Tuesday, January 14, 2014

ശ്രീഅയ്യപ്പന്‍



നിമിഷാര്‍ദ്ധമായ്  നിമിഷങ്ങളായ്..
ഭക്തിതന്‍ മായാപ്രവാഹങ്ങളായ്...
നിറവാര്‍ന്ന നിറമിഴികൂപ്പി നിന്നു
എന്തിനോയേതിനോ അറിയാതെഞാന്‍  !

തിരുവാഭരണം ചാര്‍ത്തിയ ദേവന്റെ
തിരുമുഖമെന്നില്‍ നിറയുമ്പോള്‍
ഹരിഹരപുത്ര നിന്‍ തിരുസ്മരണയില്‍
നിറമിഴിയോടെ തൊഴുതുവീണ്ടും!

മനമൊരു പൂങ്കാവനമായ് മാറി,
ഭക്തിതന്‍ നെയ്‌വിളക്കായി വീണ്ടും,
മാനസതീര്‍ത്ഥമായ് അമൃതമായ് 
മുജ്ജന്മ പുണ്യങ്ങള്‍ നെയ്തുകൂട്ടി!

മകര സംക്രമ വേളയായ്......
മനം നിറയും സമയമായ്....
മകര ദീപ നിറവുമായ്.....
മനം കവര്‍ന്നെന്റെ അയ്യനും!

അയ്യനയ്യപ്പാ ശരണം അയ്യനയ്യപ്പാ...
അയ്യനയ്യപ്പാ ശരണം അയ്യനയ്യപ്പാ....



ശ്രീദേവി നായര്‍ 

Monday, January 13, 2014

ലക്ഷാര്‍ച്ചന




ലക്ഷാര്‍ച്ചന നടതുറന്നു,എന്റെ
ലക്ഷ്മീകാന്തനെ കണ്ടുനിന്നു;
ലക്ഷ്മീപതീയെന്നെ അനുഗ്രഹിച്ചൂ,
എന്നന്തരംഗം പുളകിതയായ്....

അനന്തശായീ ശ്രീപത്മനാഭന്‍
അന്തരംഗേയെന്നെയനുഗ്രഹിച്ചൂ
അന്തരാത്മാവില്‍ മൊഴിഞ്ഞതെല്ലാം;
അത്മാവിലെന്നും അനുഗ്രഹമായ്...

ശ്രീചക്രധാരീശ്രീപത്മനാഭാ..
പത്മതീര്‍ത്ഥത്താലുള്ളത്തെനീ,
തൊട്ടുണര്‍ത്തീ,അനുഗ്രഹിച്ചു...!എന്നും
ദേവ ദേവാഎന്നില്‍ കൃപചൊരിയൂ......


ശ്രീദേവിനായര്‍ .




Thursday, November 28, 2013

വിധി വിളക്ക്




എങ്കിലും നിഷ്ഫലമീജന്മപന്ഥാവില്‍
എത്രയോ വന്മരം കടപുഴകിവീണു,
എന്നിട്ടുമെന്തേയീ ജന്മത്തിന്നോരത്ത്
നീ നട്ട ചെറുമരം തളിരണിഞ്ഞൂ?

ഉത്തരമില്ലുത്തരമില്ലൊന്നുപോലും
നിന്‍ ചെയ്തികള്‍ ചിന്തിപ്പതാനാര്‍ക്കറിവൂ?
ഒന്നറിയുന്നുഞാനൊന്നുമാത്രം നിങ്കര്‍മ്മങ്ങള്‍
മന്ത്രരൂപത്തിലെന്നന്തരംഗം;

ഇന്നുഞാനിന്നെന്നെയറിഞ്ഞിടാത്തൊരു
നിന്നെയറിയുവാനുള്ള വൃഥാശ്രമത്തെ,
നിന്നുയിര്‍ എന്നില്പടര്‍ത്തിയ ശക്തിതന്‍
അര്‍ത്ഥത്തിന്‍ വ്യാപ്തിയില്‍ ഞാനറിവൂ!

ഒന്നുമാത്രമാണതൊന്നുമാത്രം ഞാന്‍
ശ്വാസനിശ്വാസത്തിലോര്‍ത്തെടുപ്പൂ,
ഉന്മത്തചിത്തത്തിന്നാധാര ശിലയില്‍ നാം,
എന്തിനായ് വയ്ക്കുന്നൂ വിധി വിളക്ക്?




ശ്രീദേവിനായര്‍  .

Thursday, November 7, 2013

ഉണ്മ




നിണംകൊണ്ടു പൊതിയാംനിന്നാത്മാവിനെയിന്നുഞാന്‍
മാംസത്തിന്‍ മാസ്മര ലഹരിയാല്‍ തലോടിടാം,
എങ്കിലുമസ്ഥികള്‍കുത്തിനോവിച്ചെങ്കിലോ
പ്രണയത്തിന്‍ ശക്തിയില്‍ വിസ്മരിച്ചീടുനീ!

പ്രണയമെന്നെന്നും നമുക്കു കൊണ്ടാടുവാന്‍
വിരഹിയാമെന്നുടെ ഉടല്‍ തഴുകീടുക,
അന്തരാത്മാവിനെക്കണ്ടുഞെട്ടാതെനീ
മധുരസ്മരണയാല്‍ വിരഹിയായ് ത്തുടരുക!

ഒരുനാളിലുണ്മയാലൊത്തുചേര്‍ന്നെങ്കിലോ,
ശപ്തമീ മിഥ്യതന്‍ ചിന്ത മറക്കുക
എവിടെയോ കണ്ടൊരു സ്വപ്നകുടീരത്തിന്‍
അരികിലായ് കാണുമെന്‍ ഓര്‍മ്മനിന്‍ സ്മരണയില്‍  .

