Friday, July 31, 2009

മരം



ഞാനൊരു മരം!
ചലിക്കാനാവതില്ലാത്ത,
സഹിക്കാന്‍ ആവതുള്ള മരം!


വന്‍ മരമോ? അറിയില്ല.
ചെറുമരമോ? അറിയില്ല.
എന്റെ കണ്ണുകളില്‍ ഞാന്‍
ആകാശം മാത്രം കാണുന്നു!


നാലുവശവും,തഴെയും,
മുകളിലുമെല്ലാം ആകാശം മാത്രം!
സമയം കിട്ടുമ്പോഴെല്ലാം ഞാന്‍
എന്റെ ശരീരത്തെയും നോക്കുന്നു!


ഞാന്‍ നഗ്നയാണ്.എന്നാല്‍
ഇലകളെക്കൊണ്ട് ഞാന്‍ എന്റെ
നഗ്നത മറച്ചിരിക്കുന്നു!


ഗോപ്യമായ് വയ്ക്കാന്‍ എനിയ്ക്ക്
ഒന്നുമില്ല.
എങ്കിലും അരയ്ക്കുമുകളില്‍ ഞാന്‍
ശിഖരങ്ങളെക്കൊണ്ട് നിറച്ചു.


അരയ്ക്ക് താഴെ ശൂന്യത മാത്രം!
അവിടെ,നിര്‍വ്വികാരത!
ഇലകളെക്കൊണ്ട് മറയ്ക്കാന്‍ അവിടെ
ശിഖരങ്ങളില്ല.
അതുകൊണ്ട് തന്നെ ഇലകളുമില്ല!



കാപാലികന്മാര്‍ എന്റെ മേനിയെ
നഗ്നയാക്കി എന്റെ ശിഖരങ്ങള്‍ വെട്ടി.
അവര്‍ എന്റെ നഗ്നതയില്‍ ആഹ്ലാദിച്ചു!


നഗ്നതമറയ്ക്കാന്‍ ഞാന്‍ എന്റെ
കൈകള്‍ താഴ്ത്തി.
അവര്‍ അപ്പോള്‍ ഒടിഞ്ഞ ശിഖരങ്ങള്‍
ആയിക്കണ്ട് എന്റെ കൈകളെയും
വെട്ടിമാറ്റി.


എന്റെ മനസ്സില്‍ നിന്നും ഒലിച്ചിറങ്ങിയ
കണ്ണുനീര്‍കൊണ്ട്,
ഞാനെന്റെ പുറം തൊലിയ്ക്ക്
കടുപ്പമേകി.

പ്രകൃതിയെനിയ്ക്ക് തൊലിക്കട്ടി
ഉണ്ടാക്കി
തലയുയര്‍ത്തിനില്‍ക്കാന്‍ കഴിവു
നല്‍കി.


ഞാന്‍ എന്നില്‍ സംഭവിക്കുന്നത്
ഇപ്പോള്‍ അറിയുന്നതേയില്ല.



എന്റെ ശിഖരങ്ങളില്‍,
പൂത്ത് ,കായ്ച്ച് നില്‍ക്കുന്ന
മനോഹരനിറം പൂണ്ടഫലങ്ങള്‍,
എന്റെ ഈ നിസ്സഹായ അവസ്ഥയിലും
എന്നില്‍ പ്രതീക്ഷയുണര്‍ത്തുന്നു!


ജനങ്ങള്‍ എന്റെ മുഖത്തുനോക്കുന്നു.
കണ്ണുകള്‍ പിന്‍ വലിക്കുന്നില്ല.
മുകളിലോട്ട് നോക്കി നിശ്ചേഷ്ടരായി
നില്‍ക്കുന്നു.


അനങ്ങാതെ,അനങ്ങാന്‍ കഴിയാതെ!
മിണ്ടാതെ,മിണ്ടാന്‍ കഴിയാതെ!
കണ്ണുകള്‍ അടയ്ക്കാതെ!
അടയ്ക്കാന്‍ കഴിയാതെ!
----------------------------------------------



ശ്രീദേവിനായര്‍
------------------------
1-8-2009

Thursday, July 30, 2009

കാലം





കാലം എനിയ്ക്ക് നല്‍കിയ
വെള്ളികെട്ടിയ അറിവുകള്‍
ഞാന്‍ കരിതേച്ചു കറുപ്പിച്ച്,
ഇരുട്ടിലേയ്ക്കെറിഞ്ഞു.



