Saturday, August 14, 2010

അച്ഛന്‍

ഒരുവിളികേള്‍ക്കാതെ,
അച്ഛനെക്കാണാതെ,
ഇച്ഛയിലിന്നെന്റെ,
സ്വച്ഛത മരിയ്ക്കുന്നു.


നഷ്ടമാംസ്നേഹത്തിന്‍
മിഴിയിതള്‍ക്കോണില്‍ഞാന്‍,
രക്തബന്ധത്തിന്റെ
നോവിന്നറിയുന്നു.


മറവിയിലാഴ്ത്തിയോ?
മനസ്സിന്റെ ദുഃഖങ്ങള്‍,
മധുരമാം ചുംബനം
മൌനമായ്,തേങ്ങിയോ?


ശ്രീദേവിനായര്‍.

Wednesday, August 4, 2010

ആവേശം.

ആശകളെന്നും ആശിക്കാനുള്ളതാണ്,
അനുഭവിക്കാനുള്ളതല്ല.
ആത്മനൊമ്പരങ്ങള്‍ അനുസരണയില്ലാത്ത
വികൃതിക്കുട്ടികളാണ്,


അവ അസമയങ്ങളില്‍ അലറിക്കരയുന്നു.
അലോസരപ്പെടുത്തുന്നു.

അസ്തമയ സൂര്യന്റെ ആകാംക്ഷയില്‍,
ആനന്ദം ആവേശമാക്കിയ അലയാഴി,
അണയുന്ന സൂര്യനെ അരുമയായ്,
അലിയിച്ചുആത്മസംതൃപ്തി നേടുന്നു.

ആകാശവും,ആവേശവും ഒരേപോലെ,
അകലങ്ങളില്‍ അഭയം തേടുന്നു!

ശ്രീദേവിനായര്‍.
(ഇരുളിന്റെ വേദാന്തം)

Sunday, July 18, 2010

ഇരുള്‍





എവിടെയോ ,മറന്നുവച്ച ബാല്യം.
എങ്ങോ,ഉപേക്ഷിച്ച കൌമാരം.
കാണാതെപോയ യൌവ്വനം.
കണ്ടില്ലെന്നു നടിക്കുന്ന വാര്‍ദ്ധക്യം.
ഇതിലെല്ലാം എനിയ്ക്കു ഒരുപോലെ!



ആരുമൊരിക്കലും തിരിച്ചറിയാതിരിക്കാന്‍
ഞാന്‍,ഇന്നെല്ലാപേരെയും നന്നായറിയാന്‍
ശ്രമിക്കുന്നു.


ഞാന്‍ ആരാണെന്ന് എന്റെ ജന്മവും
എനിയ്ക്ക് പറഞ്ഞുതന്നില്ല.

സൂര്യന്‍ ഉദിച്ചുണരുന്നു.
അസ്തമിച്ച് അണയുന്നു.
ചന്ദ്രന്‍ രാത്രിയില്‍ ആരുംകാണാതെ
മറഞ്ഞുനിന്നു നോക്കുന്നു.
നെടുവീര്‍പ്പിടുന്നു.


രാത്രിയുടെ അന്ധകാരം എന്നെ
ഇരുട്ടില്‍ മൂടിപ്പുതച്ചുവയ്ക്കുന്നു.
വേദനകളില്‍ നിന്നുംമറച്ചുവയ്ക്കാമെന്ന
വാഗ്ദാനം നല്‍കി അവന്‍ മറയുന്നു.

എന്നാല്‍ നിസ്സഹായതയുടെ പുലര്‍ച്ചയില്‍
അവന്‍ അഭിനയം തുടരുന്നു.
കണ്ണടച്ച് സ്വയം ഇരുട്ടിലാകുന്നു.
എന്നെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.
ഈ..പകല്‍ വെറും മിഥ്യയാണെന്നും.
ഇരുള്‍ മാത്രം എന്നും സത്യമാണെന്നും!




