Monday, November 22, 2010

ആത്മമിത്രം

ഇന്നലെയും ആത്മാവന്യേഷിച്ച ആത്മമിത്രത്തെ
ഞാന്‍ കണ്ടു.
ആത്മാവറിയാതെ അലഞ്ഞ അവന്റെ ആത്മ
രോഷങ്ങള്‍,
ആത്മരോദനങ്ങളായി മാറിക്കൊണ്ടേയിരുന്നു.

അകലങ്ങളില്‍ അലഞ്ഞ അത്മാവിന്റെ
ആഴങ്ങളിലേയ്ക്ക് അവന്‍ അലസനായി
അലഞ്ഞുകൊണ്ടേയിരുന്നു.

അവനറിയാത്ത അവന്റെ ആത്മാവ്,
അപ്പോഴൊക്കെ അവനെ പരിഹസിക്കുകയാ
യിരുന്നു!


ശ്രീദേവിനായര്‍.

Monday, November 15, 2010

പനിനീര്‍പ്പൂവ്

നീ,
നമ്മുടെ ശരീരത്തെ മറക്കുക.
ആത്മാവിനെ തെരയുക.
നമ്മുടെ പ്രണയം ദേശകാലഭേദമൊക്കെ
മറന്ന്,
യുഗയുഗങ്ങളായി അലഞ്ഞു തിരിയുന്ന
പ്രണയ സാഫല്യത്തെ പൂര്‍ത്തീകരിക്കട്ടെ!


അവിടെ നമുക്ക് ഉടയാടകളില്ല.
രതിബന്ധങ്ങളില്ല,
നീയും ഞാനുമെന്ന ഭേദമില്ല.

നിന്റെ പ്രണയത്തിനു പകരം തരാന്‍
എന്റെ ആത്മാവില്‍ പൂത്തുലഞ്ഞ
പ്രതീക്ഷയുടെ ഒരു പനിനീര്‍പ്പൂവുമാത്രം!

അതിലിറ്റു വീഴുന്ന ഓരോപനിനീര്‍ത്തുള്ളിയും
നീ എന്നില്‍ നിറയ്ക്കുന്ന സ്നേഹത്തിന്റെ
ജീവതന്തുക്കളാവട്ടെ!




ശ്രീദേവിനായര്‍.

Sunday, November 7, 2010

ചിന്ത

മനസ്സിന് നല്ലചിന്തകളെയും,
ശരീരത്തിന് നല്ല വസ്ത്രങ്ങളെയുംനല്‍കി.

എന്നാല്‍ ചിന്തകളുടെ തീവ്രതയില്‍
മനസ്സ് അസ്വസ്ഥമായപ്പോഴെല്ലാം,
അവയുടെ ഗഹനതയില്‍ അനിര്‍വ്വചനീയ
മായ ആനന്ദം അനുഭവിച്ചുകൊണ്ടേയിരുന്നു.


ശരീരത്തിന്റെ   സൌന്ദര്യത്തില്‍,
വസ്ത്രങ്ങള്‍ ദു:ഖിച്ചപ്പോഴെല്ലാം
വികാരങ്ങളില്‍ അവ സന്തുഷ്ട
രായിരുന്നു.



ആശ്വാസത്തിന് നിശബ്ദതയെയും,
വിശ്രമത്തിനുഏകാന്തതയെയും,
കൂട്ടുപിടിച്ച ഞാന്‍  മഴത്തുള്ളിയെ
മോഹിച്ചത് ഉള്ളിലെ കടല്‍ കാണാ
തെയായിരുന്നുവോ?



ശ്രീദേവിനായര്‍.

Friday, October 29, 2010

സമസ്യ

ഒരു നിമിഷത്തെ വിരഹം,
ഒരു ദിവസത്തെ കലഹം,
ഒരു യുഗത്തോളം ആഴം!
ബന്ധങ്ങളുടെ തീവ്രത,
ബന്ധനങ്ങളുടെ മതിഭ്രമം.

എല്ലാം വലിച്ചെറിഞ്ഞ് സ്വതന്ത്രയാവാന്‍
കഴിഞ്ഞിരുന്നെങ്കില്‍!


ആത്മാവിന്റെ ഒട്ടിച്ചേരലുകള്‍,
ചിന്തകളുടെ സ്വയംഭോഗങ്ങള്‍,
ഭാവങ്ങളുടെ വികാരപ്രകടനങ്ങള്‍.

