Sunday, September 28, 2014

വഴികൾ


മഞ്ഞുപെയ്ത വഴിയിലെ ല്ലാം 
കാനൽജലമായിരുന്നോ ?
 മനമുരുകിയ മനസ്സിലാകെ
 കനലെരിയുകയാണിന്നും;

കദനമൊ ഴിയും കഥയിലാകെ
കലച്ചക്രംതിരിയുവാണോ ?
കാമമെന്നകലയിലെല്ലാം
കാന്തശക്തികടമെടുത്തോ ?

കടലെരിയ്ക്കുംസൂര്യരശ്മികൾ
തിരമാലയെത്തടവിലാക്കി
തീരമണയും തെന്നലിന്റെ
പ്രാണനിന്നൊരു നിലാവായി


 

Thursday, September 4, 2014

പൊന്നോണം

ഇന്നുമ്പതിവുപോല്‍ ഓണം വരുന്നുണ്ടെന്‍
മായാപ്രപഞ്ചത്തില്‍ മോദമേകാന്‍,
മായയായ്,പൊന്നുണ്ണിക്കണ്ണനുംകൂടെവ -
ന്നുണ്ടെന്നോടൊത്തോണമുണ്ണുവാനായ്.

തൂശനിലവെട്ടിപ്പഴംനുറുക്കുംചേര്‍ത്തു
പായസമുണ്ണുവാന്‍ ഉണ്ണിവന്നു.
ഇന്നും മനസ്സിന്റെ മായാവിപഞ്ചിയില്‍
വന്നങ്ങിരുന്നു വിശേഷംചൊല്ലീ.

എന്മടിത്തട്ടില്‍ക്കളിച്ചുവളര്‍ന്നൊരു
പൊന്നുണ്ണിക്കണ്ണനോ,കൃഷ്ണനോ നീ?
വീണ്ടുംതിരിയുന്നുകാലത്തിന്‍ ചക്രവും
വരുമെന്നുചൊല്ലിയാത്രയാകാന്‍.

ഓണം വരുന്നുണ്ടു മാലോകരെക്കണ്ടു
മാവേലിമന്നനെക്കണ്ടുപോകാന്‍.


എല്ലാ സ്നേഹിതര്‍ക്കും എന്റെ പൊന്നോണാശംസകള്‍”


ശ്രീദേവിനായര്‍.

Saturday, August 16, 2014

കര്‍ക്കടകം

നോവിന്റെ  പാത്രം നിറച്ചുഞാന്‍  നിത്യവും
നിറവയറുണ്ണുവാന്‍  നോമ്പുനോറ്റു.
നിറവിന്റെ കൈത്തിരി കത്തിച്ചുഞാനെന്റെ,
ഉണ്ണാവൃതങ്ങളെടുത്തു പിന്നെ;

കാണാത്തപൊന്നിനെ ത്തേടിയലഞ്ഞഞാന്‍
കണ്ണുകള്‍ വിങ്ങിയതറിഞ്ഞതില്ലാ;
കാര്‍മുകില്‍ സുന്ദരിക്കൊത്തുപതിച്ചെന്റെ
കണ്ണുനീര്‍ത്തുള്ളികള്‍ മറ്റൊരാഴിയായീ .......

ഇരവും പകലും പറന്നുഞാന്‍ സ്വപ്നത്തിന്‍
കരകാണാക്കടലിന്റെ ആഴങ്ങളില്‍
പിന്നെയെന്‍ ജീവന്റെ അംശങ്ങളായിരം
മുത്തായ്  ചിതറി ത്തിരമാലകളായ്... .


ശ്രീദേവിനായര്‍

Sunday, July 6, 2014

മൌനനൊമ്പരം



കണ്ടൂഞാന്‍ നിന്‍ കണ്ണുകളില്‍
മൂകമാം ഹൃദയവിലാപം,
പറയാതെപറയുന്നൊരു
വ്യര്‍ത്ഥമാം  ജീവരഹസ്യം!

അറിയുന്നൂ നിന്‍ ഹൃദയ വികാരം
മൃദുലമാം താളനിബദ്ധം,
എന്‍ നെഞ്ചില്‍ചേര്‍ന്നിരിക്കും
നിന്‍ ഹൃത്തിന്‍ ഹൃദയമിടിപ്പായ്....

