Saturday, July 2, 2011

മനസ്സ്




പരിശ്രമത്തിനും,വിശ്രമത്തിനുമിടയില്‍
വീണുകിട്ടിയ ഒരു നിമിഷത്തെ;
ഞാനെന്റെ സ്വന്തമെന്നു വിളിച്ചു.

അതിന്റെ ഉടമ ഞാന്‍ തന്നെയാണെന്ന
തിരിച്ചറിവ്;
എന്റെ സ്വത്വമെന്തെന്ന്
എന്നെപ്പഠിപ്പിച്ചു!

ഏകാന്തനിമിഷങ്ങളില്‍ എണ്ണിയാല്‍ തീരാത്ത
സ്വപ്നങ്ങളെത്തേടിയലഞ്ഞ ചിന്ത
പലവട്ടം പതറി.

കാന്തികശക്തിയുള്ള കണ്ണുകളെ
അഭിമുഖീകരിയ്ക്കാനാവാത്ത മനസ്സ്  എന്നും
നിസ്സഹായയായിതലകുമ്പിട്ടു നിന്നു!


ശ്രീദേവിനായര്‍

Wednesday, June 1, 2011

ബാല്യകാലം



കെട്ടിപ്പിടിച്ചുനടന്നുഞാനെന്നുടെ,
അമ്മതന്‍ കാതില്‍ മൊഴിഞ്ഞകാര്യം;
പള്ളിക്കൂടവാതില്‍ കാത്തിരുന്നേരവും,
ഓര്‍ത്തിരുന്നമ്മയെങ്കാലൊച്ചകേള്‍ക്കാന്‍

“ഞാനില്ലയങ്ങോട്ടുഞാനില്ലയങ്ങോട്ട്,
അമ്മയെവിട്ടുഞാനെങ്ങുമില്ല”
പള്ളിക്കൂടംവേണ്ട,പൊന്നുടുപ്പും വേണ്ട
അമ്മതന്‍ നെഞ്ചിലെച്ചൂടുമതി.

കാലം കഴിഞ്ഞൂ,ഞാനെത്രമാറി,
കോലാഹലങ്ങള്‍കണ്ടുനിന്നൂ.
കണ്ണീരണിഞ്ഞൊരെന്‍ പൊന്നമ്മ നല്‍കിയ,
തേന്മുത്തമിന്നും ഞാനോര്‍ത്തുപോയീ.


അമ്മതന്‍ സ്നേഹത്തിന്നാഴക്കടലില്‍,
ഇന്നുമൊരായിരംവൈഡൂര്യങ്ങള്‍,
സ്നേഹത്തിന്‍ പാലാഴിതന്നില്‍ ഞാന്‍ തേടുന്നു,
വീണ്ടുമൊരിക്കലെന്‍ ബാല്യകാലം!


ശ്രീദേവിനായര്‍

Thursday, May 19, 2011

ആര്‍ദ്രം




ഒരു വട്ടം മാത്രം തിരിഞ്ഞുനോക്കി,
നിന്നെക്കാണാത്തകണ്‍കളില്‍ അശ്രുതിങ്ങി.
അറിയാതെ പലവട്ടം കണ്ണുചിമ്മി,
ഞാനറിയാതെ കണ്ണീര്‍ അലിഞ്ഞിറങ്ങീ.


അലതല്ലും മോഹങ്ങളാര്‍ദ്രമായീ,
എന്റെആത്മാവിന്‍ സന്ധ്യകളേകയായീ,
അശരീരിപോല്‍ കാറ്റിന്‍ മര്‍മ്മരങ്ങള്‍,
അലിവാര്‍ന്നൊരെന്‍ കദനമേറ്റുചൊല്ലീ.




ശ്രീദേവിനായര്‍

Sunday, March 27, 2011

തീരം




തിരമാലകളെത്തേടിയലഞ്ഞൊരു,
തീരമണഞ്ഞമണല്‍ത്തരിഞാന്‍;
തീരാമോഹനസ്വപ്നമലിഞ്ഞൊരു,
തീരമടിഞ്ഞുഅലിഞ്ഞൂഞാന്‍.


മണല്‍ത്തരിമേലേ ചെറുകാറ്റുകളായ്,
പ്രണയസമീരന്‍ തഴുകുമ്പോള്‍;
മറ്റൊന്നിനെയുമറിയാതറിയും,
മണ്ണില്‍മയങ്ങിയവിണ്ണിനെഞാന്‍.


