Friday, March 26, 2010

അംഗുലീയം


ചിരിയ്ക്കാതെചിരിച്ചെന്നെ
ചിരിയില്‍മയക്കിയ,
ചിത്രാംഗുലീയമേ,ഓര്‍ത്തുനോക്കൂ...
ചില്ലലമാരയില്‍ ചിരിതൂകി നില്‍ക്കുമീ..
ചിത്രത്തില്‍ നീ അനുരാഗിയായോ?

ചിലമ്പുന്ന വാക്കുകള്‍ പലവട്ടം ചൊല്ലിനീ..
ചിലയ്ക്കാതിരിക്കുവാന്‍ പഠിച്ചുമെല്ലേ..
ചിരിതൂകീ നിന്നുനീ,അടയാളമായിയെന്‍,
ചിന്തയില്‍ മായാത്ത മനസ്സുമായീ..

ചിലനേരം വിതുമ്പീ ചിലനേരം പിണങ്ങീ,
ചില മാത്രയെങ്കിലും പ്രണയാര്‍ത്ഥിയായ്.
ചപലയാമെന്നുടെ വിരല്‍തൊട്ടുണര്‍ത്തിനീ..
ചിരകാല ബന്ധുവായ് മാറിയെന്നില്‍..


ശ്രീദേവിനായര്‍

Tuesday, March 16, 2010

യാഗം



വിരഹാഗ്നിയുടെ ധൂമപടലങ്ങളില്‍
വിഷമവൃത്തങ്ങള്‍ വിഷയലഹരിയുടെ
കുങ്കുമം തൊട്ടു.

യാഗം നടക്കുന്ന മനസ്സിനെ വാരിപ്പുണരാന്‍
മഴമേഘം അശക്തമായിരുന്നു.

സ്വയം തീര്‍ത്ത ചിതയില്‍
കത്തിയമരാന്‍ ശ്രമിക്കുന്നവിഷാദം
ഭൂമിയുടെ സാന്ത്വനം തേടുകയായിരുന്നു.




ശ്രീദേവിനായര്‍.

Friday, March 5, 2010

സമസ്യ





ഓരോ നിമിഷവും ഓരോസമസ്യയാണ്.
ഉത്തരമില്ലാത്ത സമസ്യ.
ഓരോ ജന്മവും,ജീവിതവും അറിവുകള്‍
ക്കപ്പുറം മിഥ്യസങ്കല്പങ്ങളിലും.



അറിവുതേടി അകലങ്ങളില്‍നടന്നു.
കാവിസഞ്ചിയില്‍ കദന ഭാരം.
തൂലികയില്‍ ജീവിതഭാരം.



സന്യാസത്തിനും,ജീവിതത്തിനുമിടയില്‍
വീര്‍പ്പുമുട്ടുന്ന അഭിലാഷങ്ങള്‍.
എങ്ങോട്ടുതിരിയണമെന്ന ആശങ്ക.

നാലുപാടും തിരിയുമ്പോള്‍,
കഴുത്തിന്റെ കഴിവില്‍
അവിശ്വാസം!




ശ്രീദേവിനായര്‍.