Wednesday, October 26, 2011

ദീപാവലി




ദീപാവലി എന്റെ മോഹാവലി,
മോഹങ്ങള്‍ കോര്‍ത്തൊരു ദീപാവലി ;
ദീപത്തിന്‍ മോഹങ്ങള്‍ കാണാത്തൊരീ-
മണ്ണിന്‍,മോഹത്തിന്‍ താഴ്വര ദീപാവലി.


പുഞ്ചിരി തൂകുമീ ദീപാവലി,
കാതടച്ചീടുമീ നാദാവലി,
കണ്ണീരു കാണാത്ത ജ്വാലാവലി,
വെണ്ണീറായ് തീരുന്ന ശോഭാവലി.

ദീപങ്ങള്‍ ദീപങ്ങള്‍ കണ്‍ തുറന്നീടുന്ന,
വിണ്ണിന്റെ പുണ്യമീ,ദീപാവലി.
മണ്ണിന്റെ  മക്കള്‍ക്കു ഹര്‍ഷമായെത്തുന്നു,
വര്‍ഷത്തിലൊന്നായ് ദീപാവലി.



“എല്ലാ പ്രിയപ്പെട്ടവര്‍ക്കും  എന്റെ  ദീപാവലി
ആശംസകള്‍“


ശ്രീദേവിനായര്‍

Monday, October 17, 2011

ത്രിമൂര്‍ത്തികള്‍




ഞാനൊന്നും കണ്ടില്ല.
കണ്ടതെല്ലാം എന്റെ  മനസ്സാണ്.
മനസ്സിനപ്പുറം കണ്ട കാഴ്ചകള്‍;
കണ്ടതാരാണെന്ന് ഇപ്പോഴും
എന്റെ ശരീരം അറിയുന്നില്ല.


മനസ്സ്,ശരീരം,ആത്മാവ് ഇതെല്ലാം
പരസ്പരം കോര്‍ത്തിണക്കിയത്
ആ‍രായിരിക്കാം?

തോന്നലുകള്‍ മാത്രമാണെങ്കില്‍
അതിന്റെ ഉറവിടം അന്യേഷിക്കുന്ന എന്നെ
സഹായിച്ചതാരാണ്?


മനസ്സോ?ശരീരമോ?ആത്മാവോ?
അന്യേഷണം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു;
എന്നിലെ ത്രിമൂര്‍ത്തികള്‍  !




ശ്രീദേവിനായര്‍  .

Wednesday, October 5, 2011

ദേവി




നാദബ്രഹ്മമേ,പരബ്രഹ്മമേ..
നാദവിദ്യാത്മക സൌഭാഗ്യമേ....
നാകലോകത്തിന്‍ അനശ്വരമേ...
നാമരൂപത്തില്‍ വണങ്ങുന്നു ഞാന്‍

സൌഭാഗ്യ സമ്പല്‍ക്കരീ ദേവി നീ...
സൌമ്യേ സനാതനേ ,സമ്പൂര്‍ണ്ണനീ...
സൌന്ദര്യ രൂപേ,സങ്കീര്‍ത്തനപ്രീയേ..
സൌശീല സന്തുഷ്ട സദാശിവനീ.....


നിത്യം വണങ്ങുന്നു നിന്‍ ചരണാംബുജം...
നിത്യ വസന്തങ്ങള്‍ നിറഞ്ഞു നില്‍ക്കാന്‍
നിത്യേ നിരഞ്ജനേ,നിന്മുന്നില്‍ കേഴുന്നു...
നിത്യം, ഈജന്മം സഫലമാകാന്‍ ..





ശ്രീദേവിനായര്‍