Wednesday, October 14, 2009

നന്മ




ഒരുവരിയെങ്കിലുമെഴുതാനായെങ്കില്‍
നന്മയെന്നെഴുതീടാംകൈകളാല്‍ ഞാന്‍..
ഒരുചിത്രം മാത്രംവരയ്ക്കുവാനായെങ്കില്‍
അമ്മതന്‍ ചിത്രംഞാന്‍ വരച്ചുവയ്ക്കാം.



ഒരു നോട്ടം മാത്രംനോക്കാന്‍ കഴിഞ്ഞെങ്കില്‍
നോട്ടത്തില്‍ ദീനരെ കണ്ടുനില്‍ക്കാം.
ഒരു ചിരിമാത്രം നല്‍കുവാനായെങ്കില്‍
പ്രകൃതിയെനോക്കിഞാന്‍ പുഞ്ചിരിക്കാം.


ഒരു ദുഃഖം മാത്രം അനുവാദമെങ്കിലോ,
ദുഃഖിക്കും മനസ്സിനെ താങ്ങിനിര്‍ത്താം.
ഒരുസുഖം മാത്രമേ കിട്ടുവാനുള്ളെങ്കില്‍,
ആസുഖമെന്നുമായ് മറച്ചുവയ്ക്കാം.



ശ്രീദേവിനായര്‍

Thursday, October 8, 2009

ആശ്വാസം





ഉഷ്ണത്തിന്റെ സൂര്യകിരണങ്ങള്‍
ഉരുകിക്കൊണ്ടിരിക്കുമ്പോള്‍
ആശ്വാസത്തിന്റെ ചന്ദ്രരശ്മികള്‍
അലിവിന്റെ സാന്ത്വനമേകുന്നു.



ഭൂമിക്കടിയിലെ നിഗൂഢരഹസ്യങ്ങളില്‍
ആഴ്ന്നിറങ്ങുന്ന ജീവന്‍
ആശാകിരണങ്ങളുടെ അവിശ്വസനീയമായ
ആശ്രയങ്ങളില്‍ ആശയവിനിമയം
ആഗ്രഹിക്കുന്നു.



അറിയാത്ത അറിവുകളുടെ
ആജ്ഞാവര്‍ത്തിയായി അലയുമ്പോഴും
അന്യനെ അറിഞ്ഞുകൊണ്ട്
ആശ്വസിപ്പിക്കാന്‍,
ആശീര്‍വ്വദിക്കാന്‍,
ആശിക്കുന്നു.



സൌന്ദര്യത്തില്‍ വൈരൂപ്യത്തിനും,
പ്രണയത്തില്‍കാമത്തിനും,
അകലാത്ത ആത്മബന്ധമുണ്ടെന്ന്
അറിഞ്ഞത് എന്നാണ്?


ആത്മാവിന് അറിയാത്ത അറിവുകള്‍
മനസ്സിനെ മനസ്സിലാക്കിയത്
മനസ്സാക്ഷിതന്നെയാണോ?


മനസ്സറിയാത്ത മനക്കണക്കുകള്‍
മനസ്സമ്മതമില്ലാതെ മുന്നില്‍ വന്നുനിന്ന്
മുട്ടുകുത്തുമ്പോള്‍,ഞാന്‍
മറ്റെല്ലാം മറക്കുന്നു.
മനസ്സെന്ന മൂഢയെമാത്രം
മാനിക്കുന്നു.
മാറ്റമില്ലാതെ!


ശ്രീദേവിനായര്‍

Saturday, October 3, 2009

പുഴ

പുഴയൊരുഅഴകായ് ഒഴുകുമ്പോള്‍..
അഴകേ നിന്‍ ചിരികാണുന്നൂ..
നിഴലിന്‍പുഞ്ചിരികണ്ടൂഞാന്‍
അഴലുകളൊക്കെ മറക്കുന്നൂ....