അറിവുകള്‍ സ്വര്‍ഗ്ഗമാണെങ്കില്‍
എന്റെ ലോകം ഇരുട്ടില്‍
തപ്പുകയാണ്.



എനിയ്ക്ക് മറ്റൊരാളാകേണ്ടാ,
ആരുടെ കാലടിപ്പാടുകളും വേണ്ടാ.
പാദനമസ്ക്കാരങ്ങളെനിയ്ക്ക് വേണ്ടാ.



എന്റെ വഴികളില്‍;
കാലം മാറാലകെട്ടി കഠിനമാക്കിയ
കാലത്തിന്റെ ,
പുരാതന ഭിത്തികള്‍ക്ക് അപ്പുറത്തേയ്ക്ക്
നോക്കിയാല്‍ കാണാനൊന്നുമില്ല.




ജീവിതമാം,മിഥ്യ എവിടെയും
സത്യമാവുന്നു!



കാലം എന്റെ കണ്ണുകളെ
സമാശ്വസിപ്പിക്കാനായി കെട്ടുന്ന
വേഷങ്ങളെല്ലാം,
അഴിഞ്ഞുവീഴുകയാണ്.



എന്റെ ആത്മാവിലും നിറയെ
വേഷങ്ങളാണ്.
എല്ലാ വേഷങ്ങളും അഴിച്ചു വച്ച്
നഗ്നയാകാന്‍ കഴിഞ്ഞെങ്കില്‍!



ശ്രീദേവിനായര്‍.

യാത്ര





യാത്ര ചെയ്യുന്നത്
നിയോഗമാണെന്നറിഞ്ഞു.
തിരിച്ചുപോകാനിടമില്ലാത്ത
വരുടെ പ്രതിനിധിയെന്ന നിലയില്‍;


ഞാന്‍ തുടരുന്ന ഭീരുത്വം,
കീഴടങ്ങല്‍,


വരാനിരിക്കുന്ന ഏതോ
നല്ലകാലത്തിന്റെ
വിനീതമായ പ്രകടനമാണെന്ന്
ഞാന്‍ മനസ്സിലാക്കുന്നു.




ശ്രീദേവിനായര്‍

Tuesday, July 28, 2009

മുറിവുകള്‍



എന്റെ പ്രിയപ്പെട്ടവരൊക്കെ എനിയ്ക്ക്
വേദനമാത്രം നല്‍കിയെന്നെ മുറിപ്പെടുത്തി.
ചിലര്‍ ശരീരത്തില്‍,
ചിലര്‍ മനസ്സില്‍,
ചിലര്‍ ആത്മാവില്‍.


ഓരോ മുറിവും ഉണ്ടാകുമ്പോള്‍
അതുണക്കാന്‍ ഞാന്‍ വേറെ
മുറിവുകളെത്തേടി.



അവയും സ്വയമുണങ്ങാതെ,
അടുത്ത മുറിവിന്റെ വരവും
കാത്തുനിന്നു.


ശരീരം മുഴുവന്‍ മുറിവുണങ്ങിയ
പാടുകള്‍ കണ്ട് മനസ്സ് എന്നോട്
ചോദിച്ചു,
നിനക്ക് നോവുന്നുണ്ടോ?



ശ്രീദേവിനായര്‍

Saturday, July 25, 2009

അറിവ്

ആകാശത്ത് വാരിവലിച്ചിട്ട വസ്ത്രങ്ങള്‍
പോലെമേഘങ്ങള്‍.

പകല്‍ വെളിച്ചത്തിന്റെ പിറകില്‍
ഒളിച്ച ,
നക്ഷത്രങ്ങളുടെ നഗ്നമേനിയെത്തഴുകാന്‍
കൊതിച്ച നീലാകാശത്തിന്റെ മോഹം
കണ്ട്,
കടലിന്റെ ഓളങ്ങള്‍ കണ്‍ചുമപ്പിച്ചു!


പേടിച്ചരണ്ട കാറ്റ്,
കുങ്കുമസന്ധ്യയോടായി മാത്രം പറയാന്‍
രണ്ടുവാക്കു തേടുകയായിരുന്നു.


ഇരുള്‍ മൂടാന്‍ തുടങ്ങുന്ന രാത്രിയ്ക്ക്,
നിലാവിന്റെ വരവിലും തെല്ലു പരിഭവം.


