Tuesday, April 29, 2014

വൈചിത്ര്യം



ഉള്ളിലായ്ത്തേങ്ങിയൊരലകടലെങ്കിലും
കണ്ടുത്തുംഗമാത്മാവിന്‍ ഹിമവല്‍ പ്രദേശം.
കണ്ടുഞാനുള്ളത്തിന്‍ വൈവിദ്ധ്യഭാവം,
കാണാതെയെന്നന്തരംഗം തപിച്ചു.

വൈചിത്ര്യമെന്തെന്നറിയാതെഞാനിന്ന-,
അകക്കണ്ണിലാകാശം അളന്നങ്ങെടുത്തു;
ഭൂമിയെക്കാണാതുഴലുന്ന ജീവന്റെ
ആദിയിലെന്തെന്നറിയാന്‍ ശ്രമിച്ചു.

ആരുഞാനാരെന്നറിയാനൊരുങ്ങീ
ആരോരുമില്ലാത്തൊരംശമായ് മാറി.
എന്നന്തരംഗത്തിന്നവസാനരംഗം,
പിരിയാന്‍ മടിക്കാതെ  ജീവന്‍ തുളുമ്പീ.....



ശ്രീദേവിനായര്‍  .

Sunday, April 13, 2014

വിഷുക്കണി



മയിലാഞ്ചിയും,മാതളവും  പിന്നെ
മലയാളമണ്ണിന്റെ മാമ്പഴവും,
മായാതെ കാലങ്ങളായുണരുംഒരു
വിഷുപ്പക്ഷിയെ ക്കണ്ടുണരാന്‍...

ബാല്യകൌമാരസ്വപ്നങ്ങളില്‍,ഞാന്‍
വിഷുപ്പക്ഷിയായുണരുമ്പോള്‍
ഒരുകുലകൊന്നപ്പൂവിനെയോര്‍ത്തെന്റെ,
മനവും,തനുവും ഇടറുന്നോ?

കൊന്നപ്പൂവിനെമോഹിച്ചകാലങ്ങള്‍,
കൈനീട്ടത്തിന്‍ സ്മരണകളായ്..
“ഒരു തുളസിക്കതിര്‍കൊണ്ടെന്റെമോഹത്തിന്‍
പടിവാതില്‍ ,ഞാനിന്നു ബന്ധിക്കാം!“


“എല്ലാപ്രിയപ്പെട്ടവര്‍ക്കും എന്റെ 
വിഷു ആശംസകള്‍“

ശ്രീദേവിനായര്‍

Sunday, April 6, 2014

രാവിന്റെ രോദനം




രാവിന്‍ കിളിക്കൂടുകള്‍ തോറുമൊരു,
രാക്കിളിപ്പാട്ടിന്‍ രോദനം.
രാവേറിയായി നിലവിലും നിണമൊത്ത
നോവിന്‍ നിഴല്‍ വേദന!

പിടയും മനസ്സിന്‍ ചിറകുകള്‍
പിണരുകള്‍ പോലെയുള്ളിലായ്..
ചിറകുവിടര്‍ത്തിയമരുവാന്‍,
ചിതയിലെച്ചൂടുതെരഞ്ഞുവോ?

കൊക്കുരുമ്മിയൊതുങ്ങിയിരിക്കുവാന്‍,
ചിറകുവിടര്‍ത്തിപ്പറന്നുയരുവാന്‍,
അടയിരുന്നുകുരുന്നുണര്‍ത്തുവാന്‍,
ഇണയെത്തേടിയലഞ്ഞൊരു
 കിളിക്കൂടൊഴിഞ്ഞു നിശബ്ദമായ്..


ശ്രീദേവിനായര്‍

Saturday, March 15, 2014

പ്രകൃതി

കണിക്കൊന്ന പൂത്തുലഞ്ഞു,
കാലത്തിന്‍ മുന്‍പേനിന്നു.....
കാണാത്തസ്വപ്നമെല്ലാം
കാത്തിരിക്കാനുള്ളം ചൊല്ലീ....

കണിവെള്ളരിപച്ചപുതച്ചു,
കാലവും കുളിരുകോരീ,
കാതരയായ് നിന്നതെന്നല്‍
കാട്ടരുവിയെത്തേടിയലഞ്ഞു...

കാലം മറന്ന സന്ധ്യ,
കദനങ്ങളൊളിച്ചു വച്ചു.....
കാമുകിയായ് കാര്‍മുകിലും,
കണ്ണിണയാല്‍ കവിതചൊല്ലീ....


ശ്രീദേവിനായര്‍   

Friday, February 14, 2014

ആറ്റുകാലമ്മയ്ക്ക് പ്രണാമം

അഞ്ജന ശിലയില്‍ കൊത്തിവയ്ക്കാം,നിന്‍ രൂപം.....
അഞ്ചിതള്‍പ്പൂവും.....നടയ്ക്കുവയ്ക്കാം........
അംഗനമാരുടെയിംഗിതമറിയും,
ആറ്റുകാലമ്മേ  നീ  ശരണം!

