Sunday, June 24, 2012

യാത്ര



അണയും സന്ധ്യതന്‍ കിരണമന്ത്യമായ്
വിടപറഞ്ഞുനിന്നുയിന്നു പടിയിറങ്ങിയോ?
പിന്‍ വാങ്ങിയോ പിന്തിരിഞ്ഞുവോ
പിന്‍ വാതിലാദ്യമായി പകുതിചാരിയോ?

പുണരുവാന്‍ കൊതിച്ചൊരീ രാത്രി വിങ്ങിയോ?
പിന്‍ വിളികളുണ്മയെ ഉണര്‍ത്തിനിന്നുവോ?
പുറവാതിലായിരങ്ങളഭയമേകിയോ?
ആയിരംജന്മവുമൊത്തുചേര്‍ന്നുവോ?


ജനിമൃതികളൊക്കെവേ പകച്ചുനിന്നുവോ?
ജന്മമെന്ന മിഥ്യയെക്കടല്‍ കടത്തിയോ?
സ്വപ്നസാഗരങ്ങള്‍ വീണ്ടും കണ്‍ തുറന്നുവോ?
ഒരായിരം സ്വപ്നവും ചിതറിവീണുവോ?




ശ്രീദേവിനായര്‍
  
 

Monday, April 30, 2012

പ്രണയം




മൌനം കൊണ്ടുഞാന്‍ നിന്റെ സ്മാരകം പണിഞ്ഞു,
കണ്ണുനീരാലതില്‍ പിന്നെ ചായം പടര്‍ത്തി.
കാതോര്‍ത്തിരുന്നു നിന്‍ സ്വരരാഗങ്ങള്‍  ,
കാറ്റിനോടു കെഞ്ചി ഒരു വിരഹാഗ്നിയായ്.

ചുടുനിശ്വാസങ്ങളെന്‍ ചുണ്ടില്‍ പുകഞ്ഞു,
അതിനുള്‍ചൂടില്‍ നിന്നെഞാനാവാഹിച്ചു.
നെടുവീര്‍പ്പുകളെന്നിലാഞ്ഞു വീശി,
പിന്നെ ഞാനെന്ന സങ്കല്പം മിഥ്യയായി!





ശ്രീദേവിനായര്‍

Thursday, April 12, 2012

വിഷു




പുളിയിലക്കരചൂടി പൂവുചൂടി,
നിറവാര്‍ന്ന മിഴികളില്‍ സ്വപ്നവുമായ്
വിഷുമാസ കന്യക വീണ്ടുമെത്തി
കനകത്തിന്‍ കണിക്കൊന്നപ്പൂക്കളുമായ്.

കസവിന്റെ നൂല്‍മാലത്താലിയുമായ്,
കനവിന്റെ രാഗങ്ങളാലപിക്കാന്‍
കമനീയരൂപമായ് വീണ്ടുമവള്‍
നിന്നൊരുദയാസ്തമന പൂജപോലെ!


(പ്രിയപ്പെട്ടവര്‍ക്കെല്ലാം എന്റെ
വിഷു ആശംസകള്‍ )

Saturday, March 10, 2012

നാട്യം



പച്ചപുതച്ച പാടം;
നെല്‍മണികളെ ത്തിരിച്ചറിയാതെ
പതിരുകളില്‍ നൂറുമേനിവിളയിച്ച്
മനുഷ്യരെ ചതിക്കുന്നുവോ?

ഉപ്പില്ലാത്ത ഉമിനീരില്‍
പതിരിന്റെ പാഴ്ച്ചോറ് ദഹനം കിട്ടാതെ
തേങ്ങിയപ്പോഴെല്ലാം;
ദുര്‍മ്മേദസ്സിന്റെ മാംസക്കഷ്ണങ്ങളില്‍
രുചിയെന്ന പാഴ്വാക്കിനര്‍ത്ഥംകിട്ടാതെ
ഞാന്‍ ഭക്ഷിച്ചുകൊണ്ടേയിരുന്നു.

എരിവിന്റെ  നാട്യത്തില്‍കണ്ണുകള്‍
കരഞ്ഞുകാട്ടിയപ്പോഴും
എനിയ്ക്കറിയില്ലായിരുന്നുഎവിടെയാണ്
തെറ്റുപറ്റിയതെന്ന്?