ശ്രീദേവിനായര്‍
(ഇരുളിന്റെ വേദാന്തം)
പുസ്തകം--5

Tuesday, June 29, 2010

ഭ്രമം





മനസ്സിനുള്ളിലെ അതിശയങ്ങളുടെ
കെട്ടഴിച്ചെടുത്താല്‍,
ഏറ്റവും വിചിത്രമായത് ഭ്രമങ്ങളാണ്.



ഏതിനോടും,എന്തിനോടും,
ഏതു നിമിഷവും തോന്നുന്ന
ഭ്രമങ്ങള്‍!

അതിനടുത്ത് ഭദ്രമായിരിക്കുന്നതോ?
ജല്പനങ്ങള്‍.

ഒന്നിനോടും മമതയില്ലാത്ത മനസ്സിന്റെ,
അപൂര്‍ണ്ണവും,അപക്വവുമായ ചിന്തകള്‍.


അതുകഴിഞ്ഞാല്‍?
സ്വയമറിയാതുള്ള
ആത്മസംഘര്‍ഷങ്ങള്‍,
ആത്മസംയോഗങ്ങള്‍,
ആത്മാഭിലാഷം....
പിന്നെ,
ആത്മരോഷവും,ആത്മപ്രശംസയും!




ശ്രീദേവിനായര്‍.

Saturday, June 19, 2010

പ്രശസ്തി





പ്രശസ്തിയെന്ന സ്വയം അനുമാനം,
അപ്രശസ്തിയുടെ അളവുകോലാണത്രേ..
കീര്‍ത്തിയെന്ന പ്രഖ്യാപനമോ?
അപകീര്‍ത്തിയുടെ,നയപ്രഖ്യാപനവും!

സല്‍ പ്രവര്‍ത്തിയുടെ ഫലമോ?
സമാധാനവും!
അത്യാര്‍ത്തിയുടെ ആത്മാവിനു,
അന്ധതയുടെ വരദാനവും.


കാലാകാലങ്ങളില്‍ ,വിലപേശിവാങ്ങുന്ന
സൌഹൃദങ്ങളുടെ ,
അവസാന വാക്ക്,മരണവും!
അതു അത്മാവില്ലാത്തവനു അപ്രസക്തവു
മത്രേ!




ശ്രീദേവിനായര്‍.

Thursday, June 17, 2010

നിന്ദ






ചില്ലുപൊട്ടിയകണ്ണാടികണ്ടെന്റെ
സ്വന്തരൂപം മറന്നു ഞാന്‍.
വികൃതമായതിനുള്ളിലെന്റെ
സ്വന്തഭാവം തെരഞ്ഞു ഞാന്‍.


ആത്മതാപം മറന്നുഞാനെന്ന-
രികിലായി കണ്ടുനിന്‍,
ആത്മരോഷം പുകപടര്‍ത്തിയ
ആത്മാഹൂതികണ്ടു ഞാന്‍.


നന്ദികേടിന്‍ സ്വന്തമായ
നിന്ദകണ്ടു ചിരിച്ചു ഞാന്‍.
ആത്മതാപം കൊണ്ടുനിന്റെ
ചിതയെരിഞ്ഞതറിഞ്ഞു ഞാന്‍.




ശ്രീദേവിനായര്‍

Sunday, June 6, 2010

അര്‍ത്ഥങ്ങള്‍



പറയാനേറെയുണ്ട്..
കേള്‍ക്കാനാണധികവും.
പാണന്റെപാട്ടുപോലെ
പാഴ്ക്കഥയാവില്ലാ...


പഴമയ്ക്കു പൊന്‍ കുതിപ്പ്,
പുതുമയ്ക്കു മങ്ങലും,
പഴകിയ ജഡമായീ..
ബന്ധങ്ങള്‍ നാറുന്നു....


രാത്രിയ്ക്ക് മറനീക്കാന്‍
ലഹരിയ്ക്ക് പെണ്‍കാവല്‍
പകലിനു കൊതിതീര്‍ക്കാന്‍,
പലവട്ടം പലകാവല്‍....


വായ്ത്താരീ,മടുപ്പിച്ച,
അര്‍ത്ഥങ്ങള്‍മറക്കുന്നു..
അറിയാത്ത മനസ്സുകള്‍
പലവട്ടം പതറുന്നു.....




ശ്രീദേവിനായര്‍