Saturday, December 31, 2011

ഭാവങ്ങള്‍





ഭാവങ്ങളില്‍ തീവ്രത നിഴലിക്കുന്ന മുഖങ്ങളില്‍
സൌന്ദര്യമുണ്ടായിരുന്നു.
സന്ദേശവും ,സന്ദേഹവുമുണ്ടായിരുന്നു.

ലക്ഷ്യമില്ലാത്തചിന്തകളുടെ ശരവേഗങ്ങള്‍ക്ക്
സ്ഥാനചലനങ്ങളുടെ മോഹഭംഗങ്ങളുണ്ടായിരുന്നു,
 നോട്ടത്തിന് കാത്തിരിപ്പിന്റെ അക്ഷമയുണ്ടായിരുന്നു.

അടച്ചിട്ട വാതിലുകളില്‍ അടയാത്ത വിരികളുണ്ടാ
യിരുന്നു.
തുറന്ന ജനാലകളില്‍ മറഞ്ഞ നിഴലുകളും.

എങ്കിലും;
തീവ്രമായ  വികാരങ്ങളില്‍ ലഹരിയുണ്ടാ
യിരുന്നു;
കയ്പ്പിന്റെ  മധുരവും.




ശ്രീദേവിനായര്‍



“എല്ലാ സ്നേഹിതര്‍ക്കും നവവത്സരാശംസകള്‍  “

Tuesday, December 6, 2011

പൊയ്മുഖം










ഒരു ചിത്രത്തിലോ,ശില്പത്തിലോ
കഥയിലോ,കവിതയിലോ കാണാത്ത
പൊയ്മുഖത്തെത്തേടിയലഞ്ഞ ഞാന്‍
അത്ഭുതപ്പെട്ടത്;
സ്വന്തം മുഖം  കണ്ണാടിയില്‍
കണ്ടപ്പോഴാണ്!
 

 സത്യത്തിന്റെ മുഖം തേടിയ
എന്നെ നിരാശയുടെ നീര്‍ക്കയത്തിലേയ്ക്ക്
 തള്ളിക്കളയാന്‍ ശ്രമിക്കുമ്പോഴെല്ലാം

ഞാന്‍  എന്റെ  അന്യേഷണം
തുടരുകയായിരുന്നു!





ശ്രീദേവിനായര്‍

Thursday, November 17, 2011

ശ്രീഅയ്യപ്പന്‍




പതിനെട്ടുമലകള്‍ തന്‍ സേവ്യനായി,
പതിനെട്ടുപടികള്‍ തന്‍ നാഥനായി,
പതിനായിരം വേദങ്ങള്‍തന്‍ അര്‍ത്ഥമായി,
പരിപാവനന്‍ ശ്രീ അയ്യപ്പനായി.


മണികണ്ഠനാം ശ്രീ ഉണ്ണിയായി,
മാനസചോരനാം വിഷ്ണുപുത്രനായി,
ശിവതനയനായ ശ്രീധര്‍മ്മശാസ്താവായി,
വാണരുളുന്നൂ ശബരിമലയില്‍  .




കണ്ണിനുകണ്ണായ്,കാതിനു കാതായ്,
മൂകര്‍ക്കുനാവായ്  നീ മാറിടുമ്പോള്‍,
വൈകുണ്ഠനാഥനും,ശ്രീരുദ്രദേവനും,
സല്പുത്രനായ് നീ വാണിടുന്നൂ..




ശ്രീദേവിനായര്‍

Wednesday, October 26, 2011

ദീപാവലി




ദീപാവലി എന്റെ മോഹാവലി,
മോഹങ്ങള്‍ കോര്‍ത്തൊരു ദീപാവലി ;
ദീപത്തിന്‍ മോഹങ്ങള്‍ കാണാത്തൊരീ-
മണ്ണിന്‍,മോഹത്തിന്‍ താഴ്വര ദീപാവലി.


പുഞ്ചിരി തൂകുമീ ദീപാവലി,
കാതടച്ചീടുമീ നാദാവലി,
കണ്ണീരു കാണാത്ത ജ്വാലാവലി,
വെണ്ണീറായ് തീരുന്ന ശോഭാവലി.

ദീപങ്ങള്‍ ദീപങ്ങള്‍ കണ്‍ തുറന്നീടുന്ന,
വിണ്ണിന്റെ പുണ്യമീ,ദീപാവലി.
മണ്ണിന്റെ  മക്കള്‍ക്കു ഹര്‍ഷമായെത്തുന്നു,
വര്‍ഷത്തിലൊന്നായ് ദീപാവലി.



“എല്ലാ പ്രിയപ്പെട്ടവര്‍ക്കും  എന്റെ  ദീപാവലി
ആശംസകള്‍“


ശ്രീദേവിനായര്‍

Monday, October 17, 2011

ത്രിമൂര്‍ത്തികള്‍




ഞാനൊന്നും കണ്ടില്ല.
കണ്ടതെല്ലാം എന്റെ  മനസ്സാണ്.
മനസ്സിനപ്പുറം കണ്ട കാഴ്ചകള്‍;
കണ്ടതാരാണെന്ന് ഇപ്പോഴും
എന്റെ ശരീരം അറിയുന്നില്ല.


മനസ്സ്,ശരീരം,ആത്മാവ് ഇതെല്ലാം
പരസ്പരം കോര്‍ത്തിണക്കിയത്
ആ‍രായിരിക്കാം?

തോന്നലുകള്‍ മാത്രമാണെങ്കില്‍
അതിന്റെ ഉറവിടം അന്യേഷിക്കുന്ന എന്നെ
സഹായിച്ചതാരാണ്?


മനസ്സോ?ശരീരമോ?ആത്മാവോ?
അന്യേഷണം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു;
എന്നിലെ ത്രിമൂര്‍ത്തികള്‍  !




ശ്രീദേവിനായര്‍  .

Wednesday, October 5, 2011

ദേവി




നാദബ്രഹ്മമേ,പരബ്രഹ്മമേ..
നാദവിദ്യാത്മക സൌഭാഗ്യമേ....
നാകലോകത്തിന്‍ അനശ്വരമേ...
നാമരൂപത്തില്‍ വണങ്ങുന്നു ഞാന്‍

സൌഭാഗ്യ സമ്പല്‍ക്കരീ ദേവി നീ...
സൌമ്യേ സനാതനേ ,സമ്പൂര്‍ണ്ണനീ...
സൌന്ദര്യ രൂപേ,സങ്കീര്‍ത്തനപ്രീയേ..
സൌശീല സന്തുഷ്ട സദാശിവനീ.....


നിത്യം വണങ്ങുന്നു നിന്‍ ചരണാംബുജം...
നിത്യ വസന്തങ്ങള്‍ നിറഞ്ഞു നില്‍ക്കാന്‍
നിത്യേ നിരഞ്ജനേ,നിന്മുന്നില്‍ കേഴുന്നു...
നിത്യം, ഈജന്മം സഫലമാകാന്‍ ..





ശ്രീദേവിനായര്‍

Monday, September 12, 2011

ഓര്‍മ്മ




സന്തോഷത്തില്‍ നീ, എന്നെ ഓര്‍ക്കുക.
ദുഃഖത്തിലും!
ഓര്‍മ്മകളുടെ ഉണര്‍വ്വിലും,മയക്കത്തിലും
എന്നെഓര്‍ക്കുക!
എന്നാല്‍ മറവിയെ പുണരുമ്പോള്‍
നീ വീണ്ടുമോര്‍ക്കുക;
അതും, 
എനിയ്ക്കുവേണ്ടിമാത്രം!



ശ്രീദേവിനായര്‍