പിരിയുവാനാവാത്ത ആത്മബന്ധങ്ങളില്‍
തുടരുവാനാവാതെ കുഴയുമീ ജീവിതം,
എങ്കിലുമാത്മാവിന്‍ ശക്തമാം വീചിയില്‍
അലതല്ലിയലസമായ് ഒഴുകുന്നു കദനങ്ങള്‍ !



ശ്രീദേവിനായര്‍

Wednesday, October 23, 2013

വ്യവഹാര കവിതകള്‍




കവിതേ,ചൊല്ലു നിന്‍ അനര്‍ത്ഥവ്യാപ്തിയില്‍
ഉരുകുന്നുവോ മനമിന്നു ഉരുളിയിലെണ്ണപോലവേ?
ഉഴറുന്ന മനമിന്നു നിന്‍ വ്യാജബന്ധത്തിന്‍
പുതുമയിലിന്നുനീ മാറുന്നു വ്യവഹാര കവിതയായ് !

വരുമൊരു ദിനം നിന്റെ പഴയസൌഹൃദം
ശ്രേഷ്ഠമായ് നിന്നെപരിഗ്രഹിച്ചീടുവാന്‍ ,
അന്നു നിന്‍ പുതുമയാം ശപ്തബന്ധങ്ങളെ
അകലെ നിറുത്തുക വരാതിരിക്കുവാന്‍  .

മലയാള കവിതേ,നിന്‍ പുണ്യജന്മത്തെയും
നഷ്ടമാക്കാതെ നീ നോക്കാന്‍ ശ്രമിക്കുക
തകര്‍ക്കുവാന്‍ ഉറച്ചൊരു വ്യവഹാര ഭാഷയെ
നിന്‍ ബന്ധുവാക്കി നശിക്കാതിരിക്കുക.

പഴമ പെറ്റൊരു മലയാള കവിതതന്‍
പുണ്യമാം ജന്മങ്ങളായിരം പൂവിടും,
ജന്മജന്മാന്തര പുണ്യമായ്  നേടിയ
ദൈവീകഭാഷ അതിനര്‍ത്ഥമായ് തീര്‍ന്നിടും!

കവികളൊരായിരം ജനിച്ചിടാം ഉലകിതില്‍
കവിതകള്‍ കോടികള്‍ ചേഷ്ടകള്‍ കാട്ടിടാം
എങ്കിലും പുണ്യമാം മലയാളഭാഷയില്‍
ശ്രേഷ്ഠമാം കാവ്യത്തിന്‍ ശീലുകള്‍ നിറയട്ടെ!



ശ്രീദേവിനായര്‍    
 

Thursday, September 12, 2013

ഓണം“ ഫ്രീ“



കപ്പല്‍ വാങ്ങിയാല്‍ കടലൊന്നു ഫ്രീകിട്ടും.
കടലുപ്പു വാങ്ങിയാല്‍ കാറ്റ് ഫ്രീയായി .
ജനിച്ചാല്‍ ഫ്രീകിട്ടും പ്രാണന്റെ വായുവും,
പ്രാണികള്‍ക്കൊക്കെയും ഫ്രീയായി ജീവനും!

ജീവിക്കാന്‍ വയ്യെങ്കില്‍ മരണംഫ്രീയാക്കാം,
മരിക്കാനാണെങ്കിലോ മരുന്നിന്ന് ഫ്രീയായി.
മായിക പ്രപഞ്ചവും ,മാനിനിയും പിന്നെ
മായാത്ത മധുര സ്മരണയും ഫ്രീകിട്ടും.

ഒന്നു വാങ്ങിയാല്‍ മറ്റൊന്നു ഫ്രീകിട്ടും,
സ്വര്‍ഗ്ഗം വാങ്ങിയാല്‍ നരകം ഉറപ്പാക്കാം.
സ്പന്ദിക്കും മനസ്സിന്റെ വിങ്ങല്‍ ഫ്രീയായി
വില്‍ക്കാന്‍ മനുഷ്യന്റെ മനസാക്ഷി ഫ്രീയിന്ന് !

അച്ഛനുമമ്മയും ഫ്രീയായിക്കിട്ടുന്നു.
മക്കള്‍ എത്രയും സുലഭമീനാട്ടിലും.
ഉണ്ണാനുമുടുക്കാനു മില്ലാതെ വലയുന്ന
ദരിദ്രരായ് മാതാപിതാക്കള്‍ കഴിയുമ്പോള്‍
“കൊടുക്കുന്ന ഫ്രീയുടെ കൂടെ കൂട്ടുമോ
ആരോരുമില്ലാത്ത അവരെക്കൂടെയും?”




ശ്രീദേവിനായര്‍ .

Thursday, September 5, 2013

എന്റെ ടീച്ചര്‍


“അ” എന്നു ചൊല്ലി അക്ഷരം കാണിച്ച
അമ്മയാം ടീച്ചര്‍ ഇന്നുമമ്മ.
“അ” എന്നു ചൊല്ലി അച്ഛനെ കാണിച്ച
അന്‍പിന്നുടമ എന്‍ ടീച്ചര്‍ അമ്മ.

കാലമാം തോഴന്‍ മങ്ങലേല്പിക്കാത്ത
പള്ളിക്കൂടത്തിന്‍ സ്നേഹരൂപം,
മനസ്സിന്റെ താളില്‍ മെല്ലെ മറിയുമ്പോള്‍
നിറവിന്‍ നിലാവായ് എന്‍ ടീച്ചറമ്മ.


എന്റെ പ്രിയടീച്ചറിന് ആയിരമായിരം സ്നേഹാദരങ്ങള്‍

ടീച്ചറിന്റെ,
ശ്രീക്കുട്ടി.



ശ്രീദേവിനായര്‍