മേഘങ്ങളെ,നക്ഷത്രങ്ങളെ,കടലിനെ,
സന്ധ്യയെ,ഇരുളിനെ,നിലാവിനെ,
കാറ്റിനെ,

എല്ലാം ഒരേ പോലെ പ്രണയിക്കുന്ന
പ്രപഞ്ചമെന്ന സ്ത്രീ ഉത്തരം തേടുക
യായിരുന്നു;
അറിയാത്ത ചോദ്യങ്ങള്‍ക്ക്.....!




ശ്രീദേവിനായര്‍

Sunday, July 19, 2009

ജീവിതം

ജീവിതം കെട്ടുപിണഞ്ഞ ബന്ധങ്ങളുടെ
ഊരാക്കുടുക്കുകള്‍ പോലെ;
വിടുവിക്കാന്‍ ശ്രമിക്കുന്തോറും കെട്ടു
മുറുകുന്ന ബന്ധങ്ങളില്‍,



പിണഞ്ഞുപോയ മോഹങ്ങളെ ഞാന്‍
ആശകള്‍ എന്നു വിളിച്ചു!
എന്നാല്‍ ആശകളുടെ മേലുള്ള പിടി
മുറുക്കാതെ ഞാന്‍ ,
നിരാശകളെ അണച്ചുപിടിച്ചു.


അഭിലാഷങ്ങളെക്കാണാതെ ഞാന്‍
അതിശയങ്ങളെ പ്രാപിച്ചു.
ആക്ഷേപങ്ങളെ നോക്കാതെ ഞാന്‍
അതിവേഗങ്ങളെ പ്രണയിച്ചു.



അനന്തതയില്‍,ഞാനെന്നും
അനന്തരാവകാശികള്‍ക്കായി കാത്തു.
ഇന്ന്,നാളെ, മറ്റെന്നാള്‍,
വരുമെന്ന പ്രതീക്ഷയില്‍!



ശ്രീദേവിനായര്‍

Thursday, July 16, 2009

കവിതകള്‍



വരയിലും,എഴുത്തിലും കവിത,
പദ്യത്തിലും.ഗദ്യത്തിലും കവിത,
സഭ്യവും,അസഭ്യവും കവിത,
കണ്ടതും കേട്ടതും കവിത!



നാലുംകൂട്ടിമുറുക്കി,തുപ്പി
നാലാള്‍ കാണ്‍കെചമ്രംപടിഞ്ഞിരുന്ന്
ഈണത്തില്‍ചൊല്ലിയിരുന്നത്,കവിത!


ഉറഞ്ഞുതുള്ളി,ലഹരിയില്‍മയങ്ങി
വിളിച്ചുകൂവുന്നതും കവിത!


എന്തുചെയ്യണമെന്നറിയാതെ,
പാവം,കവിതകള്‍
കണ്ണുപൊത്തി,കാതുപൊത്തി,
വാമൂടി,തലകുമ്പിട്ട് ഇരിക്കുന്നു!


“പുനര്‍ജന്മങ്ങളില്‍ വിശ്വാസമില്ലാതെ!“




ശ്രീദേവിനായര്‍

Sunday, July 12, 2009

മണ്‍കുടില്‍

ഒരഗ്നിസ്ഫുലിംഗമെന്നധരത്തില്‍ വീശി,
അതിന്‍ചുടുനെടുവീര്‍പ്പുകളെന്നിലെത്തി
അതിനുള്ളിലെന്തോ,പദംതെറ്റിനിന്നൂ,
മറ്റൊരുജ്വാലപോലായിപിന്നേ..


നിനയ്ക്കാതെവന്നൊരുനീലവെളിച്ചവും,
കത്തുന്ന കനലിന്‍ വെളിച്ചമായീ.
താപംജ്വലിപ്പിച്ചതപമെന്നുള്ളിലായ്
താനെയണയാത്തൊരഗ്നിയായീ.


രോമകൂപങ്ങളുമായിരം വട്ടമെന്‍,
പേര്‍ചൊല്ലിയെന്നെയുണര്‍ത്തിടുമ്പോള്‍
രോമാഞ്ചമല്ലെന്റെയുള്ളിലായ്ഓര്‍മ്മകള്‍,
താപത്തില്‍നീറുമൊരുമാത്രയായീ.



