Sunday, January 30, 2011

നഷ്ടങ്ങള്‍




അശരീരിയായിരുന്നോ?
ഞാനിന്നുമറിഞ്ഞതില്ല,
കാവ്യങ്ങളായിരുന്നോ?വെറും
കവിതകളായിരുന്നോ?



മറക്കാതെമനസ്സിന്നും പുറകേപായുന്നു,
കവിയുടെ ആത്മവിലാപമായീ.
അലയാതെ നിഴലുപോല്‍
അലിയുന്നു ഞാനുമിന്നും,
അറിയാതെയറിയുന്നാഹൃദയരാഗം!


കുളിരേകാന്‍ മഴയായ് പൊഴിയുന്നു
നിത്യവുമലിവൂറും ഹൃദയത്തിന്‍രാഗതാളം,
പ്രണയത്തിന്‍മിഴിനീര്‍,മഴതന്റെവര്‍ണ്ണങ്ങള്‍,
മഴവില്ലിന്‍ നിറമായി,നഷ്ടപ്രണയമായീ.


തേടുന്നു ഞാനിന്നും നനവാര്‍ന്ന കണ്‍കളാല്‍,
വിരഹത്തിന്‍ ശൂന്യതകണ്ടു നില്‍ക്കാന്‍.


നഷ്ടങ്ങള്‍നഷ്ടങ്ങള്‍ആത്മാവിന്‍പുഷ്പങ്ങള്‍,
വിടരാത്തമൊട്ടുപോല്‍ കൂമ്പിനിന്നു.
സ്വപ്നങ്ങള്‍സ്വപ്നങ്ങള്‍,മനസ്സിന്റെപുണ്യങ്ങള്‍,
വിടവാങ്ങി വീണ്ടും തിരിച്ചുവന്നോ?



ശ്രീദേവിനായര്‍

Tuesday, January 25, 2011

മനസ്സ്



മനസ്സിന്റെ മടിത്തട്ടില്‍ മയങ്ങാന്‍ കിടന്നൊരു,
മനക്കട്ടിയില്ലാത്ത മധുരസ്വപ്നം;
മനസ്സാക്ഷിമരവിച്ച മലരില്ലാമധുപനായ്,
മറനീക്കിമരുവുന്നു മറവിയുമായ്.


മധുപനെത്തേടി അലയുന്നു നിത്യവും,
മധുരമാം സ്വപ്നങ്ങള്‍ ചഷകവുമായ്;
മറക്കാതെ നിത്യവും മറ്റെങ്ങോതിരയുന്നു,
മനസ്സിന്റെ മാന്ത്രികത്താക്കോലിനായ്!


ശ്രീദേവിനായര്‍.

Saturday, January 1, 2011

പുലരി

ഞാനിതാവീണ്ടും വിരുന്നിനെത്തുംപൊന്‍
പുലരിയെക്കാണുവാനായി നിന്നു.
പാഴ്മനം കാണാതുഴലുമെന്‍ മണിവേണു
ഗാനമുതിര്‍ത്തുമയങ്ങീ.


പാഴ്ശ്രുതിമീട്ടുമെന്‍ തംബുരുവെന്തിനോ
വീണ്ടും മിഴിനീര്‍തുടച്ചൂ
നീറുമെന്നുള്ളവും എന്തിനോകേണു
നിന്മനം തേങ്ങുന്ന കാഴ്ചകണ്ടു.


ചുറ്റമ്പലങ്ങളില്‍ തേടിഞാനെന്തിനോ
ഉള്ളം കലങ്ങിയ മനസ്സുമായീ,
കാണാത്തമട്ടില്‍ തിരിഞ്ഞുനിന്നീടുന്ന
ദേവനുമെന്നെക്കണ്ടതില്ല.!


ശ്രീദേവിനായര്‍.


“പ്രിയപ്പെട്ടവര്‍ക്കെല്ലാം എന്റെ
നവവത്സരാശംസകള്‍“

Wednesday, December 22, 2010

അര്‍ത്ഥം

ജീവന്റെ നിഘണ്ടുവില്‍ അര്‍ത്ഥമറിയാത്ത
നിരവധി വാക്കുകള്‍ എന്നെ,
ഞാനറിയാതെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു.


