്തിന്റെ വാസന.
ഒരിക്കല്‍ കാത്തിരുന്ന കാലത്തിന്റെ
കമനീയ വഴികളില്‍;


കാരിരുമ്പിന്റെ മുള്ളാണികള്‍
ക്രൂരമായെന്നെ നോവിക്കുന്നു.
നല്‍കാന്‍ കരുതിവച്ചതെല്ലാം
ഇന്നും മനസ്സില്‍ ഒളിഞ്ഞിരിക്കുന്നു.


മിന്നല്‍ പ്രവാഹത്തെ പിടിച്ചെടുക്കാന്‍
വെമ്പുന്ന കാന്തത്തെപ്പോലെ,
ജീവനെ കാത്തുനില്‍ക്കുന്ന
ചിന്തകളില്‍ ചൂടിന്റെ ഉഷ്ണരസം.
ആര്‍ദ്രതയുടെ നയനരസം.


കാഴ്ച്ചകള്‍ക്കപ്പുറം കടം വാങ്ങിയ
വികാരങ്ങളുടെ മേല്‍ക്കുപ്പായം,



ഉമിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന
അരിയുടെ മഹത്വം,
നീറുന്ന ഉമിക്കുള്ളിലെ പൊന്നിന്
കാണില്ലെന്ന അനുഭവ വിശ്വാസം!





ശ്രീദേവിനായര്‍