മനുഷ്യച്ചങ്ങല നിര്‍മ്മിക്കുന്ന 
ലാഘവത്തില്‍ മനസ്സുകളെ
കോര്‍ത്തിണക്കാന്‍ ശ്രമിക്കുന്നത്
മൌഡ്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ
ഞാന്‍ അതിനുശ്രമിച്ചുകൊണ്ടേയിരിക്കുന്നു.






ശ്രീദേവിനായര്‍

Wednesday, February 15, 2012

വ്യര്‍ത്ഥം

വ്യര്‍ത്ഥമാംചിന്തകള്‍ തേടിയെത്തീ,യെന്റെ
വ്യാമോഹഭാവങ്ങള്‍ പങ്കുവച്ചു,
ഭ്രമരത്തെക്കൈവിട്ട പൂവിന്റെ ഉള്ളുപോല്‍
ഭഗ്നവികാരങ്ങള്‍തേങ്ങി വീണ്ടും.


മണ്‍ മറഞ്ഞീടുന്ന മായാവിശേഷങ്ങള്‍
ഉന്മാദമേറ്റു പറന്നു പൊങ്ങീ.
മലരിനെ കാണാതെ മാധവസന്ധ്യയും,
മധുപനെത്തേടി ത്തളര്‍ന്നിരുന്നു.

ഒളിമിന്നിപ്പായുന്ന നക്ഷത്രകിന്നരം,
ഒന്നുമറിയാതെകണ്‍ ചിമ്മിനിന്നു.
അടരാതെയാകാശമപ്പോഴുമകലെയായ്,
അലയുന്ന ആഴിയെ കാത്തിരുന്നു.




ശ്രീദേവിനായര്‍

Saturday, December 31, 2011

ഭാവങ്ങള്‍





ഭാവങ്ങളില്‍ തീവ്രത നിഴലിക്കുന്ന മുഖങ്ങളില്‍
സൌന്ദര്യമുണ്ടായിരുന്നു.
സന്ദേശവും ,സന്ദേഹവുമുണ്ടായിരുന്നു.

ലക്ഷ്യമില്ലാത്തചിന്തകളുടെ ശരവേഗങ്ങള്‍ക്ക്
സ്ഥാനചലനങ്ങളുടെ മോഹഭംഗങ്ങളുണ്ടായിരുന്നു,
 നോട്ടത്തിന് കാത്തിരിപ്പിന്റെ അക്ഷമയുണ്ടായിരുന്നു.

അടച്ചിട്ട വാതിലുകളില്‍ അടയാത്ത വിരികളുണ്ടാ
യിരുന്നു.
തുറന്ന ജനാലകളില്‍ മറഞ്ഞ നിഴലുകളും.

എങ്കിലും;
തീവ്രമായ  വികാരങ്ങളില്‍ ലഹരിയുണ്ടാ
യിരുന്നു;
കയ്പ്പിന്റെ  മധുരവും.




ശ്രീദേവിനായര്‍



“എല്ലാ സ്നേഹിതര്‍ക്കും നവവത്സരാശംസകള്‍  “

Tuesday, December 6, 2011

പൊയ്മുഖം










ഒരു ചിത്രത്തിലോ,ശില്പത്തിലോ
കഥയിലോ,കവിതയിലോ കാണാത്ത
പൊയ്മുഖത്തെത്തേടിയലഞ്ഞ ഞാന്‍
അത്ഭുതപ്പെട്ടത്;
സ്വന്തം മുഖം  കണ്ണാടിയില്‍
കണ്ടപ്പോഴാണ്!
 

 സത്യത്തിന്റെ മുഖം തേടിയ
എന്നെ നിരാശയുടെ നീര്‍ക്കയത്തിലേയ്ക്ക്
 തള്ളിക്കളയാന്‍ ശ്രമിക്കുമ്പോഴെല്ലാം

ഞാന്‍  എന്റെ  അന്യേഷണം
തുടരുകയായിരുന്നു!





ശ്രീദേവിനായര്‍