Wednesday, August 31, 2011

താദാത്മ്യം




എന്റെ ശരീരത്തിനെ ഞാന്‍,എത്രമാത്രം സ്നേഹിച്ചിരുന്നു
വെന്ന് മനസ്സിലാക്കിയത്;
അമ്മയുടെ ശരീരം ഭസ്മമായി എന്നെ നോക്കിച്ചിരിക്കുമ്പോ
ഴായിരുന്നു!

കണ്ണുകള്‍ ആരുടേതായിരുന്നു?
കണ്ണാടിയില്‍ക്കണ്ട മുഖത്തിന്റെ സാമ്യം
ആരുടേതായിരുന്നു?
ചുണ്ടുകള്‍?
അറിയില്ല,ഒന്നുമെനിയ്ക്കറിയില്ല;
പക്ഷേ,
ഒന്നുമാത്രം എന്നെ അതിശയിപ്പിച്ചു;

വേദനയുടെ  നെരിപ്പോടില്‍ അമ്മയെ
ക്കുറിച്ചുള്ള ചിന്തകള്‍ നീറ്റിയെടുക്കാന്‍
 രക്തബന്ധത്തിനു തീവ്രമായ കഴിവ്
നല്‍കിയ  ശക്തിയ്ക്ക് അല്പവും കളങ്കമില്ലായിരുന്നു!

അതുതന്നെയല്ലേ,പൊക്കിള്‍ക്കൊടിബന്ധവും?


അമ്മയുടെ  ആത്മാവിനു  ശാന്തിനേരുന്നു!




ശ്രീദേവിനായര്‍


Wednesday, August 17, 2011

ദിവസങ്ങള്‍





ഞാന്‍ ദിവസങ്ങളെണ്ണിക്കാത്തിരുന്നത്
കഴിഞ്ഞ കാലങ്ങളെ പുണര്‍ന്നതറിയാനല്ല;
കഴിയാത്ത പിറവിയെ ഉള്‍ക്കൊള്ളാനാണ്.

വിരഹിണി സന്ധ്യയെ നോക്കിനിന്നത്
ഓര്‍മ്മ പുതുക്കാനല്ല,
വീണ്ടും വിടരുന്ന വിശുദ്ധ പുഷ്പങ്ങളെ
കാണാനായി മാത്രവും!


കുളിരുള്ള രാത്രികളെ മോഹിച്ചത്
നിദ്രയില്‍ അലിയാനല്ല;
ഉണരാത്ത സ്വപ്നങ്ങളെ ഉണര്‍ത്താനായിരുന്നു.

കണ്ണുകള്‍ മെല്ലെയടച്ചത്
ഇന്ദ്രിയസുഖം നേടാനല്ല;
അകക്കണ്ണിന്റെ  കാഴ്ച്ച വീണ്ടെടുക്കാനായിരുന്നു!


ശ്രീദേവിനായര്‍

“എല്ലാ പ്രീയപ്പെട്ടവര്‍ക്കും
ഓണാശംസകള്‍  “

Friday, August 5, 2011

സൌഹൃദം




കണ്ണടച്ചാലും മനസ്സിന്റെ മുറ്റത്ത്
കണ്ണീരൊപ്പുന്നു കാലമാം തോഴന്‍
ഓര്‍മ്മകള്‍ തന്നുടെ ഓലക്കുടക്കീഴില്‍
ഓര്‍ക്കാതിരിക്കുന്നു കപടമായ് തോഴന്‍


മയില്‍പ്പീലിയും പിന്നെ മഷിത്തണ്ടുമായി,
അക്ഷരക്കൂട്ടത്തില്‍ നിന്നൊപ്പം കൂടി,
നിന്നെക്കുറിച്ചുള്ള ചിന്തകള്‍കൊണ്ടുഞാന്‍
മനസ്സില്‍ പണിഞ്ഞൊരുമഴവില്‍ക്കൂടാരം . 


കണ്ണുകള്‍ കൊണ്ട് കഥകള്‍ പറഞ്ഞു
മനസ്സുകള്‍ കൊണ്ടു ചിത്രം മെനഞ്ഞു,
ഒരുമയായെന്നും ഒപ്പം നിന്നു,
പിരിയാത്ത മനസ്സുമായ് പിറകേയലഞ്ഞു.


കൂട്ടായ് നിന്നൂകൂടേനടന്നൂ.
അറിയാത്ത അര്‍ത്ഥങ്ങള്‍ അറിയിച്ചുതന്നൂ,
അകലേയകന്നൂ അറിയാതെ നിന്നൂ,
അരികിലേയോര്‍മ്മകള്‍ നിഴലായ് മറഞ്ഞൂ.


പഴകിയതാളുകള്‍ വെറുതേമറിച്ചു,
അറിയാത്ത പേരിനായ് പരതിത്തളര്‍ന്നൂ,
ഓര്‍മ്മയിലിന്നെന്റെ പേരിനായ് വീണ്ടും,
വെറുതേ തെരഞ്ഞു നീ പുസ്തകത്താളില്‍


നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൊണ്ടുഞാന്‍
മനസ്സിന്റെ മണിമുറ്റത്തൂഞ്ഞാലുകെട്ടീ,
പാടാന്‍ തുടിച്ചൊരെന്മനം വീണ്ടും,
അറിയാത്ത ദുഃഖ ത്തിന്‍ ഈണങ്ങള്‍ മീട്ടി.



ശ്രീദേവിനായര്‍