നിറയുംനീര്‍മഴനിറവുകളായ്...
നീലനിശീഥിനിതന്മാറില്‍..
നീയറിയാത്തൊരുപ്രണയവുമായ്..
നിന്നെക്കാത്തുമയങ്ങുന്നൂ...


പുഴയൊരു അഴലായ് ത്തീരുമ്പോള്‍
അഴലേ നിന്മിഴികാണുന്നൂ..
നിറയും മിഴിനീര്‍ കാണാതെ...
വഴിയറിയാതെഞാന്‍ ഉഴലുന്നൂ....



ശ്രീദേവിനായര്‍

Tuesday, September 29, 2009

പിറവി

പിറവിയെടുക്കാന്‍ കൊതിച്ചയെന്നെ
ഭൂമിയിലേയ്ക്ക് കടത്തിവിട്ടത് ആരാണ്?
ലോകം കാണാന്‍ കണ്ണുതുറക്കും മുന്‍പ്
പ്രാണവായുതന്ന് രക്ഷിച്ചതാരായിരിക്കാം?



അര്‍ത്ഥമറിയാത്ത ശബ്ദംകൊണ്ട് ഞാന്‍
ചുറ്റും നിന്നവരോട് പറഞ്ഞത് എന്തായിരുന്നു?
കണ്ണീരിന്റെ വിലയറിയാതെ
കരഞ്ഞുകൊണ്ടേയിരുന്നത് എന്തിനു
വേണ്ടിയായിരുന്നു?


ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നുവെന്ന്
അറിയാതെ ,
ബന്ധുക്കളോട് ചേര്‍ന്ന് സുഖമായുറങ്ങി
യത് ,

അമ്മയാണ് സത്യം എന്ന അറിവ്
മുലപ്പാലിലൂടെ നുകര്‍ന്നത്,
കണ്ണു തുറന്നും അടച്ചും ചിരിച്ചത്
ലോകത്തിന്റെ നിസ്സഹായതയില്‍,
ജന്മത്തിന്റെ തിരിച്ചറിവില്‍,
പരിഹസിക്കാന്‍ മാത്രമായിരുന്നുവോ?


ശ്രീദേവിനായര്‍

Friday, September 25, 2009

അക്ഷരദേവി



മൂകമാം രാവുകള്‍കാത്തുനിന്നു..
ആയിരം നോമ്പുകള്‍നോറ്റുനിന്നൂ...
മൌനസമാഗമ വേളകളില്‍,
മൌനം വാചാലമായ് പിറന്നൂ...



അക്ഷരമാലകള്‍ എന്‍ ജീവരാഗങ്ങള്‍....
അക്ഷമയാലെന്‍ മനം കവര്‍ന്നു..
അരക്ഷണം കൊണ്ടുഞാനറിഞ്ഞതെല്ലാം,
അനുഗ്രഹമായ് ത്തീര്‍ന്നുമുന്നില്‍നിന്നു.....


അരമണികെട്ടിയ അക്ഷരങ്ങള്‍
നിറമാല ചാര്‍ത്തിയ നിറദീപമായ്..
അഭയമായ് നിന്നൂ ഞാന്‍ മുന്നിലായീ..
അനുവാദമോടെ ഞാന്‍ പുണര്‍ന്നവളെ...


നവരാത്രിപൂജക്കൊരുങ്ങിനിന്നു.
നവരത്നമായ് മുന്നില്‍ ജ്വലിച്ചുനിന്നു..
നവരാത്രിമണ്ഡപം തിളങ്ങിനിന്നു..
നവനവ മോഹങ്ങളായി മുന്നില്‍...




ശ്രീദേവിനായര്‍

Thursday, September 24, 2009

സമയം





ജീവിതത്തില്‍ ഇനി സമയമെത്ര,ബാക്കി?
അതറിയാന്‍ ഞാന്‍ ഇടയില്ലായിടങ്ങളി
ലൊക്കെ ചികഞ്ഞു നോക്കി.


