Friday, March 26, 2010

അംഗുലീയം


ചിരിയ്ക്കാതെചിരിച്ചെന്നെ
ചിരിയില്‍മയക്കിയ,
ചിത്രാംഗുലീയമേ,ഓര്‍ത്തുനോക്കൂ...
ചില്ലലമാരയില്‍ ചിരിതൂകി നില്‍ക്കുമീ..
ചിത്രത്തില്‍ നീ അനുരാഗിയായോ?

ചിലമ്പുന്ന വാക്കുകള്‍ പലവട്ടം ചൊല്ലിനീ..
ചിലയ്ക്കാതിരിക്കുവാന്‍ പഠിച്ചുമെല്ലേ..
ചിരിതൂകീ നിന്നുനീ,അടയാളമായിയെന്‍,
ചിന്തയില്‍ മായാത്ത മനസ്സുമായീ..

ചിലനേരം വിതുമ്പീ ചിലനേരം പിണങ്ങീ,
ചില മാത്രയെങ്കിലും പ്രണയാര്‍ത്ഥിയായ്.
ചപലയാമെന്നുടെ വിരല്‍തൊട്ടുണര്‍ത്തിനീ..
ചിരകാല ബന്ധുവായ് മാറിയെന്നില്‍..


ശ്രീദേവിനായര്‍

Tuesday, March 16, 2010

യാഗം



വിരഹാഗ്നിയുടെ ധൂമപടലങ്ങളില്‍
വിഷമവൃത്തങ്ങള്‍ വിഷയലഹരിയുടെ
കുങ്കുമം തൊട്ടു.

യാഗം നടക്കുന്ന മനസ്സിനെ വാരിപ്പുണരാന്‍
മഴമേഘം അശക്തമായിരുന്നു.

സ്വയം തീര്‍ത്ത ചിതയില്‍
കത്തിയമരാന്‍ ശ്രമിക്കുന്നവിഷാദം
ഭൂമിയുടെ സാന്ത്വനം തേടുകയായിരുന്നു.




ശ്രീദേവിനായര്‍.

Friday, March 5, 2010

സമസ്യ





ഓരോ നിമിഷവും ഓരോസമസ്യയാണ്.
ഉത്തരമില്ലാത്ത സമസ്യ.
ഓരോ ജന്മവും,ജീവിതവും അറിവുകള്‍
ക്കപ്പുറം മിഥ്യസങ്കല്പങ്ങളിലും.



അറിവുതേടി അകലങ്ങളില്‍നടന്നു.
കാവിസഞ്ചിയില്‍ കദന ഭാരം.
തൂലികയില്‍ ജീവിതഭാരം.



സന്യാസത്തിനും,ജീവിതത്തിനുമിടയില്‍
വീര്‍പ്പുമുട്ടുന്ന അഭിലാഷങ്ങള്‍.
എങ്ങോട്ടുതിരിയണമെന്ന ആശങ്ക.

നാലുപാടും തിരിയുമ്പോള്‍,
കഴുത്തിന്റെ കഴിവില്‍
അവിശ്വാസം!




ശ്രീദേവിനായര്‍.

Tuesday, February 23, 2010

വിശ്വാസം





വിശ്വാസം സോപ്പുകുമിള പോലെയാണ്,
എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തകരാം.


കണ്ണടച്ചു വിശ്വസിക്കുകയെന്നാല്‍;
കണ്ണടച്ചാല്‍,മാത്രമേ വിശ്വസിക്കാനാവൂ..
എന്നോ?

സൌഹൃദത്തിന്റെ മണല്‍പ്പരപ്പില്‍,
ചതിയുടെ കരിക്കട്ടകള്‍ വിതറുമ്പോള്‍;
അവിടെ ഒരു ബന്ധം തകരുന്നു.
പകരം കനല്‍ക്കട്ടകള്‍ രൂപം കൊള്ളുന്നു.


ഇപ്പോള്‍;
വിടവാങ്ങലിന്റെ വിതുമ്പലുകളില്ല,
രോഷത്തിന്റെ നിശ്വാസങ്ങള്‍ മാത്രം!