അറിവിന്‍ പൊരുളേ,അലിവിന്‍ നിറവേ...
കനിയുക എന്നില്‍ നിറവായീ,
അഭയം നീയേ,ശരണം നീയേ..
സര്‍വ്വാഭീഷ്ടപ്രദായിനീ....... നീ!

അടിമലരിതളില്‍ അഭയം തേടും,
അടിയൊനരഭയം നീ നല്‍കൂ.....
അറിവായ്,നിറവായ്,അലിവായ്,എന്നും,
മനസ്സില്‍ നിറയൂ അമ്മേ.......നീ......


ശ്രീദേവി നായര്‍ 

Sunday, January 26, 2014

രക്തബന്ധങ്ങള്‍

“ഉപകാരപ്രത്യുപകാരങ്ങളിലിന്നൊരു
നന്ദികേടിന്‍ മണം കരിഞ്ഞമരുന്നതറിയുന്നു;
ആശയോടെന്റെ നായ് തിരിച്ചറിയുംപോഴും
സത്യത്തെ ഞാനിന്നുംഅറിയാതിരുന്നുവോ“?

വിശപ്പിന്‍ വിളി  എന്നെന്നുംകേട്ടുണരുന്നൊരു
ബാല്യത്തിന്‍ ശോകത്തെപുല്‍കിത്തളര്‍ന്നതോ?
 “ ശപ്തരാം  മക്കളെ ഊട്ടിവളര്‍ത്തിയൊ
രമ്മതന്‍   മാനം കാത്തു സൂക്ഷിച്ചതോ?“

നന്ദി തന്നര്‍ത്ഥം നന്ദികേടായിന്നൊരു
രാക്ഷസ മനസ്സിനെ കാര്‍ന്നു തിന്നുമ്പോഴും,
മനസ്സിന്റെ അഗ്നിതന്നാഴത്തില്‍ ആഴുന്ന
ശാപത്തിന്‍ ശിഖരങ്ങള്‍ മനുഷ്യനെനീറ്റുമോ?

സത്യത്തെ പ്പുല്‍കിയാലൊരമ്മ തന്‍വിടവാങ്ങല്‍  ;
അസത്യത്തെ തൊട്ടെന്റെ ബാല്യംകരയുംപോള്‍
ഒരച്ഛന്റെകണ്ണുകള്‍ കനിവോടെ കണ്ടെന്നും
നിറയുന്ന കണ്ണോടെ മൌനമായ് നിന്നുഞാന്‍ .

 ആരായിരുന്നുവോ ,അവരെന്നുമെന്‍ ശാപമായ്....?
തീരാത്ത വ്യഥയുമായ് ശത്രുവിന്‍ പാതയില്‍ ;
ഇന്നുമൊരോര്‍മ്മയായ്  ഓര്‍ത്തെടുക്കുന്നു ഞാന്‍
ആരായിരുന്നവര്‍  ശകുനിതന്‍ പുത്രരോ?

“ ധര്‍മ്മത്തിന്‍ യുദ്ധം നടക്കുന്ന മനസ്സില്‍ഞാന്‍ 
എന്നുംനയിക്കുന്നു ഒറ്റയാള്‍ പോര്‍പ്പട
വൈകാതെയെത്തുമെന്‍ വൈകുണ്ഠ നാഥനും
അത്മാവിന്‍ സത്യത്തെ കാത്തുസൂക്ഷിക്കുവാന്‍  “



ശ്രീദേവിനായര്‍  









Tuesday, January 14, 2014

ശ്രീഅയ്യപ്പന്‍



നിമിഷാര്‍ദ്ധമായ്  നിമിഷങ്ങളായ്..
ഭക്തിതന്‍ മായാപ്രവാഹങ്ങളായ്...
നിറവാര്‍ന്ന നിറമിഴികൂപ്പി നിന്നു
എന്തിനോയേതിനോ അറിയാതെഞാന്‍  !

തിരുവാഭരണം ചാര്‍ത്തിയ ദേവന്റെ
തിരുമുഖമെന്നില്‍ നിറയുമ്പോള്‍
ഹരിഹരപുത്ര നിന്‍ തിരുസ്മരണയില്‍
നിറമിഴിയോടെ തൊഴുതുവീണ്ടും!

മനമൊരു പൂങ്കാവനമായ് മാറി,
ഭക്തിതന്‍ നെയ്‌വിളക്കായി വീണ്ടും,
മാനസതീര്‍ത്ഥമായ് അമൃതമായ് 
മുജ്ജന്മ പുണ്യങ്ങള്‍ നെയ്തുകൂട്ടി!

മകര സംക്രമ വേളയായ്......
മനം നിറയും സമയമായ്....
മകര ദീപ നിറവുമായ്.....
മനം കവര്‍ന്നെന്റെ അയ്യനും!

അയ്യനയ്യപ്പാ ശരണം അയ്യനയ്യപ്പാ...
അയ്യനയ്യപ്പാ ശരണം അയ്യനയ്യപ്പാ....



ശ്രീദേവി നായര്‍