Thursday, April 29, 2010
ഓര്‍മ്മ
അകലെയെങ്ങോയെന്റെസ്വപ്ന
ത്തിന്‍ ചിറകുമേല്‍,
മരതകപ്പച്ചയുടുത്തൊരെന്‍,ഗ്രാമത്തില്‍,
ചിറകുകരിയാത്തൊരോര്‍മ്മപോലി
ന്നെന്റെ,
ചിരിക്കുന്ന തിരുമുറ്റം ഓര്‍ക്കുന്നു
ഞാനിന്നും!
പടവുകള്‍ കയറിയെന്‍ മനസ്സു പായുന്നു.
അടയാത്തകോലതന്‍ വാതിലില്‍ മുട്ടുന്നു.
അറിയാതെതുറക്കുന്നു അകമേചിരിക്കുന്നു,
അമ്മതന്‍ കാലൊച്ച ആത്മാവുകേള്‍ക്കുന്നു.
അണിയിച്ചുവച്ചൊരെന്‍ചിത്രത്തിന്‍
മുന്നിലായ്,
അണയാത്ത സ്നേഹത്തിന്‍
നെയ്ത്തിരികത്തുന്നു.
ഓര്‍മ്മപുതുക്കുവാനെന്മുറിതുറന്നുഞാന്‍,
അതിനുള്ളിലായിരം സ്വപ്നങ്ങളുറങ്ങുന്നു.
ചിരിതൂകിഉറങ്ങുന്ന പുകമറയ്ക്കുള്ളില്‍
ഞാന്‍,
കലങ്ങിയ കണ്ണോടെ കദനം
തെരയുമ്പോള്‍,
മാറാലകെട്ടിയ ഓര്‍മ്മകള്‍ നടുങ്ങുന്നു,
നിറയുന്ന കണ്ണുകള്‍ വിമ്മിക്കരയുന്നു.
ആരെയോ തെരയുന്നു,
മനമിന്നുംതേങ്ങുന്നു
വിടവാങ്ങിപ്പിരിഞ്ഞൊരു
സ്നേഹകുടീരമായ്!
ശ്രീദേവിനായര്‍.
Wednesday, April 21, 2010
യാത്ര
പിരിയാംനമുക്ക് വീണ്ടുംജനിയ്ക്കാന്‍
അനന്തതയില്‍ വച്ചു കണ്ടുമുട്ടാന്‍.
ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കാം നമുക്ക്
ഒരിത്തിരിക്കണ്ണീര്‍ തുടച്ചുമാറ്റാം.
എന്തിനായ് നമ്മളൊത്തുചേര്‍ന്നു
ദുഃഖം നല്‍കിപ്പിരിയാന്‍ മാത്രം
സ്വപ്നങ്ങളെല്ലാം വെറും മിഥ്യ
ഒരിക്കലുമെത്തിനോക്കാത്ത സത്യം.
കണ്ണീര്‍ വറ്റിയ ജീവിതത്തില്‍
നഷ്ടസ്വര്‍ഗ്ഗത്തിന്‍ കാത്തിരിപ്പില്‍
നീളുന്ന പാതയില്‍ നമ്മള്‍ വീണ്ടും
ഏകാന്തയാത്രികരായി മാറി.
ശ്രീദേവിനായര്‍.
(മേഘതാഴ്വര)
Sunday, April 4, 2010
മോഹം
ഞാന്‍ ,മൌനത്തെ പ്രണയിച്ചത്
ഏകാന്തതയില്‍ ഒരു
കൂട്ടുതേടിയായിരുന്നു.
വിവാദങ്ങളെ വര്‍ജ്ജിച്ചത്,
വിഷാദസ്മരണകളെ
ഒളിപ്പിക്കാനായിരുന്നു.
മഞ്ഞുത്തുള്ളിയെ മോഹിച്ചത്,
നൈര്‍മ്മല്യത്തോടുള്ള
അഭിനിവേശത്താലായിരുന്നു.
മലനിരകളെ നോക്കിനിന്നത്,
തടവറകളില്‍ നിന്നുള്ള മോചനം
തേടിയായിരുന്നു!
ശീദേവിനായര്‍.