ഓര്‍ക്കാറുണ്ടീകടലിനെയെന്നും,
ഓര്‍മ്മയിലെന്നുമുണര്‍വ്വുകളായ്;
ഒരുമിക്കാനായ്ക്കഴിയാത്തൊരു-
നിറകടലലയെന്നുംകണ്ണീരായ്.



ശ്രീദേവിനായര്‍.

Saturday, February 19, 2011

ആറ്റുകാലമ്മ





സന്താപനാശിനി സന്തോഷകാരിണി,
സന്താനസൌഭാഗ്യദായകീ,
സൌമ്യേ സദാകാല സത്കാരിണീ
സംഗീതികേ സത്ദാനേശ്വരീ.



സ്വര്‍ല്ലോകദായകീ സ്വര്‍ഗ്ഗേശ്വരീ,
സമ്പത്കരീ സ്വപ്നസാക്ഷാത്കരീ,
സൌരഭപ്രീയേ സാധുശീലേ,
സമ്പൂര്‍ണ്ണരൂപേ,സുമംഗലേ.



സത്കാരപ്രീയേ സദാശിവേ,
സമ്മോദ ദായികേ സനാതനേ.
ആറ്റുകാലമ്മേ കാത്തരുളൂ,
അന്നപൂര്‍ണ്ണേശ്വരീ അഭയരൂപേ!



ശ്രീദേവിനായര്‍.

Monday, February 14, 2011

പനിനീര്‍പുഷ്പം





രാഗപുഷ്പം ,എന്റെ ഓര്‍മ്മയില്‍,
ആരോ വിരിയിച്ച,ജീവപുഷ്പം.
മാറും കിനാക്കളില്‍ മാല്യംകൊരുക്കുമീ,
മധുരകാലത്തിന്റെ മനോജ്ഞപുഷ്പം.




തീര്‍ക്കും തടവറ മനസ്സിന്നുള്ളിലായ്,
സ്നേഹം തുടിയ്ക്കുമീചുവന്നപുഷ്പം.
ഉള്ളിലെ പ്രണയത്തിന്‍ ചൂടില്‍ വിരിയിച്ച,
രക്തം കിനിയും മന്ത്രപുഷ്പം.


മഞ്ഞുകണങ്ങളില്‍  കണ്ണീര്‍ചാലിച്ച,
കാലം മറക്കാത്ത പനിനീര്‍പുഷ്പം.,
 പ്രണയവസന്തങ്ങള്‍ എന്നും നിനക്കായീ
  നേര്‍ച്ചകള്‍ നേരുന്നു പ്രേമപൂര്‍വ്വം!


ശ്രീദേവിനായര്‍.

Tuesday, February 8, 2011

സൌന്ദര്യം





സ്നിഗ്ദ്ധസൌന്ദര്യമേ,നിന്നിലാവാഹിച്ച
നിത്യമാം ശില്പത്തിന്‍ ചാരുരൂപം;
നിത്യതയിലിന്നു ശാന്തമായ്ത്തീര്‍ന്നുവോ?
നിന്നെയറിഞ്ഞൊരീശില്പിതന്നില്‍.



നിരുപമസൌന്ദര്യമേ,നിന്മനമണ്ഡപം,
നൃത്തച്ചുവടില്‍ മദിച്ചിരുന്നോ?
നിന്നെയറിയാത്ത കാണികള്‍തന്മുന്നില്‍,
അന്നു നീയാദ്യമായ് തേങ്ങി നിന്നോ?


അറിയാന്‍ശ്രമിച്ചൊരു ചിത്രകാരന്‍തന്റെ,
ചിത്രത്തില്‍  നീവീണ്ടും പ്രോജ്ജ്വലിച്ചു;
ഒരു രേഖാചിത്രമായ് അന്നവന്‍ തന്നുടെ,
കൈകളില്‍ വീണ്ടും പുനര്‍ജ്ജനിച്ചു.


ഏതോ പുനര്‍ജ്ജന്മമൊന്നില്‍ നീ വീണ്ടും,
എഴുതാന്‍ മറന്നൊരു കവിതയായീ.
എങ്കിലും സൌന്ദര്യ രൂപമേ,നിന്നുള്ളില്‍
ഏങ്ങലടിയ്ക്കും മനസ്സുകണ്ടു!



ശ്രീദേവിനായര്‍