നോവിന്റെ ഗദ്ഗദമായ്
എന്നുള്ളില്‍അലിഞ്ഞുചേര്‍ന്നു....
ശരിയേത് അരുതേത്?    നീ
അലിവായ് എന്നില്‍ നിറയുന്നൂ!



ശ്രീദേവിനായര്‍

Monday, June 2, 2014

സത്യം



മനസ്സ് കൊണ്ടു ശരീരത്തെയും,
ചിന്തകൊണ്ട് അഹങ്കാരത്തെയും
ഭസ്മമാക്കുന്ന വികാരത്തെ തെരഞ്ഞു
ഞാന്‍ വിവശയായി!

കണ്ണുകൊണ്ട്  മനസ്സ് അറിയാനും,
അഹിംസകൊണ്ട്  ഹിംസചെയ്യാനും
എന്നെ പഠിപ്പിച്ചത് ആരാണ്?

ഗഹനമായ ചിന്തകളില്‍ ഗുപ്തസത്യങ്ങളില്ലെന്നും
ഭൂമിയും ആകാശവും കടലിന്റെ രൂപം തന്നെയെന്നും
ആരാണ്  എന്നെ പഠിപ്പിച്ചത്?

സത്യമേത് മിഥ്യയേത് ?ജനനവും  മരണവും
ഒന്നു തന്നെയല്ലേ?
അതും അറിയില്ല,ഭ്രാന്തമായ ചിന്തകള്‍
 ശരീരത്തെ വിഴുങ്ങാന്‍ 
തയ്യാറെടുക്കുകയാണോ?




ശ്രീദേവിനായര്‍

Tuesday, April 29, 2014

വൈചിത്ര്യം



ഉള്ളിലായ്ത്തേങ്ങിയൊരലകടലെങ്കിലും
കണ്ടുത്തുംഗമാത്മാവിന്‍ ഹിമവല്‍ പ്രദേശം.
കണ്ടുഞാനുള്ളത്തിന്‍ വൈവിദ്ധ്യഭാവം,
കാണാതെയെന്നന്തരംഗം തപിച്ചു.

വൈചിത്ര്യമെന്തെന്നറിയാതെഞാനിന്ന-,
അകക്കണ്ണിലാകാശം അളന്നങ്ങെടുത്തു;
ഭൂമിയെക്കാണാതുഴലുന്ന ജീവന്റെ
ആദിയിലെന്തെന്നറിയാന്‍ ശ്രമിച്ചു.

ആരുഞാനാരെന്നറിയാനൊരുങ്ങീ
ആരോരുമില്ലാത്തൊരംശമായ് മാറി.
എന്നന്തരംഗത്തിന്നവസാനരംഗം,
പിരിയാന്‍ മടിക്കാതെ  ജീവന്‍ തുളുമ്പീ.....



ശ്രീദേവിനായര്‍  .

Sunday, April 13, 2014

വിഷുക്കണി



മയിലാഞ്ചിയും,മാതളവും  പിന്നെ
മലയാളമണ്ണിന്റെ മാമ്പഴവും,
മായാതെ കാലങ്ങളായുണരുംഒരു
വിഷുപ്പക്ഷിയെ ക്കണ്ടുണരാന്‍...

ബാല്യകൌമാരസ്വപ്നങ്ങളില്‍,ഞാന്‍
വിഷുപ്പക്ഷിയായുണരുമ്പോള്‍
ഒരുകുലകൊന്നപ്പൂവിനെയോര്‍ത്തെന്റെ,
മനവും,തനുവും ഇടറുന്നോ?

കൊന്നപ്പൂവിനെമോഹിച്ചകാലങ്ങള്‍,
കൈനീട്ടത്തിന്‍ സ്മരണകളായ്..
“ഒരു തുളസിക്കതിര്‍കൊണ്ടെന്റെമോഹത്തിന്‍
പടിവാതില്‍ ,ഞാനിന്നു ബന്ധിക്കാം!“


“എല്ലാപ്രിയപ്പെട്ടവര്‍ക്കും എന്റെ 
വിഷു ആശംസകള്‍“

ശ്രീദേവിനായര്‍