Friday, March 26, 2010
അംഗുലീയം
ചിരിയ്ക്കാതെചിരിച്ചെന്നെ
ചിരിയില്‍മയക്കിയ,
ചിത്രാംഗുലീയമേ,ഓര്‍ത്തുനോക്കൂ...
ചില്ലലമാരയില്‍ ചിരിതൂകി നില്‍ക്കുമീ..
ചിത്രത്തില്‍ നീ അനുരാഗിയായോ?
ചിലമ്പുന്ന വാക്കുകള്‍ പലവട്ടം ചൊല്ലിനീ..
ചിലയ്ക്കാതിരിക്കുവാന്‍ പഠിച്ചുമെല്ലേ..
ചിരിതൂകീ നിന്നുനീ,അടയാളമായിയെന്‍,
ചിന്തയില്‍ മായാത്ത മനസ്സുമായീ..
ചിലനേരം വിതുമ്പീ ചിലനേരം പിണങ്ങീ,
ചില മാത്രയെങ്കിലും പ്രണയാര്‍ത്ഥിയായ്.
ചപലയാമെന്നുടെ വിരല്‍തൊട്ടുണര്‍ത്തിനീ..
ചിരകാല ബന്ധുവായ് മാറിയെന്നില്‍..
ശ്രീദേവിനായര്‍
Tuesday, March 16, 2010
യാഗം
വിരഹാഗ്നിയുടെ ധൂമപടലങ്ങളില്‍
വിഷമവൃത്തങ്ങള്‍ വിഷയലഹരിയുടെ
കുങ്കുമം തൊട്ടു.
യാഗം നടക്കുന്ന മനസ്സിനെ വാരിപ്പുണരാന്‍
മഴമേഘം അശക്തമായിരുന്നു.
സ്വയം തീര്‍ത്ത ചിതയില്‍
കത്തിയമരാന്‍ ശ്രമിക്കുന്നവിഷാദം
ഭൂമിയുടെ സാന്ത്വനം തേടുകയായിരുന്നു.
ശ്രീദേവിനായര്‍.
Friday, March 5, 2010
സമസ്യ
ഓരോ നിമിഷവും ഓരോസമസ്യയാണ്.
ഉത്തരമില്ലാത്ത സമസ്യ.
ഓരോ ജന്മവും,ജീവിതവും അറിവുകള്‍
ക്കപ്പുറം മിഥ്യസങ്കല്പങ്ങളിലും.
അറിവുതേടി അകലങ്ങളില്‍നടന്നു.
കാവിസഞ്ചിയില്‍ കദന ഭാരം.
തൂലികയില്‍ ജീവിതഭാരം.
സന്യാസത്തിനും,ജീവിതത്തിനുമിടയില്‍
വീര്‍പ്പുമുട്ടുന്ന അഭിലാഷങ്ങള്‍.
എങ്ങോട്ടുതിരിയണമെന്ന ആശങ്ക.
നാലുപാടും തിരിയുമ്പോള്‍,
കഴുത്തിന്റെ കഴിവില്‍
അവിശ്വാസം!
ശ്രീദേവിനായര്‍.
Tuesday, February 23, 2010
വിശ്വാസം
വിശ്വാസം സോപ്പുകുമിള പോലെയാണ്,
എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തകരാം.
കണ്ണടച്ചു വിശ്വസിക്കുകയെന്നാല്‍;
കണ്ണടച്ചാല്‍,മാത്രമേ വിശ്വസിക്കാനാവൂ..
എന്നോ?
സൌഹൃദത്തിന്റെ മണല്‍പ്പരപ്പില്‍,
ചതിയുടെ കരിക്കട്ടകള്‍ വിതറുമ്പോള്‍;
അവിടെ ഒരു ബന്ധം തകരുന്നു.
പകരം കനല്‍ക്കട്ടകള്‍ രൂപം കൊള്ളുന്നു.
ഇപ്പോള്‍;
വിടവാങ്ങലിന്റെ വിതുമ്പലുകളില്ല,
രോഷത്തിന്റെ നിശ്വാസങ്ങള്‍ മാത്രം!
ശ്രീദേവിനായര്‍
Subscribe to:
Posts (Atom)