ദുഃഖത്തിന്നോരത്തുഞാന്‍ ചാരിനിന്നൊരു
മണ്‍കുടിലിന്നും ചോരവാര്‍ത്തു..
പഴയോലമേഞ്ഞൊരാകെട്ടിനകം നിത്യം,
കണ്ണീര്‍മഴയില്‍ കുതിര്‍ന്നുനിന്നു.




ശ്രീദേവിനായര്‍

Thursday, July 9, 2009

ദുഃഖത്തിന്റെ മൊഴിമാറ്റം





ആകാശം പെയ്തൊഴിച്ച ദുഃഖത്തെ
ആരോ ,ഒരു മറക്കുടയില്‍ മറച്ചു.


ഒളിയ്ക്കാന്‍ ശ്രമിച്ച നീര്‍ത്തുള്ളികള്‍
ദുഃഖത്തിന്റെ ഇലക്കുടയില്‍ അഭയം
പ്രാപിക്കാന്‍ശ്രമിച്ചു,പരാജയപ്പെട്ടു!


പ്രാരബ്ധക്കടലിന്റെ ഇരമ്പലില്‍,
കദനംകരിക്കാടിമൊത്തിക്കുടി-
ക്കാന്‍ ശ്രമിക്കുമ്പോള്‍,


അലതല്ലിഅലറുന്ന തിരമാലകള്‍
കളവുപോയ ദുഃഖത്തിന്റെ
കണ്ണീര്‍ത്തുള്ളികളെ,ഭദ്രമായിസൂക്ഷി-
ക്കുകയായിരുന്നു!


അപ്പോഴും,അങ്ങകലെ അഗാധതയില്‍
മുത്തും,പവിഴവും,തേടിയലയുന്ന
മുത്തുച്ചിപ്പികളുമായി;

പ്രണയത്തിലാവാന്‍ശ്രമിക്കു
കയായിരുന്നു,അവര്‍!




ശ്രീദേവിനായര്‍

Tuesday, July 7, 2009

പരിഷ്ക്കാരം



തെരുവീഥികളില്‍,ഉത്സവപറമ്പുകളില്‍,
സ്വന്തം കുഞ്ഞിനെ മാറിലണയ്ക്കാന്‍
മടികാട്ടി,
ഉന്തുവണ്ടിയിലിരുത്തി ബെല്‍റ്റിട്ട്
മുറുക്കി,ഉന്തിനടക്കുന്ന അമ്മമാര്‍;



പുലര്‍ക്കാല സവാരിയ്ക്ക് നായയെ
കൊണ്ടുനടക്കുന്ന ,
പുരുഷന്മാര്‍ തന്നെയല്ലേ?



മാതൃവാത്സല്യം പരിഷ്ക്കാരത്തിന്
വഴിമാറുമ്പോള്‍,
നാളെത്തെ വൃദ്ധസദനങ്ങള്‍ ഇന്നുതന്നെ
അവരെ കാത്തിരിക്കുകയല്ലേ,ചെയ്യുന്നത്?


വസ്ത്രവും,വേഷവും,രൂപവും മാറുമ്പോള്‍,
ഗ്രാമീണ സൌന്ദര്യം ചന്തയില്‍
വില്പനയ്ക്കായി കാത്തിരിക്കുന്നു.



ശ്രീദേവിനായര്‍.

Friday, July 3, 2009

നിനക്കായ് ഒരു ഗാനം



മനം നൊന്തുപാടാം,നിനക്കായീഞാന്‍....
ഇന്ന് മധുമാസഗാനമൊന്നാലപിക്കാം....
മധുവൂറും രാവിന്റെ ആലസ്യങ്ങള്‍,
മിഴിവാര്‍ന്നു പോയീ,യന്നാര്‍ദ്രമായീ....



കിനാവില്‍ഞാന്‍ കണ്ടോരുമോഹമെല്ലാം...
അന്ന് കസവിന്റെ മറവില്‍ പോയൊളിച്ചു.
കാഞ്ചനക്കൊലുസ്സുകള്‍ കഥ പറഞ്ഞൂ...
പിന്നെ,കണ്ണീരില്‍ സ്വന്തം മുഖമൊളിച്ചു..



ചേതനയെന്നില്‍ കുരുന്നുകളായ്...
ജീവനില്‍കോര്‍ത്തോരു കുസുമങ്ങളായ്..
നോവുകള്‍ തന്നുടെ രാവൊഴിഞ്ഞു..
വീണ്ടും പുലര്‍ക്കാലം വിരുന്നിനെത്തീ...!



ശ്രീദേവിനായര്‍