കണ്ണെത്താത്ത ദൂരത്തോളം,
കാതെത്താത്ത കാലത്തോളം,
ശബ്ദം അലയിട്ട്.നുരയിട്ട്,
ഉണര്‍ത്തുന്ന നിമിഷങ്ങള്‍ തോറും
ഞാന്‍ പരതി.

നിരാശകള്‍കൊണ്ട് ആശകളെയും,
വിസ്മൃതികൊണ്ട് സ്മൃതിയെയും
ഉണര്‍ത്താമെന്ന് എന്നെ അറിയിച്ച
ശക്തിയെ അറിയാതെയറിഞ്ഞു!



ഓരോനിമിഷത്തെയും,നിമിഷാര്‍ദ്ധ
ങ്ങളെയും,വിഭജിക്കാന്‍ ഞാന്‍,എന്റെ
മനസ്സിലെ ആവനാഴികളില്‍
ശരങ്ങളെതെരഞ്ഞു.


ഏതുശരത്തിനായിരിക്കാം ജീവിത
ബന്ധങ്ങളെയും,ചിന്തകളെയും
വിഭജിച്ചുതരാന്‍ കഴിയുക?


മനസ്സെന്ന മാന്ത്രികന്‍ എന്നും
എവിടെയും പിടിതരാതെ കറങ്ങി
നടക്കുന്നതും,
പ്രപഞ്ചസത്യങ്ങളില്‍ വിലയിക്കുന്നതും
അകലങ്ങളില്‍ അലയുന്നതും
ഞാനറിയുന്നു.


ഉള്ളിലെ നീരാളിപ്പിടുത്തത്തില്‍
നിന്നും
ബാഹ്യലോകത്തിന്റെ വാതായനങ്ങള്‍
കടന്നുവരാന്‍ ശ്രമിക്കുന്ന
ജീവിത സമസ്യകളില്‍;


ഞാന്‍ അഭയം തേടുന്നത് സമയത്തിലല്ല,
എന്നില്‍ തന്നെയാണെന്ന നഗ്നസത്യം
എന്നും വിസ്മരിക്കപ്പെടുന്നുവോ?





ശ്രീദേവിനായര്‍

Monday, September 21, 2009

ഗാനം




ഓര്‍മ്മയിലെന്നെന്നെമയില്‍പ്പീലിചാര്‍ത്തി
ഓമനക്കണ്ണന്‍ വിരുന്നു വന്നു...
ഓമനയായിനിന്നവന്‍ ചാരെ ,ഞാന്‍
ഓമനിച്ചേറെ നിന്നുപോയി.



ഓമനയാണവന്‍ ,ഓമലുമാണവന്‍
ഓടക്കുഴല്‍ വിളി കേട്ടുണര്‍ന്നു....
ഓടിത്തളര്‍ന്നുഞാന്‍ചാരത്തണഞ്ഞപ്പോള്‍
ഓര്‍മ്മയിലിന്നവന്‍ കണ്ണനായീ..


കായാമ്പൂവര്‍ണ്ണന്‍ കാണിക്കയാലെന്റെ
കാണാമനസ്സിനെ കണ്ടുനിന്നു..
കാണാനിധിയായികണ്ടുഞാന്‍ കണ്ണനെ
കാതരായ് മനം കാത്തുവച്ചു..


ഈരേഴുലോകവുംകണ്ടുഞാന്‍കണ്ണനില്‍
കണ്ടതെല്ലാം പിന്നെമായയായീ...
സ്വര്‍ഗ്ഗവും കണ്ടുഞാന്‍നരകവും
കണ്ടു ഞാന്‍,
നാകലോകത്തിലും നരകത്തിലും.



നന്മയും കണ്ടുഞാന്‍ തിന്മയും
കണ്ടുഞാന്‍,
പാരിലും മാനവ ഹൃദയത്തിലും..




ശ്രീദേവിനായര്‍