ശ്രീദേവിനായര്‍

Friday, February 12, 2010

പ്രണയദിനം









ഒരുപൂവിതള്‍ നുള്ളിപ്രണയത്തെകാക്കുക,
മറുപൂവിതളിലെ വിരഹത്തെഓര്‍ക്കുക.
പ്രണയത്തെക്കണ്ടൊരുകണ്ണുകള്‍കൊണ്ടുനീ,
വിരഹത്തെക്കണ്ടുള്ളില്‍ സൂക്ഷിച്ചുവയ്ക്കുക!



പ്രിയമായൊരാള്‍വന്നുകാത്തുനിന്നതാം
കാലത്തെയപ്പാടെ വിസ്മരിച്ചീടുക.
പ്രേമത്തിന്‍ പാഴ്വാക്കുചൊല്ലിവിളിച്ചൊരു,
പ്രണയിയെക്കാണാതെ വാതിലടയ്ക്കുക.


മറവിതന്‍ മായയില്‍ പ്രേമത്തെക്കണ്ടൊരു
കാമുകനെനീഓര്‍ക്കാതിരിക്കുക,
ജീവിതവല്ലരി പൂത്തുലഞ്ഞീടുന്ന
പൂങ്കാവനത്തെ തേടാതിരിക്കുക...!



ശ്രീദേവിനായര്‍.

Saturday, February 6, 2010

സ്നേഹപ്പുഴ

സ്നേഹപ്പുഴത്തീരത്തു വന്നടിഞ്ഞ
പ്രണയ ദാഹികളുടെ ശരീരം,
മോഹഭംഗത്തിന്റെ മത്സ്യങ്ങള്‍
കൊത്തിപ്പറിച്ച് വികൃതമാക്കിയിരുന്നു.

മോഹപ്പുഴയില്‍ ഒഴുകിനടന്നതാകട്ടെ,
ആശയുടെ തെളിനീരില്‍ അലിയാത്ത
മണല്‍ത്തിട്ടയില്‍ തടഞ്ഞുനിന്നു.


പ്രേമസാഗരം നീന്തിക്കയറിയവരാകട്ടെ,
കാമതാപത്താല്‍ ജ്വരബാധിതരും ആയിരുന്നു.
മറഞ്ഞുനിന്ന് നോക്കിരസിക്കുകയായിരുന്നൂ
അന്ധതമസ്സെന്ന കാമുകന്‍.

അവന്റെ പുറംകാഴ്ച്ചമറഞ്ഞിരുന്നെങ്കിലും
അകക്കണ്ണു തുറന്നുതന്നെയിരുന്നു.
അത് വഞ്ചനയുടേതുമാത്രമായിരുന്നു!




ശ്രീദേവിനായര്‍

Wednesday, February 3, 2010

നീ...




മനസ്സിന്റെ മറവിയിലറിയാതെ വച്ചൊരു
മനതാരിന്മോഹങ്ങള്‍ മറന്നുപോയീ....
മറവിതന്‍ ചാരെ തപസ്സുമായ് നീയന്നു
മറക്കാതിരുന്നെന്‍ കുടീരമൊന്നില്‍.


ഇറ്റിറ്റുവീഴുംകണ്ണുനീര്‍ത്തുള്ളിയാല്‍
കഴുകീയതിന്മീതെനിന്‍കുറ്റബോധം...
അലയുവാനാകാത്ത ചിന്തതന്‍ ചാരെ
അലിയാത്തൊരാമനമന്നലിഞ്ഞുതീര്‍ന്നു.


സ്മരണതന്‍ ചാരെനീനട്ട തേന്മാവില്‍
പൂക്കള്‍ വിരിഞ്ഞുണ്ണിമാങ്ങയായീ..
ഇനിയെത്രകാലം കാക്കണമതിനുള്ളില്‍
വിരിയുംതേന്‍ കനിപക്വമാവാന്‍?



ശ്രീദേവിനായര്‍