സ്വന്തം അര്‍ത്ഥം അറിയാന്‍ ഉഴറിനടന്ന
അവയെക്കണ്ടു ഞാന്‍ പരിഭ്രമിച്ചു.

എന്നാല്‍,

അര്‍ത്ഥമറിയുന്ന ചിലവാക്കുകള്‍ എന്നെ
വീണ്ടും,വീണ്ടും തിരിഞ്ഞുനോക്കിയപ്പോള്‍,
എനിയ്ക്കു ചിരിവന്നു.

കാരണം,

അവയിലെല്ലാം എഴുതിയിരുന്ന അര്‍ത്ഥങ്ങള്‍
ഒന്നു തന്നെയായിരുന്നു!



ശ്രീദേവിനായര്‍.

Wednesday, December 8, 2010

ആര്‍ദ്രത

മുകുളാര്‍ദ്രഭാവങ്ങള്‍ വിങ്ങുമ്മനസ്സിലായ്,
മലര്‍തിങ്ങിനിന്നൂയിന്നാര്‍ദ്രമായീ.
മേഘാര്‍ദ്രവര്‍ഷം കനിഞ്ഞുനല്‍കീവീണ്ടും,
മോഹാര്‍ദ്രമായീയെന്‍ മിഴിനിറഞ്ഞൂ.



മഴപെയ്തു ആര്‍ദ്രമായ് മിഴിതുറന്നൂ,
മഴനീര്‍ത്തുള്ളികള്‍ കഥപറഞ്ഞൂ.
മനമറിയാതാശകള്‍ തുടുതുടുത്തൂ,
ഒരു മഴത്തുള്ളിയോളമായുസ്സുമായീ!



ശ്രീദേവിനായര്‍.

Monday, November 22, 2010

ആത്മമിത്രം

ഇന്നലെയും ആത്മാവന്യേഷിച്ച ആത്മമിത്രത്തെ
ഞാന്‍ കണ്ടു.
ആത്മാവറിയാതെ അലഞ്ഞ അവന്റെ ആത്മ
രോഷങ്ങള്‍,
ആത്മരോദനങ്ങളായി മാറിക്കൊണ്ടേയിരുന്നു.

അകലങ്ങളില്‍ അലഞ്ഞ അത്മാവിന്റെ
ആഴങ്ങളിലേയ്ക്ക് അവന്‍ അലസനായി
അലഞ്ഞുകൊണ്ടേയിരുന്നു.

അവനറിയാത്ത അവന്റെ ആത്മാവ്,
അപ്പോഴൊക്കെ അവനെ പരിഹസിക്കുകയാ
യിരുന്നു!


ശ്രീദേവിനായര്‍.

Monday, November 15, 2010

പനിനീര്‍പ്പൂവ്

നീ,
നമ്മുടെ ശരീരത്തെ മറക്കുക.
ആത്മാവിനെ തെരയുക.
നമ്മുടെ പ്രണയം ദേശകാലഭേദമൊക്കെ
മറന്ന്,
യുഗയുഗങ്ങളായി അലഞ്ഞു തിരിയുന്ന
പ്രണയ സാഫല്യത്തെ പൂര്‍ത്തീകരിക്കട്ടെ!


അവിടെ നമുക്ക് ഉടയാടകളില്ല.
രതിബന്ധങ്ങളില്ല,
നീയും ഞാനുമെന്ന ഭേദമില്ല.

നിന്റെ പ്രണയത്തിനു പകരം തരാന്‍
എന്റെ ആത്മാവില്‍ പൂത്തുലഞ്ഞ
പ്രതീക്ഷയുടെ ഒരു പനിനീര്‍പ്പൂവുമാത്രം!

അതിലിറ്റു വീഴുന്ന ഓരോപനിനീര്‍ത്തുള്ളിയും
നീ എന്നില്‍ നിറയ്ക്കുന്ന സ്നേഹത്തിന്റെ
ജീവതന്തുക്കളാവട്ടെ!




ശ്രീദേവിനായര്‍.