എല്ലാം മറന്ന് സ്വതന്ത്രയാവാന്‍
കഴിഞ്ഞിരുന്നെങ്കില്‍!


ഓര്‍മ്മകളുടെ നിബിഡവനങ്ങളില്‍
തിങ്ങിനിരന്ന പ്രണയരാഗങ്ങളില്‍
ഈണംതെറ്റി,വരികള്‍ മറന്ന്,
ഇഴപൊട്ടിയ തന്ത്രികളിലപശ്രുതി
ആലപിക്കുന്നതിനുമുന്‍പ്,

അരങ്ങൊഴിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

ജീവിതമെന്ന സമസ്യയുടെ ചുരുള്‍
അഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
ഞാന്‍ എത്രസ്വതന്ത്ര!


ശ്രീദേവിനായര്‍

Saturday, October 9, 2010

മഴ

രാവേറെയായീയെന്‍ചിന്തകള്‍ പൂവിട്ടു
തിരിതാഴ്ത്തിയെന്നുള്ളിലണയാന്‍ വിതുമ്പു
മ്പോള്‍,
പുലരാത്തപ്രകൃതിയെമാറോടണച്ചുഞാന്‍,
പതിവായിയാലിംഗനംചെയ്തുണരുന്നു.



കുപിതനായെന്നെയൊരുനോക്കുകാണാതെ,
കൈവിട്ടുപോകുന്നു മഴതന്റെ മിഴിനീരാല്‍.
മാനം കറുക്കുമ്പോള്‍ മിഴിതന്നിലണയാത്ത,
മൌനസംഗീതിയായെന്നുള്ളമലയുന്നു.


എന്തോപറയുവാനായുന്നചെഞ്ചുണ്ടില്‍,
വിറയാര്‍ന്ന പ്രണയത്തിന്‍ വരികള്‍
മൂകമായ്.
നനവാര്‍ന്ന മഴനീരിന്‍സ്നിഗ്ദ്ധമാംഭാവങ്ങള്‍,
ഒന്നും പറയുവാനാവാതെ വിടചൊല്ലി.




ശ്രീദേവിനായര്‍.

Thursday, September 23, 2010

സുഖമോ?

ഇത്രനാളിത്രനാള്‍ഞാന്‍
നിന്നോര്‍മ്മയില്‍
അന്യയായ്ത്തീര്‍ന്നിരുന്നോ?
എത്രമേലാശകള്‍ മൊട്ടിട്ടുനിന്നപ്പോള്‍
അന്ത്യമാം വിടചൊല്ലിയോ?



അന്നു നീകണ്ടതാമെന്മുഖം
എന്നുംഓര്‍ത്തിരുന്നോ?
അകലെയെങ്ങോ ഒരുനിഴലായ്മാഞ്ഞു
  കാണാതെയുള്‍വലിഞ്ഞൂ...


വേര്‍പെടാനാവാത്ത മനസ്സുമായ്‌വീണ്ടും
വെറുതെ തപമിരുന്നൂ
നീ...
മരണമായ് മാറിയ നേരവും നിന്നുടെ,
മനതാരില്‍മറഞ്ഞിരുന്നോ?
ഞാന്‍....,
എന്റെ ഓര്‍മ്മയാല്‍, കണ്‍ നിറഞ്ഞോ?


ശ്രീദേവിനായര്‍.

Wednesday, September 15, 2010

ചിത്രം

മാനം കറുത്തു മിഴിനീരണിഞ്ഞു,
മനമാകെ നീറിപ്പുക പടര്‍ന്നൂ.
മനസ്സാക്ഷിമരവിച്ചമറനീക്കിനീ,വീണ്ടും,
മറക്കുടചൂടിതേങ്ങിനിന്നു.

മൂകമാംരാഗമോ,മൌനമാംഗീതമോ?
മറുവാക്കുരയ്ക്കാത്ത ശോകങ്ങളോ?
മായ്ക്കുവാനാകാത്ത മൂകമാം ഭാഷയില്‍
മിഴിനീരണിഞ്ഞൊളിച്ചുനിന്നു.


കണ്ണുനീര്‍ചാലിച്ചെഴുതിയ വര്‍ണ്ണങ്ങള്‍
നിന്‍ ശോകഭാവത്തിന്‍ തീവ്രതയായ്
എന്‍ രൂപഭാവങ്ങള്‍ അതിലാകെനിറയുന്നു,
എന്നെ വിളിക്കുന്നു പ്രണയാര്‍ദ്രമായ്.


ശ്രീദേവിനായര്‍.